വിന്നി മണ്ടേലയുടെ അന്ത്യയാത്രയോടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഒരു യുഗം അവസാനിക്കുകയാണ് . അവരുടെ ജീവിതം പല രീതിയിലും അസാധാരണമായിരുന്നു .
വിന്നി മണ്ടേലയുടെ ആദ്യ പേര് നോം സാമോ ( Nomzamo). അവരുടെ ക്സോസ ( Xhosa) ഭാഷയില്‍ ആ പേരിന്‍റെ അര്‍ത്ഥം ” പരിശ്രമിക്കുന്നവള്‍” എന്നാണ്. ഒരു അര്‍ത്ഥത്തില്‍ അവരുടെ ജീവിതം സമരത്തിന്‍റേയും അതിജീവനത്തിന്‍റേയും കഥയാണ്. 1957 ല്‍ നെല്‍സന്‍ മണ്ടേലയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 22 വയസ്സായിരുന്നു. മണ്ടേലക്ക് 38ഉം. അത് മണ്ടേലയുടെ രണ്ടാം വിവാഹമായിരുന്നു .
ആദ്യഭാര്യ എവിലിന്‍ മേസ് എന്ന നെഴ്സുമായി പതിനാലു കൊല്ലത്തെ ജീവിതത്തിനു ശേഷമാണ് മണ്ടേല വിന്നിയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ മണ്ടേലക്ക് നാലു മക്കള്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ ‘A long walk to Freedom’ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനവും ഏവിലിന്‍റെ കാഴ്ച്ചപ്പാടും ഒത്തു പോയില്ല എന്നാണ്. മണ്ടേലയ്ക്കു മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നതാണ് കാരണമെന്നായിരുന്നു എവിലിന്‍ പറഞ്ഞത് .
എന്തായാലും എവിലിന്‍ രാഷ്ട്രീയ ആക്റ്റിവിസമുപേക്ഷിച്ചു, പിന്നീട് ‘യഹോവ സാക്ഷി’ സഭയുടെ മിഷനറി ആയി. മണ്ടേലയുമായി പിന്നീട് ഒരിക്കലും ബന്ധപെട്ടിട്ടില്ല. അവര്‍ 2004 ലാണ് മരിച്ചത് .
വിന്നി കാണുന്ന സമയത്ത് മണ്ടേല ഒരു സമരനായകനും സെലിബ്രിറ്റിയുമായിരുന്നു . അവരുടെ വിവാഹം 38 കൊല്ലം നീണ്ടതായിരുന്നു എങ്കിലും അവര്‍ ഒരുമിച്ചു ജീവിച്ചത് 5 കൊല്ലത്തില്‍ താഴെയാണ് . 1963 ല്‍അറസ്റ്റിലായ മണ്ടേല പുറത്തു വരുന്നത് 1990 ലാണ് . ഭര്‍ത്താവുമൊത്ത് ഒരു സാധാരണ കുടുബ ജീവിതം അനുഭവിച്ചിട്ടില്ലെന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ കാലത്ത് മണ്ടേല വളരെ തിരക്കിലായിരുന്നു . അവരുടെ രണ്ടു പെണ്മക്കളുടെ ജനന സമയത്ത് പോലും മണ്ടേല ഏറെ തിരക്കിലായിരുന്നു .
മണ്ടേല അറസ്റ്റില്‍ ആയതിനു ശേഷം അവര്‍ നേരിട്ട വെല്ലുവിളികള്‍ വലുതായിരുന്നു. രണ്ടു കൊച്ചു കുട്ടികളുമായി, സാമ്പത്തിക സഹായമൊന്നുമില്ലാതെ, ഒറ്റയ്ക്ക് അവര്‍ പൊരുതി നിന്നു . അറുപതുകളിലെ അവരുടെ കഥ ഒരു മദര്‍ കറേജിന്‍റെ അതിജീവനത്തിന്‍റേതാണ് . അന്നത്തെ അപ്പാത്തൈഡ് ഭരണകൂടം അവരെ അത്രമാത്രം പീഡിപ്പിച്ചു . 1969 ല്‍ ഏകാന്ത ജയില്‍ വാസത്തിനു വിധിച്ചതോട് കൂടിയാണ് അവരെ ലോകം അറിഞ്ഞത്. കൊച്ചുകുട്ടികള്‍ ആയിരുന്ന മക്കളെ നോക്കിവളര്‍ത്തിയത് അവരുടെ കൂട്ടുകാരായിരുന്നു.
