98ല്‍ ഫ്രാന്സ് ജേതാക്കളായപ്പൊള്‍ അവരൂടെ ക്യാപ്റ്റനായിരുന്നു ദെഷാംസ്.. ഇന്ന് ദെഷാംസ് ഫ്രഞ്ച് കോച്ചാണ്. മികച്ചൊരു സംഘത്തിന്റെ പിന്ബലത്തോടെ ഫ്രഞ്ച് പടയും അവസാന നാലില്‍ ഇടംപിടിച്ചിരിക്കുന്നു..സിദാനും,ഹെന്രിയും,തുറാമും,പെറ്റിറ്റും,ബാര്ത്തെസും എല്ലാം നിറഞ്ഞാടിയിരുന്ന സുവര്ണ തലമുറയ്ക്ക് ശേഷം ഫ്രാന്സ് അണിനിരത്തിയ ഏറ്റവും മികച്ച പതിനൊന്ന് പേരാണ് ഇത്തവണത്തേത്.. നബീല്‍ ഫെക്കിറിനും,ഡിംബലേയ്കും വരെ ആദ്യ ഇലവനില്‍ സ്ഥാനമില്ലെന്ന് അറിയുമ്പൊഴാണ് ഫ്രഞ്ച് പടയുടെ സ്ക്വാഡ് ഡെപ്ത് മനസിലാവുക. പ്രീ ക്വാര്ട്ടറില്‍ അര്ജന്റിനയെ 4-3 ഉം ക്വാര്ട്ടറില്‍ ഉറുഗ്വെയെ 2-0നും കെട്ടു കെട്ടിച്ച് ആധികാരികമായാണ് ഫ്രാന്സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ട ഫ്രാന്സല്ല നോക്കൗട്ടില്‍.. മുന്നേറ്റ നിരയും മധ്യനിരയും മികച്ച ഒത്തിണക്കം കാണിക്കുന്നുണ്ട്.. അര്ജന്റീനയ്ക്കെതിരെ ലീഡ് വഴങ്ങിയിട്ടും പതറാതെ നേടിയ ഉജ്ജ്വല വിജയം നല്കി്യ ആത്മവിശ്വാസം ചെറുതല്ല..ഇരട്ടഗോളുകള്‍ നേടി ലോകത്തിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ താണാണെന്ന് എംബാപ്പെ ലോകത്തിനു കാണിച്ച് കൊടുത്ത മല്സരം കൂടിയായിരുന്നു അത്.ക്വാറ്ട്ടറില്‍ ഉറുഗ്വെ വെല്ലുവിളി ഉയര്ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കവാനിയുടെ അഭാവം അവര്ക്ക് തിരിച്ചടിയായി.. ജൂലൈ 15നു മോസ്കോയില്‍ ഫൈനല്‍ അരങ്ങേറുമ്പൊള്‍ അതില്‍ ഒരു ടീം ഫ്രാന്സ് ആയിരിക്കും എന്ന് കരുതുന്നവരാണ് ഏറെയും..സിദാനടങ്ങുന്ന ഡ്രീം ടീം 98ല്‍ സ്വന്തം നാട്ടില്‍ ഉയര്ത്തിയ കിരീടം..അതു പോലെ 2006ല്‍ ഫൈനലിലെ അവസാന മിനുട്ടുകളില്‍ സിദാന്‍ മാറ്റരാസിയുടെ നെഞ്ചില്‍ തലകൊണ്ടിടിച്ച് ചുവപ്പ് കാറ്ഡ് വാങ്ങി കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് ഇറ്റലി കൈക്കലാക്കിയ അതേ കിരീടം.. ഇത്തവണ ഗ്രീസ്മാനും,എംബാപെയും,പോഗ്ബയും വീണ്ടെടുത്ത് പാരിസില്‍ എത്തിക്കുമെന്ന് ആരാധകര്‍ കരുതുന്നു..
