പൂമുഖം Travelയാത്ര ആദിമ ഭൂമിയിലൂടെ – ഒഡീഷ (മൂന്നാം ഭാഗം)

ആദിമ ഭൂമിയിലൂടെ – ഒഡീഷ (മൂന്നാം ഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മല്‍കാന്‍ഗിരിയുടെ രാവിലെ

ബാഗ് മുറിയില്‍ വെച്ച് ബെല്ല് വര്‍ക്ക് ചെയ്യാത്തത് കൊണ്ട് താഴെ പോയി ഒരു ചായ പറഞ്ഞു. ഇവിടത്തെ ആകെയുള്ള മൂന്നാല് ചെറുകിട ലോഡ്ഗുകളില്‍ ഒന്നാണ് മല്ല്യബാന്‍ഡ്. അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം. ഒരു ചെറിയ ഗ്ലാസില്‍ ചായ പുറത്തുനിന്നു വാങ്ങിക്കൊണ്ട് വന്നു ഹോട്ടല്‍ ബോയ് ഗോപാല്‍. കുടിച്ചപ്പോള്‍ വല്ലാത്ത മധുരം. വിറകുകൊള്ളിയുടെ മണം. ചായ ഒഴിവാക്കി. ഉടന്‍തന്നെ കുളിച്ചു തയ്യാറായി.

പറഞ്ഞത് പോലെ തന്നെ പ്രേമാനന്ദ് ഹോട്ടലില്‍ സമയത്തെത്തി. ഞാന്‍ പ്രേമനന്ദിന്റെ ബൈക്കില്‍ കയറി പത്രോയുടെ ചായക്കുശിനിയില്‍ പോയി ഒരു ചായ കുടിച്ചു. മൂപ്പുള്ള രുചി തലയിലേക്ക് കടക്കുന്ന രുചി. ഈ ചെറിയ ചായത്തട്ട് പ്രേമാനന്ദയുടെ സ്ഥിരം ഇടമാണ്. ഇരുപതു കൊല്ലം മുന്‍പ് പത്രോയുടെ അച്ഛന്‍ തുടങ്ങിയതാണീ ചായപ്പീടിക. അപ്പോള്‍ പച്ചയുടെ കാടായിരുന്നു മല്കാന്‍ഗിരി. പത്രോ ഓര്‍ത്തു. പിന്നീട് ഇവിടെ ബസ്‌സ്റാന്ടും പീടികകളും കുറെ വന്നു. അച്ഛന് വയസ്സായപ്പോള്‍ സഹായിക്കാന്‍ വന്നതാണ്‌ പത്രോ. രാവിലെ എട്ടുമണിക്ക് ചായപ്പണിതീര്‍ത്ത് തന്‍റെ ചെറിയ കൃഷിയിടത്തില്‍ പോകും. ഒരുദിവസം ഏകദേശം 200 ചായവരെ ചിലവാകും. ചായപ്പൊടിയും പാലും കഴിച്ചാല്‍ കയ്യില്‍ കിട്ടുന്നത് 300 രൂപയാണ്. ഒരു ദിവസം തുറന്നില്ലെങ്കില്‍ ആ ദിവസം സ്വാഹ.

ചെറിയൊരു പട്ടണമാണ് മല്‍കാന്‍ഗിരി. എങ്ങോട്ട് നോക്കിയാലും മലകള്‍. വേനലില്‍ കൊടുംചൂടും മഴക്കാലത്ത് നിറഞ്ഞ വെള്ളവും പച്ചപ്പും. ചെറിയ കടകള്‍ മാത്രം. സൈക്കിള്‍ റിക്ഷയും സൈക്കിളും കൂടുതലായി കാണാം. ജില്ലാ ആസ്ഥാനത്തിന്റെ ഒരു പ്രൌഡിയും തോന്നിക്കാത്ത കാലം മെല്ലെ സഞ്ചരിക്കുന്ന സ്ഥലം. കാറ്റില്‍ നിന്ന് വിറകു ശേഖരിച്ചു നടന്നുപോകുന്ന ഗോത്രസ്ത്രീകളും കുട്ടികളും. അത് കഷ്ണമാക്കി മുറിച്ച് സൈക്കിളില്‍ കയറ്റി വില്‍ക്കാന്‍ കൊണ്ട്വരുന്ന പുരുഷന്മാര്‍.  ചായകുടി കഴിഞ്ഞ് ഞങ്ങള്‍ പ്രേമാനന്ദയുടെ ഓഫീസില്‍ പോയി ദോശയും കടലക്കറിയും കൂട്ടിന് ചമ്മന്തിയും കഴിച്ചു നേരെ ഗ്രാമത്തിലേക്ക് വിട്ടു.

