പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 1 – ശേബയിലെ റാണി

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 1 – ശേബയിലെ റാണി

ഒരു സായാഹ്നത്തിൽ യെറുശലേമിലെ രാജകീയ ഉദ്യാനത്തിൽ ശലമോൻ രാജാവ് നടക്കാനിറങ്ങി. നഗരത്തിന്റെ ദാഹം ശമിപ്പിക്കുന്ന ഉറവ കവാടത്തിനു താഴെയായിരുന്നു ആ ഉദ്യാനം. വെളുപ്പും ചോപ്പും നിറഞ്ഞ പനിനീർപ്പൂക്കളും ആകാശ ലില്ലിയും, തുളസിയും ,ചതകുപ്പയും ജീരകവും പോലെയുള്ള ഔഷധ ചെടികളും തോട്ടത്തിലെ മുന്തിരി പോലുള്ള മെലാഞ്ചി കുലകളും ആയിരം തലയുള്ള സർപ്പത്തെ പോലെ മതിലിൽ പടർന്ന ഈസോപ്പും, കയ്പ്പൻചീരയും കടുകും, പോപ്പിയും മുൾച്ചെടികളും പിന്നെ ഗ്രീഷ്മത്തിൽ ഇല പടർത്തുന്ന ബദാമും കാലത്തിനു സാക്ഷിയായ ഓക്കും ആരും കൊതിക്കുന്ന അത്തിയും സ്വർണ്ണം പൂശിയ ഒലിവും രക്തം കിനിയുന്ന മാതളവും ഒക്കെ ചേർന്ന വലിയൊരു ഉദ്യാനമാണത്. ആ ഉദ്യാനത്തിലെ ഓക്കുമര ചുവട്ടിൽ നിൽക്കുമ്പോൾ രാജാവ് ഒരു കാഴ്ച കണ്ടു. ഓക്ക് മരത്തിന്റെ ചില്ലയിൽ നിന്ന് ഒരില താഴേക്ക് അടർന്നു വീഴുന്നു…….

രാജാവ് നിശ്ചലനായി. രാജമണ്ഡപത്തിലെ സദസ്യർ പറഞ്ഞ കാര്യങ്ങൾ അപ്പോൾ ഓർമ്മവന്നു.

ശലമോൻ രാജാവ് എഴുന്നെളളി. ശില്പികൾ തീർത്ത ദന്തസിംഹാസനം തങ്കത്തിൽ പൊതിഞ്ഞിരുന്നു. ഇരിപ്പടത്തിന്റെ കൈപ്പിടികളിൽ സിംഹരൂപങ്ങൾ ഉണ്ട് .അവയുടെ കണ്ണുകൾ തിളങ്ങിയിരുന്നു. ആ സിംഹാസനത്തിന് ആറ് പടികളുണ്ടായിരുന്നു. ഓരോ പടിയിലും ഓരോ ജോഡി സിംഹങ്ങൾ… ചവിട്ടുപടിയിൽ ദേവദാരു പലക വിരിച്ചിരുന്നു. ആ ദന്തസിംഹാസനത്തിന് പിന്നിലായി ഏഴുതിരിയുള്ള എണ്ണവിളക്ക് സദാ എരിഞ്ഞിരുന്നു. ഓരോ വിളക്കുകാലിലും പിതാമഹൻമാരുടെ ചിത്രങ്ങൾ കൊത്തിവെച്ചിരുന്നു. മുത്തും പവിഴവും പതിപ്പിച്ച ആ പടികൾ കയറുമ്പോൾ സിംഹങ്ങൾ ഓരോന്നായി തല ഉയർത്തും. സിംഹാസനത്തിൽ ഇരിക്കുമ്പോൾ രണ്ട് കഴുകൻമാർ രത്നം പതിപ്പിച്ച ഒരു തങ്കകീരീടം ആ ശിരസ്സിൽ വെക്കും.

രാജാവ് ആരുഢനായി.

ആകാശത്തിന് കീഴിൽ നടക്കുന്നതെല്ലാം ആരായാനും ആലോചിക്കാനും ശലമോൻ സദാ മനസ്സു വെച്ചിരുന്നു.

മനുഷ്യപുത്രർക്ക് സദാ കഷ്ടപ്പെടുന്നതിനുള്ള ഒരു പ്രവൃത്തി.

“ഈ നരജന്മത്തിൽ ഒരുവന് ചുരുക്കം നാളുകളാണ് ലഭിക്കുക. ഏറിയാൽ അറുപത്. ദൈവാനുഗ്രഹമുണ്ടെങ്കിൽ എഴുപത്.അതിനുള്ളിൽ എന്തു ചെയ്യുന്നതാണു് മനുഷ്യന് ഉത്തമം?”.

എസ്രാഹിയനായ ഏതാൻ പറഞ്ഞു.

“ദൈവത്തെ ഭയപ്പെട്ട് അവൻ്റെ കൽപ്പനകൾ പാലിക്കുക.”

രാജാവ് ആരാഞ്ഞു.

“ദുഷ്ടരുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം ലഭിക്കുന്ന നീതിമാൻമാർ ഉണ്ട് . അതു പോലെ നീതിമാൻമാരുടെ പ്രവ്യത്തികൾക്ക് യോജിച്ച പ്രതിഫലം ലഭിക്കുന്ന ദുഷ്ടരും ഉണ്ട്.”

മറുപടി പറയാൻ ക്ലേശിച്ചപ്പോൾ അയാൾ ഇരുന്നു. മാഹോലിന്റെ പുത്രനായ ഹേമാൻ എഴുന്നേറ്റു..

“വിജ്ഞാനം തേടുക. ജ്ഞാനത്താലാണ് ദൈവം ഭൂമിയെ സ്ഥാപിച്ചത്. വിവേകത്താലാണ് ആകാശത്തെ പ്രതിഷ്ഠി ച്ചത്. അറിവാലാണ് ഭൂമിയെ മെനഞ്ഞെടുത്തത്.”

രാജാവ് പറഞ്ഞു.

“വിജ്ഞാനം ഏറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർദ്ധിപ്പിക്കുന്നവൻ സങ്കടവും വർദ്ധിപ്പിക്കുന്നു.”

ദർദ്ദ എഴുന്നേറ്റു.

