പൂമുഖം EDITORIAL കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3

കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്‍റെ വഴികള്‍ – 11

കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3

ന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടിയന്തരാവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ ആകും. പല സാമൂഹിക -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ ചില കാലഘട്ടത്തിൽ കാതലായ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. 1945 -1950 ലോക രാഷ്ട്രീയ കാലാവസ്ഥയെ മാറ്റി മറിച്ച അഞ്ചു വർഷങ്ങൾ ആയിരുന്നു. ഇന്ന് കാണുന്ന ആഗോള സ്ഥാപനങ്ങൾ, അധികാര ശ്രേണികൾ എല്ലാം ആ അഞ്ചു വർഷങ്ങളിൽ ആണ് ഉയർന്നു വന്നത്. അതുപോലെ ഒരു കാലഘട്ടമായിരുന്നു 1977 മുതൽ 1982 വരെയുള്ള കാലം. ഈ കാലഘട്ടത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാതലായ മാറ്റങ്ങൾ ഉണ്ടായി. ലോക രാഷ്ട്രീയത്തില്‍ റീഗൻ-താച്ചർ യുഗവും, നവലിബറൽ നയ മേല്‍ക്കോയ്മയും, ഇറാനിലെ രാഷ്ട്രീയ മാറ്റവും, ഇറാൻ-ഇറാക്ക് യുദ്ധവും, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവടങ്ങളിലും രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത് 1977-82 വരെയുള്ള അഞ്ചു വർഷങ്ങളിൽ ആണ്.

ഇന്ത്യയിൽ കോൺഗ്രസ്സ് പാർട്ടിയുടെ മേൽക്കോയ്മ അവസാനിച്ചു തുടങ്ങിയതും അടിയന്തരാവസ്ഥക്ക് ശേഷമായിരുന്നു, ഇപ്പോഴുള്ള മിക്ക രാഷ്ട്രീയ കക്ഷികളും ആ കാലഘട്ടത്തിൽ മാറ്റം സംഭവിക്കുകയോ, പുതിയതായി രൂപപ്പെടുകയോ ചെയ്തതാണ്. ഇവയിൽ പ്രധാനമായത് പഴയ ജനസംഘത്തിൽ നിന്ന് ജനത പാർട്ടി വഴി പുതിയ ബിജെപി യുടെ തുടക്കമാണ്. ആദ്യമായി ദളിത് രാഷ്ട്രീയത്തിന് പുതിയ രാഷ്ട്രീയ രൂപം നൽകി വളർന്ന ബഹുജൻ സമാജ് പാർട്ടി എന്ന ബി.എസ്.പി യുടെ തുടക്കവും. യാദവ- ഓ.ബി.സി സമജവാദി ജനതാദൾ ധാരയും ഈ കാലത്തു രൂപപ്പെട്ടു വന്നതാണ്. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷിരാഷ്ട്രീയത്തിനും പുറത്തു നവ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളും സര്‍ക്കാരിതര സംഘടനകളും സജീവമായതും ഈ അഞ്ചു വര്‍ഷങ്ങളില്‍ ആണ്.

ഇതേ കാലഘട്ടത്തിൽ ആണ് സിപിഎം , സിപിഐ പോലുള്ള പാർട്ടികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് വ്യവസ്ഥയും ഭരണ സുഖ സൗഖ്യങ്ങളും ആയി താദാത്മ്യം പ്രാപിച്ചു തുടങ്ങുന്നത്. ഈ കാലത്തു ആണ് ഇടതുപക്ഷ പാർട്ടികൾ ബംഗാളിലെ മുപ്പതു കൊല്ല ഭരണം ആരംഭിച്ചത്. കേരളത്തിലും ഭരണ അധികാര പ്രായോഗിക ഇടതുപക്ഷ ചുവട് മാറ്റം തുടങ്ങിയതും ഈ കാലത്ത് ആണ്. മുന്നണി സമവാക്യങ്ങളിലൂടെ പ്രായോഗിക തിരഞ്ഞെടുപ്പ് ചേരൂവകളിലൂടെ ജയിച്ചു ഒത്തു തീർപ്പു ഭരണ-നയ സമീപങ്ങളിലേക്ക് മാറിയതും ഈ കാലത്താണ്.

