പൂമുഖം LITERATUREലേഖനം ജനപക്ഷത്തു നിന്ന് ഒരു നയരേഖ

ജനപക്ഷത്തു നിന്ന് ഒരു നയരേഖ

ഒന്നാം വാർഷികം ആഘോഷിക്കുന്ന രണ്ടാം ഇടതു സർക്കാരിന്റെ മുൻപിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഒന്നാമതായി കെ റെയിൽ നീട്ടി വെക്കണം. അതിനുള്ള രണ്ട് സുപ്രധാന കാരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

1. റെയിൽവേ ഒരു കേന്ദ്ര വകുപ്പാണ്. വൻ നിക്ഷേപം ആവശ്യപ്പെടുന്നത്. കേരളം പോലെ വിസ്തീർണം കുറഞ്ഞ ഒരു സംസ്ഥാനത്തിന് മാത്രമായി -stand alone- ആയി ഓടിച്ചു വിജയിപ്പിക്കാൻ അസാധ്യമായ ഒന്ന്. നാളെ ദേശീയ നെറ്റ് വർക്കുമായി ബന്ധിപ്പിക്കാൻ നിർബന്ധിതമായേക്കാവുന്ന സംവിധാനം. ഇന്ത്യൻ റെയിൽവേ ഭാഗികമായി സ്വകാര്യ വത്കരണത്തിലേക്കു നീ ങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പദ്ധതിയിൽ സംസ്ഥാനം സ്വന്തം നിലക്ക് വൻ കട ബാധ്യത ഏറ്റെടുത്തു നിക്ഷേപം നടത്തുന്നത് അതി സാഹസികതയാണ് . സാമ്പത്തിക അപക്വതയും അവിവേകവുമാണ്.

2. ഇടതു പക്ഷം ജനപക്ഷം എന്നല്ലേ സർക്കാരിന്റെ tag line? കെ റെയിലിന്റെ സ്ഥലമെടുപ്പിൽ ജന വഞ്ചനയുണ്ട്. ഇന്നല്ലെങ്കിൽ നാളെ ജനം അത് തിരിച്ചറിയും. കേരളത്തിലെ ഇടതു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തീരാ കളങ്കമാവും അത്. എന്തെന്നാൽ വിപണി വിലയുടെ നാലിരട്ടി നൽകും എന്നു പറയുന്നതിലെ വിപണിവില ഇന്ന് വിപണിയിൽ ക്രയവിക്രയം ചെയ്യുന്ന വിലയല്ല എന്നത് മറച്ചു വെക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തു നടന്ന ഏറ്റെടുക്കലുകളിൽ തുലോം കുറഞ്ഞ വിലയാണ് വിപണി വിലയായി അധികൃതർ നിശ്ചയിക്കുക. ഇതിന്റെ രണ്ടിരട്ടി മാത്രമേ കൊടുക്കുന്നുള്ളൂ. നാലിരട്ടി ആയാൽ പോലും സ്ഥലത്തെ ക്രയ വിക്രയ വില യോടടുത്തു മാത്രമേ വരികയുള്ളൂ. അപ്പോൾ പൊതു ആവശ്യത്തിന് കിടപ്പാടം വിട്ടു കൊടുക്കുന്നവന് എവിടെ നഷ്ടപരിഹാരം? കൈ നിറയെ പണം കിട്ടിയാൽ ആരാണ് സ്ഥലം വിട്ടു കൊടുക്കാത്തത് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കൈ നിറയുന്നോ എന്നല്ല CM, നിലവിലുള്ള അവസ്ഥയിൽ അഥവാ പൊടിക്ക് മെച്ചപ്പെട്ട പരിസ്ഥിതിയിൽ സ്ഥലം വിട്ടു നൽകിയവർക്ക് പുനരധിവസിക്കാൻ മതിയായ തുക കൊടുക്കുന്നുണ്ടോ എന്നാണ് ഉറപ്പു വരുത്തേണ്ടത്. ഇനി ശരിയായ നിരക്കിൽ പരിഹരിക്കാനാണെങ്കിൽ കെ റെയിലിന്റെ കാര്യത്തിൽ അതിഭീമമായ തുക വേണ്ടിവരും. അത് പദ്ധതി ചെലവ് ഗണ്യമായി വർധിപ്പിക്കും. സംസ്ഥാനത്തു ഗതാഗത സൗകര്യം വർധിപ്പിക്കുവാനായി പുതിയ ഹൈവേകളുടെ പണി നടക്കുന്നുണ്ടല്ലോ. ജലമാർഗം വികസിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. ആ സാഹചര്യത്തിൽ കെ റെയിൽ ഒരാശയമായി നില നിർത്തി, കൂടുതൽ പഠനങ്ങൾ നടത്തുന്നതാണ് കരണീയം. ലക്ഷക്കണക്കിന് വീടുകൾ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തു മാതൃകാ പരമായ പുനരധിവാസം ആവിഷ്കരിക്കാൻ കഴിയും. അതിനു സാവകാശവും സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണ പങ്കാളിത്തവും സമാഹരിക്കണം.

