അബ്ദുള്ള പാലസ്തീനിയൻ ആണ്. വെളുത്തു,മെലിഞ്ഞു, കവിളെല്ലുകൾ ഉന്തിയ, എപ്പോഴും ഉറക്കെ സംസാരിക്കുന്ന യുവാവ്. ഓഫീസ് ടൈം കഴിഞ്ഞാലും ഇരുന്നു ജോലിചെയ്യുന്നത് കാണാം. സഹപ്രവർത്തകരിൽ ആരെങ്കിലും ചെറുതായി പോലും അയാളോട് അനീതി കാട്ടിയെന്ന് തോന്നിയാൽ അയാളുടെ ഒച്ചയുയരും. അതിനാൽ ഓഫീസിൽ അയാൾക്ക് ആത്മാർത്ഥസൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.
യുദ്ധം തുടങ്ങി രണ്ടാമത്തെ ആഴ്ച്ച ഓഫീസിലെത്തുമ്പോൾ അയാളുടെ മുഖം ആകെ ചുമന്നിരുന്നു. നേരെ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയ അയാൾ നിസംഗനായി അദ്ദേഹത്തോട് പറഞ്ഞു “ഇന്നലത്തെ ബോംബാക്രമണത്തിൽ എന്റെ അമ്മാവൻ കൊല്ലപ്പെട്ടു”.
മാനേജറുടെ ചുണ്ടുകൾ ദുഖത്താൽ വിതുമ്പി. അയാൾ വിറയ്ക്കുന്ന സ്വരത്തിൽ അബ്ദുള്ളയോട് പറഞ്ഞു “ഹോ എന്തൊരു ദുഃഖവാർത്തയാണിത്. അബ്ദുള്ള നീയെന്തിനു ഓഫീസിലേക്ക് വന്നു!. ഒന്ന് ഫോൺ ചെയ്യാമായിരുന്നില്ലേ. നീ ഇന്ന് അവധിയെടുത്തോളൂ. വീട്ടിലേക്കു പോകൂ” മാനേജർ അയാളെ നിർബന്ധിച്ചു യാത്രയാക്കി. ഓഫീസിലെ മുഴുവൻപേരും എഴുന്നേറ്റ് നിന്ന് അബ്ദുള്ളയോട് ആദരവ് കാട്ടി.
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അബ്ദുള്ള വീണ്ടും രാവിലെ വന്നു മാനേജറുടെ കാബിനിലേയ്ക്ക് കയറി പോയി ” എന്റെ അനന്തരവൻ ബോംബിങ്ങിൽ കൊല്ലപ്പെട്ടു”.
‘ഓ,അബ്ദുള്ള നിനക്കിതെങ്ങിനെ സഹിക്കാൻ കഴിയുന്നു. നീയിന്നു ജോലി ചെയ്യുന്നുണ്ടോ, വീട്ടിലേക്ക് പോകണമെങ്കിൽ പൊയ്ക്കോളൂ’ മാനേജർ കരുണാർദ്രനായി. ‘വേണ്ട , എനിക്ക് വീട്ടിൽ പോയി ഒന്നും ചെയ്യാനില്ല, ഞാനിവിടിരുന്നോളാം’ അയാൾ തന്റെ ഡെസ്കിൽ പോയിരുന്നു ജോലിയിൽ മുഴുകി. ഇടയ്ക്ക് സഹപ്രവർത്തകർ ചെന്നു അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അടുത്തദിവസം അയാൾ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയത് തന്റെ സഹോദരിയും ഭർത്താവും ബോംബിങ്ങിൽ കൊല്ലപ്പെട്ടു എന്നു അറിയിക്കാനാണ്.
“ഈ നശിച്ച യുദ്ധം. നമുക്കെന്തു ചെയ്യാൻ കഴിയും. ഇന്ന് ഓഡിറ്റർ വരുന്ന ദിവസമാണ്. പിടിപ്പത് പണിയുണ്ട്. മാനേജർ സ്നേഹപൂർവ്വം അബ്ദുള്ളയെ നോക്കി. അബ്ദുള്ള ഒന്നും മിണ്ടാതെ പുറത്തിറങ്ങി, ഡെസ്കിൽ പോയിരുന്നു, ജോലി ചെയ്യാൻ തുടങ്ങി. ഓഡിറ്റിങ്ങിന്റെ തിരക്കിൽ സഹപ്രവർത്തകർ അബ്ദുള്ളയോട് ഒന്ന് മിണ്ടാൻ മറന്നു.

“ഇന്നലെയെന്റെ അനിയൻ കൊല്ലപ്പെട്ടു. അബ്ദുള്ള മറ്റൊരു ദിവസം മാനേജറോട് പറഞ്ഞു. “ഓ ഐ ആം സോറി. ഇന്നലെ നീ ചെയ്തുകൊണ്ടിരുന്ന വർക്ക് കഴിഞ്ഞോ ? ആ ഫയൽ എനിക്ക് ഉടൻ വേണം” മാനേജർ ശരിക്കും തിരക്കിലായിരുന്നു.
അബ്ദുള്ള മാനേജറുടെ കാബിനിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് വീണ്ടും തുടർന്നു. പഴയതു പോലെ വൈകിയിരുന്നും ജോലിചെയ്യാൻ തുടങ്ങി.
മാസങ്ങൾ കഴിഞ്ഞു. അബ്ദുള്ള മാനേജറുടെ കാബിനിലേയ്ക്ക് കയറാതായി. നേരെ ഡെസ്കിൽ പോയിരുന്നു ജോലി തുടങ്ങും ഒന്നും സംഭവിക്കാത്തതു പോലെ.
സഹപ്രവർത്തകർ പഴയതുപോലെ പരസ്പരം അടക്കം പറഞ്ഞു തുടങ്ങി
“ഈ അബ്ദുള്ള എന്താണിങ്ങനെ… ഇത്ര പരുക്കനാകാമോ, അല്പം സ്നേഹത്തോടെ നമ്മോടൊക്കെ ഇടപെട്ടു കൂടെ….”
കവർ: ജ്യോതിസ് പരവൂർ