വെളിച്ചം ഇരുളിനെ വെല്ലുന്നതു പോലെ വിജ്ഞാനം ഭോഷത്തത്തെ വെല്ലുന്നു. ജ്ഞാനി വെളിച്ചത്തിൽ നടക്കുന്നു. ഭോഷൻ അന്ധകാരത്തിലും.എന്നിട്ടും അവർക്കെല്ലാം ഒരേ വിധി വന്നു ചേർന്നിരിക്കുന്നു. പണ്ഡിതർക്കും പാമരർക്കും കാലം ഒരേ കുഴിമാടം ഒരുക്കിയിരിക്കുന്നു. ഭോഷനു സംഭവിക്കുന്നത് തന്നെയാണ് പണ്ഡിതർക്കും സംഭവിക്കുക. പക്ഷേ അവർ അത് ഒരിക്കലും അറിയുന്നില്ല. ചുവപ്പ് പരവതാനിയിലേയ്ക്ക് നോക്കിയപ്പോൾ രാജാവിന് വെറുപ്പ് തോന്നി. ഈ പ്രപഞ്ചത്തിൽ ആരെക്കുറിച്ചും നമുക്ക് നിത്യസ്മരണയില്ല. വരും കാലങ്ങളിൽ തീർത്തും വിസ്മൃതരാകും. ഭൂമിയിലെ ചരാചരങ്ങൾ അത് ഗ്രഹിച്ചിരിക്കുന്നു. പക്ഷേ മനുഷ്യൻ അറിയില്ല.ജ്ഞാനം തേടി സൂര്യനു കീഴെ ഭോഷനെ പോലെ അലയുന്നു……. ജീവിതം വ്യർഥമോ?

പണ്ഡിതർ നിശബ്ദരായപ്പോൾ കവി ചിരിച്ചു.

“പ്രഭോ , ലോകത്തെ അറിയുന്നവൻ ഇരുട്ടിലാണ് .പ്രപഞ്ചത്തെ അറിയുന്നവൻ കൂരിരിട്ടിലും. “

രാജാവിന് കൗതുകം തോന്നി.

“അതുകൊണ്ട് അന്തരംഗം വിജ്ഞാനത്തിലേക്ക് നയിക്കപ്പെടുമ്പോൾ തന്നെ ഹൃദയത്തെയും ഉന്മേഷപ്പെടുത്തുക എന്നതാണ് ഞാൻ കണ്ടെത്തിയത്.”

അന്തിക്ക് വീഞ്ഞടിച്ച് നഗരത്തിലെ വേശ്യത്തെരുവുകളിൽ അലഞ്ഞുതിരിയുന്ന കവിയെ ഓർത്തപ്പോൾ രാജപുരോഹിതൻ പുഞ്ചിരിച്ചു.

രാജാവ് കരം ഉയർത്തിയപ്പോൾ സിംഹാസന പടികളിലെ സിംഹം വായ് തുറന്നു.

” ഹൃദയത്തിന് ഉൻമേഷം പകരുന്നതിൽ വീഞ്ഞും സുന്ദരികളായ സതീരത്നങ്ങളും ശ്രേഷ്ഠം. അവയെക്കാൾ മികവാർന്നതായി എന്തുണ്ട് ഈ ലോകത്തിൽ ?”

സദസ്സ് നിശ്ശബ്ദമായി. പഞ്ചഗ്രന്ഥിയിലെ ചുരുളുകൾ സദാ ഹൃദയത്തിൽ ചേർത്തിരുന്ന പുരോഹിതൻ സാബൂദിന് അത് ഇഷ്ടമായില്ല.

“പ്രഭോ, മഞ്ഞുകട്ടയുടെ തണുപ്പും അഗ്നിയുടെ ചൂടും വ്യാഘ്രത്തിന്റെ ക്രൂരതയും വജ്രത്തിന്റെ കാഠിന്യവും കലർന്നവളാണ് സ്ത്രീ . ആദിപിതാവായ ആദത്തിന് പറുദീസ നഷ്ടമായത് ഒരു സ്ത്രീ മൂലമാണു് “

ഉദ്യാനത്തിലെ ചവിട്ടടിപ്പാതയിൽ ആ ഓക്കില കിടന്നു. മണ്ണിൽ നിന്നു വന്നു. മണ്ണിലേയ്ക്ക് തന്നെ മടങ്ങുന്നു. രാജാവ്‌ ചിന്താകുലനായി. ആ മരത്തിന്റെ ചില്ലകളിൽ ഒരു പറ്റം ഉപ്പുപ്പൻ പക്ഷികൾ പറന്നിറങ്ങിയിരുന്നു. ഓറഞ്ച് കീരിടമുള്ള പക്ഷികളിൽ ശലമോന് ഒരു കൗതുകം തോന്നി. ദേശാടാന പക്ഷികളാണ്. അവയിൽ ഒന്നിനെ പിടികൂടി. കിളിക്കൂട് കാലിയാണ്. കൂട്ടിലടച്ചാൽ സായാഹ്നത്തിലെ ഏകാന്തത മാറ്റാം…….

രാജാവ് തലോടി. പക്ഷേ പക്ഷിയുടെ ഹൃദയം വിറയാർന്നു. ഏകാന്ത തടവാണ് വിധിച്ചിരിക്കുന്നത്. ആകാശത്തെയും പ്രാണപ്രിയയെയും പിരിയുന്നത് ഓർത്തപ്പോൾ അവന് കടുത്ത ഇച്ഛാഭംഗം തോന്നി. ഒരു ഉപായം തോന്നി.

“അല്ലയോ രാജാവേ , എന്നെ സ്വതന്ത്രനാക്കിയാലും അങ്ങേയ്ക്ക് അത്യധികം പ്രിയങ്കരമായ ഒരു കാര്യം ഞാൻ ചെയ്യാം …. “

രാജാവ് ചോദിച്ചു.

“എന്താണത്?”

” തെക്കൻ ദേശമായ ശേബയിൽ അതിസുന്ദരിയായ ഒരു റാണിയുണ്ട്. റാണി ബിൽക്കീസ് . അവരോട് അങ്ങയെപ്പറ്റി പറയാം. മറ്റാരോടും അനുരാഗം തോന്നാത്ത വിധത്തിൽ അങ്ങയുടെ ഗുണഗണങ്ങളെ പറ്റി വാഴ്ത്തി പറയാം. “

രാജാവിന് കൗതുകം തോന്നി. ബിൽക്കീസിനെക്കുറിച്ച് കേട്ടപ്പോൾ മോഹം തോന്നി. അധരത്തിനു കീഴിലെ തേനും പാലും നുണയാൻ കൊതി തോന്നി.

രാജാവ് കരം തുറന്നു.

ഉപ്പുപ്പൻ പക്ഷിയുടെ ചിറകുകൾക്ക് ജീവൻ വെച്ചു. ആകാശത്തിലേയ്ക്ക് പറന്നുയർന്നു.