അടമുണ്ട ഗ്രാമം

ഞങ്ങള്‍ക്ക് പോകാനുള്ള ഗ്രാമം അടമുണ്ട എന്ന കൊച്ചുഗോത്രവാസ സ്ഥലമാണ്‌. മല്‍കാന്‍ഗിരിയില്‍ നിന്നും പതിനഞ്ച് കിലോമീറ്ററാണ് ഏകദേശദൂരം. മഴയുടെ സാന്നിധ്യമുണ്ടെങ്കിലും പെയ്തിരുന്നില്ല. ഇന്നലെയും മിനിയാന്നും പെയ്ത മഴയുടെ സന്തോഷം തുള്ളിയായി വെള്ളമായി കൃഷിയിടങ്ങളിലും മനസ്സിലും ഒലിച്ചിറങ്ങിയിരുന്നു. മാവോവാദികളെ നേരിടാന്‍ വേണ്ടി ഉണ്ടാക്കുന്ന വിശാഖപ്പട്ടണം റാഞ്ചി കോറിഡോര്‍ പണി തകൃതിയായി നടക്കുന്നു.

ബൈക്ക് വലത്തോട്ട് തിരിഞ്ഞു. പാത ചെറുതായും പച്ച കൂടിയും പിന്നീട് മണ്‍പാതയായും മാറി. മുന്നിലെ ഒരു തോട്ടിലെ പാലം പൊട്ടിയിരിക്കുന്നു. ഇനി ബൈക്ക് മുന്നോട്ട് പോവില്ല. വളഞ്ഞ വഴി ഗ്രാമത്തില്‍ എത്താം. വണ്ടി അവിടെ വെച്ച് ഞങ്ങള്‍ ഇറങ്ങി നടന്നു. ഏകദേശം രണ്ടുകിലോമീറ്ററുകളോളം എടുത്തു. ഇരുവശങ്ങളിലും നിറയെ മഹുവ മരങ്ങള്‍. നിറങ്ങള്‍ക്കെന്തൊരു സൌന്ദര്യം! ഇതിന്‍റെ പൂക്കള്‍ ശേഖരിച്ച് ഉണക്കി വിറ്റ് ഗോത്രജനത അറുതികാലത്ത് അതിജീവനത്തിനുള്ള വഴികണ്ടെത്തുന്നു. മഹുവ പൂക്കളും തെണ്ടു ഇലകളും ബീഡിയിലയും  പറയ്ക്കാനുള്ള അവകാശം ഗോത്രങ്ങള്‍ക്ക് മാത്രമേയുള്ളൂ. ഇവര്‍ക്കിതിനു കാട്ടിലും പൊതുസ്ഥലങ്ങളിലും അധികാരമുണ്ട്. ഒരു കിലോ മഹുവപ്പൂവിന് പതിനഞ്ചു മുതല്‍ ഇരുപതു രൂപവരെ ലഭിക്കും.

നിറയെ കാടും മലകളും ആണെങ്കിലും ഉയര്‍ന്ന സ്ഥലമായത്കൊണ്ട് കുടിവെള്ള ക്ഷാമവുമുണ്ടിവിടെ. അതിനാല്‍ സര്‍ക്കാര്‍ മഴവെള്ള സംഭരണികള്‍ പ്രോത്സാഹിപ്പിക്കുന്നു. എങ്ങും മഴക്കുഴികള്‍. അതില്‍ നിറയെ വെള്ളം. ഇവിടത്തെ ജലവിതാനം നിലനിര്‍ത്തുന്നതില്‍ മഴക്കുഴികള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരു കാലത്ത് എഴുപതു ശതമാനം സ്വാഭാവിക വനമായിരുന്ന മല്‍കാന്‍ഗിരി ഇപ്പോള്‍ നാല്പതു ശതമാനമായി ചുരുങ്ങിയിരിക്കുന്നു.

തനതായ ഭൂമിയില്‍ വനം വകുപ്പ് കശുവണ്ടിയും തേക്കും യൂക്കാലിയും വെച്ച് പിടിപ്പിച്ചിരിക്കുന്നു. ഈ കശുവണ്ടി നോക്കിനടത്തേണ്ടത് അതാത് ഗ്രാമങ്ങളിലെ ഗോത്രജനതയാണ്. ഓരോ കുടുംബത്തിനും ഒരേക്കര്‍ കശുവണ്ടി ഭൂമി നടത്താനായി സര്‍ക്കാറിടങ്ങള്‍ ഏകദേശം മുപ്പതു മുതല്‍ നാല്പതു വരെ ഏക്കര്‍ഭൂമി കൊടുത്തിരിക്കുന്നു. മിക്കവാറും ഒരു ഗ്രാമത്തില്‍ മുപ്പതോ നാല്പതോ വീടുകളേ കാണൂ. നാലു വര്ഷം മുതല്‍ പൂക്കുന്ന വിളയുന്ന കശുവണ്ടിയിനമാണ് ഇവിടെ നട്ടത്. ഇതിന്‍റെ ഫലം തീര്‍ത്തും ഗോത്രജനതയ്ക്കാണ്. ഇവിടെ മിക്കയിടങ്ങളിലും സര്‍ക്കാര്‍ പട്ടയം കൊടുത്തിട്ടുണ്ട്. ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ. ചിലര്‍ക്ക് പത്ത് മുതല്‍ പതിനഞ്ചേക്കര്‍ വരെ കിട്ടിയിട്ടുണ്ട്‍. ഇത് ഒഡീഷയില്‍ എല്ലായിടത്തെയും കാര്യമല്ല. ഇയ്യൊരവസ്ഥ കൂടുതല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പോയാന്‍ കാണാന്‍ സാധിക്കില്ല. അവിടെ ഇന്നും ജീവിതം ദൈന്യമാണ്.

