പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 9 – പലായനം

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 9 – പലായനം

ഹാരാന്റെ ദ്വാരപാലകൻ തെരുവിലേക്ക് ഇറങ്ങി. അയാൾ തിരക്ക് കൂട്ടിയില്ല. യൂദൻ എവിടെ പോകാനാണ്? ഓടി തളർന്ന അടിമയെ വേട്ടയാടുന്നത് അയാളെ ആവേശം കൊള്ളിച്ചിരുന്നു. കീഴടങ്ങുന്ന ഇരയെ ബന്ധിക്കുന്നതിൽ എന്ത് കേമത്തം?

അയാൾ നടന്നു.

ശലമോൻ ഓടി.

മാനഹാനിയോ ജീവഹാനിയോ ? ഗോത്രപിതാവായ ജോസഫിനെ അയാൾക്ക് ഓർമ്മ വന്നു. തടവറ സൂക്ഷിപ്പുകാരന്റെ ഭാര്യക്ക് പ്രണയം തോന്നി. അവളുടെ ഹൃദയം പനിനീർപ്പൂ പോലെ വിരിഞ്ഞു. ശ്വാസത്തിൽ പരിമളം നിറഞ്ഞു. ജോസഫ് നിരസിച്ചപ്പോൾ അവൾ ക്രൂദ്ധയായി. അവൾക്കു തോന്നിയ വെറുപ്പ് മുമ്പ് തോന്നിയിരുന്ന പ്രേമത്തെ അതിശയിക്കുന്നതായിരുന്നു. കവിളുകളിലെ പ്രണയദലങ്ങൾ കൊഴിഞ്ഞു.

ജോസഫിനെ പിടികൂടി. ഒരു വാക്ക് ചോദിക്കാൻ യജമാനൻ മിനക്കെട്ടില്ല. ക്രൂരമായി ശിക്ഷിച്ചു. അവൻ അപമാനിതനായി, നാളുകളോളം തുറുങ്കലിൽ കിടന്നു.

അന്നും ഇന്നും ഭാര്യ പറയുന്നത് വിശ്വസിക്കാനാണ് ഭർത്താവിന് ഇഷ്ടം. വേലക്കാരനെ കേൾക്കുമ്പോൾ ആ കാതുകൾ കുറുകുന്നു !!.

വേട്ടക്കാരേക്കാൾ വേഗത ഇരക്കാണെന്ന് ദ്വാരപാലകൻ അറിഞ്ഞില്ല.

ഒട്ടകനോട്ടക്കാരനെ കണ്ട് ശലമോൻ ഇടവഴിയിലേക്ക് ഊളിയിട്ടു. അയാൾ പിൻതുടർന്നു. ശലമോൻ ഒരു വീടിന്റെ മുറ്റത്ത് ഓടിക്കയറി. അത് ഹാരാന്റെ ഭവനത്തിൽ വേല ചെയ്തിരുന്ന വൃദ്ധയുടെ വീടായിരുന്നു. വൃദ്ധയെ കണ്ട് അയാൾ കുളിപ്പുരയിൽ കയറി ഒളിച്ചു.

ഒട്ടക നോട്ടക്കാരൻ വിളിച്ചു ചോദിച്ചു.
“അമ്മച്ചി ആ യൂദനെ കണ്ടോ?”
വൃദ്ധ പറഞ്ഞു.
“ഞാൻ കണ്ടില്ല. “
അയാൾ മുന്നോട്ട് നടന്നു. ഇടവഴിയിൽ നാലഞ്ച് കുട്ടികൾ കളിച്ചിരുന്നു. അയാൾ തിരക്കി. അവർ നിഷേധാർത്ഥത്തിൽ തലകുലുക്കി.അയാൾ നിരാശനായി. യൂദനെ ശപിച്ചുകൊണ്ട് അയാൾ നടന്നു.
മുറ്റത്ത് കിടന്നിരുന്ന മടലുകൾ വൃദ്ധ മറിച്ചിടാൻ തുടങ്ങി. അവർ വീട്ടിലേക്ക് മടങ്ങുന്നതും കാത്ത് ശലമോൻ നിന്നു. കുറെ നേരം കഴിഞ്ഞിട്ടും അവർ പോയില്ല. ശലമോന് സംശയം തോന്നി. മകൻ വരാൻ കാത്തിരിക്കുകയാണോ?
അയാൾക്ക് ഭയം തോന്നി.

അൽപ്പം നേരം കഴിഞ്ഞപ്പോൾ കുളിപ്പുരയുടെ വാതിലിൽ ഒരു തട്ട് കേട്ടു.
“യൂദാ പുറത്തു വരുക “
അയാൾ പുറത്തിറങ്ങി. മുഖം ആകാശം പോലെ വിളറിയിരുന്നു.
അവർ ചിരിച്ചു.
“എടോ യൂദാ എനിക്ക് നിന്നെയും ആ പെണ്ണുംപിള്ളയെയും ശരിക്കറിയാം.”
ശലമോൻ സന്തുഷ്ടനായി. ..
പക്ഷേ അതുകൊണ്ട് വലിയ കാര്യമില്ല. തള്ള പറയുന്നത് യജമാനൻ വിശ്വസിക്കില്ല…
“യജമാനന്റെ കയ്യിൽ കിട്ടിയാൽ എന്റെ തൊലിയുരിക്കും.”
അവർ ചിരിച്ചു.
“കയ്യിൽ കിട്ടിയാലല്ലേ … എടാ മണ്ടാ, ഓടി രക്ഷപ്പെടാൻ നോക്ക്.”
അയാൾ ഇടവഴിയിലേക്ക് ഇറങ്ങി.