രാജ്യഭാരത്തിന്റെ ബാഹുല്യങ്ങൾക്ക് ഇടയിൽ രാജാവ് ആ പക്ഷിശ്രേഷ്ഠനെ മറന്നു. പക്ഷേ അവൻ മറന്നില്ല. മരുഭൂമിക്ക് മീതെ പറക്കുമ്പോൾ തെക്കൻദേശത്തേക്ക് തിരിഞ്ഞു. ശേബ രാജ്യത്തിൽ എത്തി. കൊട്ടാര ഗോപുരത്തിൽ ചെന്നിരുന്നു. സായാഹ്നക്കാറ്റ് കൊള്ളാനായി ആ ഗോപുരത്തിൽ റാണി വന്നിരുന്നു. സഖിയോടൊത്ത് റാണി ആഗതയായപ്പോൾ വിശ്വൈകരാജാവായ ശലമോന്റെ ജ്ഞാനത്തെ പറ്റി പക്ഷി പറഞ്ഞു.

“അല്ലയോ റാണി, മർത്ത്യാകാരം പൂണ്ട ഒരു സൂര്യദേവൻ മരുഭൂമിക്കപ്പുറമുണ്ട്. ലെബനോനിലെ ദേവദാരു മുതൽ ഭിത്തിയിൽ പൊട്ടിമുളയ്ക്കുന്ന ഈസോപ്പു വരെയുള്ള തരുലതാതികളെക്കുറിച്ച് ആ മഹാശയൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. താരപഥത്തിലെ നക്ഷത്രങ്ങളെ നോക്കി കാലഗണന ചെയ്യാനറിയാം. സർവ്വോപരി ഭൂഗർഭത്തിലിരിക്കുന്ന സ്വർണ്ണത്തെ വേർതിരിക്കാനുള്ള രാസവിദ്യയും അറിയാം. “

ബിൽക്കീസിന് കൗതുകം തോന്നി.

ശലമോൻ രാജാവിനെ നേരിൽ കാണാനും ആ തിരുമുഖത്തു നിന്ന് പ്രപഞ്ചത്തെക്കുറിച്ച് അറിയാനും അത്യധികം മോഹിച്ചു. കുന്തിരിക്കും മീറയും ആയിട്ട് ശേബക്കാർ ലോകം മുഴുവൻ സഞ്ചരിച്ചിരുന്നു. പക്ഷേ സ്വർണ്ണം വേർതിരിക്കുന്നതിനുള്ള രാസവിദ്യ അറിഞ്ഞിരുന്നില്ല. റാണി പറഞ്ഞു.

“പ്രിയപ്പെട്ട പുതിയാപ്ള പക്ഷി , രാജാവിനെ നേരിൽ കാണാനുള്ള നമ്മുടെ മോഹത്തെ നീ തന്നെ അറിയിക്കുക. “

ഒരു സന്ദേശവുമായി പക്ഷി പറന്നുയർന്നു.

വിജ്ഞാനത്തിലും വിവേകത്തിലും സൗന്ദര്യത്തിലും മികവുറ്റ ബിൽക്കീസിന്റെ ആദരം ലഭിച്ചതിൽ ശലോമോൻ അത്യധികം സന്തുഷ്ടനായി.റാണിയുടെ സുന്ദരാകാരം നേരിൽ കാണാനും ആ വക്ഷസ്സിൽ ഒരു മാർകച്ചയാകാനും ശലമോൻ കൊതിച്ചു.. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. യെറുശലേം നഗരസീമക്കപ്പുറം ദുർഘടമായ പ്രകൃതിയാണ്. ചെങ്കുത്തായ മലകളും കറുത്ത സർപ്പശിലകളും അഗാധമായ ഗർത്തങ്ങളും അനന്തമായ മരുഭൂമികളും. അവ ഭേദിക്കാനാവതെ എത്രയോ പടയാളികളാണ് വീണടിഞ്ഞത്. മരുഭൂമിയെ ജയിച്ച ഈജിപ്തും ഏദോമും മോവാബും ആ ദുർഗ്ഗത്തിലെ ഊടുവഴികളിൽ കാലിടറി. വിജാതീയ ദേവസങ്കൽപങ്ങളെ തച്ചുടയ്ക്കാൻ വന്ന യഹൂദ രാജാവായ ശൗലിനും യെറുശലേം കോട്ട ദേദിക്കാനായില്ല. ഒരു ചതിയിലൂടെയാണ് ദാവീദിന് ആ നഗരം കീഴ്പ്പെടുത്തനായത്…
മരുഭൂമിയിൽ നിന്നുള്ള ഒരു ദൂതൻ രാജാവിനെ മുഖം കാണിച്ചു.ബിൽക്കീസ് റാണിയുടെ സന്ദേശം കണ്ട് ശലമോൻ മന്ദഹസിച്ചു

മരുഭൂമിയിൽ നിന്ന് പടിഞ്ഞാറോട്ട് നീളുന്ന വാണിജ്യ പാതയിലൂടെ സുഗന്ധങ്ങളും ക്രയവിക്രയ വസ്തുക്കളും കയറ്റിയ ഒട്ടകങ്ങൾ അതിവേഗം പൊയ്കൊണ്ടിരുന്നു. ദിവസങ്ങളുടെ മാത്രം ഇടവേളകളിൽ സാർത്ഥവാഹക സംഘങ്ങൾ വന്നു കൊണ്ടിരുന്നു. പടയോട്ടങ്ങളുടെ ഗോത്രസ്മരണകളിൽ നിന്ന് മോചനമില്ലാത്ത അറബികൾ ആ കടിഞ്ഞാൺ പിടിച്ചു. മരുക്കാറ്റിന്റെ രൗദ്രതയിൽ യാത്രക്കാർ പകൽ ആടി ഉലഞ്ഞു,രാത്രിയിൽ തണുത്തു വിറച്ചു….. രാത്രിയിൽ തീ കൂട്ടി. അഗ്നികുണ്ഡത്തിന് ചുറ്റും ഗോത്ര കഥകളുടെ ചൂടും വെളിച്ചവും പരന്നു.

ഒടുവിൽ യെറുശലേം കുന്നുകൾ ദൃശ്യമായി. സൂര്യൻ പടിഞ്ഞാറ് ചാഞ്ഞിരുന്നു. നഗരം അന്തിവെയിലിന്റെ പൊന്നിൽ കുളിച്ചു നിന്നു. ദാവീദിൻ്റെ പൊൻ ഗോപുരം കണ്ടപ്പോൾ കണ്ണീരും കഷ്ടപ്പാടും അവർ മറന്നു. ഒട്ടക നോട്ടക്കാരൻ ഓർത്തു. മരുയാത്രയിലെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ ഇനി കഥകൾ മാത്രം. കരയാൻ ഒരു കാലം , ചിരിക്കാൻ ഒരു കാലം. നഗരത്തിന്റെ ദൃശ്യം കണ്ടപ്പോൾ റാണിയും വിസ്മയിച്ചു.

