പൂമുഖം Travel ആദിമ ഭൂമിയിലൂടെ – ഒഡീഷ (നാലാം ഭാഗം)

ആദിമ ഭൂമിയിലൂടെ – ഒഡീഷ (നാലാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കന്ധമാലിലേക്ക്

കന്ധമാലിലേക്കുള്ള ബസ്സ്‌ പുറപ്പെട്ടു. പതിനാറു മണിക്കൂറോളം വേണം ടിക്കാബലിയില്‍ എത്താന്‍. ഗഞ്ചം ജില്ലയിലെ ബഞ്ചാപ്പൂരില്‍ ഇറങ്ങി വീണ്ടും ഒരു നാല്‍പതു കിലോമീറ്റര്‍ കൂടെ സഞ്ചരിക്കണം. ഒരു കാലത്ത് ഏറെ നിഷ്കളങ്ക ജീവിതങ്ങള്‍ പൊലിഞ്ഞ നാടായിരുന്നു കന്ദമാലിലെ ടിക്കാബലിയും സമീപപ്രദേശങ്ങളും. ഇന്നും അതിന്‍റെ മുറിവേറ്റ ജീവിതങ്ങളും ബാക്കിപത്രങ്ങളും അവശേഷിക്കുന്നയിടം. ബസ്സില്‍ പലരും കച്ചവടാവശ്യത്തിനായി വന്ന് തിരിച്ചുപോകുന്നവരും ദൂരെയെവിടെയൊക്കെയോ പഠിക്കുന്ന കുട്ടികളുമാണ്. പലരുടെയും കൂടെ അവരുടെ പിതാക്കളുമുണ്ട്. കുറച്ചൊക്കെ സാമ്പത്തികശേഷിയുള്ള പുറത്തുനിന്ന് വന്നിവിടെ താമസമാക്കിയവരാണ് മിക്കവരും. ഗോത്രവർഗത്തില്‍ നിന്നൊരു കുട്ടിയേയും കണ്ടില്ല. അവര്‍ ഇന്നും ഇതിനൊക്കെയപ്പുറത്താണല്ലോ. വിദ്യാഭ്യാസം ജീവിതനിലവാരം മേലെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് തന്നെ.

ഗോവിന്ദപ്പള്ളി

ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരു മുരള്‍ച്ചയോടെ ബസ്സ്‌ യാത്ര തുടങ്ങി. ചെറിയ ചാറ്റല്‍ മഴ ഞങ്ങളോടൊപ്പം കൂടി. പെട്ടിപ്പീടികകളും പാടങ്ങളും താണ്ടി മാതിലി പോലീസ് സ്റ്റേഷനും മണല്‍ചാക്ക് കൊണ്ട് സംരക്ഷിച്ച സെക്യൂരിറ്റി ക്യാമ്പും കഴിഞ്ഞ് ബസ് ഗോവിന്ദപ്പള്ളിയില്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ഗോവിന്ദപ്പള്ളി ഒരു ചെറിയ സ്ഥലമാണ്‌. ഒരു പത്തു പതിനഞ്ചു പീടികകള്‍ മാത്രം. മാവോവാദികളുടെ സുരക്ഷിത താവളം. ഈ സ്ഥലവും കാടും മലയും കടന്നാല്‍ കൊരാപ്പുട്ട് ജില്ലയില്‍ പ്രവേശിക്കും. സൂര്യന്‍ താണുതുടങ്ങിയിരുന്നു പ്രേമാനന്ദ് എന്നെ ഒരു ചെറിയ ധാബയിലെക്ക് കൂട്ടിക്കൊണ്ട്പോയി. അവിടെ മൂന്ന് യുവാക്കള്‍ വേഗതയില്‍ ആവി പറക്കുന്ന സമോസയും കചോരിയും ജിലേബിയും ചായയും ചൂടോടെ തയ്യാറാക്കികൊടുക്കുന്നു. ഞാന്‍ എനിക്കിഷ്ടപ്പെട്ട കചോരി പറഞ്ഞു. പ്രേമാനന്ദ് സമോസയും. കൂടെ ചായയും കുടിച്ചു. നല്ല രുചിയുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നത്കൊണ്ടാണ് പ്രേമാനന്ദ ഇങ്ങോട്ട് വന്നത്. അദ്ദേഹം യാത്ര ചെയ്യുമ്പോഴൊക്കെ കയറുന്നയിടമാണ്. വൃത്തി തീരെയില്ലെങ്കിലും ഭക്ഷണം രുചികരമായിരുന്നു. ഇനി ബസ്സ് രാത്രി എവിടെയെങ്കിലുമേ നിര്‍ത്തൂ. എല്ലാവരെയും കയറ്റി ബസ്സ്‌ പുറപ്പെട്ടു.