സന്ധ്യ മയങ്ങി. ബാബിലോൺ പാതയിലേക്ക് ശലമോൻ നടന്നു. തോട്ടപ്പണി കഴിഞ്ഞ് മടങ്ങുന്ന അടിമകളുടെ ഇടയിലൂടെ നടന്നു. നേരം വെളുക്കുന്നതിനു മുമ്പായി നഗരം വിടണം. അയാൾ കവാടം ലക്ഷ്യമാക്കി നീങ്ങി. പക്ഷേ പാതിവഴിയിൽ ആ പ്രതീക്ഷ അസ്തമിച്ചു. ഒരു പരിചയക്കാരൻ അടിമയെ കണ്ടു.
” വടക്കും തെക്കും നല്ല കാവലുണ്ട്..”
കവാടത്തിൽ നിന്ന് വീശിയ കാറ്റിൽ പരിഹാസം മുഴങ്ങി..
അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“പടിഞ്ഞാറെ മരുഭൂമിയിലൂടെ ഒരു പാതയുണ്ട്…”
അയാൾ തിരിഞ്ഞു നോക്കി.
ചക്രവാളത്തിൽ ഒരു നക്ഷത്രം കണ്ണൂ ചിമ്മുന്നു !!
“നാല് ദിവസം നടന്നാൽ ബിദവി കൂടാരമുണ്ട്. അവിടെയെത്തിയാൽ നീ രക്ഷപ്പെട്ടു.”
പൊടിക്കാറ്റും അഗ്നിയും പെയ്യുന്ന മരുപ്പരപ്പിൽ നാല് ദിവസം നടക്കുക അസാദ്ധ്യമാണ്. ശലമോൻ നിരാശനായി. പക്ഷേ ഈ മരുപ്പച്ചയിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് വഴികളില്ല.
അയാൾ നഗരത്തിലേക്ക് തിരികെ നടന്നു.
തെരുവിൽ ഇരുൾ പടർന്നിരുന്നു. പാതയോരത്ത് ഏതോ കച്ചവട സംഘം കുറെ പാത്രങ്ങളും പരവതാനികളും നിരത്തിയിരുന്നു. മങ്ങിയ വെളിച്ചത്തിൽ സ്ത്രീകൾ ഉച്ചത്തിൽ വില
പേശുകയാണ്..
ആ ശബ്ദകോലാഹലങ്ങൾക്കിടയിൽ അയാൾ ഒരു ഇടവഴിയിലേക്ക് ഇറങ്ങി. ആ വഴിയിൽ ഇരുട്ടു തളംകെട്ടി നിന്നിരുന്നു. ശലമോൻ കാത്തു നിന്നു.
അൽപം കഴിഞ്ഞപ്പോൾ തോട്ടം കാവൽക്കാരൻ്റെ പാട്ട് കേട്ടു. ചാള മദ്യം മോന്തിയിട്ടുള്ള വരവാണ്. ശലമോൻ വിളിച്ചു.
“സ്നേഹിതാ.”..
യൂദനെ കണ്ട് അയാൾ പരിഭ്രാന്തനായി. ഒരു നിമിഷം കൊണ്ട് ലഹരി വിട്ടു.
യൂദനോ?
“എന്നെ രക്ഷിക്കണം”
കാവൽക്കാരൻ ആലോചിക്കാൻ തുടങ്ങി .തെരുവിൻ്റെ അറ്റത്ത് ഒരു കുളമ്പടി കേട്ടു. പാറാവുകാരാണ്. ശലമോൻ ദയനീയമായി നോക്കി.അയാൾക്ക് ഭയം തോന്നി.
“അയ്യോ എന്നെ കുഴപ്പത്തിലാക്കരുതേ…..”
ശലമോൻ ഇരുളിലേക്ക് നടന്നു.
ആ വഴി ചാളത്തെരുവിലേക്കായിരുന്നു. മദ്യക്കടയുടെ മുറ്റത്ത് പന്തം തെളിഞ്ഞിരുന്നു. അയാൾ കാതോർത്തു. നാലഞ്ചു പേർ വർത്തമാനം പറഞ്ഞ് ചിരിക്കുന്നു. ദ്വാരപാലകന്റെ ചിരി കേട്ട് അയാൾ ഞെട്ടി. അയാൾ ഏതോക്കെയോ അശ്ളില തമാശകൾ പറയുകയാണ്. അത് കേട്ട് കാട്ടറബികൾ പൊട്ടിച്ചിരിക്കുന്നു.

