പട്ടാമ്പി കോളജ് എനിക്കെന്തായിരുന്നു / ആണ്? രണ്ടാം വർഷ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പു തൊട്ട് ബി.എ. എക്കണോമിക്സിലൂടെ എം. എ. മലയാളത്തിലെത്തി നിന്ന സുദീർഘമായ കലാലയ വിദ്യാഭ്യാസകാലം മുഴുവൻ പട്ടാമ്പിയിലായിരുന്നു. അതിനിടയിൽ ഒരു വർഷം പി. ആൻ്റ് ടി. യിലെ കമ്പിയാപ്പീസിൽ ജോലി. അന്നത് കോഴിക്കോട് ബീച്ചിലെ സി. ടി. ഒ. ആപ്പീസ് ആയിരുന്നു. അവിടന്നു രാജി വെച്ചാണ് മലയാളം എം. എ. എന്ന സ്വപ്നം സഫലമാക്കിയത്. സയിൻസിലും സാമ്പത്തിക ശാസ്ത്രത്തിലും എൻ്റെ പ്രകടനം ആവറേജ് പോലുമായിരുന്നില്ല എന്ന് ഇന്നു മനസ്സിലാകുന്നുണ്ട്. എൻ്റെ വിഷയം മലയാള സാഹിത്യമാണെന്ന തിരിച്ചറിവുണ്ടാകുന്നതു പട്ടാമ്പിയിൽ വെച്ചായിരുന്നു.
ആർത്തിപിടിച്ചാണ് എംഎ മലയാളം കോഴ്സ് ഞാൻ പൂർത്തീകരിച്ചത്. മഹാരഥരായ അധ്യാപകർ ഞങ്ങൾക്കന്നു കിട്ടിയ ഭാഗ്യമായിരുന്നു. ആറ്റൂർ രവിവർമ്മ, വി. പി. ശിവകുമാർ, പി. ഗംഗാധരൻ, സാറാ ജോസഫ്, ദേശമംഗലം രാമകൃഷ്ണൻ, ജി. വിലാസിനി അങ്ങനെ പോകുന്നു ആ നിര.
സാഹിത്യകുതുകങ്ങൾ മാത്രമല്ല പട്ടാമ്പി എന്നെ പഠിപ്പിച്ചത്. അടിയന്തിരാവസ്ഥയെ അടയാളപ്പെടുത്തിക്കൊണ്ട് “നാവടക്കു പണിയെടുക്കു” എന്നെഴുതിവെച്ച പൊതുവാഹനങ്ങളും ആഫീസുകളും ഇന്ത്യയൊട്ടാകെ വന്ന കാലമായിരുന്നു. സ്വാതന്ത്ര്യത്തെപ്പറ്റി വലിയ സ്വപ്നങ്ങൾ കാണാൻ എന്നെ പഠിപ്പിച്ചത് പട്ടാമ്പിയിലെ അന്നത്തെ വിദ്യാർഥി രാഷ്ട്രീയക്കാലമായിരുന്നു. പട്ടാമ്പികോളെജിൻ്റ വരാന്തകളിലൂടെ ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കുന്ന മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ച് മുഷ്ടിയുയർത്തുമ്പോൾ സത്യമായും ഞാനതു സ്വപ്നം കണ്ടിരുന്നു. എഥൽ ലിലിയൻ വോയ്നിച്ചിൻ്റെ കാട്ടുകടന്നലിലെ ഗെമ്മയായി ഞാൻ സ്വയം സങ്കല്പിക്കുക പോലും ചെയ്തിരുന്നു!
മറ്റൊരു കാലത്തിനു കൂടി പട്ടാമ്പി ചരിത്രപരമായി സാക്ഷ്യം വഹിച്ചു. മാനുഷിക്കാലം എന്ന് ഇന്നറിയപ്പെടുന്ന അക്കാലം പട്ടാമ്പിയിലെ ഓരോ മൺ തരിയെയും അടിമുടി മാറ്റിയെന്നു തന്നെയാണ് എൻ്റെ വിശ്വാസം. പിന്നീടൊന്നും പഴയതുപോലെയായില്ല. സാറാ ജോസഫിൻ്റെയും സുമംഗലക്കുട്ടി, ഇന്ദിര, പാർവതി എന്നിവരുടെയും (എല്ലാവരും പ്രിയ അധ്യാപികമാർ) നേതൃത്വത്തിലായിരുന്നു മാനുഷി മുന്നേറ്റം. ഈ സമൂഹത്തിൽ സ്ത്രീകൾക്കു സവിശേഷമായി പ്രശ്നങ്ങളുണ്ടെന്നും അവ സവിശേഷമായിത്തന്നെ അഭിസംബോധന ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുകയും വേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് അന്നത്തെ കാലത്തിൽ ആഴ്ന്നിറങ്ങി. ആ മുന്നേറ്റത്തിൽ അണിചേർന്നവരേക്കാൾഅതിശക്തമായ പ്രതിരോധം സമൂഹത്തിൻ്റെ വിവിധയടരുകളിൽ രൂപപ്പെട്ടു. പ്രതികരിക്കുന്ന പെൺകുട്ടികൾ “നീയെന്താ മാനുഷിയാണോ?” എന്ന ചോദ്യത്താൽ ആക്രമിക്കപ്പെട്ടു.അവർ പുരുഷവിരോധികളായും കുടുംബം പൊളിക്കുന്നവരായും മുദ്രകുത്തപ്പെട്ടു. ലൈംഗിക അസാന്മാർഗിണികളായി വിലയിരുത്തപ്പെട്ടു.
ഇന്നത്തെ പെൺകുട്ടികൾക്ക് “അതെ ഞങ്ങൾ ഫെമിനിച്ചികൾ തന്നെ”യെന്നു തലയുയർത്തിപ്പിടിക്കാറാക്കിയത് നാലു പതിറ്റാണ്ടു മുമ്പ് കാമ്പസുകളുടെ സുരക്ഷിതത്വത്തിൽ നിന്നും തെരുവിലേക്കിറങ്ങിയ ഒരു പറ്റം സ്ത്രീകളും പെൺകുട്ടികളുമായിരുന്നു. അവരേറ്റു വാങ്ങിയ അവമതിപ്പുകളും നിന്ദകളും തിരസ്കാരങ്ങളും പക്ഷേ സ്വപ്നം കാണുന്നതിൽ നിന്ന് അവരെ വിലക്കുന്നതിനു ശക്തമായില്ല. “പെണ്ണു പൂക്കുന്ന നാട്” എന്ന സ്വപ്നം മലയാളക്കരയ്ക്കും ഭാഷക്കും നല്കിയതിൽ പട്ടാമ്പി കോളെജിൻ്റെ ചരിത്രപരമായ പങ്ക് അടയാളപ്പെടുത്തപ്പെടുകതന്നെ വേണം.
കവർ: ജ്യോതിസ് പരവൂർ