ഇപ്പോൾ അടിയന്തിരമായി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ :

1. മുല്ലപെരിയാറിൽ നിന്നു അധിക ജലം ടണലുകളിലൂടെ തമിഴ് നാട്ടിൽ സംഭരണികൾ നിർമിച്ചു അപ്പപ്പോൾ ക ടത്തുക. സ്റ്റാലിനുമായി ചർച്ച നടത്തി ടണലുകളുടെയും സംഭരണികളുടെയും നിർമ്മാണത്തിന് പദ്ധതിയുണ്ടാക്കുക. പുതിയ അണക്കെട്ടിനേക്കാൾ ഇരു സംസ്ഥാനങ്ങൾക്കും സ്വീകാ ര്യമായിരിക്കും ഇത്‌.

2. കേരളത്തിലുടനീളം പൊതു പാതയോരത്തു ശുചിമുറികൾ നിർമ്മിക്കുക. ഇതിനായി 2 സെന്റ് ഭൂമി വീതം സർക്കാർ വില കൊടുത്ത് വാങ്ങി ശുചിമുറികൾ പണിത് തൊട്ടടുത്തുള്ള ഏറ്റവും അർഹനായ ഒരു വ്യക്തിക്ക് 5 വർഷത്തെ വാടകയില്ലാ കരാറിൽ കൈമാറണം. വൃത്തിയായി സൂക്ഷിക്കുകയും ഉപയോക്താക്കളിൽ നിന്ന് നിശ്ചിത കൂലി വാങ്ങിക്കുകയും ചെയ്യുന്നത് കരാറിൽ ഉൾപ്പെടുത്തണം. ഇത്‌ തൊഴിൽ മേഖലയിലെ സർക്കാർ നിക്ഷേപമായി കണക്കാക്കണം. Local ബോഡിയുടെ മേൽനോട്ടം ഏർപ്പെടുത്തണം. ജനപ്രതിനിധികളുടെ വികസനഫണ്ടിൽ നിന്നു ഇതിനുള്ള മൂലധനം കണ്ടെത്താവുന്നതാണ്.

3. പൂട്ടി പാഴായികിടക്കുന്ന തുമ്പൂർമുഴി മാതൃക സംസ്കരണ കേന്ദ്രങ്ങൾ തുറന്നു ഏറ്റവും അടുത്തുള്ള അർഹതപ്പെട്ട ഒരുവനെ മേൽ മാതൃകയിൽ ഏൽപ്പിക്കുക. സ്ത്രീകളാണ് ഉത്തമം. നിശ്ചിത പരിധിയിലെ വീടുകളിൽ നിന്നു ജൈവ മാലിന്യം ശേഖ രിക്കുകയും, നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യാൻ അധികാരപ്പെടുത്തണം. വളം നിർമ്മിച്ചു വിൽ ക്കുന്നതിലൂ ടെയും വരുമാനം ഉണ്ടാക്കാം എന്നത് വ്യക്തികളെ സംബന്ധിച്ച് പ്രോത്സാഹന ജനകമാണ്. ഇതിൽ ബന്ധപ്പെട്ട എല്ലാവരുടെയും പൂർണ സഹകരണവും ജാഗ്രതയും ഉറപ്പു വരുത്തേണ്ടത് റെസിസ്ഡൻസ് അസോസിയേഷനുകളുടെയും വാർഡ് മെമ്പറുടെയും ചുമതലയാക്കണം. എല്ലാവിധ മാലിന്യങ്ങളും സംസ്കരിക്കുവാനുള്ള ആധുനിക വിദ്യ ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കണം. അതിനു ശേഷം ശരിയായ ശേഖരണത്തിന് ഏർപ്പാടുണ്ടാക്കണം. ഇവിടെയൊക്കെ സംരംഭക ത്വത്തിനും സാദ്ധ്യതകൾ ഉണ്ട്. അവയുടെ അഭാവത്തിൽ സർക്കാരിന്റെ സമ്പൂർണ ശുചിത്വ മുദ്രാവാക്യങ്ങൾ അപ്രാ യോഗികമായി തുടരും.