ആ ചിരി കേട്ടപ്പോൾ ശലമോന് ഭയം തോന്നി. കാട്ടറബികൾ നീചൻമാരാണ്. ഒളിച്ചോടി പോകുന്ന അടിമകളെ തേടിപ്പിടിച്ച് അവർ ബലാൽക്കാരം ചെയ്തിരുന്നു. നേരം വെളുക്കുമ്പോൾ ഇരയുടെ ശവം മരുഭൂമിയിൽ കൊണ്ടുപോയി തള്ളും. അവരുടെ കണ്ണിൽ പെട്ടാൽ പിന്നെ യിസ്റേഏൽ രാജാവായ ശലമോൻ പഴങ്കഥയാകും. അവർ പോകും വരെ ഒളിച്ചിരിക്കുകയാണ് ബുദ്ധി. പക്ഷേ എവിടെയാണ് ഒളിക്കുക?

തോട്ടത്തിൽ വിറക് ശേഖരിക്കാൻ വരുന്ന തമാറിനെ ഓർമ്മ വന്നു. ഇരുൾ പറ്റി നടന്നു.
‘വേശ്യയുടെ വീട് പാതാളത്തിലേക്കുള്ള വഴിയാണ്. അത് മരണത്തിൻ്റെ അറയാണ്…..’ വാതിലിൽ മുട്ടി വിളിക്കുമ്പോൾ ശലമോൻ ഓർത്തു.
അകത്ത് നിന്ന് തമാർ പറഞ്ഞു.
”വാതിൽ തഴുതിട്ടിട്ടില്ല. കടന്നു വരാം “
മുറിയിൽ ഒരു ദീപം തെളിഞ്ഞിരുന്നു. യൂദനെ കണ്ട് തമാർ മന്ദഹസിച്ചു. അയാൾ പറഞ്ഞു.
“”എനിക്ക് വിശക്കുന്നു.
“രണ്ടു ബാർലിയപ്പം ഇരിപ്പുണ്ട് , മതിയോ?”
അയാൾ തലയാട്ടി.
അവൾ അപ്പം വിളമ്പി. അത് ആർത്തിയോടെ അയാൾ ഭക്ഷിച്ചു. രാവിലത്തെ ജോലിക്കിടയിൽ ഒന്നും അകത്താക്കാൻ സമയം കിട്ടിയിരുന്നില്ല. നാലഞ്ച് ഈത്തപ്പഴങ്ങൾ മാത്രമാണ് ഭക്ഷിച്ചത്. വെള്ളപ്പാത്രം കാലിയാക്കിയിട്ട് പറഞ്ഞു.
” ഞാൻ ഒരു കെണിയിൽ വീണിരിക്കുകയാണ്. എന്നെ രക്ഷിക്കണം.”
അവൾ ആരാഞ്ഞു..
“എന്താ, വല്ല കുഴപ്പവും ഉണ്ടോ?”
തെരുവിൽ നിന്നു് വലിയ ശബ്ദം കേട്ടു. കുറെ പേർ അട്ടഹസിക്കുന്ന ശബ്ദം. തമാർ കിളിവാതിൽ തുറന്നു നോക്കി. അവൾ പറഞ്ഞു
“കാട്ടറബികളാണ്”
ഒരു വിറയൽ ശലമോന്റെ നെഞ്ചിലൂടെ കടന്നു പോയി. ഹൃദയം പിടഞ്ഞു. അവൾ വിളക്ക് കെടുത്തി. അയാൾ നിലത്ത് കിടന്നു.
ഒരാൾ ഉറക്കെ പറഞ്ഞു.
” അവൻ ഈ തെരുവിൽ തന്നെയുണ്ട്.”
പിന്നിട് ഏതോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു. ആ മുറിയിലെ വേശ്യ അവരെ ശപിച്ചു. അവർ ചിരിച്ചു . പിന്നെയും അവർ മുറി തുറന്ന് പരിശോധിച്ചുകൊണ്ടിരുന്നു.
അടുത്ത കുടിലിന്റെ അകം പരിശോധിക്കുന്ന ശബ്ദം കേട്ടു. ഇരുട്ടിൽ തമാറിന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി.
തമാർ ശലമോനോടോപ്പം കിടന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ല.
അൽപം കഴിഞ്ഞപ്പോൾ ആ വാതിലിൽ ഒരു തട്ടുകേട്ടു.
“തുറക്കെടീ കൂത്തച്ചി, വാതിൽ… “
പായിൽ കിടന്നുകൊണ്ട് അവൾ പറഞ്ഞു.
“വാതിൽചവിട്ടി പൊളിക്കേണ്ട.. ഞാൻ തഴുതിട്ടിട്ടില്ല.”
കാട്ടറബി വാതിൽ തുറന്നു. ഒരാൾ ഇരുട്ടത്ത് കിടക്കുന്നത് കണ്ടു. അയാൾ പറഞ്ഞു.
“വിളക്ക് തെളിക്കുക. “
അവൾ എഴുന്നേറ്റു. അയാളുടെ അടുത്ത് ചെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
” വിളക്ക് തെളിക്കാം, പക്ഷേ ഒരു കാര്യമുണ്ട് ഈ കിടക്കുന്നത് ക്ഷേത്രത്തിലെ പൂജാരിയാണ് . “
ആ മുന്നറിയിപ്പ് കേട്ട് അയാൾ ശങ്കിച്ചു. പൂജാരി കോപിച്ച് ശപിച്ചാലോ?
അയാൾ പിൻതിരിഞ്ഞ് നടന്നു.
വാതിൽ ചാരിയിട്ട് തമാർ ഊറിചിരിച്ചു. മരണത്തിന്റെ നിഴലാണ് പ്രണയം. ആ നിഴലിനെ ശലമോൻ വാരിപ്പുണർന്നു. കണ്ണീരും വിയർപ്പും മണൽത്തരിയും കൂടി ചേർന്നതിന്റെ ഒരു സ്വാദ് ആദ്യമായി അയാൾ അറിഞ്ഞു. അയാൾ അവളെ പിളർന്നപ്പോൾ കാറ്റിൽ ഉലയുന്ന ഇല്ലിക്കൂട്ടത്തിന്റെ മർമ്മരം കേട്ടു.
രാത്രി വൈകി. തെരുവിലെ ശബ്ദങ്ങൾ നിലച്ചു. പക്ഷേ മരുഭൂമി അശാന്തമായിരുന്നു. മരുക്കാറ്റിന് ഉറക്കം വന്നില്ല…കാറ്റ് മുരണ്ടുകൊണ്ടിരുന്നു.

