പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കികൊന്ന ദിവസം ശ്രീഗറിൽ ഉണ്ടായിരുന്ന ലേഖകനും സുഹൃത്ത് വാസൻനായരും അനുഭവിച്ച ഭീതിയുടെ നിമിഷങ്ങൾ.
അതീവഹൃദ്യമായ ഒരു മഞ്ഞുകാലത്തിന്റെ മനോഹാരിതയിലേക്കാണ് ഞാനും എന്റെ സുഹൃത്ത് വാസന് നായരും കൂടി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പറന്നിറങ്ങിയത്. ജമ്മുവിലെ വൈഷ്ണവദേവി സന്ദര്‍ശനം കഴിഞ്ഞു കൃത്യം ആറു ദിവസത്തെ കാശ്മീര്‍ യാത്രയായിരുന്നു ഞങ്ങളുടെ പ്ലാന്‍. 2013 ഫെബ്രുവരി മൂന്നാം തീയതി എത്തി, ഒന്‍പതാം തീയതി ഉച്ചക്ക് മൂന്നു മണിയുടെ ഫ്ലൈറ്റിനു ശ്രീനഗറില്‍ നിന്നു മടങ്ങണം. ടിക്കറ്റൊക്കെ റെഡിയാണ്.
മഞ്ഞില്‍ പുതഞ്ഞ പാതകളും പ്രകൃതിയും നിഷ്കളങ്കരായ മനുഷ്യരും. ജനങ്ങളെക്കാള്‍ അന്ന് മഞ്ഞില്‍ വിടര്‍ന്നു നിന്നത് നിറതോക്കുകളും ഏന്തി നിന്നിരുന്ന പട്ടാളക്കാര്‍ ആയിരുന്നു. ജനങ്ങള്‍ തുലോം കുറവായിരുന്നു, എവിടെയും.
ദാല്തടാകക്കരയെ തൊട്ടു നിന്ന വെല്‍ക്കം ഹോട്ടലിലായിരുന്നു ഞങ്ങള്‍ അന്ന് താമസിച്ചത്. അവിടെ നിന്ന് ഒരു വാടകക്കാറില്‍ ഓരോരോ ദിവസവും ഓരോരോ മഞ്ഞിന് സ്വര്‍ഗത്തിലേക്ക് പോവും.ഏതൊരു വിജനമായ മഞ്ഞിടുക്കുകളിലും പട്ടാളക്കാര്‍ നിറതോക്കും പിടിച്ചു സജീവമായിരുന്നു. മഞ്ഞിന്റെ ഏകാന്തത ഈ പഹയന്മാര് അങ്ങനെ കവര്‍ന്നു.എപ്പോൾ വേണമെങ്കിലും ആരെങ്കിലും നമ്മെ കവരാന്‍ വരാം എന്ന സൂചനയ്ക്ക് പട്ടാളം കാശ്മീരില്‍ എവിടെയും ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും ഉത്തരം കത്തിച്ചുനിര്ത്തിയിരിക്കുന്നു.
പഹൽഗാമിൽ പൊയ്ക്കൊണ്ടിരിക്കെ, അവിടെ എത്താറാവും മുമ്പ് റോഡിനു നേരെ മലയിടിഞ്ഞു ഗതാഗതം നിന്നുപോയകാരണം ഞങ്ങളുടെ കാശ്മീരി ഡ്രൈവർ വണ്ടി പിറകോട്ടെടുത്തു ഒരൂ ഗ്രാമത്തിലേക്കു കയറി. വെറും പാവങ്ങളായ ആട്ടിടയന്മാർ താമസിക്കുന്ന കുടിലുകൾ. വണ്ടി ഗതിമുട്ടി നിന്നപ്പോൾ ഞാൻ പുറത്തിറങ്ങി ആ ഗ്രാമകവാടത്തിലേക്കു നടന്നു കയറി. ആടുകൾ വിവിധ ശബ്ദങ്ങളിൽ എന്നെ എതിരേറ്റു. കുടിലിനുള്ളിൽ നിന്നും പാവങ്ങൾ ഇറങ്ങി എന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും പ്രാണവെപ്രാളത്തോടെ ഡ്രൈവർ ഓടി വന്നു എന്നെ കൈക്കു പിടിച്ചു. ട്രാഫിക് ക്ലിയർ ആയ കാരണമാകാം അയാൾ ഓടി വന്നതെന്നാണ് ഞാൻ കരുതിയത്. കാറിനുള്ളിൽ ചെന്ന ശേഷമാണ് ഡ്രൈവർ അവ്യക്തമായി പറഞ്ഞത്, കൂടുതൽ അകത്തേക്ക് പോയാൽ ഒളിഞ്ഞിരിക്കുന്ന ബദ്മാഷുകൾക്ക് സംശയം തോന്നി പിടിച്ചു കൊണ്ടു പോയാൽ പെട്ടില്ലേ ഞാനും നിങ്ങളും. അവിടെ തീവ്രവാദികൾ ഒളിച്ചിരിക്കാൻ സാധ്യത ഉണ്ടന്നു അവ്യക്തമായി സൂചിപ്പിക്കുകയായിരുന്നു ഡ്രൈവർ.