4. പുതിയ 250 ലധികം സർക്കാർ സ്കൂൾ കെട്ടിടങ്ങളിൽ ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ ആകർഷകമായ വേതനം കൊടുത്തു താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കണം. ഉച്ചഭക്ഷണ ത്തിനുള്ളതുപോലെ PTA, പഞ്ചായത്ത്‌ എന്നിവ ചേർന്നു സേവനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണം. ഇത്‌ ധാരാളം തൊഴിലുകൾ സൃഷ്ടിക്കും. മാത്രമല്ല കിഫ്‌ബി ഫണ്ട്‌ വിനിയോഗിച്ച് പൂർത്തിയാക്കിയ ഈ പൊതു നിർമ്മിതികൾ വൃത്തിഹീനമായി തീരരുത്. കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ വിദ്യാർത്ഥികളെ നിഷ്കർഷിക്കണം.

5. ആരോഗ്യകരമായ ഒരു മദ്യ ശീലം ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും, പൊതു സ്ഥലങ്ങളിൽ പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യണം. അളവിലും, രീതിയിലും, ഉപയോഗിക്കുന്ന ഇടത്തിന്റെ കാര്യത്തിലും മര്യാദയും, അച്ചടക്കവും, വരണം. ഉപയോഗിക്കുന്നവർ, വ്യാപാരികൾ, വിളമ്പുന്നവർ, കുടുംബങ്ങൾ എന്നിവർ സംസ്കൃതമായ മദ്യ ശീലത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിന് പാ ത്രമാവണം. ഈ രംഗത്ത് നിരന്തരമായ നിരീക്ഷണം ആവശ്യമുണ്ട്. മദ്യാർഥികൾ പരസ്യമായി ക്യു നിൽക്കുന്ന കാഴ്ച ഒഴിവാക്കാനുള്ള സംവിധാനം ആവിഷ്കരിച്ചു ഉടൻ നടപ്പാക്കണം.

6. മയക്കു മരുന്നിനെതിരെ സ്കൂൾ തലത്തിൽ ചെറിയ ക്ലാസ്സ്മുതൽ ശരിയായ അവബോധം ഉണ്ടാക്കണം. നിത്യവും അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലണം. നാലാം ക്ലാസ്സുമുതൽ പാഠപുസ്തകത്തിൽ മയക്കുമരുന്നുകളുടെ അപകടത്തെ കുറിച്ച് പാഠഭാഗം ഉൾപ്പെടുത്തണം. വന്പന്മാരുടെ ബിസിനസ്‌ ആയതിനാൽ ശിക്ഷാനടപടികൾ കൊണ്ട് കാര്യമായ ഫലം ഉണ്ടാവില്ല. അത് കൊണ്ട് വർജ്ജനത്തിനാവണം ഊന്നൽ.

7. സാംസ്‌കാരിക വകുപ്പ് സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കണം. ദശാബ്ദങ്ങൾക്ക് മുൻപ്, ഇത്രയും വിനിമയ ഉപാധികൾ ഇല്ലാതിരുന്ന കാലത്ത്, അശ്വമേധം, ശരശയ്യ തുടങ്ങിയ നാടകങ്ങൾ നിറവേറ്റിയ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ മാതൃകയിൽ നാടു നീളെ കലാവിഷ്കാരങ്ങളിലൂടെ ജീർണതയെ തുടച്ചു നീക്കണം. വാളയാറുകളും, പാലത്തായികളും ഗുണ്ടാവിളയാട്ടങ്ങളും ഇല്ലാതാക്കണമെങ്കിൽ സാംസ്‌കാരിക പരിവർത്തനം ഒരു മിഷൻ ആയി ഏറ്റെടുക്കണം. മുഖ്യസാഹിത്യകാരന്മാരും സിനിമാക്കാരും ഇടതുസർക്കാരിന്റെ അഭ്യൂദയകാംക്ഷികളാണെന്നിരിക്കെ ഈ ദൗത്യത്തിൽ അവരുടെ സഹകരണം ആവശ്യപ്പെടാൻ മടിക്കേണ്ടതില്ല.