നടന്നു ഞങ്ങള്‍ അടമുണ്ട ഗ്രാമത്തിലെത്തി. അവിടത്തെ ഗോത്രസ്ത്രീ കൂട്ടായ്മ ഞങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുന്നു. ഒഴിഞ്ഞുമാറാന്‍ പറ്റുന്ന ഒന്നല്ല ഇവരുടെ സ്വീകരണ ചടങ്ങുകള്‍. നാടന്‍പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാല ഓരോ സ്ത്രീകളായി കഴുത്തില്‍ അണിയിച്ച് നെല്ലിന്‍ മണികള്‍ നെറ്റിയില്‍ ചാര്‍ത്തി കാല്‍തൊട്ടു വന്ദിച്ചു സ്വീകരിച്ചു ആര്‍പ്പ് വിളിച്ചു വരവേറ്റു. കാല്‍ തൊട്ടുവന്ദിക്കുമ്പോള്‍ എനിക്ക് ചെറിയൊരു ജാള്യത ഉണ്ടായെങ്കിലും അതില്‍നിന്ന് പിന്തിരിയുന്നത് അവര്‍ക്ക് നീരസം ഉണ്ടാക്കുമെന്നത്കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. അവരുടെ രീതികളുടെയം സംസ്കാരത്തിന്‍റെയും ഭാഗമാണത്. പെട്ടെന്ന് മാറ്റാന്‍ പറ്റില്ല. ക്രമേണ അവരുടെ അറിവും ആകാശവും വികസിക്കുമ്പോള്‍ ഇതിന്‍റെ രീതികളും മാറിക്കൊള്ളും. അവര്‍ മെല്ലെ അവിടത്തെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. അവരുടെ കൃഷിരീതികളും വെല്ലുവിളികളും, തനതായ വിത്തുകള്‍ സംരക്ഷിക്കുന്നതും വിത്തമ്മമാരുടെ പങ്കും പ്രകൃതിയും പശുവും മനുഷ്യനും തളിരും സന്തോഷങ്ങളുമൊപ്പം മണ്ണില്‍നിന്ന് കാട്ടില്‍നിന്ന് പുറത്തെറിയപ്പെടുന്നതിന്‍റെ ഉല്‍കണ്‌ഠകളും.

മഹുവ പൂത്ത കാലം

ഞങ്ങള്‍ പിന്നീട് പോയത് ഒഡീഷ-ഛത്തീസ്ഗഡ്‌ അതിര്‍ത്തിയിലുള്ള നുവാബോണ്ടിക്കി ഗ്രാമത്തിലേക്കായിരുന്നു. ഛത്തീസ്ഗഡിലെ സുക്‌മ എന്ന ജില്ലാ ആസ്ഥാനത്തേക്ക് ഇവിടെനിന്ന് വെറും അഞ്ചു കിലോമീറ്റര്‍ മാത്രം. മാവോവാദികളും പോലീസും ഏറ്റുമുട്ടുന്ന സ്ഥലങ്ങള്‍. അപകടം എപ്പോഴും മണക്കുന്ന ഇടം. അങ്ങിങ്ങായി പോലീസ്. വണ്ടികളെ പരിശോധിക്കുകയും തിരിച്ചറിയല്‍ രേഖകള്‍ നോക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പേപ്പറും പരിശോധിച്ചു. ഒന്നു നോക്കി വെറുതെ വിട്ടു. ഞങ്ങളുടെ യാത്ര മണ്പാതയിലൂടെ ഇടുങ്ങിയ വഴികളിലൂടെ മഹുവ മരങ്ങളുടെ നിഴലിലൂടെ തുടര്‍ന്നു. റോഡരികില്‍ കാറ്റില്‍ മരങ്ങള്‍ക്കിടയില്‍ നാടന്‍ പശുക്കള്‍ പുല്ല് തിന്നുന്നു.

