പൂമുഖം LITERATUREകഥ ഫ്ലോറന്‍സിലെ ചിയാര

ഫ്ലോറന്‍സിലെ ചിയാര

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.
‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘
മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തു തന്നിട്ട്​ പതുക്കെ പറഞ്ഞു: ‘‘We called you many times, this was the final call….Please rush to the aircraft, Have a nice flight’’.
എത്ര ദേഷ്യം പിടിച്ചിട്ടും, അവര്‍ സംസാരത്തില്‍ പുലര്‍ത്തുന്ന മാന്യതയില്‍ അയാൾക്കത്ഭുതം തോന്നി.

മാത്യു ബാഗുമെടുത്ത് എയിറോബ്രിഡ്ജിലൂടെ എയര്‍ക്രാഫ്റ്റിലേക്ക് ഓടി.

വാതിലിനടുത്തു നിന്നിരുന്ന എയര്‍ഹോസ്റ്റസ് മനോഹരമായി ചിരിച്ച് ഗ്രീറ്റ് ചെയ്തുകൊണ്ട്​ പറഞ്ഞു:
‘‘We all have been waiting for you, Please take your seat’’
പിന്നിലേക്ക് കുറച്ചു നടന്ന സീറ്റ് കണ്ടുപിടിച്ചു ഇരുന്നതും അനൗണ്‍സ്‌മെന്റ് കേട്ടു. ‘‘Boarding completed’’.

ഇന്നലെ രാത്രി 9 മണിക്ക് ചങ്ങനാശ്ശേരിയില്‍ നിന്ന് തുടങ്ങിയ യാത്രയാണ്. വെളുപ്പിന് 3 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട ഒമാന്‍ എയര്‍ ​ഫ്ലൈറ്റ്സിൽ മസ്‌കറ്റ് സീബ് ഇന്‍റര്‍നാണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. 5 മണിക്കൂര്‍ നേരത്തേ കാത്തിരിപ്പിന് ശേഷം മിലാനിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് .
സൈഡ് സീറ്റില്‍ ഇരിക്കുന്ന സായിപ്പ് ഏതോ പുസ്തകവായനയില്‍ മുഴുകി ഇരിക്കുകയാണ്. ഇങ്ങനെയൊരാള്‍ അടുത്തു വന്നിരുന്ന കാര്യം പുള്ളി അറിഞ്ഞിട്ടുപോലുമില്ല.
സീറ്റ് ബെല്‍ട്ട് ഇട്ടു, പതുക്കെ പിന്നിലേക്ക് ചെരിഞ്ഞതും ഏതോ ഒരു പാത്രം നിലത്തു വീഴുന്ന ശബ്ദം കേട്ടു.
‘‘Please be careful young man’’ പിന്നില്‍ നിന്ന് ഒരു മദാമ്മയുടെ ശബ്ദം.
സോറി പറയണമെന്നുണ്ടായിരുന്നുനെങ്കിലും ശബ്ദം പുറത്തു വന്നില്ല.
എയര്‍ഹോസ്റ്റസുമാര്‍ യാത്രക്കാർക്ക്​ വെല്‍ക്കം ഡ്രിങ്ക് നൽകുന്ന തിരക്കിലാണ്.

മാത്യു സീറ്റില്‍ ചാരിക്കിടന്ന് ഓരോന്ന് ആലോചിച്ചു. ഇറ്റലിയില്‍ ആര്‍ക്കിടെക്ചറില്‍ മാസ്‌റ്റേഴ്‌സ് ചെയ്യണമെന്നത് തന്നേക്കാള്‍ ആഗ്രഹം ഡാഡിക്ക് ആയിരുന്നു.
ഡാഡി അക്കൗണ്ടന്‍റ്​ ആയ ദുബായിലെ കണ്‍സ്ട്രഷന്‍ കമ്പനിയിലെ എന്‍ജിനീയര്‍ ഫ്ലാവിയോ ജിയോവാണിയുടെ പ്രേരണയാണ് ഇതിന് പുറകില്‍.
അമ്മച്ചിക്കാണെങ്കില്‍ ഒട്ടും ഇഷ്ടമല്ല. ‘‘അവന്‍ വല്ല മദാമ്മയേയും കെട്ടികൊണ്ട് വന്നാല്‍ അനുഭവിച്ചോളണം’’ എന്ന് ഡാഡിയോട് ഫോണില്‍ പറയുന്നത് പലതവണ കേട്ടിട്ടുണ്ട്.