ഇനിയും ഭാഗ്യം പരീക്ഷിക്കുന്നതിൽ അർത്ഥമില്ല. യൂദൻ എഴുന്നേറ്റു.
” നന്ദി, ഞാൻ ഇറങ്ങുകയാണ്… “
തമാർ വിലക്കി.
“ശ്….നില്ക്കു , രാത്രിപാറാവുകാർ കടന്നു പോയിട്ടില്ല.”
രണ്ടാം യാമം കഴിയുന്നതുവരെ പാറാവുകാർ തെരുവുകളിൽ ചുറ്റി സഞ്ചരിക്കും. ഒരിക്കൽ കൂടി അയാൾ ഇരുന്നു. അവൾ ആരാഞ്ഞു
“പടിഞ്ഞാറേ മരുഭൂമി കടക്കാനാണോ പരിപാടി?
അയാൾ തലയാട്ടി. അവൾ ആ മരുഭൂമിയെക്കുറിച്ച് മുന്നറിയിപ്പ് തൽകി.
“അത് ഭൂതങ്ങളുടെ വിഹാരരംഗമാണ്. “
അയാൾ നിരാശനായി. അവൾ തുടർന്നു.
” ആ മരുഭൂമി കടക്കാൻ നിൻ്റെ നെറ്റിയിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് മായ്ച്ചു കളയാൻ ആർക്കും കഴിയില്ല.”
യൂദന് ആത്മവിശ്വാസം തോന്നി.
രാവിലെ ചുട്ടെടുക്കാനുള്ള മാവ് തമാർ കുഴച്ചു വെച്ചിരുന്നു. അടുപ്പിൽ തീപിടിപ്പിച്ചു. അപ്പം ചുടുമ്പോൾ അവൾ പറഞ്ഞു.
“രണ്ടു പകലും രാത്രിയും സഞ്ചരിച്ചാൽ ബിദവികളുടെ ഒരു താവളമുണ്ട്. അവിടെ എത്തിയാൽ രക്ഷപ്പെട്ടു…. “
മരുഭൂമിയിലെ കാവൽ മാലഖമാരാണ് ബിദവികൾ. അപരിചിതർ അവർക്ക് ദൈവങ്ങളാണ്. ആ താവളത്തിൽ അപ്പവും വെള്ളവും അഗ്നികുണ്ഡവും ഉണ്ടാകും. മരുഭൂമിയിൽ അവർക്കറിയാത്ത വഴികൾ ഇല്ല!!
ശലമോൻ താടി തടവി.
യാത്രയ്ക്കുള്ളള്ള സാധനങ്ങൾ അവൾ ഒരു സഞ്ചിയിൽ എടുത്തു വെച്ചു. ഒരു പഴക്കുല അടർത്തിയിട്ടു. അവൾക്ക് ഭർത്താവിനെ ഓർമ്മ വന്നിരുന്നു. അയാൾക്ക് ഈത്തപ്പഴം ഇഷ്ടമായിരുന്നു.
രാത്രി വൈകിയതോടെ മരുപ്പച്ചയിൽ മഞ്ഞ് വീണു തുടങ്ങി. യൂദനു തണുപ്പ് തോന്നി. ഹാരാൻ്റെ ഭവനത്തിൽ മേലങ്കി നഷ്ടപ്പെട്ടിരുന്നു. അയാൾ വിറയ്ക്കാൻ തുടങ്ങി.അവൾക്ക് ഭയം തോന്നി.മരുഭൂമിയിലെ കൊടും തണുപ്പിൽ അയാൾക്ക് ഏറെ ദൂരം പോകാനാവില്ല. പാതിരാവ് കഴിയുന്നതിന് മുമ്പേ പാവം മരവിച്ച് മണലിൽ വീഴും.
അവൾ പെട്ടി തുറന്നു. ഒരു മേലുടുപ്പ് എടുത്ത് മണത്ത് നോക്കി. ഭർത്താവിൻ്റെ ആകെയുള്ള ഓർമ്മയാണ്.
അവൾ പറഞ്ഞു.
“ഇതു പാകമാണോന്ന് എനിക്കറിയില്ല. പക്ഷേ രാത്രിയിലെ തണുപ്പുമാറ്റാം.”
ശലമോൻ ആ ഉടുപ്പ് വാങ്ങി പിന്നെ ആദരപൂർവ്വം അതിൽ ചുംബിച്ചു.