മറ്റൊരു അനുഭവവും കൂടി. പഹൽഗാമിൽ ഒരൂ കുന്നു കയറി മഞ്ഞു പുതച്ചു കിടക്കുന്ന താഴ് വര അനുഭവിച്ചു നിൽക്കുമ്പോൾ പത്തോ പതിനാലോ വയസ്സുള്ള ഒരൂ ബാലികയും അവളുടെ അനിയനും കുന്നു കയറി വന്നു. അത്യാവശ്യം ഹിന്ദി പറഞ്ഞാൽ മനസ്സിലാവുന്ന കുട്ടികൾ.
അങ്ങ് അകലെയുള്ള ഒരൂ കുഗ്രാമത്തിൽ വസിക്കുന്നു. ആട്ടിടയനാണ് ബാപ്പ. എന്തോ സാധനങ്ങൾ വാങ്ങാൻ അനിയനെയും കൂട്ടി വന്നതാണ്.
അത്യന്തം ദാരിദ്ര്യത്തിൽ കഴിയുന്നവർ. എന്റെ കൂട്ടുകാരൻ വാസൻ നായർ കുറച്ചു പൈസ അവർക്ക് കൊടുത്തു. നൂറിന്റെ ആ നോട്ടുകൾ അവരുടെ മുഖത്തു വിരിയിച്ച വിസ്മയവും സന്തോഷവും കാണേണ്ടതായിരുന്നു.
അവരോടൊപ്പം ഇരുവശങ്ങളിലും മഞ്ഞു മൂടി കിടക്കുന്ന ചെറിയ പാതയിലൂടെ ഞങ്ങളും നടന്നു. അതി വിജനമാണ് നടപ്പാത. കുറച്ചു ദൂരം നടന്നപ്പോൾ ആ കൂട്ടി, ‘ഇനി നിങ്ങൾ വരേണ്ട. പൊയ്ക്കോളൂ മടങ്ങി’ എന്നു പറഞ്ഞു.
ഞാൻ ചോദിച്ചു, ‘ഞങ്ങൾ വന്നാൽ എന്താണ് കുഴപ്പം?’
‘വേണ്ട വേണ്ട. നിങ്ങളെ സംശയിച്ചു ആരെങ്കിലും ഒളിഞ്ഞിരിക്കുന്നവർ പിടിച്ചു കൊണ്ട് പോയാൽ ഒന്നും ചെയ്യാനാവില്ല.’
ഞങ്ങൾ അവരോടു യാത്ര പറഞ്ഞു പിരിഞ്ഞു. ഗ്രാമങ്ങളിൽ എവിടെയൊക്കെയോ ഇടങ്ങളിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ട് എന്നൊരു ആളൽ മനസ്സിൽ വന്നു നിറഞ്ഞു.