വര : രാധാകൃഷ്ണൻ തിരൂർ

പത്തുമിനിട്ട് കഴിഞ്ഞതും റണ്‍വേയിലേക്കുള്ള പുഷ്ബാക്ക് തുടങ്ങി.
“Welcome to Oman Air. The flight to Milan is approximately 6 hours. Our cabin crew will take good care of you. Please sit back and relax.” പൊങ്ങി അരമണിക്കൂറിന് ശേഷം ഭക്ഷണം വിളമ്പാന്‍ തുടങ്ങി. ഭക്ഷണത്തിന് ശേഷം മുന്നിലെ പേഴ്‌സണല്‍ എന്‍റര്‍ടെയിന്‍മെന്‍റ്​ സ്‌ക്രീനില്‍ പരതി, ഒരു പഴയ ഇംഗ്ലീഷ് ഫിലിം കണ്ടു. അതിനു ശേഷം മയങ്ങി എന്ന് പറഞ്ഞാല്‍ ശരിയാവില്ല, ശരിക്കുമൊന്നുറങ്ങി.
“Cabin crew, please prepare for landing.”എന്ന അനൗണ്‍സ്‌മെന്‍റ്​ കേട്ടാണ് മാത്യു ഞെട്ടിയുണര്‍ന്നത്.
പ്ലെയില്‍ മിലാന് അടുത്തു എത്തിയിരിക്കുന്നു. വായിച്ചു മടുത്ത സായിപ്പ് ബുക്കും മടിയില്‍ വെച്ച് ഗാഢനിദ്രയിലാണ്.
കുറച്ചു സമയം കഴിഞ്ഞതും ക്യാപ്റ്റന്‍റെ അനൗണ്‍സ്‌മെന്‍റ്​
“Ladies and gentlemen, we will be landing shortly at Milan Malpensa International Airport. Thank you for choosing Oman Air.”
പ്ലെയിന്‍ റണ്‍വേ ലക്ഷ്യമാക്കി പുതക്കെ താഴ്ന്നുകൊണ്ടിരിക്കുന്നു. അതുവരെയുള്ള യാത്രയുടെ മടുപ്പൊക്കെമാറി. സ്‌കൂള്‍ ക്ലാസ്സ് മുതല്‍ കേട്ടു പരിചയിച്ച ഇറ്റലിയെന്ന മനോഹരമായ രാജ്യത്ത് നിമിഷങ്ങള്‍ക്കകം കാലുകുത്താന്‍ പോകുന്നു.
ഇനി രണ്ടുവര്‍ഷം FIDI എന്നറിയപ്പെടുന്ന Florence Institute of Design International ല്‍ പഠനം. ഈ രണ്ടുവര്‍ഷം കൊണ്ട് ഇറ്റലിയും, തൊട്ടടുത്ത രാജ്യങ്ങളുമൊക്കെയൊന്ന് കാണണം. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍, പ്ലെയിന്‍ റണ്‍വേ തൊട്ടു തൊട്ടില്ല എന്നായപ്പോൾ ഒരു ഹുങ്കാരത്തോടെ വീണ്ടും ഉയര്‍ന്നു പൊന്തുന്നു. കൂടെ ഇരുമ്പു ദണ്ഡുകള്‍ കൂട്ടിയിടിക്കുന്ന ശക്തമായ ശബ്ദം.
എല്ലാവരും ഒന്ന് ആടിയുലഞ്ഞു. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതുകൊണ്ട് ആരും സീറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ചില്ല. കൂടെ ഒരു കൂട്ടക്കരച്ചിലും; ഈ കൂട്ടക്കരച്ചിലില്‍ മാത്യുവിന്‍റെ ‘അമ്മച്ചിയേ’ എന്നവിളിയും അലിഞ്ഞു ചേര്‍ന്നു.

പ്ലെയിന്‍ കുറച്ചു ഹൈറ്റ് ഗെയിന്‍ ചെയ്തതും, പൈലറ്റിന്‍റെ അനൗണ്‍സ്‌മെന്‍റ്​ വന്നു: “Ladies and gentlemen, as you may have noticed, we have discontinued our approach due to a strong tailwind. Please remain calm and keep your seatbelts fastened. We are currently repositioning for another landing attempt shortly. Thank you”
ഒരു 20 മിനുട്ടിന് ശേഷം, ​​ഫ്ലൈറ്റ് ലാന്‍റ്​ ചെയ്യുവാനുള്ള അടുത്ത അറിയിപ്പു വന്നു. ഇത്തവണ പ്രശനങ്ങളൊന്നുമുണ്ടായില്ല. യാത്രക്കാരെല്ലാവരും കയ്യടിച്ചും ശബ്ദമുണ്ടാക്കിയും സന്തോഷം പ്രകടിപ്പിച്ചു.

