പൂമുഖം മണ്ണിര മഴയോരത്ത്

മഴയോരത്ത്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പുഴയിലേക്ക് മഴ ചാഞ്ഞിറങ്ങുന്നത് ഒരു പ്രിയഗാനത്തിന്‍റെ ആലാപനം പോലെ മനോഹരമായ അനുഭവമാണ്. നമ്മളല്ലാതെ മറ്റാരും അപ്പോൾ പുഴയരികിൽ ഉണ്ടാകരുത്. തണുത്ത കാറ്റത്ത് കുട പറക്കാൻ പോകും . പെട്ടെന്ന് മഴയെ പിന്നിലാക്കി പക്ഷികളുടെ ഒരു കൂട്ടം പറന്നകലും. മഴ ജലപ്പരപ്പിലേയ്ക്ക് മണൽത്തരികൾ വാരിയെറിഞ്ഞതുപോലെ ഏറിയും കുറഞ്ഞും പെയ്‌തലയ്ക്കും. നമ്മൾ ഓർമ്മകളുടെ പുഴയിരമ്പങ്ങളിലൂടെ അകലേക്ക്‌ ഒറ്റയ്ക്ക് നടന്നുപോകും . ഇലക്കുട ചൂടി നടന്നു നടന്നു നനഞ്ഞുതീർത്ത പെരുമഴക്കാലങ്ങളെ ഒരിക്കൽക്കൂടി ഓടിച്ചെന്നു കെട്ടിപ്പുണരും തണുത്തുമരവിച്ച വിരൽത്തുമ്പിൽ നിന്നും വെള്ളത്തിന്‍റെ പളുങ്കുമണികളുതിരും.. പുഴ മഴയിൽ നരയ്ക്കുന്നു. ആകാശം കാണാതാകുന്നു. ഏതോ മ്ലാനതയിൽ മാനവും പുഴയും ഒന്നായതുപോലെ. ഒരു കലങ്ങിമറിയലിൽ മീനുകൾ പുളച്ചുകയറി ഓളങ്ങളെ വെട്ടിച്ചുമാറുന്നു . മറുകരയിൽ ആടിയുലഞ്ഞുനിന്ന മരക്കൂട്ടങ്ങൾ ഇപ്പൊ മഴയുടെ പെരുങ്കളിയാട്ടത്തിൽ കാണാനില്ല..ഈ പുഴയൊഴുക്കിലാണ് മുതുമുത്തശ്ശന്മാർ തൊട്ടുള്ള തലമുറകൾ കാലസാഗരത്തിലേയ്ക്ക് പോയ്മറഞ്ഞത് . ഇതിലൂടെ തന്നെ പോയ്മറയും നമ്മളും.. അത്രയ്ക്കുണ്ട് പുഴയുടെ ഉന്മാദത്തോളം പോന്ന അനാദിയായ പ്രണയം.. ചിരഞ്ജീവിതം.

Comments
Print Friendly, PDF & Email

You may also like