കഥ 1
ഫ്രോയ്ഡിനപ്പുറം സ്വപ്നം
സ്വപ്നത്തിൽ മനുഷ്യൻ നിസ്സഹായമാംവിധം ഏകനാണെന്നും മറ്റും
ആളുകൾ പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയല്ല.
കാരണം,
ഫ്രോയ്ഡിനോടൊപ്പമല്ലാതെ, ഞാൻ സ്വപ്നങ്ങളൊന്നും കാണാറില്ല.
ഉദാഹരണത്തിന് ഗോവണിയിൽ നിന്ന് താഴെ പതിക്കുന്നു, അതുമല്ലെങ്കിൽ
ആന കുത്താൻ വരുന്നു. ചങ്ങാതി ചതിക്കുന്നു, ഭാര്യ വഞ്ചിക്കുന്നു, മക്കൾ
ഇട്ടെറിയുന്നു, അങ്ങനെ എന്ത് സ്വപ്നം കാണുമ്പോഴും എന്നൊടൊപ്പം
പുള്ളിയുണ്ടാകും.
ചുരുട്ടു വലിച്ചും, പുസ്തകം വായിച്ചും,
കത്തെഴുതിയുമൊക്കെ
പുള്ളി എന്നെ പിൻതുടരും. സ്വപ്നം ഞാൻ ഒറ്റക്ക് തരണംചെയ്യണം, പുള്ളി
സഹായിക്കത്തില്ല. എല്ലാംകഴിഞ്ഞ് പോലീസ് വരുന്നതുപോലെ
പുള്ളിയുടെ ഒരു എൻട്രിയുണ്ട്.
”ഇത് ഞാൻ വ്യാഖ്യാനിക്കാം.”
മടുത്തു. പുള്ളിയോട് പറയാനാണെങ്കിൽ ഒരു മടി.
സ്വപ്നങ്ങളുടെ അർത്ഥം മുഴുവൻ ഇരിപ്പുള്ളത് അയാക്കടെ കൈയ്യേലാണല്ലോ.
പോരാത്തതിന് മനശാസ്ത്രത്തിൻ്റെ പിതാവും.
ആയതിൻ്റെ മാതാവ് ഞാനറിഞ്ഞിടത്തോളം ചോറ്റാനിക്കര ഭഗവതിയാണ്,
പുത്രൻ ചെലവൂർ വേണു, പരിശുദ്ധാത്മാവ് ആരെന്ന് ആർക്കുമറിയില്ല.
ഞാൻ
വിഷമപ്രശ്നം കണ്ടങ്കോന്തിക്കു മുന്നിൽ സമർപ്പിച്ചു.
അവൻ വഴി പറഞ്ഞതനുസരിച്ച് പിറ്റേന്ന്, സ്വപ്നത്തിൽ ഞാൻ ഒരു ഭീകരാനായ കടിനായക്കു മുന്നിൽ ഓടി. പതിവുപോലെ ഫ്രോയ്ഡ് പിന്നിൽ. ഓടിയോടി ഞാൻ യുങ്ങിൻ്റെ വീട്ടിനു മുന്നിലെത്തി.
അതോടെ, ഫ്രോയ്ഡിൻ്റെ ഭാവം വസൂരിമാലയുടേതിന് സമാനമായി.
അന്നേരത്താണ്, യുങ്ങ് പുറത്തിറങ്ങി വന്നത്.
”തള്ളിപ്പറഞ്ഞവനേ, നീയാണല്ലേ എൻ്റെ പിറകിൽ ഇങ്ങനെയൊരു കടിനായയെ വിട്ടത്? ഡെത്ത് വിഷ്! ഞാൻ നിന്നെ….. ”
ഫ്രോയ്ഡ് അലറിക്കുരച്ചു.
അവരുടെ കടിപിടി നോക്കി രസിച്ചു കൊണ്ട് എൻ്റെ കടിനായ നിൽക്കുന്നു. അതും നോക്കി, ഞാനങ്ങനെ നില്ക്കുന്നു.
സ്വപ്നം തീർന്നുപോയേക്കുമോ എന്നു മാത്രമാണ് ഇപ്പോൾ, എൻ്റെ പേടി.
കഥ 2
മഞ്ഞിൽ കത്തുന്ന സൂത്രവാക്യങ്ങൾ
മൈൽക്കുറ്റിമേലിരുന്ന് കരയുന്ന ഒരപ്പൂപ്പനെ ജോഗിംങ്ങിനിടയിൽ കണ്ടങ്കോന്തി കണ്ടുമുട്ടി. അവന് പാവം തോന്നി. മൊട്ടത്തലയും, വട്ടക്കണ്ണടയും പല്ലിളകിയ ചിരിമുഖവുമായി ഒരപ്പൂപ്പൻ.
”കരയാൻമാത്രം എന്തു പറ്റി?”
കോന്തി ആരാഞ്ഞു.
രാജ്യത്തേയോർത്താണെന്ന് കരച്ചിൽ ചേർത്ത് പുള്ളി പറഞ്ഞൊപ്പിച്ചു.
അതെന്നാത്തിനാ? അതായിരുന്നു കോന്തിയുടെ അടുത്ത അത്ഭുതം.
”മൈത്രി പുലരാത്തിടത്ത് സ്വാതന്ത്ര്യം അർത്ഥശൂന്യമാണല്ലോ എന്ന വേദനയിലാണ് കരഞ്ഞുപോകുന്നത്. അത് തീരുന്നുമില്ല.”
പുള്ളി വിശദമാക്കി.
അന്നേരം, പുള്ളിയാരാണെന്ന് കോന്തിക്ക് ശരിക്കും അങ്ങു മിന്നി.
”അപ്പൂപ്പൻ വിഷമിക്കണ്ട കേട്ടോ. നമ്മുടെ കൈയ്യേൽ ഒരു റേഡിയോ ജോക്കിയൊണ്ടെന്നേ. അവനേക്കൊണ്ട് മോട്ടീവേറ്റ് ചെയ്യിക്കേണ്ട വിഷയമേ അപ്പൂപ്പനുള്ളൂ. ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം എല്ലാം നമുക്കങ്ങ് ശരിയാക്കിയെടുക്കാമെന്നേ.”
‘ഹേ റാം’ എന്നൊരു ശബ്ദമാണ് തൊട്ടടുത്ത നിമിഷം കേട്ടത്. അതിനോടനുബന്ധിച്ച് കലുങ്കിനപ്പുറത്തെ തോട്ടിലേക്ക് സ്വയം എറിഞ്ഞു കളഞ്ഞതു മാതിരി പുള്ളിയങ്ങു വീണു.
കവര്‍: വിത്സണ്‍ ശാരദ ആനന്ദ്