പനങ്കള്ളുമായി പോകുന്ന ഗ്രാമീണര്‍. ഗ്രാമം എത്താറായി. ഞങ്ങള്‍ വലത്തോട്ട് തിരിഞ്ഞു. ഇതാണ് നുവാബോണ്ടിക്കി ഗ്രാമം. ഒഡീഷയില്‍ ഛത്തീസ്ഗഡിന്‍റെ അതിര്‍ത്തിയില്‍ കിടക്കുന്ന ഗ്രാമം. നാല്പ്പത്താറു വീടുകളടങ്ങിയ കോയ ഗോത്രത്തിന്‍റെ വാസസ്ഥലം. കോയ ഗോത്രജനത വളരെ അഭിമാനികളും യുദ്ധവീരന്മാരുമായിരുന്നു. അത്ര പെട്ടെന്ന് അടുക്കില്ല. അവര്‍ക്ക് ഒഡിയ ഭാഷ മനസ്സിലാവില്ല. അവരുടെ ഭാഷ കോയ ആണ്. ഞങ്ങളുടെ വര്‍ത്തമാനത്തില്‍ ഹിന്ദിയും ഒഡിയയും മാറി മാറി പറന്നു നടക്കുമ്പോള്‍ അവര്‍ പ്രേമാനന്ദിനോട് പറഞ്ഞു, സാര്‍..ഞങ്ങള്‍ക്ക് നിങ്ങളുടെ ഒഡിയ ഭാഷ മനസ്സിലാവില്ല. ഞങ്ങളുടെ കോയ ഭാഷയില്‍ പറയൂ എന്ന്.

മാറുന്ന ഭൂമി

അടുക്കോടെയും ചിട്ടയോടെയും വൃത്തിയോടെയുമുള്ള വീടും പരിസരവും. ഒരു സ്ത്രീ ചെറിയ കിണ്ടിയില്‍ വെള്ളം കൊണ്ട് വന്ന് എന്‍റെ കാലില്‍ തളിച്ച് നിറം പിടിപ്പിച്ച അരി നെറ്റിയില്‍ ചാര്‍ത്തി ഒരു ചെമ്പക പുഷ്പം എന്‍റെ ഇടത്തെ ചെവിയില്‍ തിരുകി സ്വീകരിച്ചു. ചിലര്‍ ഒളിഞ്ഞു നോക്കുന്നു. മറ്റുചിലര്‍ പുരികം ഉയര്‍ത്തുന്നു. എന്‍റെ കൂടെ വന്നവരേയും മറ്റും അവര്‍ക്ക് കുറച്ചറിയാമെങ്കിലും ഒരു അങ്കലാപ്പ്. മെല്ലെ മെല്ലെ അവര്‍ വന്നു.

ഒന്നായി രണ്ടായി മൂന്നായി. മരത്തിന്‍റെ വേരിലും നിലത്തും അങ്ങിങ്ങായി ഇരുന്നു. എങ്ങോട്ടോ നോക്കുന്ന കണ്ണുകള്‍. ഒരാശയും സന്തോഷവും ഇല്ലാത്ത ശരീരഭാഷ. വേനലില്‍ ഇവിടെ തരിശ് സ്തലങ്ങളാകും. അപ്പോള്‍ ഇവര്‍ ആന്ധ്രയിലെ മുളക്പാടത്ത് കൃഷിക്കായി ഏജെന്‍റ്കള്‍ കൊണ്ട്പോകും. ഏകദേശം 853 ഹെക്ടര്‍ ഭൂമിയുണ്ട് ഈ നാല്പത്താറു വീട്ടുകര്‍ക്കുമായി. പക്ഷേ എന്ത് ചെയ്യും.

അതില്‍ ഒന്നും വിളയില്ല. ഒരുകാലത്ത് മരങ്ങള്‍ മഴകള്‍ കിളികള്‍ നിറഞ്ഞാടിയ സ്ഥലങ്ങള്‍. ഇന്നെല്ലാം പോയി. മഴ തെറ്റിപ്പെയ്തു തുടങ്ങി. വലിയ കമ്പനികള്‍ വന്നു. കാട്ടിലെ അവശേഷിക്കുന്ന മരങ്ങള്‍ വെട്ടി മാറ്റി കൊണ്ടുപോയി. ബംഗാളി അഭയാര്‍ഥികള്‍ വന്നു. റോഡുകള്‍ വന്നു. ഇപ്പോള്‍ അവര്‍ക്ക് വൈദ്യുതിയും വന്നു. എന്നാല്‍ ജീവിതം മാത്രം തിരിച്ചു വന്നില്ല. എല്ലാവര്ക്കും സര്‍കാര്‍ കക്കൂസ് പണിതു കൊടുത്തു. ആരും കക്കൂസ് ഉപയോഗിക്കുന്നില്ല. തുറന്ന സ്ഥലങ്ങള്‍. വീടിനടുത്ത് കക്കൂസ് അവര്‍ക്കിഷ്ടമല്ല. അത് മണക്കുമെന്നു പറഞ്ഞു ഭക്ഷണം എങ്ങിനെ അതിനടുത്ത് നിന്ന് കഴിക്കും.? പഴയ ശീലങ്ങള്‍.