പഹൽഗാമിൽ കണ്ടുമുട്ടിയ കുട്ടികൾ
അതികഠിനമായിരുന്നു ഫെബ്രുവരിയിലെ തണുപ്പ്. രണ്ടും മൂന്നും ഡിഗ്രി. ശ്രീനഗറിലാണങ്കില് ഗുല്‍മാര്‍ഗിലും മറ്റും പൂജ്യംഡിഗ്രിക്ക് താഴെ ആയിരുന്നു. തണുപ്പുകാരണം വൈകിട്ട് ആറു മണിക്കേ ഞങ്ങള്‍ അത്താഴം കഴിക്കാനിറങ്ങും. ഞങ്ങളുടെ ഹോട്ടലില്‍ നിന്ന് എട്ടു മിനിട്ട് നടക്കണം ഭക്ഷണം കഴിക്കാനുള്ളസ്ഥലത്തേക്ക്.
അപ്പോഴേക്കും രാത്രിയായപോലെ ഇരുണ്ടു മൂടിയിരിക്കും.ഹോട്ടലിനു പുറത്തു വന്നാലുടനെ നിറതോക്കുമേന്തിയ രണ്ടു പട്ടാളക്കാര്‍ ചോദ്യം ചെയ്യും, എവിടേക്ക് പോകുന്നുവെന്നറിയാൻ. ഊണ് കഴിക്കാനാണെന്നു പറഞ്ഞാല്‍ അവര്‍ ഒപ്പം വരും. ഊണ് കഴിയും വരെ അവര്‍ പുറത്തു നില്ക്കും. കഴിഞ്ഞാല്‍ കൂട്ടിക്കൊണ്ടുപോയി വെല്‍ക്കം ഹോട്ടലിന്റെ കവാടത്തില്‍ വിടും.
ഈ അന്തരീക്ഷത്തിലും ഞങ്ങള്‍ക്ക് ഭയപ്പാട് ഉണ്ടായില്ല എന്നത് സത്യമാണ്.
ഫെബ്രുവരി ഒന്‍പതുവരെയുള്ള യാത്രകളില്‍ കണ്ടുമുട്ടിയ കാശ്മീരികളും, ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയും ഞങ്ങളുടെ മനസ്സ് നിറച്ചിരുന്നു.
ഫെബ്രുവരി ഒന്‍പതു ഉച്ചക്കുള്ള മടക്ക ഫ്ലൈറ്റ് പിടിക്കാന്‍ രാവിലെ തന്നെ പോയ്ക്കളയാം എന്ന് തീരുമാനിച്ചിരുന്നു.ടാക്സിക്കാരന് തലേന്ന് രാത്രിലെ അവന്റെ കാര്‍ ഹോട്ടല്‍ വളപ്പില്‍ കൊണ്ടിട്ടിരുന്നു.രാത്രിയില്‍ തുടങ്ങിയ മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ ഞങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിയും തേവാരവുമൊക്കെ കഴിഞ്ഞു താഴെ ഹോട്ടല്‍ ലോബിയില്‍ വന്നു, ബില്ല് കൊടുക്കാനായി.അപ്പോഴാണ് ആ വാര്‍ത്ത ടെലിവിഷനിലൂടെ തീതുപ്പിയത്.
പാര്‍ലമെന്റ് തകര്‍ക്കാന്‍ പരിപാടിയിട്ട വിഘടനവാദിയായി പിടികൂടിയ, ജയിലില്‍ ശിക്ഷയും കാത്തു കിടന്ന അഫ്സല്ഗുരുവിനെ വെളുപ്പിന് തൂക്കി കൊന്നിരിക്കുന്നു. ബില്ലടച്ചുനിന്ന വാസന് നായരോട്, ഇന്നലെവരെ വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന ഹോട്ടല്‍ മാനേജര്‍ അകാരണമായി പൊട്ടിത്തെറിച്ചു, ” കടന്നു പോ വേഗം നിങ്ങള്‍.ഇനി ഒരു നിമിഷം ഇവിടെ നില്‍ക്കരുത്.”
പെട്ടന്ന് പകച്ചുപോയ ഞങ്ങളോട് വീണ്ടും മര്യാദ ഇല്ലാത്ത വാക്കുകള്‍ പറഞ്ഞപ്പോള്‍ സംഗതി ഗുരുതരമാണന്നു മനസ്സിലായി.