അടുക്കള മുറ്റത്ത് ഒരു വയസ്സൻ കഴുത കിടന്നിരുന്നു. ആ സ്ത്രീയുടെ ആകെയുള്ള സമ്പാദ്യം. വാതിൽ തുറന്ന ശബ്ദംകേട്ട് അവൻ ഉണർന്നു. അപരിചിതനെ കണ്ടപ്പോൾ മുരണ്ടു. തമാർ ഒന്ന് തലോടി. അവൻ ശാന്തനായി. ഒന്ന് പള്ളക്ക് തട്ടിയപ്പോൾ ചാടി എഴുന്നേറ്റു. കയർ അഴിച്ചപ്പോൾ അവൻ ദയനീയമായി യജമാനത്തിയെ നോക്കി പിന്നെ വാശി പിടിച്ചു നിന്നു. തമാറിന് ദേഷ്യം വന്നു.
അവൾ വടി വീശി.

കഴുത നടന്നു. ഇടവഴി ഇറങ്ങി പോകുന്ന ആ മനുഷ്യനെ നോക്കി തമാർ അല്പ നേരം നിന്നു. ഇനി ആ മനുഷ്യനെ കാണില്ല. അയാളെ മറക്കാനാവില്ല. അയാൾക്കും …!!. ശലമോൻ ഒന്നു തിരിഞ്ഞു നോക്കി. മരുപ്പരപ്പിൽ കയ്യെത്തും ഉയരത്തിൽ ഒരു നക്ഷത്രം തെളിഞ്ഞിരിക്കുന്നു.
തോജുമല ഇറങ്ങി പാദങ്ങൾ മണൽപരപ്പിനെ സ്പർശിച്ചപ്പോൾ ശലമോൻ ഒരു നിമിഷം നിന്നു. ഫറവോയുടെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട പൂർവ്വപിതാക്കളെ സ്മരിച്ചു.
ഒരു പിടി മണൽ വാരി ചുംബിച്ചു.
കാനാൻ ദേശത്തേക്കുള്ള യാത്രയിൽ അവർ മരണത്തെ അടുത്തുകണ്ടിരുന്നു. സമുദ്രത്തിലെ മഹാതരംഗത്തിൻ ഉയർച്ചയിൽ…..
മരുഭൂമിയിലെ മഹാചുഴലിയുടെ ചീറ്റലിൽ….
രാത്രിയിലെ ക്രൂര മൃഗങ്ങളുടെ അലർച്ചയിൽ…..
ചിന്തകൾ കാടുകയറുകയാണ്. ശലമോൻ ആശങ്കാകുലനായി ഗുരുനാഥനെ ഓർമ്മ വന്നു. ‘നാളെകളെ പറ്റി ആശങ്കപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. നാളെ തന്നെ നാളെയുടെ കാര്യം നോക്കി കൊള്ളും. ഓരോ ദിവസത്തിനും അതാതിൻ്റെ ക്ലേശങ്ങൾ ധാരാളം മതി.’
അയാൾ യാത്ര തുടർന്നു.
മരുപഥം വിജനമാണ്. അകലെ എവിടെയോ കാറ്റ് ചൂളം വിളിക്കുന്നുണ്ട്. മണൽപരപ്പിനു മീതെ ചന്ദ്രക്കല തെളിഞ്ഞു. മരുഭൂമി ഒരു നവോഢയെ പോലെ മദാലസയായി ചിരിച്ചു. ശലമോനു ഭീതി തോന്നി.
രാത്രിയിലെ അന്ധകാരത്തില്‍….
നിലാവിലെ ശൈത്യത്തില്‍……
രാത്രിപ്പക്ഷിയുടെ മൂളലില്‍……
കാറ്റിന്റെ ഒടുങ്ങാത്ത സീല്‍ക്കാരത്തില്‍….
മരുഭൂമിയിലെ നിശ്ശബ്ദതയിൽ……. മരണം പതിയിരിപ്പുണ്ട്!!. ചിലപ്പോൾ ഒരു ജിന്നിൻ്റെ വേഷം ധരിച്ചാണ് മരുയാത്രക്കാരെ വഴിതെറ്റിക്കുക. മരുച്ചുഴിയിൽ വീഴ്ത്തിയും രസിച്ചിരുന്നു. അയാൾ കാതോർത്തു.
മരുക്കാറ്റിൽ ആരുടെയോക്കൊയോ നിലവിളികൾ കേൾക്കുന്നുണ്ടോ?
നാലാംയാമം കഴിഞ്ഞപ്പോൾ ചന്ദ്രൻ ഒരു മേഘത്തിൽ ഒളിച്ചു. മണൽക്കൂനയിൽ ഇരുൾ പടരുകയായി. വിജനതയിൽ നിന്ന് നാലഞ്ച് ദുഷ്ടമൃഗങ്ങളുടെ ശബ്ദങ്ങൾ കേട്ടു തുടങ്ങി.
ശലമോൻ കാതോർത്തു.
അവ അകലെയാണ്. പക്ഷേ മണൽക്കുന്നിനെ ഇരുട്ട് മൂടിയപ്പോൾ കഴുത നിന്നു. അയാൾ താഴെ ഇറങ്ങി മണലിൽ കാതുചേർത്തു.