പശുവും പാലും കന്നുകുട്ടിയുടെ ആരോഗ്യവും

ഓരോ വീട്ടിലും പതിനഞ്ചു മുതല്‍ ഇരുപതു വരെ പശുക്കള്‍ ഉണ്ടാകും. ഒഡിഷ ഗോത്രങ്ങള്‍ മിക്കവരും ഏകദേശം പത്തു മുതല്‍ പതിനഞ്ച് പശുക്കളെ വരെ വളര്‍ത്തുന്നു. എല്ലാം നാടന്‍ ഇനങ്ങള്‍. കോഴികളും ആടും വേറെയും. ഇവര്‍ പശുവിന്‍റെ പാല്‍ കറക്കുകയോ കുടിക്കുകയോ ചെയ്യാറില്ല. പാല്‍ പശുവിന്‍ കുട്ടിക്കുള്ളതാണെന്നും അതിനാരോഗ്യം വരട്ടെയെന്നുമാണ് ഇവരുടെ വിശ്വാസം. നല്ല ആരോഗ്യമുണ്ടെങ്കിലേ പശുക്കുട്ടികള്‍ക്ക് പാടത്തു നിലം ഉഴാനും അദ്ധ്വാനിക്കാനുംപറ്റൂ എന്നിവര്‍ പറയുന്നു.

 പശുവിന്‍ ചാണകവും നാടന്‍ ഇലകളില്‍ നിന്നുണ്ടാക്കുന്ന ജൈവ കീടനാശിനികളും ഇവര്‍ വളരെ മുന്‍പ്മുതന്നെ ഉപയോഗിച്ചിരുന്നു. അവര്‍ അതിപ്പോഴും തുടരുന്നു. എന്നാല്‍ അകലയെല്ലാതെ കാട് വെട്ടി ഗവണ്മെന്റ് പാര്‍പ്പിച്ച ബംഗാളി അഭയാര്‍ഥികള്‍ അവര്‍ക്ക് കിട്ടിയ ചെറിയ സ്ഥലത്ത് ബംഗാളില്‍ നിന്ന് കൊണ്ടുവരുന്ന അത്യുല്പാദന ശേഷിയുള്ള നെല്‍വിത്ത്കളും കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു. ഏറെയകലെയല്ലാത്ത ഇവരുടെ വാസം ജീവിത രീതി ഈ ഭൂമിയെ ചെറുതായൊന്നുമല്ല തകര്‍ക്കുന്നത്.

അവര്‍ ഞങ്ങള്ക്ക് പനംനൊങ്കും കക്കിരിയും തന്നു. അതും കഴിച്ചു യാത്രയായി. ഇനി മൌലഗുഡ ഗ്രാമത്തിലേക്ക് പോകണം. ഫോണ്‍ ചെയ്തപ്പോള്‍ അവിടത്തെ ഞങ്ങളുടെ പ്രിയപ്പെട്ട വിത്തമ്മ ശുക്രി മാ (Seed Mother) സുഖമില്ലാതെ ആസ്പത്രിയില്‍ പോയിരിക്കയാണ്‌. കഴുത്തില്‍ ഒരു മുഴ. അത് കാണിക്കാന്‍ പോയതാണ്. കഴിഞ്ഞ മാസമാണ് ശുക്രി മായ്ക്ക് ഒഡീഷ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും നല്ല വിത്ത് സംരക്ഷിക്കുന്ന അമ്മയായി അംഗീകാരം കിട്ടിയത്. സുഖമില്ലാത്തത്‌ കൊണ്ട് ശുക്രി മായ്ക്ക് ഭുബനേനേശ്വറില്‍ പോകാന്‍ പറ്റിയില്ല. അതുകൊണ്ട് ഞങ്ങള്‍ അന്നത്തെ യാത്ര മതിയാക്കി തിരിച്ചു മല്‍കാന്‍ഗിരിയിലേക്ക് പോന്നു.

നുവാബോണ്ടിക്കി ഗ്രാമത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ വഴിയരികില്‍ ഒരു ഓട്ടോറിക്ഷയില്‍ വണ്ടിയില്‍ കുറെ പച്ചക്കറികളുമായി കച്ചവടക്കാര്‍ നില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ ബൈക്ക് നിര്‍ത്തി. വൃദ്ധരായ സ്ത്രീകളും ചെറിയ കുട്ടികളും ഉണക്കിയ മഹുവ പുഷ്പങ്ങള്‍ ചെറിയ കുട്ടയിലാക്കി വണ്ടിക്കടുത്തേക്ക് വരുന്നു. കഴിഞ്ഞ സീസണില്‍ വില്‍ക്കാതെ വെച്ച മഹുവ പുഷ്പങ്ങള്‍. ഞങ്ങള്‍ വണ്ടിയിലേക്ക് നോക്കി. തക്കാളി ഉള്ളി മുതലായ പച്ചക്കറികള്‍.