” ഞങ്ങളുടെ ഗുരുവിനെ നിങ്ങള്‍ ഇന്ത്യക്കാർ തൂക്കിലിട്ടു, സാലാ വേഗം കടന്നോ പുറത്ത്..”
അവനു ഭ്രാന്തായ പോലെ.അവന്റെ ഭ്രാന്ത് പെട്ടെന്നു തന്നെ ഹോട്ടല്‍ ജീവനക്കാരില്‍ ഓരോരുത്തരിലേക്കും പടര്‍ന്നു.
അവരുടെ മുമ്പില്‍ ഞങ്ങള്‍ രണ്ടുപേര്‍, അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിൽ പങ്കു വഹിച്ചിട്ട് ഒന്നുമറിയാത്തവരെപ്പോലെ നില്ക്കുന്നവർ.പുറത്തു ദാല്‍ ലേക്കിനരുകിലൂടെയുള്ള റോഡില്‍ പോലീസ് വണ്ടികള്‍ നിരന്തരം ചുറ്റാന്‍ തുടങ്ങി. വെടിയൊച്ചകള്‍ കേള്‍ക്കുന്നുവോ ?
അന്തരീക്ഷത്തിലെ ഭീതി ഞങ്ങളുടെ ഉള്ളിലേക്കും പെട്ടന്ന് കടന്നുകൂടി.
ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍, ഞങ്ങളെ എയര്‍ പോര്‍ട്ടിലേക്ക് കൂട്ടാന്‍ വന്ന ടാക്സിക്കാരനെ കാശ്മീരിയില് ചീത്ത വിളിക്കാന്‍ തുടങ്ങി. ആറു ദിവസം ഞങ്ങളെ സ്നേഹപൂര്‍വ്വം കാശ്മീര്‍ കാണിച്ച ഡ്രൈവര്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. അവന് പറഞ്ഞു, സാബ് നിങ്ങള്‍ കാറിനുള്ളില്‍ കയറിക്കോ. എന്നെ കൊല്ലാതെ നിങ്ങളുടെ ശരീരത്തില്‍ ആരും തൊടില്ല.
അവന് വീണാല്‍ ഞങ്ങളും വീഴുമെന്നു ഉറപ്പായിരിക്കുന്നു.ഒരു ലഹള ഉണ്ടായാല്‍ ലഹളക്കാര്‍ ഞങ്ങളെ കൊന്നു ദാല്‍ തടാകത്തിലേക്ക് ഇട്ടാല്‍ ഒരാളും അറിയാന്‍ പോണില്ല.മനസ്സ് മരവിക്കരുത്.എന്തും സംഭവിക്കാം. ഉള്ള ധൈര്യം സംഭരിച്ചു പെട്ടികളുമെടുത്തു കാറില്‍ കയറി. ദാല്‍ ലേക്ക് റോഡിലൂടെ എയര്‍പോര്‍ട്ട് ലക്ഷ്യം വച്ച് കാറ് നീങ്ങിയതും കാശ്മീർ പോലീസ് കാര്‍ തടഞ്ഞു.ഡ്രൈവറോട് മടങ്ങിപ്പോവാന്‍ ഉത്തരവിട്ടു.എങ്ങോട്ട് പോവണം എന്നറിയാതെ അന്തം വിട്ടിരുന്ന ഡ്രൈവറുടെ കരണക്കുറ്റിക്ക് പോലീസിലെ ഒരുവന് പൊട്ടിച്ചതിന്റെ വേദനയും അമ്പരപ്പും ഞങ്ങളിലാണ് പടര്‍ന്നത്.കാര്‍ മടക്കി, താമസിച്ചിരുന്ന ഹോട്ടലിന്റെ മുമ്പിലേക്ക് തന്നെ വന്നു.
ഹോട്ടല്‍ ജീവനക്കാര്‍ വണ്ടി ഉള്ളിലേക്ക് കടത്താതെ പ്രധാന കവാടം അടച്ചു കുറ്റിയിട്ടു. മുന്നോട്ട് പോവാനാവാതെ, എങ്ങും ഒരു അഭയവുമില്ലാതെ, എന്ത് ചെയ്യണമെന്നറിയാതെ കഠിനമായ ആ തണുവിലും ഞങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങി.