വന്യതയുടെ കാടും മലയും കീറിമുറിച്ച് ബസ്സ് നീങ്ങി. ജെയ്പൂര്‍ എത്തുന്നതിനു മുന്‍പ്‌ ബസ്സ്‌ നിര്‍ത്തിയതായി തോന്നി. മുന്നോട്ട് നോക്കിയപ്പോള്‍ വണ്ടികളുടെ നീണ്ട നിര. എന്താണെന്നു തിരക്കിയപ്പോള്‍ ഒരു ഭീമന്‍ ട്രക്ക് റോഡിനു പാലം നിര്‍മ്മിക്കുന്നതിനിടയില്‍ മണ്‍റോഡില്‍ ഇന്ന് പെയ്തമഴയിലെ ചളിയില്‍ പൂണ്ടിറങ്ങിയിരിക്കുന്നു. ഞങ്ങളിറങ്ങി നടന്നു നോക്കി. സമയം വൈകുന്നേരം ആറര മണി.

മഴപെയ്തുതീര്‍ന്നെയുള്ളുവെങ്കിലും ഇനിയും പെയ്യാനുള്ള കോളുണ്ട്‌. ഇരുവശവും ട്രക്കുകളും ചെറിയ വണ്ടികളും മൂന്നു നാലു ബസ്സും. എവിടെനിന്നോ വന്ന രണ്ടു ജേസീബികളുടെ കഠിനമായ പ്രയത്നത്തോടെ വണ്ടിയെ ചളിയില്‍ നിന്ന് പൊക്കി രക്ഷപ്പെടുത്തി. വാഹനങ്ങള്‍ യാത്രതുടര്‍ന്നു. അര മണിക്കൂര്‍ അവിടെ പോയി. സമയം ഏഴു മണി ആയിരുന്നു. ഇരു വശവും കാടുകള്‍ തന്നെ. സന്ധ്യയുടെ അവസാനം. ഒരു വശത്ത് ആന്ധ്രപ്രദേശിന്‍റെ അതിര്‍ത്തിയും മുന്നോട്ടുള്ള ഭാഗം കോരാപ്പുട്ട് ജില്ലയും. പച്ചയുടെ വന്യത. ഇലകളില്‍ വെള്ളത്തിന്റെ പ്രകാശം. ഇരുട്ട് കൂടിവന്നു. ആകാശം വ്യക്തമല്ല. എങ്ങും കട്ടപിടിച്ച കാട്. ഞങ്ങള്‍ കൊലാബ് നദി കടന്നു. ഒരു ചെറിയ നദി. വളഞ്ഞും പുളഞ്ഞും ഒരു പാട് പാറക്കല്ലുകളും ചെറുമരങ്ങളും വെള്ളത്തെ മാറ്റിയൊഴുകാന്‍ പ്രേരിപ്പിക്കുന്നു. ഈ വഴികളിലൂടെയാണ് മാവോവാദികള്‍ പല സ്ഥലങ്ങളിലേക്കും രക്ഷപ്പെടുന്നതെന്ന് പ്രേമാനന്ദ പറഞ്ഞു.

