അഭിമുഖം
കല്പറ്റ നാരായണൻ
രാജേന്ദ്രൻ എടത്തുങ്കര
എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമെന്ത്?
അടുത്ത വാക്യം എന്തായിരിക്കണം എന്നത്.
കവിയായിരിക്കുമ്പോൾ ആരോടാണ് പ്രതിബദ്ധത ?
എന്നോട് തന്നെ. ഞാനൊരു സൃഷ്ടിയാണ്; എൻ്റെ രചനകളുടെ . കൂടുതൽ മികച്ച ഒരെന്നെ അടുത്ത രചന സാക്ഷാത്കരിക്കണം.
ഏതു നിരൂപകനാണ് താങ്കളെ മുഴുവനായും കണ്ടെത്തിയത്?
എന്നെ തേച്ചുകുളിപ്പിക്കുന്ന നിരൂപകൻ്റെ കയ്യെത്താത്തിടത്താണ് ഞാൻ.
എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിയ കവിത?
കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ കവിതകളേയുള്ളൂ.
ഏറ്റവുംകൂടുതൽ പണിപ്പെടേണ്ടി വന്നത് ഏതുകവിതയുടെ രചനയിൽ ?
കവിതയുടെ മരത്തിന് കീഴെകാറ്റും കാത്ത് ഞാനിരിക്കുന്നു. വീണു കിട്ടിയതുമായി എഴുത്തുമുറിയിലേക്ക് പായുന്നു. അത്രമാത്രം.
ഇതാ, ഇതാണെൻ്റെ കവിത എന്നു പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന കവിത
വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നെക്കുറിച്ചുള്ള ശങ്ക
തീർത്തു തന്നില്ലേ; ബുദ്ധൻ ചോദിക്കുന്നു.”
കവിതയിൽ ആരാണ് ഗുരു?
ഒരാളല്ലൊന്നല്ലനേകം ഗുരുക്കൾ.
ആദ്യം വായിച്ച കവിത?
ആശാൻ്റെ തള്ളയും കുട്ടിയും. മഴുത്തള്ള കാരണമാവാം ആ തള്ള ഊരിമാറ്റി ഞാൻ അമ്മയും കുട്ടിയും എന്നു വായിച്ചു.
ആദ്യം തിരിച്ചറിഞ്ഞ കവിത?
ടീച്ചറിപ്പോഴും രണ്ടിലാണ് “ എന്ന വരി താങ്കൾ കവിതയിൽ പ്രവേശിച്ചു എന്നെന്നോട് പറഞ്ഞു.
കല്പറ്റ നാരായണൻ – ആരാണീ പേരിട്ടത് ?
കെ.സി. നാരായണൻ. മറ്റൊരു നാരായണനിടമില്ല എന്നു കരുതിയാവാം.
ആരെയാണ് അനുകരിക്കാൻ തോന്നിയത്?
കവിതയിൽ കെ.ജി.എസ്; പ്രഭാഷണത്തിൽ എം.എൻ വിജയൻ; ഉപന്യാസത്തിൽ മേതിൽ. നാലടി നടന്നപ്പോൾ അവരുടെ വീട്ടിലേക്കാണ് ഞാൻ ചെല്ലുന്നത് എന്നു ബോധ്യപ്പെട്ടതിനാൽ മടങ്ങി.
എഴുതുമ്പോൾ ആവർത്തിച്ചുവരുന്ന വാക്ക്?
അത്രേ.
സ്വന്തം കാവ്യജീവിതത്തിന് ഒരു ശീർഷകം നൽകാമോ?
എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ.
അസൂയതോന്നിയ കവികളുണ്ടോ?
വരികളുണ്ട്.
“ഉണ്ണുമ്പോഴുരുളയിൽ ചോര” പോലെ
കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, വിമർശകൻ, പ്രഭാഷകൻ – ഏതാണ് ഇഷ്ടപ്പെട്ട കുപ്പായം?
മാറിമാറി ഇടാൻമാത്രം കുപ്പായങ്ങളുള്ളതിനാൽ മുഷിഞ്ഞ കുപ്പായം ഇടേണ്ടിവന്നില്ല.
ആദ്യം കിട്ടിയ പ്രതിഫലം ?
എഴുപത്തിയഞ്ച് രൂപ.
ആദ്യമെഴുതിയ കവിത?
ടീച്ചറിപ്പോഴും രണ്ടിലാണ്.
ആദ്യകവിത പ്രസിദ്ധപ്പെടുത്തിയ പത്രാധിപർ ?
ധൈര്യം വരാഞ്ഞതിനാൽ ആർക്കുമയച്ചില്ല. ആദ്യ സമാഹാരമിറക്കിയപ്പോൾ പോരെടേയ് എന്നു കൂടെകൂട്ടി.
കവിത ആദ്യം തിരിച്ചയച്ച പത്രാധിപർ ?