1970 കളില്‍ അവര്‍ വര്‍ണ്ണ വിവേചന സമരത്തിന് എതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ മുന്നണി പോരാളിയും ലോകമറിയുന്ന നേതാവുമായി. അന്നാണ് രാഷ്ട്ര മാതാവ് (Mother of Nation )എന്ന് അവരെ ജനം വിളിച്ചുതുടങ്ങിയത് . അവര്‍ അതികായയായ നേതാവായി വർണ്ണ വിവേചനതിനെതിരെയുള്ള ഒരു ലോക ഐക്കൺ ആയി മാറുകയായിരുന്നു. ആ കാലത്ത് ആണ് ഞാൻ അവരെക്കുറിച്ച് വായിച്ചറിഞ്ഞത്.
1980 കളില്‍ വിന്നി മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ തന്നെ കൂടുതല്‍ അക്രമോല്സുകമായ ഒരു വിഭാഗത്തിന്‍റെ നേതാവായി. 1985 ഓടെ അവര്‍ വലിയ അധികാരങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ഉള്ള നേതാവായി. 1984 ല്‍ റോബര്‍ട്ട് കെന്നഡി അവാര്‍ഡ് ലഭിച്ചതോടെ അവര്‍ക്ക് വിദേശ സാമ്പത്തിക സഹായവും ലഭിച്ചു തുടങ്ങി . അതോടെ എ എന്‍ സി യിലെ ഒരു വലിയ അധികാര കേന്ദ്രമായി വിന്നിയും സംഘവും മാറി.
അന്ന് സര്‍ക്കാരിന് വിവരം ചോര്‍ത്തികൊടുക്കുന്ന ആളുകളെ പല രീതിയില്‍ വക വരുത്തുന്ന എ എന്‍ സി സംഘങ്ങള്‍ ഉണ്ടായിരുന്നു. ചാരന്‍മാരുടെ കഴുത്തില്‍ മണ്ണെണ്ണ ഒഴിച്ച് ടയര്‍ ചാര്‍ത്തി തീവച്ച് കൊല്ലുക തുടങ്ങിയ അതിക്രൂരശിക്ഷാരീതികള്‍ പതിവാ യിരുന്നു . ഇതിനു ‘നെക് ലെസ്’ ‘ എന്നാണു പറഞ്ഞിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഇതിനെതിരായിരുന്നു പ്രധാന നേതാക്കളില്‍ പലരും . പക്ഷെ വിന്നി മണ്ടേല ഇങ്ങനെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുക മാത്രമല്ല അതിനു പല തരത്തിലും നേതൃത്വം നല്‍കുകയും ചെയ്തു .
സ്വെട്ടയിലളെ മണ്ടേല യുനൈറ്റെഡ് ഫുട്ബോള്‍ ക്ലബ് (MUFC) ഒരു പക്ഷെ വിന്നിയുടെ പേരിനും പ്രശസ്തിക്കും കളങ്കമേല്പ്പിച്ചു . ഈ ക്ലബ്ബിലെ ആള്‍ക്കുട്ടവും അവിടുത്തെ പ്രധാനികളും, കൈയൂക്കുകൊണ്ട് ഭയം സൃഷ്ട്ടിക്കുന്ന, വിന്നിയുടെ സംഘമായി മാറി . അവരാണ് സ്റ്റോമ്പി എന്ന പതിനാലുകാരനെ ചാരനെന്നു സംശയിച്ചു തട്ടി കൊണ്ട് പോയതും 1988 ഡിസംബറില്‍, കൊന്ന് വഴിയരുകിൽ തള്ളിയതും. കേസില്‍ അവര്‍ക്കെതിരെയായിരുന്നു കോടതി വിധി. 1990 ല്‍ മണ്ടേല ജയില്‍ മോചിതനായ പ്പോസ്ഴേക്കും അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വിവാദ നായികയായി മാറിയിരുന്നു. അന്നും ഒരുപാട് പേര് അവരുടെ കൂടെയുണ്ടായിരുന്നു . എ എന്‍സി യുടെ ഒരു വിഭാഗത്തില്‍ അവര്‍ അന്നും ശക്തയായിരുന്നു.