1950നു ശേഷം ബ്രസീലൊ- ജര്മനിയൊ ഇല്ലാത്ത സെമി ഫൈനല്‍ ലൈനപ്പും ആദ്യമായിട്ടാണ്. അതില്‍ എടുത്ത് പറയേണ്ടത് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനമാണ്. 1990 നു ശേഷം 28 വര്ഷങ്ങള്‍ കഴിഞ്ഞ് അവര്‍ വീണ്ടും സെമിഫൈനല്‍ ലൈനപ്പില്‍ എത്തിയിരിക്കുന്നു..പതിവില്‍ നിന്ന് വിപരീതമായി അവര്‍ ഗോളുകള്‍ കണ്ടെത്തുന്നു..ഒരു ടീമായി ഒത്തിണങ്ങി കളിക്കുന്നു.. മാത്രമല്ല ഒരു തരത്തിലുള്ള സമ്മര്ദ്ദവും ടീമിനോ കളിക്കാര്ക്കൊ ഇല്ല എന്നതും എടുത്ത് പറയേണ്ടതാണ്.. പ്രീ ക്വാര്ട്ടറില്‍ കൊളംബിയക്കെതിരെ ലീഡെടുത്ത ശേഷം 1-1നു സമനില വഴങ്ങി പെനാല്ട്ടി ഷൂട്ടൗട്ടിലൂടെ ക്വാര്ട്ടര്‍ പ്രവേശനം.. ക്വാര്ട്ട്റില്‍ സ്വീഡനെതിരെ 2-0ന്റെ തകര്പ്പ്ന്‍ ജയം.. സൗത്ഗേറ്റിന്റെ കുട്ടികള്‍ അങ്ങനെ ആധികാരികമായി സെമിയില്‍ സീറ്റുറപ്പിക്കുകയാണ്.ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നില്‍ നില്‍ക്കുന്ന ഹാരികേന്‍ തന്നെയാണ് ടീമിന്റെ തുറുപ്പ് ചീട്ട്.നിശ്ശബ്ദ കൊലയാളിയായി അയാള്‍ എതിര്‍ പെനാല്‍ട്ടി ബോക്സില്‍ ഭീതി നിറച്ച് മുന്നേറുകയാണ്.മധ്യനിരയും ഡിഫന്‍സും ഹാരിക്ക് മികച്ച പിന്തുണ നല്‍കുന്നു.. ഗോള്‍കീപ്പറ് പിക്ഫോര്‍ഡിന്റെ മിന്നും ഫോമും ടീമിനു മുതല്‍ കൂട്ടാവുകയാണ്..അതിനാല്‍ തന്നെ ഇത്തവണ ഇംഗ്ലീഷ് ആരാധകര്‍ ആത്മവിശ്വാസത്തിലാണ്.ഗാസ്കോയിനും,ലിനേക്കറിനും, ഓവനും, ജെറാഡിനും, ഷിയറര്‍ക്കും കഴിയാത്തത് ഹാരിക്കും കൂട്ടര്‍ക്കും കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു..ലോകകപ്പില്‍ പെനാല്ട്ടി ഷൂട്ടൗട്ടില്‍ തോല്ക്കുന്ന പതിവ് ഇക്കുറി തിരുത്തിയെഴുതിയത് തന്നെ നല്ല നിമിത്തമായി അവര്‍ കരുതുന്നു..ലണ്ടനിലെ ഹീത്രുവില്‍ പ്രത്യേക ബ്രിട്ടീഷ് എയര്‍വേസ് ഫ്ലൈറ്റില്‍ ലോകകിരീടവുമായി വന്നിറങ്ങുന്ന ഹാരികേനും സംഘവും. അതെ അമ്പതിലധികം വര്ഷമായി തങ്ങളില്‍ നിന്ന് തെന്നിമാറുന്ന ആ കനകകിരീടം ഇത്തവണ സ്വന്തമാക്കുമെന്ന് ഓരൊ ഇംഗ്ലീഷ്കാരനും സ്വപ്നം കാണുകയാണ്.
