പൂമുഖം LITERATURE ഒന്നും എളുപ്പമല്ല

ഒന്നും എളുപ്പമല്ല

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ന്നും എളുപ്പമല്ലെന്ന്
പലവുരു കേട്ടത്

പ്രണയിക്കാൻ
മധുരിയ്ക്കാൻ
ചവർക്കാൻ
പുളിച്ചു​തേട്ടാൻ

മുറുക്കിവെയ്ക്കുന്ന
സമയത്തിൽ തന്നെ
പുതപ്പിനുള്ളിൽ നിന്നും
വിടുതലാവാൻ

പ്രഷറും ഷുഗറും
മരുന്നാക്കി
അരച്ചെടുക്കാൻ

വെള്ളത്തിലിട്ടിട്ടും
കുതിരാത്തവരെ
മുളക് പുരട്ടി വറുത്തെടുക്കാൻ

കായക്കറ പിടിച്ച കൈവിരലുകൾ
എണ്ണതൊട്ടു മിനുക്കി​ ​വെയ്ക്കാൻ

നീലം കൂടിയ വെള്ളകളെ
പേടിയില്ലാതെ മടക്കി വെയ്ക്കാൻ

തിരക്കിൽ നനച്ച മുടിക്കെട്ടിനെ
ഈറൻതോർത്തി ഉണക്കിയെടുക്കാൻ

തിളച്ചിരിയ്ക്കുന്ന വെള്ളം
കുപ്പി ചുളിയാതെ നിറച്ചുവെയ്ക്കാൻ

വേർപെടാത്ത ​പെൻസിലും​ ​​കോമ്പസും
ചെപ്പിലിട്ട് അടച്ചു വെയ്ക്കാൻ

പാകമാവാത്ത ചെരുപ്പിലേക്ക്
നാളെ എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടാൻ

കിതയ്ക്കാതെ,
മരിക്കാതെ
അഞ്ച് മിനിറ്റ് മുൻപേ ഒന്ന്
പൂട്ടിയിറങ്ങാൻ

ട്രാഫിക്കിലെ ചുവപ്പിൽ
ആധിയോടെ
സ്തംഭിക്കാതിരിയ്ക്കാൻ

ഒന്നും എളുപ്പമല്ലെ​ന്ന്
അകത്തളങ്ങളിൽ
ആരോ പലവുരു
വീശിപ്പോവുന്നു​…

Comments
Print Friendly, PDF & Email

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like