ലഗേജൊക്കെ എടുത്ത് പതുക്കെ പുറത്തിറങ്ങി. എക്‌സിറ്റ് ഗേറ്റിന് പുറത്തു കടന്നതും തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. വേഗം ഹാൻഡ്​ ബാഗ് തുറന്ന് ജാക്കറ്റ് എടുത്ത്​ ധരിച്ചു.
ദുബൈയിയില്‍ നിന്ന് ലീവിന് വന്നിരിക്കുന്ന ജിയോവാണി അങ്കിള്‍ എയര്‍പോര്‍ട്ടില്‍ പിക്ക് ചെയ്യുമെന്നാണ് ഡാഡി പറഞ്ഞിരുന്നത്. പലരും നെയിം ബോര്‍ഡുമായി ആഗതരെ കാത്തുനില്‍ക്കുന്നുണ്ട്. ജിയോവാണി അങ്കിളിനേ ഫോട്ടോയില്‍ കണ്ട പരിചയമേയുള്ളൂ. മാത്യു ആൾക്കൂട്ടത്തിൽ അങ്കിളിനെ തിരഞ്ഞുകൊണ്ട്​ പതുക്കെ ചുവടുകൾവെച്ചു. പെട്ടെന്ന് ഒരു യുവതി ‘Mr. Mathew Joseph’ എന്നെ​ഴുതിയ ഒരു കാര്‍ഡുമായി മുന്നിലേക്ക് ഓടിവന്നു ചോദിച്ചു.
‘Mr. Mathew Joseph..​?’
‘Yes’
“Welcome to Italy! I’m Chiara Giovanni. I hope you had a nice flight.”
“Yeah,It’s nice to meet you, Chiara.”
“Mom and Dad have gone to Padua for a function, so I get to pick you up! They’ll be back on Sunday night, so I’ll be taking care of you this weekend.”
രണ്ടുപേരും പതുക്കെ കാര്‍പാര്‍ക്കിലേക്ക് നടന്നു. അത്രവിശാലമായ പാര്‍ക്കിങ്ങ് ഏരിയ ഒന്നുമല്ല. നടന്ന് ഒരു ചെറിയ കാറിന് അടുത്തെത്തി. കടുംമഞ്ഞ നിറത്തിലുള്ള Mazda Miata two seater. പണ്ടെപ്പോഴോ ഇതി​ന്‍റെ ഫോട്ടോ ഓട്ടോ കാര്‍ മാഗസിനില്‍ കണ്ടതായി ഓര്‍ത്തു. ലഗേജ് ബൂട്ട് സ്‌പേസില്‍ വെച്ച് മാത്യു കാറിന്‍റെ ഇടതുവശത്തെ ഡോര്‍ തുറന്നതും ചിയാരയുടെ കുസൃതിചോദ്യം: ‘Hi Mathew you want to drive this Yellow bird’
‘Oh sorry, in India its right hand drive’

വര : രാധാകൃഷ്ണൻ തിരൂർ

നേരം സന്ധ്യയായെങ്കിലും സൂര്യന്‍ ഇപ്പോഴും കര്‍മ്മനിരതനാണ്. യൂറോപ്പില്‍ സമ്മറില്‍ അസ്തമയം വളരെ വൈകിയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ചിയാര നല്ലൊരു ഡ്രൈവര്‍ ആണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. നിമിഷങ്ങള്‍ക്കകം അനായാസമായി മഞ്ഞക്കിളിയെ എയര്‍പോര്‍ട്ട് കോംപ്ലക്‌സിന് പുറത്തു എത്തിച്ചു.
‘Why are you so gloomy Mathew, are you home sick or just tired’
‘Both’ മാത്യു ഒറ്റവാക്കില്‍ മറുപടി പറഞ്ഞു.
‘Ok, We can have some Beer or coffee when we leave city’ ചിയാര
“So, what do you do, Chiara?”
“Actually, I’m a fashion designer! I have a small label here in Milan.”

ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാന്‍ ലോക ഫേഷന്‍ തരംഗത്തിന്‍റെ ആസ്ഥാനം. ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍, എസി മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്നിവയ്‌ക്കൊക്കെ പ്രശസ്തമായ മിലാന്‍റെ തെരുവീഥിയിലൂടെയുള്ള യാത്ര മാത്യു ശരിക്കും ആസ്വദിച്ചു.
ഏകദേശം അരമണിക്കൂറിന് ശേഷം കാര്‍ മിലാന്‍ നഗരം പിന്നിട്ട് ​ഫ്ലോറന്‍സിലേക്കുള്ള ഹൈവേയിലേക്ക് പ്രവേശിച്ചു. ഒരു മൂന്ന് മണിക്കൂര്‍ ഡ്രൈവ് ഉണ്ടെന്നാണ് ചിയാര പറഞ്ഞത്.
“I have a surprise for you tonight! And then tomorrow, I’m taking you on a city tour of Florence.”
പച്ചവിരിപ്പില്‍ ഒരു കറുത്ത ഷാള്‍ വിരിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹൈവേ. ട്രാഫിക്ക് വളരെ കുറവ്. ഇരുവശത്തും കണ്ണെത്താദൂരം പരന്ന് കിടക്കുന്ന കൃഷിസ്ഥലങ്ങള്‍. കൃഷിയൊഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടങ്ങളായി മേഞ്ഞു നടക്കുന്ന പശുക്കള്‍. ചില സ്ഥലങ്ങളില്‍ കിലോ മീറ്ററുകളോളം ദൂരത്തില്‍ മുന്തിരിത്തോപ്പുകള്‍. റോഡിന് സമാന്തരമായി പോകുന്ന റെയിലിലൂടെ പാഞ്ഞു പോകുന്ന വര്‍ണ്ണ മനോഹരമായ ട്രെയിനുകള്‍.

