സാംസ്കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.
എസ് ഹരീഷിന്റെ ഒരു ചെറുകഥയുണ്ട് . ‘മോദസ്‌ഥിതനായങ്ങു വസിപ്പൂ മലപോലെ’ മഹാകവി കുമാരനാശാന്റെ വരികളാണ് ‘മോദസ്‌ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചായിരുന്നു മഹാകവി ഇങ്ങനെയെഴുതിയത്. ബോധത്തിലും അബോധത്തിലും നമ്മുടെയുള്ളിൽ ജാതിചിന്തയുണ്ടെന്ന് ഹരീഷ് ഓരോ സന്ദർഭത്തിലും വ്യക്‌തമാക്കുകയാണ്. കഥയിൽ രണ്ടു കുടുംബവും രണ്ടു ജാതികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ പുതുതലമുറ ജാതിയെ മറന്നുകൊണ്ട് വിവാഹം കഴിക്കാനൊരുങ്ങുമ്പോഴും, രക്ഷിതാക്കൾ അതിനു സമ്മതം മൂളുമ്പോഴും ജാതിചിന്ത എത്ര ശക്‌തമായി അവർക്കിടയിലുണ്ടെന്ന് കഥയുടെ ഓരോ സന്ദർഭത്തിലും ഹരീഷ് കാണിച്ചു തരുന്നു. ആധുനിക മലയാളചെറുകഥയിൽ ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും സ്വാധീനം ഇപ്പോഴും ആഴത്തിലുണ്ടെന്ന് ഇത് തെളിയിക്കുന്നു.
1884-ലാണ് അരുവിപ്പുറത്ത് ഒരു കൽക്കഷ്ണം പ്രതിഷ്ഠിച്ചുകൊണ്ട് ശ്രീ നാരായണഗുരു കേരളത്തിൽ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം കായിക്കരയിൽ വച്ചാണ്, അപ്പോഴേയ്ക്കും കവിതകൾ എഴുതി തുടങ്ങിയിരുന്ന കുമാരനാശാൻ ഗുരുവിനെ കാണുന്നത്. കുമാരനാശാനിലെ എല്ലാ നന്മയെയും പരിപോഷിപ്പിക്കാനുള്ള പ്രോത്സാഹനവും സാഹചര്യവും ഗുരു ഒരുക്കിക്കൊടുത്തു. കവിഹൃദയം കൈമുതലായുള്ള കുമാരനാശാനെ കൂടുതൽ ലോകവിവരം നേടാനായി ബാംഗ്ലൂരിലേക്ക് അയച്ചു. ഡോ. പൽപ്പുവിന്റെ സഹായത്തോടെ അവിടത്തെ ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ പ്രവേശനം കിട്ടി. ആശാനെ ഡോ. പൽപ്പുവിനെ ഏൽപ്പിച്ചാണ് ഗുരു തിരികെപ്പോന്നത്. മൂന്ന് വർഷം അവിടെ പഠിച്ച ശേഷം 1898 ൽ കൊൽക്കത്തയിലെ സംസ്കൃത കോളേജിൽ ചേർന്നു. ഇംഗ്ലീഷ് കൂടുതലായി പഠിച്ചത് ഇവിടെ വെച്ചാണ്. പ്ളേഗ് പടർന്ന് പിടിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ 1900 ൽ കൊൽക്കത്ത വിട്ട് കേരളത്തിലേക്ക് വന്ന് കുമാരനാശാൻ ശ്രീ നാരായണഗുരുവിന്റെ ശിഷ്യനായി തീർന്നു.

കവിയായ ഗുരുവിന്റെ ആത്മീയത ആശാന്റെ രചനകളിലും കാണാം. ‘അണകവിയുന്നഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചുകഴിഞ്ഞ പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന
നാരായണഗുരുനായകനെന്റെ ദൈവമല്ലോ.’
എന്ന് ആശാൻ പറയുന്നുണ്ട്. കൊഴിഞ്ഞുവീണ ഒരു പൂവിനെനോക്കി ജീവിതത്തെ ദാർശനികമായി സമീപിച്ചതാണ് ” വീണപൂവ്.”
