തിരക്കുകളിൽ നിന്നും
ഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,
സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്
ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ.
ഓർമ്മകളുടെ ജലത്താലം തന്നെ
അവയുടെ വിശ്രമത്തിനൊരുക്കുന്നു.
ഞാൻ
അപ്പോൾ നക്ഷത്രങ്ങൾ കാണുന്നു
സൂര്യനെ കാണുന്നേയില്ല
ആകാശത്തിന് നീലനിറം അപ്പോഴില്ല
ചോപ്പും വെള്ളയും ഇടകലർന്ന
വൈകുന്നേരത്തെ
മനസ്സ് തിരിച്ചുവിളിക്കുന്നു.
ഇവിടെ സുഹൃത്തുക്കൾ വരാറില്ല
തിരക്കിന്റെ ആയിരം ചക്രവണ്ടിയിൽ
അവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.
അവർക്ക് മണം നഷ്ടപ്പെടുന്നത്
അവരറിയുന്നില്ല,
ഗുണം ഒഴിഞ്ഞുപോകുന്നതും.
അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു
‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.
തിരക്കുകളിൽ നിന്നും
ഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നു
പൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്
എന്റെ പേര് ഓർത്തെടുക്കുന്നു.
കവർ : വിൽസൺ ശാരദ ആനന്ദ്