അതിനിട കൊടുത്തിട്ടില്ല. ലേഖനങ്ങൾ തിരിച്ചുവന്നിട്ടുണ്ട്.
“വായനക്കാരേ, എനിക്കു പറയാനുള്ളതിതാണ് “- എന്തായിരിക്കുമത് ?
എൻ്റെ വായനക്കാരല്ലാത്തവർ ഇറങ്ങിപ്പോകണം.
മറ്റുള്ളവരുടേതിൽ ആവർത്തിച്ചുവായിക്കുന്ന കവിത?
എഴുത്തച്ഛൻ, ഉണ്ണായി വാരിയർ, ആശാൻ, വൈലോപ്പിള്ളി, ഇടശ്ശേരി, ബാലാമണിയമ്മ, അക്കിത്തം, ആറ്റൂർ, ടി. പി. രാജീവൻ.
ഏതു വിദേശകവി?
ബോർഹെസ്
വയനാട്ടിലേക്ക് ?
മടക്കയാത്രയിൽ താൽപ്പര്യമില്ല.
കവിതയുടെ ജീവിതം കവിയുടെ ജീവിതത്തെ ആശ്രയിക്കുന്നുണ്ടോ?
മിന്നൽ മഴക്കാറിനെ ആശ്രയിക്കുന്നത്ര .
സ്വന്തം കവിതകളിലെ ഇഷ്ടശീർഷകം?
ഒരു മുടന്തൻ്റെ സുവിശേഷം
ഇനി?
ഇനിയാണ് ജീവിതം.
ആരിലാണ് വിശ്വാസം?
ആരിലുമില്ല വിശ്വാസം.
ആരാണ് ശത്രു?
മരണശേഷമേ ശത്രുവിന്റെ വാക്കുകൾ സുഗ്രഹമാകൂ എന്നെഴുതിയിട്ടുണ്ട്. നിരവധി ശത്രുക്കളുണ്ടിപ്പോൾ.
പിന്തുടരുന്ന രൂപകം?
ഛായ.
ഏറ്റവും വലിയ നഷ്ടം ?
കാഴ്ച നഷ്ടപ്പെട്ടാൽ എങ്ങനെ വായിക്കും എന്ന പേടി.
സ്വന്തം തലമുറയിൽ ആരെയാണ് ഏറ്റവും മതിപ്പ് ?
കവികളിൽ ടി. പി. രാജീവൻ.
പറയേണ്ടിയിരുന്നില്ല എന്നു തോന്നിയത്?
കൂടുതൽ തീവ്രമായി പറയേണ്ടതായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ. വേണ്ടത്ര കടിയേറ്റില്ല എന്ന് നായയെപ്പോലെ വിഷാദിക്കാറുണ്ട് ചിലപ്പോൾ.
ഏറ്റവും പുതിയ കവികളിൽ ആരെയാണ് മതിപ്പ് ?
ഷാജു വി.വി.
സ്വയം എഴുതുന്ന ബ്ലർബ്?
അതേ. മുവ്വായിരം കൊല്ലം മുമ്പേ പണിക്കുറ തീർന്ന കവിത രൂപംകൊണ്ടു.
അംഗീകാരമോ അവഗണനയോ- ഏറ്റവും പരിചിതമേത്?
അവഗണന പോലെ സുലഭമായ വിളയുണ്ടോ ഭൂമിയിൽ.
അനുകർത്താക്കളെ കാണുന്നുണ്ടോ?
അനുകർത്താക്കളെ ആഗ്രഹിക്കുന്നില്ല. നിഴൽ മുന്നിലായാലും പിന്നിലായാലും അരോചകമാണ്.
ക്ലാസ്മുറിയിലെ കവിത?
അവനവന്റെ പാഷൻ പ്രകാശിപ്പിക്കാം എന്നതൊഴിച്ച് പ്രതീക്ഷയൊന്നുമില്ല. കയറിക്കയറി ഇല്ലാത്ത പർവ്വതങ്ങളും തരണം ചെയ്തിട്ടുണ്ട് പലപ്പോഴും.
മറന്നുപോയത്?
ഓർമ്മയിൽ വരാത്തതെല്ലാം. അതിൽ പലതും മറക്കേണ്ടതുമായിരുന്നു.
മരിച്ചവർ തിരിച്ചു വന്നാൽ ആദ്യം ആരെ തൊടണം?
പുഴുവരിച്ചവരെ എനിക്ക് തൊടണ്ട.
എന്താണ് താങ്കളുടെ ദ്രവ്യം?
ഭാവന
*എവിടെ നിന്നു കിട്ടി?
അമ്മയിൽ നിന്ന്. ഞാൻ പുറത്തു പോയാൽ മടങ്ങിയെത്തുന്നതുവരെ എനിക്കു പറ്റാവുന്ന അപകടങ്ങൾ അമ്മ നെയ്തുണ്ടാക്കി. ആ നെയ്ത്ത് ഞാൻ എഴുത്തിൽ തുടർന്നു.