“കുഞ്ചിരോമങ്ങൾ ഇത്രയെങ്കിൽ സിംഹം എപ്രകാരമായിരിക്കണം? “

ബിൽക്കീസ് നഗരകവാടം കടന്നു. അവസാനത്തെ ഒട്ടകവും താഴ്‌വര കവാടം പിന്നിടുമ്പോൾ നേരം പുലർന്നിരുന്നു. ശേബയിൽ നിന്ന് തിരിച്ചിട്ട് ഏതാണ്ട് ആറ് മാസം . രാജാവ് രാജരഥം അയച്ചിരുന്നു. രഥത്തിൽ കയറാൻ സേനാധിപൻ കരം പിടിച്ചു. റാണി മന്ദഹസിച്ചു. രാജവീഥിയിലൂടെ ശരവേഗത്തിൽ രഥം പാഞ്ഞപ്പോൾ ഉള്ളം കിടുങ്ങി. സേനാധിപൻ പുഞ്ചിരിച്ചു. പശ്ചിമസമുദ്രത്തിലേയ്ക്കുള്ള പാതയിലെ ഒരു പ്രധാനപ്പെട്ട പട്ടണമായിരുന്നു യെറുശലേം . കിഴക്കും പടിഞ്ഞാറും നിന്നുള്ള വിശിഷ്ട വസ്തുക്കൾ നിരത്തിയ തെരുവുകളും, അടിമകളെയും ആടുകളെയും കഴുതകളെയും വിൽക്കുന്ന ചന്തകളും,പഴങ്ങളും ധാന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന വഴിയോരച്ചന്തയും,ആൾത്തിരക്കേറിയ കവാടങ്ങളും, കോട്ടകളും ഗോപുരങ്ങളും വെള്ളയടിച്ച വീടുകളും കൊട്ടാരങ്ങളും ഒക്കെ ചേർന്ന മഹാനഗരം ….

കൊട്ടാരത്തിലെ അതിഥി മന്ദിരത്തിനു മുമ്പിൽ രഥം നിന്നു.

റാണിയെ കാണാനായി കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ശലമോൻ നിന്നു.

നഗരത്തിന് മീതെ മൂടൽമഞ്ഞ് പരന്നിരുന്നു. രാജരഥത്തിൽ നിന്ന് റാണി ഇറങ്ങി. മൂടുപടം എടുത്തു മാറ്റി. കൊട്ടാരവളപ്പിൽ നിലാവ് പരന്നതു പോലെ രാജാവിന് തോന്നി.

“വാസന്ത ചന്ദ്രിക ഉദിച്ചിരിക്കുകയാണോ?”

രാജാവിന്റെ അടുക്കൽ നിന്നിരുന്ന പ്രവാചകൻ പറഞ്ഞു.

” പ്രഭോ ,ശേബക്കാരിയെക്കുറിച്ച് പലവിധ കിംവദന്തികൾ നഗരത്തിൽ കേൾക്കുന്നുണ്ട്. അങ്ങ് സൂക്ഷിക്കണം. “

ശലമോൻ അത്ഭുതം കൂറി.

എന്താണ് ?

ശബ്ദം താഴ്ത്തി പറഞ്ഞു.

” ചിലർ പറയുന്നു അവൾ ഒരു ദുർദേവതയാണെന്ന്. “

രാജാവ് പുഞ്ചിരിച്ചു.

“ദുർദേവതയോ ? “

” അവിടുന്ന് ഒന്നോർത്ത് നോക്കിക്കെ…. ഒരു സ്ത്രീക്ക് എങ്ങനെയാണ് രാജാവാകാൻ കഴിയുക?”

അഹിയ താടി തടവി.

“അതുകൊണ്ട് അങ്ങ് ആ സ്ത്രീയെ കാണരുതെന്നാണ് എന്റെ അഭിപ്രായം. “

പ്രവാചകന്റെ കണ്ണുകളിലേക്ക് രാജാവ് സൂക്ഷിച്ചു നോക്കി. ഒരു തിളക്കം കണ്ടു. ആരോ പുരോഹിതനെ ചട്ടംകെട്ടി അയച്ചതാണ്. നയമാ മഹാറാണിയാണോ?

റാണിയെ പ്രശംസിക്കാറുള്ളത് ഓർമ്മ വന്നു .ബിൽക്കീസ് റാണിയെക്കുറിച്ചുള്ള നിറം പൊലിപ്പിച്ച വാർത്തമാനങ്ങൾ ആരോ അന്ത:പ്പുരത്തിൽ പറഞ്ഞിരിക്കാം. നിശബ്ദത കണ്ട് അഹിയ തുടർന്നു

“അത് ശരിയായിരിക്കാമെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് അങ്ങ് ആലോചിച്ച് നോക്കുക? “

രാജാവിന് കൗതുകം തോന്നി.

“എന്താണ് സംഭവിക്കുക ? “

കൊട്ടാരവളപ്പിലെ ചാണകം വാരുന്ന പരിചാരികയെ നോക്കി പറഞ്ഞു.

“അവൾ അങ്ങയെ അടിമയാക്കും. “

ഒരിക്കൽ കൂടി രാജാവ് ചിരിച്ചു . കരങ്ങൾ തിരുമ്മിക്കൊ ണ്ട് രാജാവ് പറഞ്ഞു.

“അങ്ങനെയെങ്കിൽ അത് നടന്നു കഴിഞ്ഞു. “

സ്ഫടിക മണ്ഡപത്തിലാണ് ശലമോൻ റാണിയെ സ്വീകരിച്ചത്. സ്ഥലജലഭ്രമമുണ്ടാക്കുന്ന മരുഭൂമിയിലെ മരീചിക .വടക്കുള്ള പർവ്വതത്തിൽ സൂക്ഷിച്ചിരുന്ന ഇന്ദ്രനീല കല്ലുകളും ആഴിയിലെ മുത്തുക്കളും ആ മണ്ഡപത്തിൽ പതിച്ചിരുന്നു. ദേവാലയവും കൊട്ടാരവും തീർത്ത ഹുറാം അബിയുടെ കരവിരുത്. ചില കൗശലങ്ങളും ഒളിപ്പിച്ചിരുന്നു. വെള്ളമില്ലാത്ത ഹിമഭൂമികൾ തടാകമാണെന്ന് തോന്നുക. തടാകങ്ങൾ മണലാഴിയെന്ന് തോന്നുക. കാറ്റിൽ മണൽത്തരികൾ മൂളുന്ന ഒരു മരീചികയും ആ മണ്ഡപത്തിൽ സൃഷ്ടിച്ചിരുന്നു. സായാഹ്നത്തിൽ മണ്ഡപത്തിലെ ആയിരം തിരികൾ തെളിയും. അപ്പോൾ ആയിരം സർപ്പങ്ങൾ ജലാശയത്തിൽ ഇഴയും. സായാഹ്ന കാറ്റിൽ സ്ഫടിക മണ്ഡപത്തിലെ മണൽത്തരികൾ ഒന്നു മൂളി തുടങ്ങി… രാജ പുരോഹിതനും മുന്നറിയപ്പ് കൊടുത്തു.