കച്ചവടക്കാര്‍ ഇവരെ എല്ലാം പഠിപ്പിച്ചിരിക്കുന്നു. പഴയ കൈമാറ്റ സമ്പ്രദായം (barter system) പുതിയ ചൂഷണ രീതിയില്‍ ഇവിടെ തുടരുന്നു. മഹുവ പുഷ്പം കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ അതിനനുസരിച്ച അവര്‍ക്ക് പുറത്തു നിന്ന് വന്ന പച്ചക്കറികള്‍ കൊടുക്കും. അതല്ലാതെ അവരുടെ കയ്യില്‍ പ്ലാസ്റ്റിക്‌, അലുമിനിയം പാത്രങ്ങളുമുണ്ട്. പച്ചക്കറി അല്ലെങ്കില്‍ പത്രങ്ങള്‍ ഇവര്‍ക്ക് പകരമായി കൊടുക്കുന്നു. ഇവിടെ കാശിന്‍റെ കൈമാറ്റം ഇല്ല. ഈ മഹുവ പുഷ്പങ്ങള്‍ ഇവര്‍ നല്ല വിലക്ക് പുറം മാര്‍ക്കറ്റില്‍ വില്‍ക്കുന്നു. നിസ്സഹായതയുടെ നിലനില്‍പ്പിന്‍റെ ജീവിതത്തെ ചൂഷണം ചെയ്യുന്ന കാഴ്ച.

വിത്തമ്മ

ഇവിടുത്തെ ജൈവ സമ്പത്ത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ ഒരു സംരഭമാണ് വിത്തമ്മ (Seed Mother). ഓരൊ ഗ്രാമത്തിലും ഓരോ വിത്തമ്മ ഉണ്ടാകും. എല്ലാവരും പരമ്പരാഗത വിത്തുകള്‍ സംരക്ഷിക്കുകയും എല്ലാ വര്‍ഷവും കൈമാറ്റം ചെയ്ത് അധികരിപ്പിക്കുകയും ചെയ്യുന്നു. സങ്ക്രാന്തി സമയത്ത് ഇവര്‍ വിത്ത് കൈമാറ്റ ഉല്‍സവം നടത്തുന്നു. ഓരൊ വീട്ടില്‍ നിന്ന് അവരുടെ വിത്തുകള്‍ മണ്‍പാത്രത്തില്‍ കൊണ്ടുവരുന്നു. ഇരുന്നൂറും മുന്നൂറും ഗ്രാമങ്ങള്‍ ഒന്നിച്ചു ചേരുന്ന ഈ ഉല്‍സവത്തില്‍ പരസ്പരം തങ്ങള്‍ കൊണ്ട് വരുന്ന വിത്തുകള്‍ കൈമാറുന്നു.   ഇത് ആദിവാസി കുടുംബങ്ങള്‍ക്ക് തമ്മില്‍ മാത്രമേ വിത്തുകള്‍ കൈമാറുകയുള്ളൂ. കച്ചവടതാല്പര്യവുമായി പുറത്തുനിന്നുള്ളവര്‍ക്ക് ഇവര്‍ വിത്തുകള്‍ കൊടുക്കാറില്ല. ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത് ഗോത്ര സ്ത്രീകള്‍ തന്നെ. മധ്യപ്രദേശ് മുതല്‍ ബംഗാളിന്‍റെ വരെ കിടക്കുന്ന ജൈപൂര്‍ ട്രാക്ട് എന്നറിയപ്പെടുന്ന ലോകത്തിന്‍റെ ഏറ്റവും പ്രാചീനമായ നെല്‍ വൈവിധ്യങ്ങള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഇന്ന് തനതായ വിത്തുകളുടെ വൈവിധ്യം കുറഞ്ഞു കൊണ്ടിരിക്കുന്നു. ശാത്രജ്ഞന്മാരും സര്‍വകലാശാലകളും മോണ്സാണ്ടോ പോലത്തെ കോര്‍പ്പറേറ്റ് ഭീകരരും എത്രയോ നാടന്‍ വിത്തുകളുടെ പേറ്റെന്റ്റ്‌കള്‍ എടുത്ത് പുതിയ വിത്തായി അവതരിപ്പിച്ച് പുതിയ പേരായി മാര്‍ക്കറ്റില്‍ ഇറക്കുന്നു. എന്നിട്ടും ഇനിയെങ്കിലും തങ്ങളുടെ അവശേഷിക്കുന്നത് ജൈവ വൈവിധ്യം നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ പണിപ്പെടുന്നു.

രണ്ടാം ദിനം – മൌലഗുഡ ഗ്രാമം

രാവിലത്തെ നടത്തം കഴിഞ്ഞ് പത്രോയുടെ അടുത്ത് പോയി ചായ കുടിച്ചു. ഇന്ന് മൌലഗുഡ ഗ്രാമത്തിലേക്ക് കുറച്ചു നേരത്തെ പോകണം. പ്രേമാനന്ദ വരില്ല പകരം ഗോലക ആണ് വന്നത്. ഗോലക ഇവിടത്തെ സംഘടനയില്‍ ജോലി ചെയ്യുന്നു. അതിനിടയില്‍ തനിക്കിഷ്ടപ്പെട്ട ഒരു ഗോത്രസ്ത്രീയെ കല്യാണം കഴിച്ച് ഗ്രാമത്തില്‍ തന്നെ ജീവിക്കുന്നു. ജോലിയും കൊണ്ട്പോവുന്നു.