8. സർക്കാർ മതപാഠശാലകളെ ഇനി മുതൽ പ്രോത്സാഹിപ്പിക്കില്ലെന്നുള്ള നയം സ്വീകരിക്കണം. വിദ്യാർത്ഥികളെ പൊതുസ്ഥാപനങ്ങളിലേക്ക് ആകർഷിക്കുവാൻ ശക്തമായ campaign നടത്തണം.

9. യുവാക്കൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അധ്വാനക്ഷമതയും ആഭിമുഖ്യവും വീണ്ടെടുക്കുവാൻ നടപടികൾ ആവിഷ്കരിക്കണം. വിദ്യാഭ്യാസം കഴിഞ്ഞതു മുതൽ വിരമിക്കൽ പ്രായം വരെയുള്ളവർ ഏതെങ്കിലും തരത്തിലുള്ള ക്രിയാത്മകമായ തൊഴിലിൽ ഏർപ്പെടാൻ പ്രചോദി പ്പിക്കപ്പെടണം. തൊഴിലിനെ സംബന്ധിച്ച പൊങ്ങച്ചങ്ങളും സങ്കോചങ്ങളും ഇല്ലാതാവുകയും തൊഴിലിന്റെ അഭിമാനവും അന്തസ്സും അംഗീകാരം നേടുകയും ചെയ്യുകയാണ് ഇതിലേക്കുള്ള മാർഗം. തൊഴിൽ രംഗത്തെ പ്രായോഗിക പരിശീലനം കരിക്കുലത്തിന്റെ ഭാഗം ആക്കുന്നത് ഒരു പരിധി വരെ സഹായിക്കും. ശുചിത്വത്തിലും തൊഴിൽ രംഗത്തും സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ഉന്നത നിലവാരം നേടിയാൽ മാത്രമേ വിനോദ സഞ്ചാര മേഖലയിൽ അർപ്പിക്കുന്ന നിക്ഷേപങ്ങൾ ഉത്പാദനക്ഷമമാവുക യുള്ളൂ . ഇടതു സർക്കാർ അത്യുത്സാഹത്തോടെ മുന്നോട്ടു വെക്കുന്ന സംരംഭക- വ്യവസായിക- ക്ലസ്റ്ററുകൾ, തോട്ടങ്ങളിലെ സമാന്തര കൃഷി, ഗാർഹിക കൃഷി തുടങ്ങിയ പദ്ധതികൾ ഫലം കൊയ്യണമെങ്കിൽ അധ്വാന ക്ഷമതയുള്ള ജനവിഭാഗം പ്രവർത്തന നിരതരാവണം. അവരുടെ ഊർജ്ജം സൃഷ്ടിപരമാവണം.

10. പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ പ്രാപ്തിയും വൈദഗ്ധ്യവുമുള്ള ഒരു ഹോം നഴ്സിംഗ് സർവീസ് ഉണ്ടാക്കണം. ഒരു ഉത്തരവാദിത്തവുമില്ലാതെ കാശുണ്ടാക്കാനുള്ള മാർഗമായിട്ടാണ് ഈ മേഖല ഇപ്പോൾ പ്രവർത്തിക്കുന്നത്. പരിശീലനം നൽകുന്ന ചിലവേയുള്ളൂ. വേതനം ഉപഭോക്താക്കൾ വഹിക്കുമല്ലോ.