“തമാശ കാട്ടാനുള്ള സമയമല്ല ഇത്. “

“ശരി ഇപ്പോൾ തന്നെ ഇക്കാര്യം ഉറപ്പ് വരുത്തിയേക്കാം എന്താ പോരേ ?”

പുരോഹിതന് തൃപ്തിയായി.

റാണി സ്ഫടിക മണ്ഡപത്തിലേയ്ക്ക് നോക്കി. ആ മണ്ഡപത്തിന്റെ ഒരറ്റത്ത് ശലമോൻ രാജാവ് ഇരിക്കുന്നു..സ്ഫടിക നിർമ്മിതമായ പ്രതലത്തിലൂടെ റാണി നടന്നു. ആ സ്ഥലത്ത് വെള്ളമുണ്ടെന്ന് വിചാരിച്ച് ബിൽക്കീസ് ഉടുപ്പ് പൊക്കിപിടിച്ച് നടക്കാൻ തുടങ്ങി. സദസ്യർ ചിരിച്ചു.അപ്പോഴാണ് റാണിക്ക് അമളി മനസ്സിലായത്. മുഖം ലജ്ജകൊണ്ട് തുടുത്തു. ചേലൊത്ത ആ പാദങ്ങൾ കണ്ടപ്പോൾ തന്നെ രാജാവിന് ബോദ്ധ്യമായി.

“ദുർദേവതയല്ല. പക്ഷേ ആരെയും വശികരിക്കുന്ന കണംകാലുകളാണ്. …”

പുരോഹിതൻ ഇളിഭ്യനായി ചിരിച്ചു.

രാജാവിനെ വന്ദിച്ച് ഒരു ഇരിപ്പടത്തിൽ റാണി ഇരുന്നു. അബദ്ധം മറയ്ക്കാനായി വ്യാപാരകാര്യങ്ങൾ പറഞ്ഞു.

“നമ്മുടെ കുന്തിരിക്കത്തിനും മീറായ്ക്കും അങ്ങയുടെ തുറമുഖങ്ങൾ തുറന്ന് തരണം. “

രാജാവ് താടി ഉഴിഞ്ഞു.

“പകരം തെക്കൻ കടലിലെ നമ്മുടെ കപ്പലുകൾക്കുള്ള ശുദ്ധജലം ശേബ തരണം “

റാണി കരം ഉയർത്തി.

“ശരി സമ്മതിച്ചിരിക്കുന്നു. “

ജലാശയത്തിലേക്ക് നോക്കി രാജാവ് പറഞ്ഞു.

“ഇനി ഒരു നടനമായലോ? “

റാണി പുഞ്ചിരിച്ചു. കാനാൻകാരിയായ നർത്തകിയുടെ കടഞ്ഞെടുത്ത രൂപം കണ്ട് ആ കണ്ണുകൾ നക്ഷത്രം പോലെ വിടർന്നു. ജലാശയത്തിൽ ഒരു അരയന്നത്തെ പോലെ നർത്തകി നീരാടി. ദു:ഖവും സന്തോഷവും പ്രണയവും മുഖത്ത് തെളിയിക്കാതെ അതിലേക്ക് ലയിക്കുന്നത് കണ്ടപ്പോൾ അമ്പരപ്പ് ഒളിക്കാനായില്ല. ഒടുവിൽ അവൾ ഒരു കാറ്റായി. ജലാശായം ഒരു കടലും. കൽപ്പടവിൽ തിരമാലകൾ ചിതറി വീണപ്പോൾ റാണിയുടെ കരൾ തുടിച്ചു. കൽവിളക്കിൻ്റെ പ്രഭയിൽ ആ ജലകണങ്ങൾ സ്വർണ്ണ മുത്തുക്കളായി മാറിയിരുന്നു. നാലഞ്ചു മുത്തുക്കൾ പാദങ്ങളിൽ പതിച്ചപ്പോൾ റാണിക്ക് കുളിരിട്ടു. രാജാവിനെ നമസ്ക്കരിച്ച് നർത്തകി വിടവാങ്ങി.

രാജാവും റാണിയും മണ്ഡപത്തിലുടെ നടന്നു. ഹുറാം അബിയുടെ കരവിരുതുകൾ കാണാനായി രാജാവ് ക്ഷണിച്ചിരുന്നു.അവ കണ്ടപ്പോൾ ശലമോന്റെ പ്രതാപവും ശില്പകലാ അഭിരുചിയും മനസ്സിലായി. ഇനി അറിയേണ്ടത് ആ ജ്ഞാനമാണ്. റാണി ഒരു കടംകഥ ആരാഞ്ഞു.

” രാജാവേ ഉത്തരം പറഞ്ഞാലും …..അത് നമ്മളെ മരണത്തിൽനിന്ന് മടക്കി കൊണ്ടുവരുന്നു. ചിലപ്പോൾ കരയിക്കും മറ്റ് ചിലപ്പോൾ ചിരിപ്പിക്കും. ബാല്യത്തിലേക്ക് പോകാനും പിറവിയെടുക്കാനും ഒരു നിമിഷം മതി. ജീവിത കാലം മുഴുവൻ നമ്മളെ വിട്ടുപിരിയാത്ത ആ സുഹൃത്തിന്റെ പേരു് പറയുക.? “

ഒന്ന് പുഞ്ചിരിച്ചിട്ട് രാജാവ് പറഞ്ഞു.

” ഓർമ്മ. “

അവൾ അത്ഭുതപ്പെട്ടു.

എല്ല കടങ്കഥകൾക്കും രാജാവ് കൃത്യമായ മറുപടി നൽകി. റാണിക്ക് പറഞ്ഞ് കൊടുക്കാൻ കഴിയാത്തവണ്ണം ശലമോന് ഒന്നും അജ്ഞാതമായിരുന്നില്ല. റാണിയുടെ മനസ്സ് നിറഞ്ഞു. ആംഗ്യം കാട്ടിയിട്ട് രാജാവ് പറഞ്ഞു.
“വരുക, അത്താഴം ഭക്ഷിച്ചിട്ടാകാം വർത്തമാനങ്ങൾ “

അവൾ പുഞ്ചിരിച്ചു റാണിയുടെ കരം കോർത്ത് ഊട്ടുശാലയിലേക്ക് നടന്നു.