ലഹളക്ക് സാധ്യത ഉണ്ട്. അതിനു മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ രക്ഷപ്പെടാം.പക്ഷെ പോലീസും സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് വരുമ്പോഴത്തെ സ്ഥിതി. കാര്‍ ഹോട്ടലിനോട് ചേര്‍ത്ത് ഇട്ടിരിക്കയാണ്.ഹോട്ടല്‍ ജീവനക്കാര്‍ ഞങ്ങളെയും ഡ്രൈവറെയും പൂട്ടിയ ഗേറ്റിന്റെ ഉള്ളില്‍ നിന്ന് ഇപ്പോഴും ചീത്ത പറയുന്നുണ്ട്.അതി കഠിനമായ മഞ്ഞു വീഴ്ച കാരണമാണ് ലഹളക്കാര്‍ ഉരുത്തിരിയാത്തത്. ഭയം മനസ്സിനെ പിടിച്ചുലയ്ക്കുന്നുണ്ട്.ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കശ്മീര്‍ യാത്ര ആവുമോ ഇത്?
ഇതിനിടയില്‍ ഒരു കാശ്മീരി ദൈവദൂതന് പ്രത്യക്ഷപ്പെട്ടു.അയാള്‍ അമ്പരന്നിരിക്കുന്ന ഡ്രൈവറോട് പറഞ്ഞു, ഈ ഹോട്ടലിന്റെ പിന്നിലുള്ള റോഡിലൂടെ പോയാല്‍ മെയിൻ റോഡിൽ ഏതെങ്കിലും പട്ടാളബൂത്ത് കാണാതിരിക്കില്ല.. പട്ടാളത്തിനെ അറിയിച്ചാല്‍ അവര്‍ പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.പോലീസ്സിനെ വിശ്വസിക്കാനാവില്ല.
ഡ്രൈവര്‍ ഞങ്ങളോട് പറഞ്ഞു, ‘എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. ഞാന്‍ ആ ശക്തി പറയുമ്പോലെ ചെയ്യും.’
അവന്റെ ഒരു മഞ്ഞ മുഖം ഞങ്ങളിലേക്ക് നോക്കി.ഞങ്ങളുടെ സമചിത്തത താറുമാറായിരിക്കയാണ്. ഏതു നിമിഷവും ക്രോധം കൊണ്ട് തിളയ്ക്കുന്ന ഒരു കാശ്മീരി കൂട്ടം, ഞങ്ങളുടെ ജീവന് കവര്‍ന്നേക്കാം അതിനൊരു കാരണം കൂടിയുണ്ട്.സാധാരണ കാശ്മീരി ജനതയിൽ കുറേപ്പേരെങ്കിലും നമ്മളെപ്പോലെ വരുന്ന ടൂറിസ്റ്റുകളെ ഇന്ത്യയില്‍ നിന്നു വരുന്നവരായാണ് കാണുന്നത്.മറ്റൊരു രാജ്യക്കാരായിട്ട്. ഇന്ത്യന്‍ ഭരണകൂടമാണല്ലോ അവരുടെ അഫ്സല് ഗുരുവിനെ തൂക്കി കൊന്നിരിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ പ്രത്യക്ഷത്തില്‍ അവരുടെ ശത്രുക്കളാണ്. ആ ശത്രുതയാണ് ഞങ്ങള്‍ തങ്ങിയ ഹോട്ടലുകാരും കാണിച്ചത്.
ഇതാ കാറ് പിന് റോഡിലേക്ക് നീങ്ങുകയാണ്.ഞങ്ങളുടെ ജീവന് പരീക്ഷണത്തിന് ഒരുങ്ങുകയാണ്. മരിക്കുന്നെങ്കില്‍ ശവം പോലും ഞങ്ങളുടെ ബന്ധുക്കള്‍ക്ക് കിട്ടിയേക്കില്ല. കാശ്മീര്‍ താഴ് വരയില്‍ എന്റെയും വാസന് നായരുടെയും ജീവിതം ഒരു യാത്രയില്‍ അവസാനിക്കും.
ഞങ്ങള്‍ എത്രയോ നേരമായി പരസ്പരം ഒന്ന് നോക്കിയിട്ടുകൂടി.