അടിവാരം ശാന്തമാണ്…
കഴുതയുടെ കടിഞ്ഞാണിൽ പിടിച്ച് നടന്നു.. പക്ഷേ അത് വാശിതുടർന്നു. അയാൾക്ക് ദേഷ്യം വന്നു. വടി കൊണ്ട് അതിനെ പ്രഹരിച്ചു. അപ്പോൾ ഞരങ്ങിക്കൊണ്ട് നടന്നു.
പൊടുന്നനെ മേഘത്തിൽ നിന്ന് ചന്ദ്രൻ തല കാട്ടി. മണൽക്കുന്നിൽ വെളിച്ചം വീണു. കുന്നിൻ മുകളിൽ നിന്നിരുന്ന ചെന്നായ്ക്കൾ മാനംനോക്കി ഓരിയിട്ടു.
ആ കൊലവിളിയിൽ ശലമോൻ്റെ ശരീരം തണുത്തുറഞ്ഞു. ഇരുളിൽ പതിയിരുന്ന ദുഷ്ടമൃഗങ്ങളുടെ ഗന്ധം കഴുത മനസ്സിലാക്കിയിരുന്നു. യജമാനൻ്റെ ജീവനും ആയുസ്സും രക്ഷിക്കാൻ വേണ്ടി ആ പാവം ഒന്നു ശ്രമിച്ചു. പക്ഷേ യജമാനനുണ്ടോ സമ്മതിക്കുന്നു? അതിൻ്റെ ഫലമോ മരണം ആയിരുന്നു.
ചെന്നായ്ക്കൾ കുന്നിറങ്ങി.
ഒരു കിരുകിരുപ്പ് ശലമോൻ കേട്ടു. മരണം തന്നെ പരിഹസിക്കുകയാണോ? അവസാനമടുത്തപ്പോൾ ആ സാധു മൃഗത്തെ ഒന്നു തലോടി. പിന്നെ അതിനെ നോക്കി യാത്ര പറഞ്ഞു.
” ഈ വഴി ആരെങ്കിലും വരുമ്പോൾ നീ പറയണം. പണ്ട് യെറുശലേമിൽ ഒരു രാജാവ് ഉണ്ടായിരുന്നു. എല്ലാവരെയും അതിശയിക്കുന്നതായിരുന്നു രാജാവിന്റെ സമ്പത്തും അന്തഃപുരവും.. കണ്ണുകൾ കൊതിച്ചതൊന്നും കൈക്കലാക്കാതിരുന്നില്ല . സുഖഭോഗങ്ങളിൽ നിന്നും ഹൃദയത്തെ മാറ്റിനിർത്തിയില്ല. എല്ലാ പ്രയത്നങ്ങളിലും ആഹ്ളാദം കണ്ടെത്തിയിരുന്നു.സൂര്യന് കീഴിൽ അറിയാൻ ഒന്നുമില്ലായിരുന്നു. ഒടുവിൽ അയാൾ പറഞ്ഞു. കണ്ടാലും, എല്ലാം വ്യർഥമാണ് കാറ്റിനെ പിടിക്കാനുള്ള ഒരു ശ്രമം മാത്രം.”
കഴുതയ്ക്ക് ശലമോൻ രാജാവിനോട് ദയ തോന്നി. ഈ ജീവിതത്തിൽ ഇനി എന്ത് നേടാനാണ്?രാജാവിനെ ഒന്നുരുമ്മിയ ശേഷം അത് നടന്നു.ആ സാധുമൃഗത്തിനു മുമ്പിൽ താൻ ചെറുതാകുന്നതു പോലെ ശലമോനു തോന്നി.
അയാൾ കുന്നു കയറി. മരണത്തിൽനിന്ന് ഓടിയൊളിക്കാൻ ആർക്കാണ് ആവുക?. എങ്കിലും നടന്നു. അകലെ നിന്ന് ശബ്ദം കേട്ടു. ചെന്നായ്ക്കളുടെ കൊലവിളി മരുഭൂമിയിൽ മുഴങ്ങി. കരൾ പിടയുന്ന മുരൾച്ച കേട്ടു. അയാൾ നടുങ്ങി. പിന്നെ പ്രാണരക്ഷാർത്ഥം മണൽപ്പരപ്പിലൂടെ ഓടി.
ഒരു നായയെ പോലെ ശലമോൻ അണച്ചു. അവസാനം ഒരടി പോലും വയ്ക്കാനാവാതെ തളർന്ന് വീണു. കിതപ്പടങ്ങിയപ്പോൾ കാതോർത്തു. ചെന്നായശബ്ദങ്ങൾ അകലെയാണ്. പക്ഷേ കൊലവിളി നിലച്ചിരുന്നില്ല. താടിയിലും മീശയിലും മണൽ പറ്റിയിരുന്നു. അയാൾ അത് തുടച്ച് മാറ്റി.
ഒരു തരി ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നു. നാവിൽ ഉപ്പുരസം….
എത്രയോ മനുഷ്യരുടെ കണ്ണീരും വിയർപ്പും ഈ മരുഭൂമിയിൽ വീണിരിക്കുന്നു. അതാണോ ഈ മണലിന് ഇത്ര ഉപ്പുരസം!!
പിന്നെ ആ മണലിൽ അയാൾ മലർന്നു കിടന്നു. കാറ്റ് മൂളി. കാതിൽ ആയിരം ഈച്ചകൾ മൂളി പറക്കുന്നതു പോലെ തോന്നി.
ശലമോൻ കണ്ണടച്ചു.

