പൂമുഖം LITERATUREകവിത കാടകം

 

ടിവയറ്റിൽ
നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കാവുണ്ട്
അവിടെയാരും അന്തിത്തിരി കൊളുത്താറില്ല,
അതിനകം കണ്ടവരാരുമില്ല.
അവിടെ പൂത്തും പിണഞ്ഞും പടർന്നും
വളർന്ന വന്മരങ്ങളുണ്ട്,
പാല, പുന്ന, തമ്പകം, ഇലവംഗം, ഇലഞ്ഞി,
കരിമ്പന, മരോട്ടി
ആല്‍, മഞ്ചാടി, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍….
തലപ്പു തൊട്ടിട്ടില്ല കാറ്റു പോലുമിന്നേവരെ.

പേരറിയാത്ത വള്ളികളും കുറ്റിച്ചെടികളുമുണ്ട്,
കൂട്ടിപ്പിണച്ചു കെട്ടിയമർത്തി നിർത്തിയിരിക്കയാണ്
കണ്ണെത്രയടച്ചു മിഴിച്ചു നോക്കിയാലും
നോട്ടം പോലും കേറാതെയിപ്പോൾ വരെ.

കാലത്തിനൊപ്പം വീണ്,
അടരടരായിക്കിടക്കുന്ന കരിയിലക്കൂട്ടത്തിൽ
ഇടയ്ക്കിടെയനക്കങ്ങൾ കേൾക്കാറുണ്ട്.
പാമ്പ്‌, ഓന്ത്, ഉടുമ്പ്, അണ്ണാൻ, കീരി, മരപ്പട്ടി
ഇനിയൊരു മുള്ളൻപന്നി പോലും… സാധ്യതകളേറെയാണ്.

ചിറകടിയൊച്ചകൾ
നെഞ്ചിൻ കൂടോളമെത്തിയമർന്നു പോകാറുണ്ട്
കാക്ക, കുയില്‍, പരുന്ത്, തത്ത, പുള്ള്, നത്ത്, മൈന
ഇനിയൊരുപ്പൻ പോലും… ആശങ്കകളനവധിയാണ്.

അനക്കങ്ങളറിയിക്കാതെ നിരന്തരമനങ്ങുന്നുണ്ട്,
പുഴുക്കൾ, ചിത്രശലഭങ്ങൾ, മിന്നാമിന്നികൾ,
വണ്ടുകളടക്കാക്കുരുവികൾ.
കാറ്റ് ഇടക്കിടെ മണങ്ങളെ കൊണ്ടുവന്നു തരാറുണ്ട്,
പൂത്തതും പെയ്തതെപ്പോഴെന്നറിയാത്ത
ചില മഴകൾ നനഞ്ഞതും,
ചെത്തി, ചെമ്പകം, മുല്ല, കാട്ടുമല്ലി, ശംഖുപുഷ്പങ്ങൾ…
ഓർത്തെടുത്താലിനിയും പെടുമായിരിക്കും
ഈർപ്പത്തിന്റെ വകഭേദങ്ങൾ.

ചെന്നു വീണാലടിയിൽ
മുട്ടുമെന്നുറപ്പില്ലാത്തൊരു കുളമുണ്ട്,
അതിന്റെ തണുപ്പിന്റെ യവസാനത്തെപ്പടിയിൽ
പച്ചനിറമുള്ള വെള്ളമുണ്ട്,
അതിലേക്കാകെ വന്നു വീഴുന്നു
തവളകൾ, ഞവണിക്കകൾ
തല മാത്രം പുറത്തിട്ടു ധ്യാനിക്കുന്ന ആമകൾ, നീർക്കോലികൾ,
കുളത്തിനു മുകളിൽ കുത്തിമറിയുന്ന
പരല്‍, മുശി, വരാൽ,
വക്കോളം വന്നു കൂട്ടം മറിയുന്ന തവളപ്പത്തൽ ….

കാൽവിരൽ വെള്ളത്തിൽ മുട്ടിച്ചിരിക്കയാണ്
എന്തൊക്കെയോ വന്നു തൊട്ടുപോവുന്നു
തണലിന്റെ, യിരുട്ടിന്റെ, യീർപ്പത്തിന്റെ-
യുന്മാദത്തിൽ നട്ടെല്ലിലൂടെയൊരു തരിപ്പു കേറുന്നു.

അങ്ങനെയിരിക്കെ,
നാഭിച്ചുഴിയിൽ നിന്നകത്തേക്ക് പടർന്നു കിടക്കുന്ന
കുന്നിവള്ളിയിൽ
ഉണങ്ങിക്കിടന്ന കായകൾ
പൊടുന്നനെ
പൊട്ടിവീഴാൻ തുടങ്ങുന്നു…

Comments

എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.

You may also like