കാറ് നീങ്ങിയ പുറം റോഡ് വിജനമല്ല. അവിടവിടെ കാശ്മീരി ആള്ക്കാര് നില്‍ക്കുന്നുണ്ട്. പല മുഖങ്ങളും ഓടുന്ന ഞങ്ങളുടെ കാറിനെ നോക്കുന്നുണ്ട്. ആരെങ്കിലും കൈകാണിച്ചു നിര്‍ത്തിച്ചാല്‍ എന്തും സംഭവിക്കാം.
ദാല്‍ തടാകത്തിനു സമാന്തരമായി കിടപ്പുള്ള റോഡിലേക്ക് കാര്‍ കയറിയപ്പോള്‍ തന്നെ പട്ടാള വണ്ടികള്‍ കിടക്കുന്നത് കണ്ടു. കുറച്ചകലെ വച്ചു തന്നെ കാറ് നിര്‍ത്താന്‍ നിര്‍ദേശം വന്നു. നിര്‍ത്തിയിട്ട ഞങ്ങളുടെ കാറിനരികിലേക്ക് തോക്കു ചൂണ്ടിയ രണ്ടു പട്ടാളക്കാര്‍ വന്നു.
വിറയ്ക്കുന്ന കയ്യില്‍ ഞങ്ങള്‍ വിമാന ടിക്കറ്റ് എടുത്തു പിടിച്ചിരുന്നു.
വന്ന പട്ടാളക്കാര്‍ പറഞ്ഞു, കാറിനു പുറത്തിറങ്ങാന്‍. പുറത്തിറങ്ങിയ ഞങ്ങളുടെ ശരീരം പരിശോധിച്ചിട്ട്, അവിടെ പോയി സാറിനെ കണ്ടു കാര്യങ്ങള്‍ പറയാന്‍ പറഞ്ഞ്, ചൂണ്ടിയ തോക്കുകളുമായി ഞങ്ങളെ നടത്തിച്ചു അവരുടെ ക്യാപ്റ്റന്റെ അടുത്ത് കൊണ്ട് പോയി. ശാന്തമായിരുന്നു ക്യാപ്റ്റന്റെ മുഖം. എയര്‍ ടിക്കറ്റ് വാങ്ങി നോക്കി അദ്ദേഹം പറഞ്ഞു: ‘എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നാല് പട്ടാളബൂത്തുകളുണ്ട്. നിങ്ങളെ ഓരോ ബൂത്തിലും വണ്ടി നമ്പര്‍ വച്ച് കടത്തി വിടും. എയര്‍പോര്‍ട്ട് എത്തുന്നതിനും മുമ്പ് പത്തു മിനിട്ടോളം ഓട്ടത്തിന്റെ ദീര്‍ഘമുള്ള ഒരു സ്ഥലമുണ്ട്. അത് ഞങ്ങളുടെ കണ്ട്രോളില് അല്ല. അവിടം കടന്നു കിട്ടിയാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. ഒരാളോ രണ്ടാളോ കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തരുത്. ശുഭാശംസകള്‍.
കാറിനകത്ത് വന്നിരുന്നുകൊണ്ട് പട്ടാള ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ ഡ്രൈവറെ ധരിപ്പിച്ച്, പട്ടാള നോട്ടമില്ലാത്ത ആ സ്ഥലത്തെപ്പറ്റി ആരാഞ്ഞു.
കുദാ രക്ഷിക്കട്ടെ എന്നു പറഞ്ഞു അവന് കാര്‍ എടുത്തു. അപ്പോള്‍ ആ പട്ടാള ഓഫീസര്‍ കാര്‍ നിര്‍ത്തിച്ചു ഡ്രൈവറോട് എന്തൊക്കെയോ കാശ്മീരിയില് പറഞ്ഞു.
