അത്രമേൽ സ്നേഹത്തോടെ
ചുറ്റിപ്പിടിക്കും ഇത്തിക്കണ്ണികൾ
ആരും പാടാത്തൊരീണത്തിൽ
സ്നേഹമന്ത്രങ്ങളുരുവിടും
കാണാതെ കേൾക്കാതെ
ഒളിഞ്ഞൊളിഞ്ഞു ചുറ്റും നടക്കും
വീശുന്ന കാറ്റും, നിശ്വാസവും
അവനിലൂടെപ്പോകും
പതുക്കെപ്പതുക്കെ
വെളിപ്പെടുത്തും
ആദ്യം ചിന്ത
സ്നേഹം, കരുതൽ, സ്വത്വം എല്ലാം
പഴമുതിർന്നു പൂകൊഴിഞ്ഞു
തളിരുണങ്ങി ഇലകൊഴിഞ്ഞു
വാടിയുണങ്ങി മുരടിക്കുമ്പോഴും
വാക്കിനാൽ ചുറ്റിപ്പടർന്ന്
പിന്നെ മരമൊരു വള്ളിയായും
അവനൊരു മരമായും വളരും
ആരുമറിയില്ല ചില മരങ്ങൾ
ആത്മാഹുതി ചെയ്യുന്നത്
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
Comments