കേരളത്തിൽ മാത്രമാണ് അടിയന്തരവസ്ഥക്ക് ശേഷം തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് വിജയിച്ചിത്. എന്നാൽ കോൺഗ്രസിലെ പുതിയ ചേരി തിരിവുകളും പുതിയ ഗ്രൂപ്പ് രാഷ്ട്രീയവും കേരളത്തിൽ തുടങ്ങിയതും ഇതേ കാലത്താണ്. കേരളത്തിലെ ഇപ്പോഴത്തെ മുന്നണി രാഷ്ട്രീയത്തിന്‍റെ തുടക്കവും 1977-82 കാലത്താണ്. ഇതേ കാലത്തു തന്നെയാണ് സൈലന്റ് വാലി സമര-വക്കാലത്തുകളിൽ കൂടി പരിസ്ഥിതി പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങളും കേരളത്തിലും തുടക്കം കുറിച്ചത്. ഭരണത്തിന്റെ ഒത്തുതീർപ്പു രാഷ്ട്രീയ ബാധ്യത തിരക്കുകളിൽ സിപിഎം-സിപിഐ പോലുള്ള പാർട്ടികൾ ബംഗാൾ-കേരള പാർട്ടിയായി ചുരുങ്ങാൻ തുടങ്ങിയതും ഈ കാലത്താണ്. 1977-82ഇൽ ഉണ്ടായ മുന്നണി രാഷ്ട്രീയ സമവാക്യങ്ങളും പ്രായോഗിക ഒത്തു തീർപ്പു തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമാണ് ഇന്നും കേരളത്തിൽ പ്രാബല്യത്തിൽ ഉള്ളത്.
1980കളിൽ വളർന്നു വന്ന മുന്നണി സമവാക്യ പ്രായോഗിക തിരെഞ്ഞെടുപ്പു രാഷ്ട്രീയവും കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളും കേരള രാഷ്ട്രീയത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ ഒന്ന് തിരഞ്ഞെടുപ്പ് ജയിക്കുവാനായി ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ജാതി-മത സംഘടന നേതൃത്വങ്ങളും തമ്മിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയ ഒത്തുതീർപ്പു അവസര വാദ രാഷ്ട്രീയം ആയിരുന്നു. കൊണ്ഗ്രെസ്സ് നേതൃത്വം നൽകിയ യു.ഡി.എഫ് ജാതി-മത സമുദായ രാഷ്ട്രീയം ഒരു മറയുമില്ലാതെ നടത്തി. കെ.കരുണാകരൻ ഇങ്ങനെയുള്ള ജാതി-മത-സമുദായ രാഷ്ട്രീയ സമവായ ഒത്തു തീർപ്പു രാഷ്ട്രീയത്തിന്റെ പ്രയോഗം ചാതുര്യത്തോടെ ഉപയോഗിച്ചു. യു.ഡി.എഫ് മറയില്ലാതെ നടത്തിയത്, എൽ.ഡി.എഫ് അല്പം സൈദ്ധാന്തിക വാചക മറയോടെ ചെയ്തു എന്ന് മാത്രം. ഇ.എം.എസിനെ പോലുള്ളവർ ആ കാലങ്ങളിൽ വാക് ചതുര്യത്തോടെ വാദിച്ച കാര്യങ്ങളുടെ പിന്നാമ്പുറം തേടിയാൽ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യങ്ങളിൽ ജാതി-മത-സമുദായ സ്വതങ്ങൾ തൊലിപ്പുറ സിദ്ധാന്ത മുദ്രാവാക്യങ്ങൾക്കു പുറകിൽ എങ്ങനെ വർത്തിച്ചു എന്ന് ദ്രശ്യമാകും.

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 1987 ലെ തിരഞ്ഞെടുപ്പ് മേൽ വിവരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമല്ല പ്രസക്തം ആകുന്നത്. 1987 മുതൽ ആണ് കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ തുടക്കം. വിദേശ പണത്തിന്റെ ഒഴുക്കും ഒരു പണാധിപത്യ സമൂഹത്തിന്റെ തുടക്കം ഉണ്ടാകുന്നതും 1980 കളുടെ അവസാനമാണ്. അത് കേരളത്തിൽ ഒരു മധ്യവല്കൃത സമൂഹ സമീപനത്തിന് തുടക്കം കുറിച്ചു.1989-90 കളിൽ സോവിയറ്റ് യൂണിയന്‍റെ പതനം ഇന്‍ഡ്യയിലെ ഇടതുപക്ഷ പാർട്ടികളെ പലതരത്തിൽ സ്വാധീനിച്ചു.

1990 കളോടെ കേരളത്തിലെ രാഷ്ട്രീയ നേതൃതവും അണികളും ഒരു മാധ്യവല്കൃത സാമൂഹ്യ പരിസരത്തേക്ക് മാറി തുടങ്ങി. അങ്ങനെ കേരള രാഷ്ട്രീയത്തിൽ പാവങ്ങളെ കുറിച്ചുള്ള കരുതലും തൊഴിലാളി വർഗ്ഗ രാഷ്ട്രീയവും എല്ലാം മുദ്രാവാക്യങ്ങളിലും പ്രകടനപത്രികകളിലേക്കും ചുരുങ്ങി തുടങ്ങി. 1992 ഓട് കൂടെ ബാബറി മസ്ജീദിന്റെ നേരെയുണ്ടായ അക്രമ നാശങ്ങളും നിയോ ലിബറൽ നയ ആധിപത്യവും കേരളത്തിലും രാഷ്ട്രീയ ഓളങ്ങൾ ഉണ്ടാക്കി. കേരളത്തിലെ ചെറുപ്പക്കാരിൽ വലിയൊരു പങ്കു, പ്രത്യകിച്ചും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന്, ഗൾഫിലേക്ക് ജോലി തേടി ചേക്കേറാൻ തുടങ്ങി. 1990 കളുടെ മധ്യത്തിൽ ഇവിടെ ഉണ്ടായി തുടങ്ങിയ ഇന്റർനെറ്റ് വിനിമയ വിപ്ലവവും മൊബൈൽ ഫോണിന്റെ അവിർഭാവവും കേരള രാഷ്ട്രീയത്തിലും കക്ഷി രാഷ്ട്രീയ കേഡർ സ്വഭാവത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like