പൂമുഖം LITERATUREകവിത പേരുകൾ

പേരുകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അച്ഛന്റെ അച്ഛന്റെ പേരാണ് എനിക്ക്
അതിനാൽ, ചിലപ്പോൾ
ഞാനൊരു നെടുമ്പുരയാണെന്ന് എനിക്ക് തോന്നും
മരിച്ചുപോയവരാരോ പാർക്കുന്നിടമെന്നും

അപ്പോൾ രണ്ടുപേരുടെ ആയുസ്സിലേക്ക്
ഓളംവെട്ടുന്ന തിരയോ,
അസ്തമയത്തിലേക്ക്‌
തെന്നുന്ന കപ്പലോ ആണ് ഞാൻ.

ഒരിക്കലൊരു നിലവിളക്കിനു മുമ്പിൽ
മഷിനോട്ടക്കാരനൊരാൾ, എന്നെ പിടിച്ചിരുത്തി
കാണാതായ അച്ഛനെ കണ്ടുപിടിക്കാൻ പറഞ്ഞു

‘കുട്ടികൾ എല്ലാം കാണുന്നു’
അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു
മുമ്പിലെ തളികയിലെ കറുത്ത മഷിക്കൂട്ടിൽ
അയാൾ കാണുന്ന പട്ടണവും തെരുവും
എനിക്കും കാണിച്ചു തന്നു.
” നിരത്തിലലയുന്ന നിന്റെ അച്ഛനെ കാണാനുണ്ടോ”
അയാൾ ചോദിച്ചു:
“നിന്റെ അച്ഛന്റെ വേഷം പറയാൻ പറ്റുമോ?”

വിളക്കിലെ നാളം എന്റെ കണ്ണുകളിലാടാൻ തുടങ്ങി
തിരികളെരിയുന്ന മണം എന്നെ ശ്വാസം മുട്ടിച്ചു
അതുവരെയും ഉണ്ടായിരുന്ന പട്ടണം
പൊടുന്നനെ കെട്ടു

പിന്നെയും കുറെ നാളുകൾക്കുശേഷം
വീട്ടിലേക്കു തിരിച്ചുവന്ന അച്ഛനെ കണ്ടപ്പോഴും
എനിക്കു തിരികളെരിയുന്ന അതേ മണം കിട്ടി
അച്ഛൻ മരിക്കുന്നതുവരെയും അതേ മണം നീണ്ടുനിന്നു.

അച്ഛൻ അച്ഛന്റെ അച്ഛന്റെ പേര് എനിക്കു തരുമ്പോൾ
അച്ഛന്റെ അച്ഛനെയാകുമോ അതോ
എന്നെയാകുമോ
അച്ഛൻ മടിയിലിരുത്തിയിരിക്കുക
ചിലപ്പോൾ എനിക്കു ചിരിവരുന്നു.

എന്റെ തന്നെ പേരുള്ള ഒരാളുടെ നോട്ടം, പക്ഷെ
എന്റെ ചിരിയെ മായ്ക്കുന്നു, പെട്ടെന്ന്
ഒരു സ്മാരകശിലപോലെ ഞാൻ നിശ്ശബ്ദനാവുന്നു.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like