കാടിന്‍റെ ഒറ്റപ്പെടലില്‍ രാത്രിയുടെ കറുപ്പും കൂടിവന്നു. പ്രേമാനന്ദ മെല്ലെ ഉറങ്ങിത്തുടങ്ങി. ഞാനുറങ്ങാതെ ഇരുളിന്‍റെ ആഴത്തില്‍ കണ്ണുംനട്ടിരുന്നു. ബസ്സ്‌ കൊരാപ്പുട്ട്‌ നഗരത്തില്‍ എത്തി. മിതമായ വേഗതയിലാണ് വണ്ടി പോകുന്നതെങ്കിലും സമയം ക്രമീകരിക്കുന്നത് പോലെ തോന്നി. ബസ്സ്‌ വൈകിയതുകൊണ്ടായിരിക്കാം ബസ്സ് കൊരാപ്പുട്ടില്‍ നിര്‍ത്തിയില്ല. എച് എ എല്‍ കാമ്പസും ഡിഫന്‍സ് മേഖലയും കടന്ന് ബസ്സ്‌ നീങ്ങി. മിക്ക യാത്രക്കാരും നല്ല ഉറക്കിലാണ്. വരധികവും ബെര്‍ഹംപൂരിലേക്കായിരിക്കും.

സുങ്കി

കാടിന്റെ വന്യതയ്ക്കിടയ്ക്ക് രാത്രി രണ്ടുമണിക്ക് ചായകുടിക്കാന്‍ ബസ് നിര്‍ത്തി. ആന്ധ്ര അതിര്‍ത്തിക്കാടുകള്‍. ഇപ്പോഴാണ്‌ രാത്രി ഭക്ഷണം കഴിക്കുന്നത്‌! അവിടെ ആകെ ഉണ്ടായിരുന്ന ഒരു ധാബയിലേക്ക് നടന്നു. രണ്ടു തവ റൊട്ടിയും തൈരും കഴിച്ചു. സബ്ജിയില്‍ കൂടുതല്‍ എണ്ണയായത്കൊണ്ട് തൊട്ടില്ല. മിക്കവരും ബസ്സില്‍ത്തന്നെ ഉറങ്ങുന്നു. ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ കുറച്ചുപേര്‍ മാത്രം. ഈയൊരു ഹോട്ടല്‍ മാത്രമേ ഇവിടെയുള്ളൂ. ഇതല്ലാതെ ബിസ്കറ്റും വെള്ളവും ഒക്കെ വില്‍ക്കുന്ന മറ്റൊരു ചെറിയ കടയും. ഇവിടെയാണ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്‌ ഒന്‍പത് റാപിഡ് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളെ കുഴിബോംബുപയോഗിച്ച് മാവോവാദികള്‍ തകര്‍ത്തത്. ഞാന്‍ ബസ്സിനടുത്തേക്ക് വന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കൈലിമുണ്ടും ബനിയനും ഉടുത്തൊരു മലയാളി എന്ന്തന്നെ തോന്നിക്കുന്നൊരാള്‍ അവിടത്തെ തൂണില്‍ പിന്നോട്ട് കൈകെട്ടി നില്‍പ്പുണ്ടായിരുന്നു. മുതലാളിയോ പണിക്കാരനോ അല്ലെങ്കില്‍ ഏതെങ്കിലും ട്രക്ക്ഡ്രൈവറോ ആകാം. അടുത്ത് ചെന്ന് കുശലം ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും ബസ് പുറപ്പെടുന്ന ഹോണടി ശബ്ദം കേട്ടപ്പോള്‍ ബസ്സില്‍ കയറേണ്ടി വന്നു.

അങ്ങിങ്ങായി ജാര്‍ഖണ്ഡിലേക്കും ഭുബനെശ്വറിലേക്കും വിശാഖപട്ടണത്തേക്കും പോകുന്ന ട്രക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇടതും വലതും ഇടതൂര്‍ന്ന കാടുകള്‍. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകള്‍. ഇടയ്ക്ക് ടാറിട്ടതും ചിലപ്പോള്‍ മണ്‍പാതയും. മഴക്കാലത്തിന്‍റെ സമ്മാനമായി കൊച്ചരുവികള്‍, മിന്നലിന്‍റെ വെളിച്ചത്തില്‍ പച്ചയിലകളില്‍ വെള്ളത്തിന്‍റെ വെട്ടിത്തിളക്കം.

