ഒരു പാവയുടെ മയക്കം
കാലൊടിഞ്ഞ കണ്ണടയാണ്,
മുഖത്തിരിക്കുന്നില്ല,
ചില്ലിലെ ചിലന്തി വല
ഭൂപടമടർത്തി,
രണ്ടു കൃഷ്ണമണികൾ കാഴ്ച്ചകളിലേക്ക്
ഇറങ്ങിയുരുളാൻ തുടങ്ങിയിരിക്കുന്നു
മഞ്ഞു തിന്നുന്ന പർവ്വതങ്ങളും,
പനിച്ചു കിടക്കുന്ന പ്രദേശങ്ങളും കടന്നു,
ക്ഷീണിച്ചൊടുവിൽ,
പക്ഷികൾക്കു ചിറകും
മൃഗങ്ങൾക്കു പല്ലും
മരങ്ങൾക്കു വേരും
മുളയ്ക്കുന്നതിനു മുൻപുള്ള
പ്ലേറ്റുകളുടെയതിർത്തിഭേദിച്ചു,
ഭ്രൂണാവസ്ഥയിലെന്നോ മൃതിയടഞ്ഞൊരു ഭൂഖണ്ഡത്തിലെ
കണ്ണുകൾ ചിതലരിച്ചു പോയ പഴുത്തുപഴക്കമായൊരു കുഞ്ഞുമരപ്പാവയിലുറങ്ങി
ശ്രീരേക് അശോക്

ശ്രീരേക് അശോക്
തൃശൂർ ജില്ലയിലെ കുരിയച്ചിറ സ്വദേശി. വിവിധ പരസ്യ - ഡിജിറ്റൽ ബ്രാൻഡിംഗ് കമ്പനികളിൽ, കോപ്പി റൈറ്ററായും, കണ്ടൻ്റ് റൈറ്ററായും ജോലി ചെയ്തു. നിലവിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ കഥ, കവിത എന്നിവ പ്രസീദ്ധികരിക്കപ്പെട്ടിട്ടുണ്ട്.
നമുക്കിടയിൽ വെള്ളം
തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു
നിൻ്റെ നെറ്റിയിലെ തിരമാലച്ചുളിവുകളിൽ
നീരാവി പെയ്തിറങ്ങുന്നു,
നേർത്ത കാപ്പിപ്പൊടി നിറമുള്ള
നിൻ കൃഷ്ണമണികൾക്ക്
പൂപ്പൽ വന്നിരിക്കുന്നു,
നിനക്കും എനിക്കും
കടുപ്പം കുറഞ്ഞിരിക്കുന്നു,
പഞ്ചസാര-
പ്പാത്രത്തിലെയുറുമ്പിനെ
നീ വെറുതേ വിട്ടിരിക്കുന്നു!
എത്രയരിച്ചെടുത്താലും ,
ബാക്കിയാവുന്ന
തരികളുണ്ടായിരുന്നു
നമുക്കിടയിൽ
പണ്ട്,ആകാശമൊരു നേർത്ത
കട്ടൻ നിറമാകുമ്പോൾ,
നമ്മളെത്ര തിളച്ചിരിക്കുന്നു!
പുലരുംവരെയിരുന്നു
തണുത്താറിയിരിക്കുന്നു,
ഇറക്കാനാവാതെ-
യൊഴിച്ചുകളഞ്ഞിരിക്കുന്നു..
ചുവന്ന പൂക്കൾ ഡിസൈനുള്ള
രണ്ടു പഴയ ചില്ലുഗ്ലാസുകളിൽ,
കട്ടൻ നിറം പറ്റിയിരിക്കുന്നു
കടുപ്പത്തിൽ!
സ്മാരകം പോലെ
നീയതെടുത്തു
വെച്ചിരിക്കുന്നു,
തുടയ്ക്കാതെ, ശ്രദ്ധകൊടുക്കാതെ
നമുക്കിടയിൽ വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു..
എനിക്കും നിനക്കും കടുപ്പം കുറഞ്ഞിരിക്കുന്നു .
കവര്‍: സി. പി. ജോണ്‍സണ്‍