പ്രഭാതത്തിലെ ഇളംവെയിൽ ശലമോനെ തലോടി. രാത്രിയിലെ കൊടുംതണുപ്പിൽ കൈകാലുകൾ മരവിച്ചിരുന്നു. അൽപ്പനേരം വെയിൽ കാഞ്ഞപ്പോൾ ഇത്തിരി ജീവൻ വീണു. മഞ്ഞിൽ മുങ്ങി നിവരുന്ന ഇളം ചൂടുള്ള വെയിൽ…. മരുപ്പരപ്പ് ഒരു മഞ്ഞക്കടലായി……ആകാശം നീലത്തടാകവും..
അയാൾ എഴുന്നേറ്റു.
മന്ത്രവാദിയുടെ ശാപമേറ്റതു പോലെ മണൽപ്പരപ്പിലെ കുറ്റിച്ചെടികൾ ജീവനറ്റ് നിന്നു. അവയുടെ ഇലകൾ ഉണങ്ങിക്കരിഞ്ഞിരുന്നു. ക്രമേണ വെയിലിനു തീ പിടിച്ചു. ചുണ്ടുകൾ വരണ്ടുണങ്ങി, തൊണ്ടയും വറ്റി വരണ്ടു. തോൽപ്പാത്രം തുറന്ന് നോക്കി. രാത്രിയിൽ തന്നെ വെള്ളം ഏതാണ്ട് തീർന്നിരുന്നു. ശേഷിച്ചത് നാവിൽ കമിഴ്ത്തി. ഒരു തുള്ളി ജലം തെറിച്ച് ഇലയിൽ വീണു. ആ ഇല ഒന്നനങ്ങി.
അയാൾ അത്ഭുതപ്പെട്ടു.
രാത്രിയോട്ടത്തിനിടയിൽ ഭക്ഷണസ്സഞ്ചി നഷ്ടപ്പെട്ടിരുന്നു. ആരെങ്കിലും ഒരു കഷണം അപ്പം തന്നിരുന്നെങ്കിൽ തൻ്റെ സിംഹാസനവും അന്ത:പ്പുരവും വരെ പകരം സമ്മാനിക്കുമായിരുന്നു!!. ചെമ്പടുപ്പു പോലെ മരുഭൂമി ചുട്ടു പഴുത്തു .മരുപ്പരപ്പിൽ നിന്ന് ആവി ഉയർന്നു. കണ്ണുകൾ തണൽ തേടിയലഞ്ഞു.ഒന്നിനു പിന്നാലെ ഉയരുന്ന തിരകൾ കണ്ട് ശലമോൻ അമ്പരന്നു.
മരുസാഗരമോ?

മണൽത്തിരകൾ ആകാശത്തിലേക്ക് ഉയർന്നു. ഒരു ഭൂതത്തെ പോലെ മരുപഥം വായ് പിളർന്നു. ആയിരങ്ങളാണ് ആ മണൽച്ചുഴികളിൽ നിപതിച്ചിരുന്നത്. ആ പാവങ്ങളുടെ നിലവിളികൾ മരുഭൂമിയിലെങ്ങും പ്രതിധ്വനിച്ചിരുന്നു. പിന്നെ ചക്രവാളത്തിൽ ഒരു ബാലൻ്റെ നിലവിളി കേട്ടു.മരുയാത്രക്കിടയിൽ അവൻ ദാഹിച്ചു വലഞ്ഞിരുന്നു. മകന്റെ വിഷമം കണ്ട് അമ്മ വെള്ളം തേടി പോയി. അവൾ വരുന്നതും നോക്കി അവൻ കാത്തിരുന്നു.
പക്ഷേ, അവൾ വന്നില്ല ! അവൻ കരയാൻ തുടങ്ങി. അബ്രാഹമിന്റെ പുത്രനായ ഇസ്മയിലിനെ ശലമോന് ഓർമ്മ വന്നു.