ഓരോ പട്ടാള ബൂത്തുകളിലും നിറുത്തി നിറുത്തി കാര്‍ മുന്നോട്ടു പോവുന്നുവെങ്കിലും മനസ്സ് എന്തോ പന്തിയില്ലായ്മ ചൊല്ലുംപോലെ. ജീവെനെടുക്കാന്‍ കുറേപ്പേര് എപ്പോഴും ചാടി വീണേക്കാം എന്നൊരു അപശ്രുതി തിര തല്ലുന്നു. പച്ച മഞ്ഞാണ് മനസ്സ് നിറയെ. അത് പതിയനെ തല നീറ്റുന്നു.
ഒന്നാം പട്ടാള ബൂത്ത് കഴിഞ്ഞപ്പോൾ പോലീസ് വേഷമുള്ള രണ്ടുപേരും ഒരൂ മഫ്റ്റിയും വണ്ടി നിർത്താൻ കൈകാണിച്ചു. കാർ നിർത്തിയപ്പോൾ ഒരൂ പോലീസുകാരൻ വന്നു പറഞ്ഞു ‘ഈ സാറിനെ വഴിയിൽ പുള്ളി പറയുന്ന സ്ഥലത്ത് ഒന്നു ഇറക്കി വിട്ടേരെ. എയർപോർട്ട് റോഡിൽ തന്നെ.’
മഫ്റ്റിക്കാരൻ ഡോർ തുറന്നു ഫ്രണ്ട് സീറ്റിലേക്കു കയറി. ഇടക്ക് കാശ്മീരിയിൽ
ഡ്രൈവറോട് എന്തോ ചോദിച്ചു.പിന്നെ തിരിഞ്ഞു ഞങ്ങളോടായി ചോദിക്കുന്നു, ” നിങ്ങൾ ഇന്ത്യയിൽ എവിടെ നിന്നാണ്.? “
ഞാനാണ് ഉത്തരം പറഞ്ഞത് :
ബോംബയിൽ നിന്ന്
” ഓ ബഡാ ശഹർ, ബോംബെ..
എയർ പോർട്ടിൽ എത്തിക്കിട്ടിയാൽ നിങ്ങൾ ബോംബയിൽ മൂന്നു മണിക്കൂർ കൊണ്ടു എത്തിയേക്കും.. “കാറിൽ കയറിയ മഫ്റ്റി പോലീസുകാരൻ പറഞ്ഞു. ഞങ്ങൾ ഒന്നും പറഞ്ഞില്ല. എന്റെ മനസ്സിൽ എന്തോ ദുഷ് ചിന്ത വേരോടാൻ തുടങ്ങി. എന്തോ അപായ സൂചനകൾ. വാസൻ നായർ എന്തു ചിന്തിക്കുന്നുവെന്നറിയില്ല. മൗനമാണ്. മൂന്നാം പട്ടാള പോസ്റ്റ് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. മഫ്റ്റിക്ക് ഇറങ്ങാനുള്ള സ്ഥലമായി.ഇറങ്ങാൻ നേരം അയാൾ ഞങ്ങളെ ആകമാനം ഒന്നു നോക്കി. ആ മുഖത്തു അവ്യക്തമായ ചില വരകൾ. ചെറു ചിരി.
“നിങ്ങൾ രക്ഷപ്പെട്ടാൽ എയർ പോർട്ടിൽ എത്തും. ഇനി കഴിയാൻ പോണ സ്ഥലം കടന്നു കിട്ടിയാൽ..”
പിന്നൊന്നും പറയാതെ അയാൾ അണഞ്ഞുപോയപോലെ.
കാർ സ്പീഡിൽ നാലാം പട്ടാള പോസ്റ്റിൽ എത്തുംവരെ ഞങ്ങൾക്ക് ചിന്തകളും നഷ്ടമായിരുന്നു. നാലാം പട്ടാള ബൂത്തിൽ ഡ്രൈവറെ ഒരൂ പട്ടാള ഓഫീസർ വിളിച്ചിറക്കി. അയാൾക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നത് കണ്ടു.
ഡ്രൈവർ വന്നു സീറ്റിൽ ഇരുന്നു.
ഞങ്ങളെ ആർദ്രമായി ഒന്നു നോക്കി. എന്നിട്ട് മുത്തു മുത്തുപോലെ പറഞ്ഞത് :
‘നമ്മൾക്ക് ഇനിയുള്ള പതിമൂന്നു മിനിറ്റോളം ഓട്ടം പറക്കുക തന്നെ വേണം. കുദാ രക്ഷിക്കട്ടെ. നിങ്ങൾ പ്രാർഥിച്ചോളൂ..’