ആഴ്ചയിലെ മൂന്നാം ദിനം ന്യായാസനമണ്ഡപത്തിൽ രാജാവ് എഴുന്നെള്ളിയിരുന്നു. വിധികൾ കേൾക്കാൻ റാണി ഇരുന്നു. റാണി വിസ്മയിച്ചു. പരഹൃദയ ജ്ഞാനം ഉണ്ടെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് രാജാവ് വിധിച്ചിരുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുന്ന മനുഷ്യന് അവൻ വിജ്ഞാനവും അറിവും ആനന്ദവും നൽകുന്നു.

താഴ് വരയിലേക്ക് രാജാവ് ക്ഷണിച്ചു. പാറയുടെ പിളർപ്പിലും ചെങ്കുത്തായ മലകളുടെ മറവിലും ഇരിക്കുന്ന പ്രാവിന്റെ കൂജനം കേട്ടു. അത്തിക്കായ്കൾ പഴുത്തിരുന്നു. മുന്തിരിവള്ളികൾ പൂവിട്ടു. അവയുടെ പരിമളം പരന്നു.

വയലിലെ ലില്ലി പൂക്കൾക്കിടയിൽ മേയുന്ന മാൻകുട്ടികളെ കണ്ടപ്പോൾ ആ മാറിടം തുടിച്ചു. ഒരു ദിവസം ശലമോന്റെ ആലയം കാണാനും പോയി. മരുഭൂമിയിലെങ്ങും ഖ്യാതി കേട്ട ദേവാലയം. ഏതാണ്ട് ഇരുപത് മുഴം വീതിയും അതിന്റെ ഒന്നര ഇരട്ടി ഉയരവും , മൂന്നിരിട്ടി നീളവും ആലയത്തിന് ഉണ്ടായിരുന്നു. അന്തർ മന്ദിരത്തിന്റെ ഭിത്തികൾ ദേവദാരു പലകകൾകൊണ്ടു പൊതിഞ്ഞിരുന്നു.കായ്കനികളും വിടർന്ന പൂക്കളും കൊത്തിവെച്ചിരുന്നു. ആലയത്തിന്റെ അകം തങ്കത്തിൽ പൊതിഞ്ഞിരുന്നു. ദേവാലയത്തിന്റെ അകത്തളത്തിൽ റാണി കടന്നത് പുരോഹിതർക്ക് ഇഷ്ടമായില്ല.അവർ പിറുപിറുത്തു.

വനഗൃഹവും പഴയ നഗരവും റാണി സന്ദർശിച്ചു. ലെബനോനിലെ ദേവദാരുക്കൾ കൊണ്ട് നിർമ്മിച്ച ആ വനഗൃഹത്തിലാണ് കൊട്ടാരം പടയാളികൾ വസിച്ചിരുന്നത്. വിശിഷ്ടാതിഥികൾക്കു വേണ്ടി മല്ലൻമാർ പിടികൂടിയിരുന്നു. ആ പിടിയും തടയും കണ്ട് റാണി വിസ്മയിച്ചു. ഗ്രന്ഥപ്പുരയിലും പോയിരുന്നു.ചുരുളുകൾ തുറന്നു .ആനയും കുരങ്ങും കിഴക്കൻ ദേശത്തെ ചന്ദനവും അകിലും കുരുമുളകും സമുദ്രത്തിന് അക്കരയുള്ള വെളുത്തീയവും ……

ഉദ്യാനത്തിൽ നടക്കുമ്പോൾ റാണി ആരാഞ്ഞു.

“അങ്ങേക്ക് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമോ? “

ശലമോൻ പുഞ്ചിരിച്ചു.

“ചരവും അചരവും ആയ വിശ്വപ്രപഞ്ചം നമ്മളോട് മന്ത്രിക്കുന്നുണ്ട്. അത് കേൾക്കാനായി കാതുകൾ അടച്ച് ആന്തരിക കർണ്ണങ്ങൾ തുറക്കുക. “

ഇലമർമ്മരങ്ങൾ റാണി കേട്ടു.

പണ്ട് കിഴക്ക് നിന്നു ഒരു ജ്ഞാനി ദാവീദ് രാജാവിനെ കാണാൻ കൊട്ടാരത്തിൽ വന്നു. അദ്ദേഹത്തിന് ശലമോനെ ഇഷ്ടമായി. മടങ്ങാൻ നേരത്ത് അതീവ രഹസ്യമായി മൃഗഭാഷ പഠിപ്പിച്ചു.

റാണി പറഞ്ഞു.

“അങ്ങയെക്കുറിച്ച് ഉപ്പുപ്പൻ പക്ഷി ചില കാര്യങ്ങൾ പറഞ്ഞിരുന്നു. പക്ഷേ ഇവിടെ വന്ന് നേരിൽ കാണുന്നതു വരെ ഞാനത് വിശ്വസിച്ചില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും കേട്ടതിനേക്കാൾ എത്രമേൽ അതിശയിക്കുന്നതാണ്. അങ്ങയുടെ പുത്രൻമാരെ പ്രസവിച്ച ഭാര്യമാർ എത്രയോ ഭാഗ്യവതികളും. “

“ഞാനും ഭാഗ്യവാനാണ്. “

ഭവതിയെ പോലെ ഒരു മഹതിയെ പരിചയപ്പെട്ടാൻ കഴിഞ്ഞതിൽ എന്റെ ജീവിതം ധന്യം.. ഈ സായാഹ്നം അന്വശരമാക്കാൻ നാം ആഗ്രഹിക്കുന്നു. ഭവതി നമ്മോടത്ത് അൽപം വീഞ്ഞു കുടിക്കുമോ ?.”

അവൾ പുഞ്ചിരിച്ചു.

റാണി വിശ്രമിച്ചു. അവൾ നെടുവീർപ്പെട്ടു.

ഹാ, അയാളുടെ ഇടതു കരം എന്റെ തലയ്ക്കു കീഴിലായിരുന്നെങ്കിൽ , വലതു കരം എന്നെ വലയം ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

തളർച്ച മാറ്റാൻ ആപ്പിൾ പഴം തിന്നു. അയർച്ച തുടർന്നു.

സായാഹ്നത്തിൽ തോഴി ഉണർത്തി. മന്ത്രകോടി ധരിച്ചു. ഒരു പരിചാരികയെ രാജാവ് അയച്ചിരുന്നു.

അവർ നടന്നു.