ഉച്ചകഴിഞ്ഞപ്പോൾ ചക്രവാളത്തിൽ ഒരു പച്ചപ്പ് ദൃശ്യമായി.
ഒരു മരുപ്പച്ച!
ദാഹജലം കുടിക്കാമെന്ന് ഓർത്തപ്പോൾ കാലുകൾക്ക് വേഗത കൂടി. അപ്പവും ഈത്തപ്പഴവും ഓർത്തപ്പോൾ നാവിൽ നനവ് കിനിഞ്ഞു. ആരാണ് ആ മരുപ്പച്ചയുടെ അധികാരി? ഒളിച്ചോടുന്ന ഒരു അടിമയ്ക്ക് അവർ അഭയം നൽകുമോ? അയാൾക്ക് ആശങ്ക തോന്നി. അയാൾ നടന്നു. പക്ഷേ ആ പച്ചപ്പ് അകന്നു കൊണ്ടിരുന്നു. ശലമോൻ നിന്നു. മരുപ്പച്ചയും നിന്നു. കഷ്ടം, അതൊരു മരീചികയായിരുന്നു.
വീണ്ടും മരുക്കാറ്റിൻ്റെ മൂളൽ കേട്ടു.
പൊടിക്കാറ്റിൻ്റെ ആരംഭമാണോ? കാറ്റിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശലമോൻ നടന്നു.
അന്തരീക്ഷമാകെ പൊടി പടലം നിറഞ്ഞു. വടക്കൻ കാറ്റിന് കലിയിളകിയിരിക്കുന്നു.കാമഭ്രാന്ത് പിടിച്ച ഒരു ഒട്ടകത്തെ പോലെ അത് മണലിൽ ചുരമാന്തി. പൂഴിമണൽ ഉഴുതുമറിച്ചു കൊണ്ട് ഓടി…..
ആകാശംമുട്ടെ ഉയർന്ന മണൽത്തിര കണ്ട് ശലമോൻ വാവിട്ട് നിലവിളിച്ചു.
‘ഓ ദൈവമേ ,….ഞാനിതാ നശിക്കാൻ പോകുന്നു…. !’
അരയൊപ്പം മണൽ മൂടിയപ്പോൾ അയാൾ വിലപിച്ചു.
‘ഞാനിതാ പൂഴിയിൽ താഴാൻ പോകുന്നു. നിൻ്റെ കോപത്തിൽ എന്നെ നീ ശിക്ഷിക്കരുതേ.’

ജീവൻ്റെ കണിക പോലും ശേഷിക്കാത്ത മരുപ്പരപ്പിലേക്ക് തന്നെ ആനയിച്ച വിധിയെ ശലമോൻ പഴിച്ചു.
“ഓ ദൈവമേ, മനുഷ്യൻ നിനക്ക് വെറുമൊരു കളിപ്പാട്ടമോ?”
കണ്ണുകൾ അടച്ച് ശലമോൻ മരണം കാത്തു. മണൽ കഴുത്തൊപ്പമായപ്പോൾ പുത്രൻമാരോടും ഭാര്യമാരോടും ശലമോൻ യാത്രപറഞ്ഞു.
‘പ്രിയപ്പെട്ടവരേ വിട ….
യെറുശലേം നഗരമേ വിട…. ‘
കിനാവു പോലെ കഴിഞ്ഞ കാലങ്ങൾ മനോമുകരത്തിൽ തെളിഞ്ഞു. അപ്പവും വീഞ്ഞും ഉള്ള പ്രഭാതങ്ങൾ ….
മണൽത്തരികൾ രാഗം മൂളുന്ന സായാഹ്നങ്ങൾ…
ചന്ദ്രിക വിടർന്ന രാത്രികൾ…
ഗോപുര ജാലകത്തിലെ ചിറകടികൾ… ഇനി അവയൊന്നും ഒരിക്കലും കാണില്ല, കേൾക്കില്ല. സ്വർണ്ണം മങ്ങിപ്പോകുന്നു. തങ്കത്തിന് എന്തേ ശോഭ കുറഞ്ഞു?
മരുഭൂമിയിലെ കാറ്റ് ഒരു പൂച്ചയെ പോലെ ശലമോനെ തട്ടിക്കളിക്കുന്നത് അസ്മേദേവൂസ് കണ്ടു. മട്ടുപ്പാവിലെ കൂടാരത്തിലിരുന്ന തുത് മോസക്ക് ആ ദൃശ്യങ്ങൾ കാട്ടി കൊടുത്തു. ശലമോന്റെ പിടച്ചിൽ കണ്ട് റാണിയ്ക്ക് ക്രൂരമായ ആനന്ദം തോന്നി.
കണ്ണുകൾ കനൽ തെളിഞ്ഞു.
റാണിയെ പ്രീതിപ്പെടുത്തുവാൻ രാജാവ് ആഗ്രഹിച്ചു.
“ശലമോനെ നശിപ്പിക്കട്ടേ.?
അവൾ പറഞ്ഞു.
” വരട്ടെ…, അയാൾ എത്ര ദൂരം പോകുമെന്ന് നോക്കാം …. “
അസ്മേദേവൂസ് ചിരിച്ചു.

(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com

You may also like