കവിത

ചുമരുകൾ 

ുറ്റിലും ചുമരുകൾ
വരയ്ക്കണം…
നാലു മൂലകളുള്ള ഒന്ന്..
അതിനുള്ളിൽ മാത്രം
ചുറ്റി ചുറ്റി നടക്കുക..
കഴിയുമെങ്കില്‍
കാല്‍മുട്ടുകള്‍ക്കിടയിലേക്ക്
തല പൂഴ്ത്തി
ആ ചുമരുകൾക്കുള്ളില്‍
വരുന്ന മേശകസാലകള്‍,
സാമാനങ്ങള്‍ എന്നിവ
മാത്രം ശ്രദ്ധിക്കുക..

കുറേ തനിച്ചിരുന്നു
മടുക്കുമ്പോൾ
ഏറെ ഉയരത്തിൽ
ഒരു കിളിവാതിൽ
വരയ്ക്കുക…
പക്ഷേ..
പുറത്തേക്ക് കടക്കാൻ
ഏണി വരക്കരുത്..
ചുമരുകളില്‍
കാണാക്കാടിന്റെ
ഉച്ചിയില്‍ ചുമന്ന പൂക്കള്‍
പൂത്തു നില്‍ക്കുന്നു
എന്നു കരുതുക..
ജനാലയില്‍ കൂടി
കിനാവ് കൊരുത്ത
നിലാവിന്റെ
ഇരമ്പത്തിനായ്
കാതോര്‍ക്കുക…
ചായംപൂശാന്‍ മറന്ന
പാതിവരച്ച ചിത്രങ്ങള്‍
നിലമാകെപ്പരത്തിയിടുക…
അവയില്‍ കിടന്നുറങ്ങുക
എങ്കിലുമാവാം…

ഇടയ്ക്ക്
വക്കു പൊട്ടിയ
കവടിപ്പാത്രത്തില്‍
വീഴുന്ന
വറ്റുകള്‍ക്കു
കടലില്‍ നിന്നുയരുന്ന
നദിയുടെ
ആത്മാവിന്റെ നിറമാണ്‌….
തല ഉയര്‍ത്തരുത്…
അകലങ്ങളിലേക്കും
ഉയരത്തിലേക്കും
നോക്കരുത്..
ഒരു വേള ഏറെ
ഉയരത്തിലുള്ള
കിളിവാതില്‍
കണ്ണില്‍ പെട്ടേക്കാം…
അതിലൂടെ
ഇലകൊഴിഞ്ഞ
മരത്തില്‍
കൊഴിയാതൊരിലയും..
ഇലയെ തഴുകി
വരുന്ന കാറ്റിന്
അറ്റമെത്താത്ത
കാടിന്റെ ഗന്ധമാണ്..
ശലഭങ്ങള്‍
കൂട്ടമായ്‌പൂത്ത്
മേഘങ്ങളായ്
പറന്നുയര്‍ന്ന്
പര്‍വ്വതമുകളില്‍
പെയ്തൊഴിയുന്ന
നിദ്രയുടെ കാട്..

ഏറെ പണിപ്പെട്ടാലേ
അഴിഞ്ഞ
ചങ്ങലക്കൊളുത്തില്‍
വീണ്ടും കാല്‍
കടത്താനാവൂ…
അപ്പോഴേക്കും
രാവേറെ ആയിരിക്കും… ​

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.