ഞങ്ങള്‍ യാത്ര തുടങ്ങി. പ്രധാന പാതയില്‍ നിന്നും ഇടത്തോട്ട് തെറ്റി ബൈക്ക് പാഞ്ഞു. റോഡു ചെറുതായി വന്നു. കുറെ കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ്‌ മണ്‍പാതയായി. പിന്നീട് അതുമില്ലാതായി. ചെറുവഴികളായി. ബൈക്ക് പുളഞ്ഞു പുളഞ്ഞു യാത്രയായി. മൌലഗുഡ ഗ്രാമം എത്തി. കിര്സ്നാനിയെ കണ്ടപ്പോള്‍ സന്തോഷം. മൂന്നാല് തവണ ഇവരെ ഞാന്‍ കണ്ടിട്ടുണ്ട്. മണ്ണിലും വിത്തിലും ഭൂമിയിലും ജീവിതത്തിലും മാറ്റം വരാതിരിക്കാന്‍ ശ്രമിക്കുന്ന ഒരമ്മ. നല്ല ചിരിയോടെ പരമ്പരാഗത  രീതിയോടെ സ്വീകരിച്ചു. കുശലങ്ങള്‍ പങ്കുവെച്ചു. കൃഷിയുടെയും മഴയില്ലാത്തതിന്‍റെയും പ്രശ്നങ്ങള്‍ പറഞ്ഞു. ശുക്രി മാ എത്തിയിരുന്നില്ല. മെഡിക്കല്‍ ടെസ്റ്റില്‍ ഒന്നും കണ്ടില്ലെങ്കിലും ആ വിശ്വാസം പോരാഞ്ഞ് ഒരു പാരമ്പര്യ വൈദ്യന്‍റെയടുത്തു പോയിരിക്കയാണ്‌.

ഒത്തുചേരല്‍

മാങ്ങയും കറമൂസ്സയും എല്ലാം പാകമായിരിക്കുന്നു. എന്നാലും ഇവര്‍ക്കിത് ഇപ്പോള്‍ കഴിക്കാന്‍ പറ്റില്ല. ഗോത്രത്തലവന്മാരുടെ കൂടിച്ചേരല്‍ കഴിഞ്ഞ് പൂജ കഴിഞ്ഞേ ഇവര്‍ ഏതെങ്കിലും പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ തുടങ്ങൂ. രണ്ടു ദിവസം കൂടെ കഴിഞ്ഞാല്‍ ഇവിടെ ഇവരുടെ ഒത്തു ചേരല്‍ ഉണ്ട്. ഇതെല്ലാ ഗ്രാമത്തിലും ഉണ്ടാകും. അതുകൊണ്ട് ഇവിടുത്തെ പഴങ്ങള്‍ അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്‌. കിര്സ്നാനി മാ ഞങ്ങളെ അവരുടെ കൃഷിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. പച്ചമുളകും, പയറും, ശക്കര്‍ ഗന്ധയും, കാച്ചിലും, കണ്ടിക്കിഴങ്ങും, കുമ്പളവും ഒക്കെയുണ്ടവിടെ. എല്ലാം പ്രാകൃത ജൈവരീതിയില്‍. ശക്കര്‍ ഗന്ധ പറിച്ചു ഞങ്ങള്‍ക്ക് തന്നു. അത് പച്ചയോടെ തിന്നു. നല്ല രുചി. ഒന്നെനിക്ക് കൊണ്ടുപോകാന്‍ വേണ്ടി  സഞ്ചിയില്‍ ഇട്ടും തന്നു. പിന്നെ കുറെ പച്ചപ്പറങ്കിയും. ഇവരുടെ ജീവിതം ഇവര്‍ സന്തോഷത്തോടെ തന്നെ കൊണ്ട്പോകും. അധികം ആരും ഇടപെടാതിരുന്നാല്‍ മതി. ഇനിയും വരാം എന്ന് പറഞ്ഞു ഞങ്ങള്‍ തിരിച്ചു യാത്രയായി.

മൂന്നാം ദിനം – ബോഡപ്പട്ട ഗ്രാമം

ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ആകാശം മേഘാവൃതവും മഴയുടെ വരവറിയിക്കുന്നതും ആയിരുന്നു. ഇന്നുച്ചയ്ക്ക് കാന്ധമാലിലേക്ക് ബസ്സ്‌ കയറണം. അതുകൊണ്ട് ഹോട്ടലില്‍ ബില്‍ സെറ്റില്‍ ചെയ്യുമ്പോഴേക്കും പ്രേമാനന്ദ എത്തിയിരുന്നു, ഇനി പോകാനുള്ളത് ബോഡപ്പട്ട ഗ്രാമമാണ്. ഇവിടെനിന്ന് ഇരുപതു കിലോമീറ്റര്‍ എടുക്കും ബോഡപ്പട്ടയില്‍ എത്താന്‍. ഇന്നലെ പോയ അഡമുണ്ട, ബപ്പന്‍പള്ളി ഗ്രാമങ്ങളില്‍ ബോണ്ട ഗോത്ര വിഭാഗം മാത്രം ജീവിക്കുന്നയിടമായിരുന്നു. എന്നാല്‍ ബോഡപ്പട്ട ഗ്രാമമാകട്ടെ പറജയും കോയഗോത്രവും ഒന്നിച്ചു സഹവസിക്കുന്നു.