പ്രണയമാണെങ്കിലും വിഷാദത്തിന്റെ ആധിക്യമാണ് നളിനിയിലും ലീലയിലും. ദാർശനികതയുടെ ഓളം ആവോളമുള്ളതാണ് ചിന്താവിഷ്ടയായ സീതയും കരുണയും. ആത്മസുഹൃത്ത് എ.ആർ. രാജരാജവർമ്മയുടെ മരണത്തിൽ വിതുമ്പുന്ന ഹൃദയമാണ് പ്രരോദനത്തിൽ ദർശിക്കാൻ കഴിയുന്നത്.
ആദ്ധ്യാത്മികതയുടെ ഉൾവിളി ആശാനിൽ ശക്തമായി നിലനിന്നിരുന്നു. ഇതിന് മുഖ്യ കാരണം ശ്രീനാരയണഗുരുവുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ ആശയങ്ങളുമായുള്ള പൊരുത്തപ്പെടലും തന്നെയാണ്.
കുമാരനാശാന്റെ നൂറാം ചർമവാർഷികമാഘോഷിച്ച കഴിഞ്ഞ വർഷം (2024) ആശാന്റെ കവിതകളെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഏറെ ചർച്ചകൾ നടന്നു . ഇപ്പോഴും അവ തുടരുന്നു. മലയാള കവികളിൽ ഏറ്റവും കൂടുതൽ നിരൂപണ ഗ്രന്ഥങ്ങൾ ഉണ്ടായതും ആശാനെക്കുറിച്ചാകാനാണ് സാധ്യത. ആശാന്റെ കവിതകളെക്കുറിച്ച് കവിയും നോവലിസ്റ്റുമായ കൽപ്പറ്റ നാരയണൻ എഴുതുന്നത് നോക്കൂ:
‘ആശാന്റെ മാനിഫെസ്റ്റോ ‘ഒരനുതാപം ‘എന്ന കവിതയാകാം. താൻ കാണിച്ച അവഗണനയുടെ ഇരുട്ടിൽ അമ്മയെക്കുറിച്ചുള്ള വേദനയും പശ്ചാത്താപവും കൊണ്ട് നെയ്തതാണ് ആ കവിത. പ്രായശ്ചിത്തമായി വീണപൂവ് മുതൽ കരുണ വരെയുള്ള എല്ലാ കാവ്യങ്ങളിലും ആശാൻ പദം പ്രതി സ്ത്രീയെ പരിചരിച്ചു. ഒറ്റ മാനം മാത്രമുണ്ടായിരുന്ന സ്ത്രീക്ക് ബഹുമാനങ്ങൾ നൽകി.
ഇതിനൊപ്പം ഗുരുവിന്റെ തത്വചിന്ത കൂടി സന്നിവേശിപ്പി ച്ചപ്പോൾ ആശാൻ കവിതകൾ കാലാതീതമായി പരിണമിക്കുന്നു.
‘ഗുരു’-എന്ന സ്തുതിഗീതം ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂർത്തിക്ക് ആശാൻ രചിച്ചതാണ്. ഗുരുവിനെ സമഗ്രമായി പഠിക്കാൻ ശ്രമിച്ച ശിഷ്യന്റെ ഗുരുദർശനമായി ഇതിനെ കാണാം. ഒരു കാലഘട്ടത്തെ സൃഷ്ടിച്ചശേഷം കാലാതീതനായിത്തീർന്ന ഗുരുവിന്റെ വ്യക്തിവൈശിഷ്ട്യമാണ് ഇതിൽ കവി വ്യക്തമാക്കാൻ ശ്രമിച്ചത്. ഗുരു, സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്, ഗുരുപാദദശകം തുടങ്ങിയ കവിതകളിൽ ഗുരുഭക്തിയും സ്‌നേഹവിശ്വാസങ്ങളും ആശാൻ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഗുരു’എന്ന കവിതയിൽ ആശാൻ ശ്രീനാരായണ ഗുരുവിന്റെ സവിശേഷ വ്യക്തിത്വത്തെയും ചിന്തകളെയും അടയാളപ്പെടുത്തുന്ന ഒരു ഭാഗം :
“അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ.
വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻതാൻ
ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.”