രാവിലെ ഏഴരയ്ക്ക് ബെര്‍ഹംപൂരില്‍ (ഗന്ജം) എത്തി. യാത്രക്കാരെ ഇറക്കി ബസ്സ്‌ വീണ്ടും യാത്രതുടങ്ങി. ഭൂരിഭാഗം യാത്രക്കാരും അവിടെ ഇറങ്ങിയിരുന്നു. സഞ്ചിക്കെട്ടുകളും മറ്റും ചുമലിലാക്കി അവര്‍ പുറത്തിറങ്ങി. അവസാനം ഞങ്ങള്‍ അഞ്ചോ ആറോ പേര്‍ മാത്രം ബാക്കിയായി. ഗന്ജം ജില്ലയുടെ അതിര്‍ത്തിയായ ബന്‍ജാപ്പൂരില്‍ ബസ്സെത്തുമ്പോള്‍ സമയം രാവിലെ ഒന്‍പതര മണി ആയിരുന്നു. ഒന്നര മണിക്കൂര്‍ വൈകിയാണ് ബസ്സെത്തിയത്. ഞങ്ങളെക്കാത്ത് ബികാഷ് ദാസ് വണ്ടിയുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇനിയും പത്ത് നാല്‍പ്പത് കിലോമീറ്റര്‍ താണ്ടണം ടിക്കാബലിയിലേക്ക്. നേരെ വണ്ടിയില്‍ കയറി. പോകുന്ന വഴിയില്‍ വണ്ടി നിര്‍ത്തി. ഒരു കുശിനിക്കട. ഒരു ചായ കുടിച്ചു. നല്ല മധുരം . കാന്ദമാല്‍ കാട് തുടങ്ങാനായി. റോഡിന്റെ വശങ്ങളില്‍ കുരങ്ങിന്‍ കുട്ടികളുടെ കൂട്ടം. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വിരളമായ വാഹനങ്ങള്‍. ചൂട് കുറഞ്ഞുവരുന്നത്പോലെ തോന്നി.

കന്ധമാല്‍

ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാടു കട്ടിയായി. ഹെയര്‍പിന്‍ വളവുകളും നിശബ്ദതയും. ഒഡിഷയിലെ ഏറ്റവും വനനിബിഡതയുള്ള ജില്ലയാണ് കന്ധമാല്‍. ബിജുപട്നായിക്കിന്‍റെ ഭരണകാലത്ത് ഫൂല്‍ബനി ജില്ല വിഭജിച്ച്‌ ബൌധും കന്ധമാലും പുതിയതായി രൂപീകരിച്ചപ്പോള്‍ ഫൂല്‍ബനി നഷ്ടപ്രതാപത്തോടെ കന്ധമാലിന്റെ തലസ്ഥാനമായി ഒപ്പം നിന്നു. കന്ധമാല്‍ ഒരു സ്ഥലമല്ല. കന്ധ എന്ന ആദിമഗോത്രവിഭാഗത്തിന്‍റെ പേരില്‍ രൂപീകൃതമയതാണ് കന്ധമാല്‍ ജില്ല.

കൂടുതലായും ഇവിടെ കന്ധ ഗോത്രം മാത്രമേ വസിക്കുന്നുള്ളൂ എങ്കിലും പിന്നീട് വന്ന ദളിതരും തങ്ങളുടെ സ്ഥിരം ഇടങ്ങളാക്കി മാറ്റി. പ്രകൃതി സംരക്ഷണത്തിന് പേര് കേട്ടവരാണ് കന്ധ ഗോത്രം. ചുരം കയറിതുടങ്ങുമ്പോള്‍ തണുപ്പ് കൂടിവന്നു. വേറൊരു ലോകത്തേക്ക് പോകുന്നത്പോലെ. സമയം രാവിലെ പത്തരമണി. സൂര്യന്‍ മേലെ മഴമേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരാഴ്ച കനത്ത മഴയായിരുന്നു എന്ന് ബികാഷ് പറഞ്ഞു. ഡിസംബറില്‍ മൈനസ് ഡിഗ്രി വരെയെത്തുന്ന സ്ഥലമാണ്‌ ഒഡിഷയുടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ദാരിന്ഗാബാടി. ആ സ്ഥലം ഇവിടെ നിന്ന് കുറച്ചകലെയാണ്. ആലോചിച്ചിരിക്കുന്നതിനിടയിൽ വണ്ടി ടിക്കാബലിയില്‍ എത്തി.