ബോഡപ്പട്ട ഒരു ചെറിയ ഗ്രാമമാണ്‌. ഏകദേശം മുപ്പതോളം കുടുംബങ്ങള്‍ മാത്രം. മിക്ക വീടുകളും മണ്ണും മുളയും പുല്ലും ചേര്‍ത്തുണ്ടാക്കിയവയാണ്. ചിലര്‍ ടിന്‍ഷീറ്റ് മുകളില്‍ ചേര്‍ത്തിട്ടുണ്ട്. പനയും മാവും ചേനയും ചേമ്പും പ്ലാവും മഹുവയും കിഴങ്ങ് വര്‍ഗങ്ങളും ഒന്നിച്ചു വളരുന്നു. പ്രകൃതിയോടിണങ്ങിയ ഇവരുടെ ജീവിതത്തില്‍ കൃഷിയെ ഒരിക്കലും ഒരു ലാഭമായി കണ്ടിട്ടില്ല. കൃഷി അവരുടെ പ്രകൃതിയോടുള്ള സല്ലാപവും കൊടുക്കലും വാങ്ങലുമാണ്. ഒരുകാലത്ത് അവര്‍ക്കുള്ളതെല്ലാം പ്രകൃതി കൊടുത്തിരുന്നു. പിന്നീട് ഇവരുടെ ജീവിതത്തില്‍ പുറംലോകവും കമ്പോളവും കേറിവന്നു. ആദിമജീവിത രീതികള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

ഇവരുടെ പോഷകരോഗ്യസ്ഥിതി വളരെ പരിതാപകരമാണ്. കാട്ടില്‍ നിന്ന് ലഭിക്കുന്ന പത്തിരുപതുതരം ഇലകളും വിവിധ പഴവര്‍ഗങ്ങളുമായിരുന്നു ഇവരുടെ നല്ല ഭക്ഷണത്തിന്‍റെ അടിത്തറ. ക്രമേണ കാടു കുറഞ്ഞുതുടങ്ങി. അവിടത്തെ വിഭവങ്ങള്‍ കുറഞ്ഞു വന്നു. പണ്ട്കാലത്ത് കാട്ടിലെ വിഭവങ്ങളുടെ ധാരാളിത്തം ഇവരുടെ ആരോഗ്യത്തിനും കരുത്തു നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഇവരെ പലവിധ അസുഖങ്ങള്‍ പിടികൂടുന്നു. തിരിച്ചുപോരുമ്പോള്‍ അവര്‍ അരിമലരും അമ്രപ്പള്ളി മാങ്ങയും കട്ടന്‍ ചായയും തന്നു. പുറത്തു മഴപെയ്യുമ്പോള്‍ ഗോലകയുടെ വീട്ടില്‍ നിന്നിത് കഴിക്കുമ്പോള്‍ ഉള്ളില്‍ രുചി തുള്ളികളായിറങ്ങി.

മലയാളി വേരുകള്‍

മല്‍ക്കാന്ഗിരിയില്‍ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. പ്രേമാനന്ദ് ഒരു പീടികയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി. നമുക്കൊരു ജ്യൂസ് കഴിക്കാം എന്ന് പറഞ്ഞു. പീടികയുടെ ഉള്ളില്‍ കൌണ്ടറില്‍ ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഉള്ളിലേക്ക് നോക്കി മലയാളത്തില്‍ പറഞ്ഞു ‘ഒന്ന് വേഗം എടുക്കടെ’. ഞാന്‍ ഒന്നല്ഭുതപ്പെട്ടു. പ്രതീക്ഷിച്ചില്ല ഇത്രയും. ഉടന്‍ ചോദിച്ചു നാടെവിടെയാണ്.? അപ്പോഴാണ് അയാള്‍ എന്നെ നോക്കിയത്. മലയാളം കേട്ട സന്തോഷം രണ്ടാള്‍ക്കും. നാട് തിരുവനന്തപുരം. തന്‍റെ അച്ഛന്‍ അമ്പതുവര്‍ഷം വര്ഷം മുന്‍പ് വന്നു തുടങ്ങിയതാണീ ബേക്കറി. പേര് ‘കേരള ബേക്കറി’. അച്ഛന്‍ നാട്ടില്‍ പോയിരിക്കുകയാണ്. അമ്മയ്ക്ക് നല്ല സുഖമില്ല. ഇവിടെ  ഇത് പോലെ അഞ്ചാറ് മലയാളി കുടുംബങ്ങള്‍ കച്ചവടം നടത്തുന്നുണ്ടെന്ന് പറഞ്ഞു. ടയറുകടയും ഹോട്ടലും തന്നെ. പോരുമ്പോള്‍ ഒരു നിറഞ്ഞ ചിരിയോടെ വീണ്ടും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു. ഞാന്‍ ഹോട്ടലിലേക്ക് പോയി. നാളെ തിരിച്ചുപോകണം.

(തുടരും)…

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like