സാഹിത്യ നിരൂപകനായ സജയ് കെ വി, ആശാനും ശ്രീനാരയണ ഗുരുവും തമ്മിലുള്ള ഗുരുശിഷ്യ ബന്ധത്തെപ്പറ്റി സൂചിപ്പിക്കുന്ന ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:
“സ്‌തോത്ര കവിതകളുടെ പ്രാരംഭശ്ലോകങ്ങളിലും ആശാന്‍ തന്റെ ഗുരുവിനെ ഹൃദയംഗമമായി ഓര്‍മ്മിക്കുന്നുണ്ട്. ആശാന്‍കവിതയില്‍ ‘പ്രണയം’ എന്ന വാക്ക് ആദ്യമായി കടന്നു വരുന്ന സന്ദര്‍ഭവുമിതാണ്. ‘അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ചു കവിഞ്ഞു പാരവശ്യാല്‍ അണികരമേകിയണഞ്ഞിടുന്ന നാരായണഗുരുനായകനെന്റെ ദൈവമല്ലോ!’ എന്ന’ ഭക്തവിലാപ’ത്തിലെയും മറ്റും ഗുരുവന്ദനം പോലൊന്ന് മലയാള കവിതയില്‍ വേറെ ഇല്ല. ‘നാനാലോകാനുരൂപ’നും ‘നതജനനരകാരാതി’യും ‘സതത സദ്യോഗനിദ്ര’നും”വിനിദ്ര’നുമാണ് മറ്റു ചിലപ്പോള്‍ ഗുരു.
മലയാള കവിതയിലെ ഏറ്റവും മധുരോദാരമായ ശ്ലേഷമാണിത്, നാരായണന്‍ എന്നാല്‍ മഹാവിഷ്ണുവും നാരായണ ഗുരുവുമാകുന്ന വാഗിന്ദ്രജാലം. ‘നതജനനരകാരാതി’, പതിതജനോദ്ധാരകനായ ഗുരു കൂടിയാണ്.യോഗം, പ്രപഞ്ചചൈതന്യവുമായെന്ന പോലെ സമഷ്ടിചൈതന്യവുമായും ആകുന്നു. ഈ സങ്കീര്‍ണ്ണരാസശാലയ്ക്കകം കടന്ന്, തന്റെ ഗുരുവിനെ കണ്ടെത്തിയ ശിഷ്യന്റെ ആത്മസാക്ഷ്യമാണ്. ആത്മീയതയിലെ കേവല ദിവ്യത്വാരോപണ (spiritual hagiography) ത്തേക്കാള്‍ ഏറെ സങ്കീര്‍ണ്ണവും കാവ്യാത്മകവുമാണത്; രണ്ട് ഹിമാലയശൃംഗങ്ങളുടെ പരസ്പരാഭിവാദനം പോലെ സൗമ്യവും ഗാഢവും സൂക്ഷ്മവും. ഒരു നൂറ്റാണ്ടിനിപ്പുറം, ആ ശൈലാഗ്രങ്ങളെ ഒരു പോലെ തിളക്കിയിരുന്ന കവിതയുടെ കനകാഭിഷേകം നമ്മള്‍ അകലെ നിന്നു കാണുന്നു.”
“അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.”
കുമാരനാശാന്റെ ‘ ഗുരു ‘ എന്ന കവിതയിൽ നിന്നുള്ള ഈ ഭാഗത്തിൽ പറഞ്ഞ പോലെ ഈ ചിന്തകളുടെ സൗരഭ്യം മങ്ങാതെ നിലനിൽക്കട്ടെ. കേരള നവോത്ഥാനത്തിന് ക്ഷതങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് നാരയണ ഗുരുവിന്റെ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്. ജാതീയതയുടെ നിരവധി വിലക്കുകൾ ഉള്ളൊരു കാലത്ത് സാമൂഹ്യ പരിഷ്കരണത്തിനായി നിലകൊണ്ട രണ്ട് ഉല്പതിഷ്ണുക്കളായിരുന്ന ശ്രീ നാരയണഗുരുവും കുമാരനാശാനും കേരള സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളാണ്.
കവർ: ജ്യോതിസ് പരവൂർ