ടിക്കാബലി

ടിക്കാബലി കന്ധമാലിലെ ഒരു ചെറിയ പട്ടണമാണ്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു 2008 ലെ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കനത്ത നാശനഷ്ടങ്ങളുണ്ടായ ദുരന്തത്തില്‍ ഒട്ടേറെ നിഷ്കളങ്ക ജീവിതങ്ങള്‍ പൊലിഞൊടുങ്ങി. നിരവധി പാവപ്പെട്ടവര്‍ വഴിയാധാരമായി. വീടുകളും മറ്റും തീവെച്ചു നശിപ്പിക്കപ്പെട്ടു. എത്രയോ കുടുംബങ്ങൾ പലായനം ചെയ്തു. 2011 ശേഷം ഇപ്പോള്‍ ഗൂഢമായ ഒരു ശാന്തതയാണ് ടിക്കാബലിയിലും മറ്റ് സമീപപ്രദേശങ്ങളിലും നമുക്കനുഭവപ്പെടുക.

നേരെ ഞങ്ങള്‍ ബികാശിന്റ്റെ ഓഫീസില്‍ പോയി. അവിടെ എന്നെപ്പോലെ വരുന്ന ആള്‍ക്കാര്‍ക്ക് താമസിക്കാന്‍ സൌകര്യമുണ്ട്. കുളിയും മറ്റും കഴിഞ്ഞപ്പോള്‍ സമയംപന്ത്രണ്ട് മണി. ഇനി ഉച്ചക്ക് ശേഷമേ ഗ്രാമത്തിലേക്ക് പോകാന്‍ ഒക്കൂ. ഗ്രാമീണര്‍ എല്ലാവരും ഇപ്പോള്‍ പാടത്ത് പണിയില്‍ ആയിരിക്കും. ഞാന്‍ പുറത്തേക്കിറങ്ങി. ആള്‍ക്കാരുടെ സ്പര്‍ശമേല്‍ക്കാത്ത മണ്ണ്. മരങ്ങളും മലകളും. കിളികളുടെയും ചീവീടുകളുടെയും ശബ്ദങ്ങള്‍. ഇടയ്ക്ക് കാണുന്ന കന്ധ ഗോത്രത്തിന്‍റെ കുടിലുകള്‍. ഞാന്‍ തിരിച്ചുനടന്നു. ഓഫീസില്‍ ഉണ്ടാക്കിയ ഉണക്ക റൊട്ടിയും സബ്ജിയും കഴിച്ച് ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

ഗ്രാമത്തിലേക്ക്

ബാഡെഗുഡ ഗ്രാമത്തിൽ ഞാന്‍ ശാന്തി ഡിംഗൽ എന്ന കന്ധ സ്ത്രീയെ കണ്ടപ്പോള്‍ മുഖത്ത് മുഴുവന്‍ ടാട്ടു ചെയ്തത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “ഈ ടാറ്റുവിന് കന്ദ ഗോത്ര ഭാഷയായ ‘കുയി’ യിൽ ടിക്ക എന്നു പറയുമെന്നാണ്. ഈ ടിക്ക മുഖത്തിടുന്നതിന്റെ കാരണം പറയുന്നത് പണ്ടു കാലങ്ങളിൽ രാജാക്കന്മാരും നാട്ടുപ്രമാണികളും സുന്ദരി സ്ത്രീകളെ തേടി വരുമായിരുന്നെന്നും അതിൽ നിന്ന് രക്ഷപ്പെടാൻ അസുന്ദരികളായി മുഖത്ത് വൈരൂപ്യം വരുത്തി രക്ഷപ്പെടാനുള്ള ഒരു മാർഗമായിരുന്നു ഈ ടിക്ക ടാറ്റൂ എന്നുമാണ്. ഇന്നിതാരും ചെയ്യാറില്ല. പ്രായമായ അപൂർവ്വം ചിലർ മാത്രം ബാക്കിയായി. ഒരു ചിത്രമെടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ അവര്‍ സന്തോഷത്തോടെ നിന്നു തന്നു.

അവസാനിച്ചു.

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like