ഡ്രൈവർ പറഞ്ഞു.ഞാൻ ഓർത്തത് സത്യത്തിൽ മക്കളെയാണ്. വാസൻ നായരുടെ രണ്ടു പെണ്മക്കൾ. എന്റെ രണ്ടു ആൺമക്കൾ. ഞങ്ങൾ മക്കളെ, നിങ്ങളുടെ അരുകിലേക്ക് വരാൻ ഇതാ വേഗതയിലാണ്..
കാർ ഭ്രാന്തമായ വേഗത്തിൽ പറക്കുകയാണ്. ഡ്രൈവർ ഏകാഗ്രമായി നയിക്കുകയാണ്. വിജനമാണ് റോഡ്. പറക്കുന്ന ഈ വാഹനത്തിലേക്കു ചിലർ ഉറ്റു നോക്കുന്നുണ്ട്.തടസ്സങ്ങൾ ഒന്നുമില്ല.
നിശ്ചലതയിൽ ഒരൂ വെടി പൊട്ടും പോലെ ഡ്രൈവർ വിളിച്ചു കൂവുന്നു.
‘കുദാ നമ്മെ രക്ഷിച്ചിരിക്കുന്നു!
നമ്മൾ ഇതാ എയർപോർട്ട് എത്തിയിരിക്കുന്നു.’
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറെ കെട്ടിപ്പിടിച്ചു.രക്ഷകൻ. അതെ തീർത്തും രക്ഷകനാണ്. ഇവനും കാശ്മീരിയാണ്. ഞങ്ങൾ ഇന്ത്യക്കാരും.
രക്ഷപ്പെടുമെന്ന് കരുതിയതല്ല.
രക്ഷപ്പെട്ടിരിക്കുന്നു. ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും
ഗണപതിയും സാക്ഷാൽ അല്ലാഹുവും രക്ഷിച്ചിരിക്കുന്നു.ഡ്രൈവർക്ക് കുറെ പൈസയും സ്നേഹവും സമ്മാനമായി കൊടുത്തു യാത്രയാക്കി.
ശ്രീനഗർ എയർപോർട്ടിൽ കയറി ഒരൂ റെസ്റ്റാറണ്ടിൽ കയറി ഇരുന്നു കൊണ്ടു ഞങ്ങൾ ശപഥം ചെയ്തു. ഇനി കാശ്മീരിലേക്ക് ഇല്ല.പക്ഷെ പിന്നെയും പിന്നെയും ഞങ്ങൾ നാലു തവണ വന്നു.
ആർട്ടിക്കൽ 370 എടുത്ത ശേഷം വന്നപ്പോഴാണ് ശരിയായ കാശ്മീർ കണ്ടത്.
ഉല്ലാസം നിറഞ്ഞ കുഞ്ഞുങ്ങൾ. രസകരമായി വസ്ത്രങ്ങൾ അണിഞ്ഞ മനോഹരികൾ. കച്ചവടം പുഷ്പ്പിച്ചിരിക്കുന്നു. റോഡുകളുടെ ഫുട്പാത്തുകളിൽ കച്ചവടം പൊടിപൊടിക്കുന്നു. സഞ്ചാരികൾ കണക്കില്ലാതെ വന്നു നിറയുകയാണ്.ഇപ്പോഴാണ് കാശ്മീർ ഭൂമിയിലെ സ്വർഗം ആയത്..
ഭീതിയൊന്നുമില്ലാതെ എട്ടു ദിവസമാണ്പുതിയ രീതി തുടങ്ങിവച്ച കാശ്മീരിലൂടെ ആഹ്ലാദപൂർവ്വം ഞങ്ങൾ സഞ്ചരിച്ചത് .
എത്ര കണ്ടാലും മതിവരാത്ത ഭൂമിയിലെ സ്വർഗത്തിലേക്ക് ഇനിയും ഇനിയും വരാൻ കൊതിക്കുകയാണ്.

കവർ : ജ്യോതിസ് പരവൂർ