വര : രാധാകൃഷ്ണൻ തിരൂർ

ചിയാര അടുത്ത ദിവസം ഫ്ലോറന്‍സില്‍ കാണിക്കുവാനുള്ള കാഴ്ചകളെക്കുറിച്ചു വാചാലയാകുകയാണ്. ഗൂഗിളില്‍ നേരത്തേ തിരഞ്ഞിരുന്നതുകൊണ്ട് ചില സ്ഥലങ്ങളൊക്കെ മനസ്സിലായി.
പ്രകൃതിരമണീയമായ ടസ്‌കാനി കൗണ്ടിയെ പകുത്തു പോകുന്ന ഹൈവേയിലൂടെ, ഉംബര്‍ട്ടോ ടോസിയുടെ ഇറ്റാലിയന്‍ സംഗീതം ആസ്വദിച്ച്, ഇറ്റാലിയന്‍ സുന്ദരി ഡ്രൈവ് ചെയ്യുന്ന കാറില്‍ ഒരു സ്വപ്‌നയാത്ര. യാത്രയുടെ ക്ഷീണത്തില്‍ മാത്യു പതുക്കെ ഒരു മയക്കത്തിലേക്ക് ഊളിയിട്ടു.
നെറ്റിയില്‍ ആരോ തലോടുന്നതുപോലെ തോന്നി മാത്യു ഞെട്ടിയുണര്‍ന്നു.
മുന്നില്‍ അമ്മച്ചി.
ഞെട്ടിയുണര്‍ന്ന മാത്യു ചോദിച്ചു.
‘‘അപ്പോ ചിയാര..?’’
‘‘ചേരയോ… നീ എന്താപിച്ചും പേയും പറയുന്നത്, വല്ല സ്വപ്‌നവും കണ്ടോ…?’’ അമ്മച്ചി ചോദിച്ചു. ‘‘എന്നാ ഉറക്കാടാ ഇത്’’
‘‘ഡാഡി കുറച്ചു നേരത്തെ വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞു എഴുന്നേറ്റിട്ടില്ലെന്ന്’’
‘‘പിന്നെ തെക്കേതിലെ ജാന്‍സമ്മ വന്നു നില്‍പ്പുണ്ട്, അവരുടെ ചേച്ചിയുടെ മകള്‍ ഇറ്റലിയില്‍ നേഴ്‌സാ, അവര്‍ക്ക് കൊടുക്കാന്‍ ചെറിയ ഒരു പൊതിയുണ്ട്.’’
‘‘അമ്മച്ചി, ഇത് ഏന്തു കണ്ടിട്ടാ, ഇറ്റലി ചങ്ങാനശ്ശേരി പോലെ ഠാ വട്ട സ്ഥലമൊന്നുമല്ല, ഒരു രാജ്യമാണ്.’’ സ്വപ്‌നംമുറിഞ്ഞ ദേഷ്യത്തില്‍ മാത്യു പറഞ്ഞു.
‘‘ഓ പിന്നെ അതൊക്കെ എനിക്കറിയാം, ഫോണ്‍ നമ്പര്‍ തരും അവിടെ ചെല്ലുമ്പോള്‍ ഒന്ന് വിളിച്ചാല്‍ മതി.’’
‘‘പിന്നെ നീ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ആ ടൈഗറിനെ ഒന്ന് കുളിപ്പിച്ചേക്കണം. നീ പോയാല്‍ ഇനി അതും ഞാന്‍ തന്നെ ചെയ്യേണ്ടേ…’’
ജാന്‍സമ്മ ചേച്ചിയുടെ കൈയില്‍ നിന്ന് പേക്കറ്റ് വാങ്ങിവെച്ച്, ബാത്ത്‌റൂമിലേക്ക് നടക്കുമ്പോള്‍ മാത്യു ആലോചിച്ചു.
അമ്മച്ചിക്ക് വിളിക്കാന്‍ കണ്ട നേരം. ‘‘ചിയാര ഒരുക്കിവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്തായിരിക്കും’’
ഈ മുറിഞ്ഞുപോയ സ്വപ്‌നം ബാക്കികാണാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ…
‘‘ങാ… ChatGPT യോട്​ ചോദിച്ചുനോക്കാം…!’’.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.