1990 ല്‍ മണ്ടേല പുറത്തു വന്നതോടെ കാര്യങ്ങള്‍ അവരുടെ കൈയില്‍ നിന്നും പിടി വിട്ട് പോകാന്‍ തുടങ്ങി. അവരുടെ പല വഴിവിട്ട ബന്ധങ്ങളുടേയും കഥ പത്രങ്ങളില്‍ വരുവാന്‍ തുടങ്ങി. അവയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത് അവരേക്കാള്‍ 30 വയസ്സിന് ഇളയ ഒരു ലോയറുമായുള്ള ബന്ധമായിരുന്നു. അതുൾപ്പടെ പല കാരണങ്ങള്‍ കൊണ്ടും അവര്‍ രണ്ടു കൊല്ലത്തിനകം 1992 ല്‍ മണ്ടേലയുമായി പിരിഞ്ഞു. അന്ന് മണ്ടേല നടത്തിയ പ്രസ് മീറ്റ് വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. അവരുടെ വേര്‍പിരിയല്‍ എഴുതി തയാറാക്കിയ ഒരു കുറിപ്പ് വായിച്ചാണ് അദ്ദേഹം അറിയിച്ചത്. അത് അവരോടുള്ള അസാധാരണ സ്നേഹം പറഞ്ഞുകൊണ്ടുള്ള ഒന്നായിരുന്നു:
” “During the two decades I spent on Robben Island she was an indispensable pillar of support and comfort… My love for her remains undiminished.” There was a general intake of breath. Then he continued: “We have mutually agreed that a separation would be the best for each of us… I part from my wife with no recriminations. I embrace her with all the love and affection I have nursed for her inside and outside prison from the moment I first met her.”
വിന്നിയുടെ രാഷ്ട്രീയ വ്യവഹാരങ്ങളെ മൂന്നു ഘട്ടമായി തിരിക്കാം. ആദ്യത്തേതില്‍ പൊരുതുന്ന ചെറുപ്പക്കാരി സ്ത്രീയും അമ്മയും. വീറും ചുണയുമുള്ള പോരാളി. രണ്ടാം ഘട്ടം എഴുപതുകളിൽ. ആഫ്രിക്കൻ നാഷനൽ കോണ്‍ഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ച നേതാക്കളിൽ പ്രമുഖ. 1980 കളിൽ എ എൻ സി യിൽ വിഭാഗീയതകൾ ഉണ്ടായപ്പോള്‍, കൂട്ടത്തില്‍ പോപ്പുലറും അക്രമോല്സുകവും ആയ നെക്ക്ലെസ് വിഭാഗത്തിന്‍റെ വക്താവ്. 1960 -70 കളിലെ പഴയ വിന്നിയിൽ നിന്നും മാറി 1990 ആയപ്പോഴേയ്ക്ക് അധികാരവും, കൈയ്യൂക്കും പണവും വൻ സ്വാധീനവും ഉള്ളയാൾ എന്ന നിലയില്‍ ഒരു പവർ സെന്‍റര്‍ ആയി. അതോടു കൂടി മറ്റുള്ളവർ അവർക്കെതിരെ തിരിഞ്ഞു. മണ്ടേല ജയിലിൽ നിന്ന് ഇറങ്ങിയശേഷം അവരുടെ അപ്രമാദിത്തത്തേയും അധികര നെറ്റ് വര്‍ക്കിനേയും പിന്താങ്ങുവാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഫലത്തിൽ അവര്‍ അദ്ദേഹത്തിന്‍റെ വിമർശക ആകുകയും 1994 ൽ ഔദ്യോഗികമായി ബന്ധം വേർപിരിയുകയും ആയിരുന്നു.
വിന്നി മണ്ടേലയെ ഞാൻ മൂന്ന് തവണ നേരിൽ കണ്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം സൌത്ത് ആഫ്രിക്കയില്‍ വച്ചും ഒരു തവണ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ വെച്ചും . ഒരു തവണ സംസാരിച്ചിട്ടുണ്ട്. വളരെ ഗ്രിട്ടും കരിസ്മയും ഉള്ള നേതാവ്. അവര്‍ അസാധാരണ വ്യക്തിത്വവും തന്‍റേടവും ധൈര്യവുമുള്ള ഒരു നേതാവായിരുന്നു. അവരുടെ കഴിവിന് അനുസരിച്ചുള്ള പദവികള്‍ സര്‍ക്കാരില്‍ അവര്‍ വഹിച്ചില്ല . രണ്ടു കൊല്ലത്തോളം ഒരു ഡെപ്യൂട്ടി മിനിസ്റ്ററായിരുന്നു . എന്തൊക്കെ വിവാദം ഉണ്ടായെങ്കിലും അവര്‍ അസാമാന്യ ധൈര്യവും കാര്യപ്രാപ്തിയും ഉള്ളവളും വര്‍ണ്ണ വിവേചനത്തോട് വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവുമായിരുന്നു. ആരുടെ മുന്നിലും തല കുനിക്കാത്ത മദര്‍ കറേജ് ആയിരന്നു മാമ്മ മണ്ടേല !!!
ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.