ശേഷിച്ച നാലു വർഷം കൊണ്ട് തുടങ്ങി വെച്ച മലയോര തീരദേശ ഹൈവേകളും, കഴിയുന്നത്ര ജലപാതകളും പൂർത്തീകരിക്കാൻ ശ്രമിക്കയും നാടൊട്ടുക്കു തദ്ദേശീയ തൊഴിലുകൾ ഉല്പാദിപ്പിക്കുകയും, വിവിധ പാർപ്പിട പദ്ധതികൾ ലക്ഷ്യത്തിലേക്കടുപ്പിക്കുകയും, നിയമങ്ങളുടെയും സാംസ്‌കാരിക പ്രാവർത്തനങ്ങളുടെയും സഹായത്തോടെ സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരി, വർഗീയത, സ്ത്രീദ്രോഹം, അധോലോക ധനസമ്പാദനത്തോടുള്ള ആക്രാന്തം എന്നിവയെ നിർമാർജനം ചെയ്യുകയും ആണ് വേണ്ടത്. അപ്പോൾ സർവ മേഖലകളിലും പുത്തനുണർവും ശുഭകാംക്ഷയും ഉണ്ടാവുകയും ജനം കൂടുതൽ വികസന പദ്ധതികളെ സ്വീകരിക്കാൻ സജ്ജരാവുകയും ചെയ്യും. അന്ന് ഏറ്റവും ആധുനികവും ഭാ വിക്കുതകുന്നതും ( futuristic) ആയ ഒരു ത്വരിത ഗതാഗതം സംസ്ഥാനത്തു നടപ്പാക്കാം. തദ്ദേശീയമായ സാങ്കേതിക വിദ്യയും നിർമാണ വിദ്യയും അതിനു പര്യാപ്തമാവില്ലെന്നു ആരു കണ്ടു!

എയിഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം PSC ക്ക് വിടൽ, PSC യെ അഴിമതി മുക്തമാക്കൽ, ആദിവാസി ഭൂമി വിതരണം, അനധികൃത തോട്ടങ്ങൾ തിരിച്ചു പിടിക്കൽ, മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്‌ നിയമനം, പെൻഷൻ എന്നിവയെ സുതാര്യവും നിയമാനുസൃതവും ആക്കുക തുടങ്ങിയ വിഷയങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല. ഉടൻ ചെയ്യാവുന്നതും സങ്കീർണമായ നിയമ നടപടി കൾ ആവശ്യപ്പാടാത്തതും, കാല വിളംബം കൂടാതെ ഫലം ദൃശ്യമാവുന്നതും ആയ ഏതാനും മുൻഗണനാ നടപടികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

കെ റെയിലിന് ചില വിഭാഗങ്ങളിൽ നിന്നു ലഭിക്കുന്ന ആവേശവും പിന്തുണയും പലപ്പോഴും ഉപരിപ്ലവവും ദുരുദ്ദേശപരവും ആയിരിക്കും. കേന്ദ്രം അവ്യക്തമായ പാതിസമ്മതത്തിലൂടെ സംസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ്‌ കക്ഷികളെയും പിണറായി വിജയനെയും ഒരു ചുരുളിയിലേക്ക് നയിക്കുകയാണെന്ന് തോന്നുന്നു. അടിയന്തിരാവസ്ഥക്ക് വൻ ജനപിന്തുണയുണ്ടെന്നാണ് ഉപജാപക സംഘങ്ങൾ ഇന്ദിരാഗാന്ധിയെ ധരിപ്പിച്ചിരുന്നതെന്നു കേട്ടിട്ടുണ്ട്. അത്തരം രാഷ്ട്രീയ വൈറസുകളെ സർക്കാരും മുഖ്യമന്ത്രിയും സി പി എമ്മും തിരിച്ചറിയണം. വിവേകം കൈക്കൊള്ളണം. ത്രിപുരയിൽ ആഗോളകാലത്തെ ജനാഭിലാഷം തിരിച്ചറിയാതെ പോയി എന്നതായിരുന്നു സി പി എം ന്റെ വീഴ്ചയുടെ കാരണം. പല ജീവിത സൂചികകളിലും മുന്നിൽ നിൽക്കുന്ന കേരളത്തെ കടക്കെണിയിലാക്കി എന്ന കുറ്റം ചുമന്നു ഭരണമുള്ള ഏക സംസ്ഥാനം കൈവിടാൻ പിണറായി വിജയൻ കാരണഭൂതനാവരുത്.

കവർ ഡിസൈൻ: വിൽസൺ ശാരദ ആനന്ദ്

ഇമേജസ് : ഗൂഗിൾ ഇമേജസ്

Comments
Print Friendly, PDF & Email

You may also like