അയാളടുക്കളയില്‍ വരുമ്പോള്‍
അടുക്കള നിശ്ശബ്ദമാകും.
പാത്രങ്ങള്‍ പാത്രങ്ങളാകും.
അവ അവരുടെ ഭാഗം
നന്നായഭിനയിക്കും.
വെള്ളം വെള്ളമാകും.
വീഞ്ഞാകാനുള്ള കൊതി
അടക്കിപ്പിടിക്കും.
ചിരവ കുറച്ചു കൂടി ഗൗരവപ്പെടും.
ഒച്ച പുരുഷന്‍റേതാവും.
മിക്സിയോ ഗ്രൈന്‍ററോ
ഒച്ച അടക്കിപ്പിടിക്കാന്‍ നോക്കും,
ചിരിയമര്‍ത്താനാവാതെ.
ഗ്യാസടുപ്പിന് ചിരി പൊട്ടും.
തീയില്‍ നീലിമ കൂടും.
കത്തി സ്വയം മൂര്‍ച്ചപ്പെടും.
പാല്‍ തിളച്ചുയരും.
ചായക്ക് കടുപ്പം കൂടും.
മുളകിന് കണ്ണു ചോക്കും.
കല്ലുപ്പും വേഗമലിയും.
കടുക് ചാട്ടം കുറയ്ക്കും.
കുക്കറിന്‍റെ വിസിലുകള്‍ക്ക്
നീളം കൂടും.
പാകപ്പെട്ടതെല്ലാം
ഒരേ പാത്രത്തിലേക്ക്
വിളമ്പിവെച്ച്
വെച്ച പാത്രങ്ങളെല്ലാം കഴുകി
അവരവരുടെയിടങ്ങളിലൊതുക്കി
കഴിക്കാനെടുക്കുമ്പോള്‍
മറ്റു പാത്രങ്ങള്‍
തങ്ങളെയവഗണിച്ചതില്‍
സങ്കടപ്പെടും.
അയാള്‍ അടുക്കളയില്‍ നിന്നു
മാറുമ്പോള്‍
പാത്രങ്ങള്‍ നിശ്ശബ്ദം
കലമ്പിത്തുടങ്ങും.
എല്ലാമവളോട് പറയാമെന്ന്
കാത്തിരിക്കും.
കവർ: സി . പി . ജോൺസൺ