ഗാന്ധിജി
എന്നോടായിട്ടൊന്നും
പറഞ്ഞിട്ടില്ല.
എന്നാല്‍ ഗാന്ധിജി
എന്നോടും പറഞ്ഞിട്ടുണ്ടെന്ന്
ചെകിടടച്ചുള്ള ഓരോ അടിയിലും
നിസ്സഹായനാവുമ്പോള്‍
ഞാന്‍ വിശ്വസിക്കുന്നു.
ബുദ്ധന്‍
എന്നോടൊന്നും
പറഞ്ഞിട്ടുണ്ടാവില്ല.
എന്നാല്‍ ബുദ്ധനെന്നോടെല്ലാം
പറഞ്ഞിട്ടുണ്ടാവുമെന്ന്
ധ്യാനം സൂചിപ്പിക്കുന്നു.
ക്രിസ്തു
എന്നോടൊരിക്കലും
ഉയിര്‍ത്തതായി പറഞ്ഞിട്ടില്ല.
എന്നാലാ ഉയിര്‍പ്പില്‍
ഞാനുമുണ്ടായിരിക്കണമെന്ന്
ഓരോ കുരിശും പറയുന്നു.
യൂദാസെന്നോടൊന്നും
പറഞ്ഞിട്ടില്ല.
എന്നാലോരോ നാണയക്കിലുക്കത്തിലും
വീണുപോവുമ്പോള്‍
ഞാനെന്നെയൊറ്റുന്നു.
ഗോഡ്സെയൊന്നും
എന്നോട് പറഞ്ഞിരിക്കില്ല.
എന്നിട്ടുമോരോ കപടവണക്കത്തിലും
കൈകള്‍ കാഞ്ചിയിലെന്ന പോലെ
എന്നിലമരുന്നു.
ഒരു തോക്കും
പറഞ്ഞിട്ടില്ലെന്നോടൊന്നും.
എന്നിട്ടുമോരോ നിമിഷവും
അനീതിക്കെതിരെ
വെടിയുതിര്‍ക്കുകയാണെന്ന്
എന്‍റെ ഹൃദയത്തെ
ക്ഷുഭിതമാക്കുന്നു.
ഞാനൊന്നുമിതുവരെ
പറഞ്ഞിട്ടില്ലെന്നോട്.
പറയാനുള്ളതൊക്കെയും
ഞാനെന്നില്‍ത്തന്നെ
വിഴുങ്ങുന്നു.
ഉറക്കത്തിലും
ഞാനെന്നോട് പറയില്ലൊന്നും.
എന്നാലുമെന്നില്‍
വിഴുങ്ങിപ്പോയ ചോദ്യങ്ങളൊക്കെയും
ഉത്തരങ്ങളായി ഛര്‍ദ്ദിക്കുന്നു.
ഛര്‍ദ്ദിലിലാണെന്‍റെ കിടപ്പ്.
ഉണര്‍ച്ച.
ദേശം.
കാലം.
ജീവിതം.