ഭൂതകാലത്തിൽ എവിടെയോ വായിച്ചത് പോലെ. അല്ല വായിച്ചതു തന്നെ. വീണ്ടും ആലോചിച്ചു. തിരുത്തൽ ഉണ്ട്. അനുഭവം ആണ്.
ട്രെയിനിൽ ആണ് യാത്ര. നൈരന്തര്യം ഉള്ള യാത്രയാണ്. വേറെ വഴിയില്ല. അതുകൊണ്ട് തന്നെ വിരസമായ യാത്ര ഒരു യന്ത്രത്തെ പോലെ മാറ്റിയിരുന്നു. യാത്രയിലുടനീളം അയാളുടെ കണ്ണുകൾ ചുറ്റുമുള്ള യാത്രക്കാരുടെ മേൽ യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ ജീവിതം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുന്നതു പോലെ അലഞ്ഞു കൊണ്ടിരുന്നു. ചില സമയങ്ങളിൽ ജാള്യത അയാളെ പിന്തിരിപ്പിച്ചുവെങ്കിലും കണ്ണുകൾ വിടാതെ വീണ്ടും വീണ്ടും ആഴത്തിൽ പരതി. ചില മനുഷ്യരെ അയാൾ വെറുപ്പോടെയാണ് കണ്ടത്, ജീവിതത്തിൽ പരിചയം പോലും ഇല്ലാഞ്ഞിട്ടും. ചില ആളുകളെ കാണുമ്പോൾ അയാളുടെ കണ്ണുകൾ പൂർണ്ണ ചന്ദ്രനെപ്പോലെ. ചിലരെ കാണുമ്പോൾ….
അങ്ങനെ ഒരു യാത്രയിലാണ് അയാൾ അവളെ കണ്ടത് . വിൻഡോ സീറ്റിൽ ഇരുന്നത് കൊണ്ട് അവളുടെ തലമുടിയും ഇളം മഞ്ഞ നിറത്തിലുള്ള നേർത്ത സാരിയും കാറ്റിൻ്റെ കുസൃതിയിലകപ്പെട്ടിരുന്നു. ആലസ്യം നിറഞ്ഞ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അയാളുടെ നോട്ടത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ തലേദിവസം രാത്രിയിൽ അവളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ? ചിന്തകളുടെ നാണം കെട്ട സഞ്ചാരം തുടങ്ങിയ സമയത്തു തന്നെ അതിനെ വിലക്കിക്കൊണ്ട് അവളുടെ നേർത്ത മഞ്ഞ സാരിയുടെ തുമ്പ് എൻ്റെ നെറ്റിയിൽ തലോടി. വശ്യമായ പെർഫ്യൂമിൻ്റെ ഗന്ധം ഓർമ്മകളുടെ ഉള്ളാഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
നന്ദിത. അസ്തമയ സൂര്യൻ്റെ തണുത്ത കിരണങ്ങൾ പതിഞ്ഞ അവളുടെ മടിയിൽ തലയമർത്തി ഇടതു കൈകൊണ്ട് അവളുടെ നാഭീകമലത്തിൽ തലോടി കിടക്കുമ്പോൾ ലോകം കീഴടക്കിയ ജേതാവിൻ്റെ ഭാവമായിരുന്നു. ആ കിടപ്പിൽ അവളുടെ പെർഫ്യൂമിൻറെ ഗന്ധം എൻ്റെ ഓരോ അണുവിലൂടെയും അരിച്ചിറങ്ങുമായിരുന്നു. പല തവണ ചോദിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഏത് പെർഫ്യൂം ആണെന്ന് അവൾ പറഞ്ഞു തന്നിരുന്നില്ല. എ യൂണിക് വൺ. അത് അവളുടെ ഗന്ധം ആയിരുന്നു. അവൾ…
ഓർമ്മകളിലൂടെ ഊളിയിട്ട അയാളും തന്നെ ഉറ്റുനോക്കുന്നയാളെ കടാക്ഷിക്കുകയായിരുന്ന അവളും പൊടുന്നനെ കേട്ട ഹുങ്കാരത്തോടൊപ്പം ഉയർന്നു താഴ്ന്നത് ഒരുമിച്ചായിരുന്നു.
വെളുത്ത കുപ്പായമിട്ട മറ്റൊരു സുന്ദരിയുടെ നേർത്ത പുഞ്ചിരിയുടെ മുന്നിൽ എന്തു സംഭവിച്ചുവെന്നറിയാതെ കിടക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളേയും അയാളുടെ മനസ്സ് ആ ഗന്ധത്തെയും തിരയുകയായിരുന്നു.
കവർ : സി പി ജോൺസൺ