ഇടനാഴിയുടെ അറ്റത്ത് രണ്ട് പടയാളികൾ നിന്നിരുന്നു. റാണിയെ കണ്ടപ്പോൾ ആ കണ്ണുകൾ ഒന്നനങ്ങി. അവൾ വാതിലിൽ ഒന്നു തട്ടി. അൽപം സമയം കടന്നു പോയി. പിന്നെ ഒരു കാലടി ശബ്ദം അടുത്തു വരുന്നത് കേട്ടു. അതു നിലച്ചപ്പോൾ വാതിലിൻ്റെ ഇരുമ്പുസാക്ഷകൾ കരയുന്ന ശബ്ദമായി. ഒടുവിൽ ഒരു തേങ്ങലോടെ ഇരട്ട പാളികൾ മലർക്കെ തുറക്കപ്പെട്ടു. വാല്യക്കാരിയുടെ മുഖം പ്രത്യക്ഷമായി.

റാണി ആ മുറിയിലാകെ കണ്ണോടിച്ചു. ശുഭ്ര നിറമാർന്ന മച്ച്…. ദേവദാരു പലകൾ കൊണ്ട് തീർത്ത ഭിത്തികൾ.. ആ ഭിത്തികളിൽ ഒന്നു രണ്ട് ശില്പങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഒരു കലമാൻ ശില്പത്തിൽ കണ്ണുകൾ ഉടക്കി.. മരുഭൂമിയിലെ ഉണങ്ങിയ കുറ്റിച്ചെടി പോലുള്ള ചില്ലിക്കൊമ്പുകൾ , നീല രത്നം പതിച്ച കണ്ണുകൾ. ആ ശിൽപ്പത്തിന് താഴെയാണ് ഓട്ടുകണ്ണാടി. അതിന് മുന്നിലായി ലേപനച്ചെപ്പുകൾ നിരത്തിയ പീഠം. ഒന്നു രണ്ട് ചെപ്പുകൾ മറിഞ്ഞുകിടന്നിരുന്നു.
അവൾക്ക് കൗതുകം തോന്നി ഒരു ആട്ടിൻ കൊമ്പുതുറന്നു.

മക്ക ക്ഷേത്രത്തിലെ ധൂപക്കുറ്റി തുറന്നതു പോലെ മനോജ്ഞമയൊരു സുഗന്ധം മുറിയിലാകെ പടർന്നു. ആ മുറിയിൽ ഒരു അഗ്നികുണ്ഡം എരിഞ്ഞിരുന്നു.

രാജാവ് റാണിയെ പുറം വാരത്തിലേക്ക് ക്ഷണിച്ചു. പടിഞ്ഞാറൻ കുന്നുകളിൽ സൂര്യൻ ഒരു പന്തമായി എരിഞ്ഞിരുന്നു. രാജാവിൻ്റെ കണ്ണുകളിലും തിളക്കം ദൃശ്യമായി.അവൾ അത്ഭുതപ്പെട്ടു.

കുസൃതിയോ കൗതുകമോ എന്ന് വേർതിരിച്ചറിയാനാവാത്ത ഒരു ഊർജപ്രവാഹം ! ശലമോൻ്റെ കാമുകിമാർ അത് ഏറെ വിലമതിച്ചിരുന്നു. ആ കണ്ണുകളിൽ തൻ്റെ രൂപം പ്രതിഫലിച്ചു കാണാൻ അവനെ പ്രണയിച്ചർ അത്യധികം മോഹിച്ചിരുന്നു. ശലമോൻ പറഞ്ഞു.

“തന്ത്രികൾ മുറുക്കിയ കിന്നരം പൊഴിക്കുന്ന സുഭഗനാദം പോലെയാണ് ആനന്ദം ഉളവാക്കേണ്ടത് .”

ബിൽക്കീസ് മന്ദഹസിച്ചു.

“ശരിയാണ് അയഞ്ഞ കമ്പികൾ മീട്ടിയാൽ എന്ത് നാദമാണ് “

ശലമോൻ ചിരിച്ചു. പിന്നെ ആരാഞ്ഞു.

” സ്വയംനാദം പുറപ്പെടുവിക്കാൻ ഒരു കിന്നരത്തിന് കഴിയുമോ?”

റാണി നാണിച്ചു. മുഖം അസ്തമന സൂര്യനെ പോലെ ചുവന്നു. കിഴക്ക് ഗോപുരമുകളിൽ വാസന്ത ചന്ദിക പുഞ്ചിരിച്ചു.

രാജാവ് ഒരു കവിൾ വീഞ്ഞ് നുകർന്നു. പിന്നെ റാണിയുടെ കരത്തിൽ പിടിച്ച് പറഞ്ഞു.

“ഈ വീഞ്ഞിനേക്കാൾ ലഹരി നിൻ്റെ അധരത്തിലെ തേനിനുണ്ട്.”

അവൾ വ്രീളാവിവശയായി.

കൊതിപ്പിക്കാനായി ചുവന്നുതുടുത്ത മാതള പഴം റാണി കാട്ടി. ശലമോനെ എരിപൊരി പൊള്ളിക്കാൻ തക്ക മാദകഗന്ധം അതിൽ നിറച്ചിരുന്നു. ആ പഴം വാസനിച്ചു നോക്കി. അത് പിളർന്നപ്പോൾ ആയിരം രത്നങ്ങൾ ശലമോൻ കണ്ടു. ഒരു പ്രാവിനെ പോലെ അവൾ കുറുകി കൊണ്ടിരുന്നു. ആ മാരകേളിയിൽ ശലമോൻ വിശപ്പും ദാഹവും മറന്നു. രാജ്യത്തേയും റാണിമാരെയും മറന്നു..

പ്രഭാതത്തിൽ തീ അടുപ്പിൻ്റെ മുന്നിൽ തണുപ്പു മാറ്റി. ബദാം പരിപ്പും ആപ്പിളും ഭക്ഷിച്ച് ക്ഷീണമകറ്റി. പകൽ മുഴുവൻ റാണിയുടെ ഗന്ധം നുകർന്ന് പരവതാനിയിൽ കിടന്നു. മുഖം കാണിക്കാനായി കൊട്ടാരത്തിൽ വന്നവർ നിരാശരായി . ഊട്ടു മേശയിലെ സ്നേഹിതരും ഹതാശരായി . സായാഹ്നത്തിൽ അന്തിക്കൂട്ടിനുള്ള കന്യകമാരുടെ നാമപ്പെട്ടിയുമായി വന്ന വിചാരിപ്പുകാരനും ഭഗ്നാശനായി.