ലോകകപ്പ് തുടങ്ങും മുന്പ് തന്നെ ക്രൊയേഷ്യ ഇത്തവണ അൽഭുതങ്ങൾ കാണിക്കുമൊ എന്ന പലരുടെയും സംശയം യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കയാണ്..പ്രതീക്ഷിച്ച പോലെതന്നെ മോഡ്രിച്-റാകിറ്റിച്ച് മിഡ്ഫീല്ഡ് ദ്വയങ്ങളാണ് ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നത്. എങ്കിലും ഗ്രൂപ്പ് മല്സരങ്ങളിലെ ഉജ്ജ്വല പ്രകടനം നോക്കൗട്ട് റൗണ്ടില്‍ ടീമിനു പുറത്തെടുക്കാന്‍ കഴിയാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.. താരതമ്യേന ദുര്ബലരായ എതിരാളികളെ ലഭിച്ചിട്ടും കഴിഞ്ഞ രണ്ട് മല്സരങ്ങളും പെനാല്ട്ടി ഷൂട്ടൗട്ടിലെ ഭാഗ്യ നിര്ഭാഗ്യങ്ങള്‍ മറികടന്നാണ് ക്രൊയേഷ്യ അവസാന നാലില്‍ ഇടം പിടിച്ചത്.പ്രീക്വാറ്ട്ടറില്‍ ഡെന്മാര്ക്കുമായി 1-1 സമനിലവഴങ്ങിയ ശേഷം പെനാല്ട്ടി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ സുബാസിച്ചിന്റെ മികവില്‍ ക്വാര്ട്ടിറിലേക്ക്.. ഷൂട്ടൗട്ടില്‍ സുബാസിച് മൂന്ന് കിക്കുകളാണ് തടുത്തിട്ടത്! ക്വാര്ട്ടിറില്‍ ആതിഥേയരായ റഷ്യ ആയിരുന്നു എതിരാളികള്‍..ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറിയ ക്രോട്ട്സ് അവസാന നിമിഷം സമനില വഴങ്ങി വീണ്ടും പെനാല്ട്ടി ഷൂട്ടൗട്ടിലേക്ക്.. ഇത്തവണയും രക്ഷകനായി സുബാസിച്..! ‘ഗോള്ഡന്‍ ഗ്ലൗ’ റേസില്‍ ഈ രണ്ട് പ്രകടനങ്ങള്‍ സുബാസിച്ചിനെ മുന്നിരയില്‍ എത്തിച്ചിട്ടുണ്ട്.. 98നു ശേഷം ക്രൊയേഷ്യക്കാര്‍ വീണ്ടും ഒരു സെമിഫൈനലിനു ഒരുങ്ങുകയാണ്. ഇത്തവണ ഇംഗ്ലണ്ടാണ് എതിരാളികള്‍..മറ്റു ടീമുകളേ വെച്ച് നോക്കുമ്പോള്‍ മധ്യനിരയുടെ മുന്തൂക്കമാണ് ടീമിന്റെ കരുത്ത്..ഇതിനകം തന്നെ രണ്ട് ഷൂട്ടൗട്ടുകളിലെ സമ്മര്ദ്ദ സാഹചര്യങ്ങള്‍ അനുഭവിച്ച ക്രൊയേഷ്യന്‍ സംഘത്തിനു ഇനി കിട്ടുന്ന നേട്ടങ്ങളെല്ലാം ബോണസാണ്.. ഫൈനലിലേക്ക് ബൂട്ട് മുറുക്കി അവര്‍ ഇംഗ്ലീഷ്കാരെ കാത്തിരിക്കുകയാണ് പുതിയ ചരിത്രം രചിക്കാന്‍…
അതേ റഷ്യയും ലോകം മുഴുവനും കാത്തിരിക്കുകയാണ്.. ലേകകകപ്പിനു പുതിയ അവകാശികള്‍ വരുമൊ ? അതോ ഫ്രഞ്ച് പട തന്നെ അത് കൈകലാക്കുമൊ ? 1966ല്‍ യൂള്‍റിമെ ട്രോഫി സ്വന്തമാക്കിയ ഇംഗ്ലണ്ട്..പതിറ്റാണ്ടുകള്‍ക്ക് ശേഷം ചരിത്രം തിരുത്തിയെഴുതുമൊ ? ആകാംഷയുടെ മുള്‍മുനയിലാണ് ഫുട്ബോള്‍ ലോകം..പലരുടെയും പ്രിയപ്പെട്ട ടീമുകള്‍ പുറത്തായിട്ടും ടെന്‍ഷന്‍ കുറയുന്നില്ല..സെന്റ്പീറ്റേര്‍സ്ബര്‍ഗും മോസ്കൊയും സെമി പോരാട്ടങ്ങള്‍ക്ക് ഒരുങ്ങി കഴിഞ്ഞു..അതെ റഷ്യയില്‍ ത്രില്ലറുകള്‍ അതിന്റെ ക്ലൈമാക്സില്‍ എത്തി നില്‍ക്കുകയാണ്.