രാത്രിയിൽ സിദോനിയ റാണിക്ക് ഉറക്കം വന്നില്ല. അന്ന് അവളുടെ ഊഴമായിരുന്നു. തിരിഞ്ഞും മറിഞ്ഞും തൂവൽ കിടക്കയിൽ കിടന്നു. വല്ലാത്ത ഒരു വീർപ്പുമുട്ടൽ…… മാറിടത്തിനെ മുറുക്കിയിരുന്ന പറ്റുടുപ്പ് അവൾ വലിച്ചു കീറി.

പ്രഭാതത്തിൽ ശയ്യാഗൃഹത്തിൻ്റെ വാതിലിൽ രാജമാതാവ് മുട്ടി വിളിച്ചു.

ബെത് ശേബയെ കണ്ട് മന്ത്രിമാർ സങ്കടം ബോധിപ്പിച്ചിരുന്നു.കളിവാക്കുകൾ പറഞ്ഞ് തീ കായുകയായിരുന്നു രാജാവും റാണിയും.

വാല്യക്കാരി പറഞ്ഞു.

“അവിടുത്തെ കാണാൻ രാജമാതാവ് ആഗതയായിരിക്കുന്നു”.

ശലമോൻ എഴുന്നേറ്റു. അമ്മയെ ആനയിച്ച് തീ അടുപ്പിന് അരികെ ഇരുത്തി. രാജാവ് ആരാഞ്ഞു.

” അമ്മക്ക് എന്ത് വേണം?”

ബെത് ശേബ പറഞ്ഞു.

“മകനേ, നീ രാജ്യത്തെ വിസ്മരിച്ചിരിച്ചിരിക്കുകയാണ് .രാജസദസ് നിൻ്റെ എഴുന്നെള്ളത്തിനായി കാത്തിരിക്കുന്നു.അതു കൊണ്ട് ഈ റാണിയെ പറഞ്ഞയക്കുക.”

റാണിയെ പിരിയുന്ന കാര്യം ഓർത്തപ്പോൾ ശലമോന്റെ മുഖം മ്ലാനമായി.

“ഇവളെ പിരിയാൻ എനിക്ക് മനസ്സുവരുന്നില്ല! വിവാഹം കഴിച്ചാലോ എന്നാലോചിക്കുകയാണ്.”

രാജമാതാവ് പറഞ്ഞു.

“അരുത് മകനെ…പാല് പാലിനോടാണ് ചേരേണ്ടത്. അല്ലാതെ തൈരിനോടല്ല.. അപ്രകാരം ചേർന്നാൽ നല്ല പാലും പുളിക്കും”

രാജാവ് പുഞ്ചിരിച്ചു.

“ഞാനത് കാര്യമാക്കുന്നില്ല;

രാജമാതാവിൻ്റെ മുഖം ഗൗരവത്തിലായി.

” ഇവൾ ഭർതൃഘാതകിയാണ്.”

രാജാവ് റാണിയുടെ നേരേ നോക്കി.

അവൾ ശിരസ്സനക്കി.

ശേബ ഭരിച്ചത് അതിക്രൂരനായ ഒരു രാജാവായിരുന്നു. അയാൾക്ക് മന്ത്രി പുത്രിയിൽ മോഹമുദിച്ചു. അയാൾ എതിർത്തു. പിതാവിനെ വധിച്ച് പുത്രിയെ സ്വന്തമാക്കി. ബിൽക്കീസ് കരഞ്ഞില്ല.ആദ്യ രാത്രിയിൽ തന്നെ പിതൃഘാതകനെ വകവരുത്തി. ശേബയുടെ രാജാവായി.

രാജാവ് വിഷണ്ണനായി.

ഒരു മനുഷ്യന് കൊതിക്കുന്നതിൽ ഒട്ടും കുറവില്ലാത്ത തരത്തിൽ സമ്പത്തും സമൃദ്ധിയും ബഹുമതിയും ദൈവം വാരികോരി കൊടുക്കാറുണ്ട്. പക്ഷേ അത് ആസ്വദിക്കുന്നതിനുള്ള അവസരം ഒരിക്കലും തൽകാറില്ല.

രാജമനസ്സു മാറിയതിൽ റാണിക്ക് അതിശയം തോന്നിയില്ല. ഇനി ഇവിടെ തുടരുക രാജാവിനും തനിക്കും നന്നല്ല.

“അടിയനെ നാട്ടിലേയ്ക്ക് മടങ്ങാൻ അനുവദിക്കുക. “

തന്നെ പ്രീതിപ്പെടുത്തുന്നവരെ വെറും കയ്യോടെ പോകാൻ രാജാവ് അനുവദിച്ചിരുന്നില്ല.

“എന്താണ് നിൻ്റെ ആഗ്രഹം ? നഗരമോ കപ്പലുകളോ സ്വർണ്ണഖനികളോ എന്തായാലും ചോദിക്കാം.”

അവൾ ഒന്നാലോചിച്ചു .

നഗരത്തിൽ വ്യാപാരം ചെയ്തിരുന്ന അറബികൾ റാണിയെ സന്ദർശിച്ചിരുന്നു. അവർ സങ്കടപ്പെട്ടു റാണി പറഞ്ഞു:

“സ്വർണ്ണവും വെള്ളിയും എന്റെ ഭണ്ഡാരത്തിലുണ്ട്. അമാവാസി ബലിയർപ്പിക്കാൻ അറബികൾക്ക് നഗരത്തിലെ ഗിരിയിൽ ഒരു ഇടം തരുക. “

രാജാവ് അമ്പരുന്നു.

ശലമോൻ്റെ മുഖം മൂടൽ മഞ്ഞിൽപ്പെട്ട സൂര്യനെ പോലെ വിളറി. യെറുശലേം നഗരത്തിൽ അന്യദേവന് എങ്ങനെയാണ് മണ്ണ് കൊടുക്കുക?

അയാൾ റാണിയെ തുറിച്ചു നോക്കി.

അവൾ പരിഹസിച്ചു.

“കോഴിമുട്ട പോലെയായി പോയല്ലോ അവിടുത്തെ വാഗ്ദാനം “

ആ കുത്തുവാക്കിൽ രാജാവിൻ്റെ നെഞ്ചിൽ ചോരപൊടിഞ്ഞു.

രാജാവ് എഴുത്തുകാരനെ വിളിച്ചു വരുത്തി പറഞ്ഞു.

“ഒലിവുമല അറബി ദേവന് പതിച്ചു കൊടുക്കുക.”

ഹാഷേമിന്റെ പാദപീഠമായ യെറുശലേമിൽ സൂര്യദേവന് ഒരു ബലിപീഠം ഉയരുന്നതിൽ മുഖ്യ പുരോഹിതൻ അസ്വസ്ഥനായി.

(തുടരും )

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like