രസാനുഭൂതി ഉളവാക്കുക എന്നതാണ് കലയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹിത്യം ഒരു കലയാണ് എന്നതിൽ തർക്കമില്ല. ക്രിയേറ്റീവ് ലിറ്ററേച്ചർ അഥവാ സർഗാത്മക സാഹിത്യം രസാനുഭൂതി പകരുന്നത് അല്ലെങ്കിൽ അതിനെ ആ പേരിൽ വിളിക്കുന്നതിൽ എന്തർത്ഥം! എഴുത്തുകാരൻ ജീവിക്കുന്ന ജീവിതസാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ അയാളുടെ എഴുത്തുകളിൽ വന്നുചേരും എന്നുള്ളത് സ്വാഭാവികമാണ്. പക്ഷേ, കഥ അല്ലെങ്കിൽ നോവൽ എന്നു വിവക്ഷിക്കപ്പെടുന്ന സാഹിത്യ രൂപത്തിൽ അതൊക്കെ വന്നേതീരൂ എന്ന സിദ്ധാന്തം അംഗീകരിക്കാവുന്നതല്ല. അത് കലയുടെ ഭാഗമാണ് എന്ന് ആരും അഭിപ്രായപ്പെട്ടതായി അറിവില്ല. ഈ കഥ കൊള്ളാം കാരണം ഇതിൽ രാഷ്ട്രീയം ഉണ്ട്. ആ കഥ പാരിസ്ഥിതികപ്രശ്നങ്ങൾ അഡ്രസ്സ് ചെയ്യുന്നില്ല, അതിനാൽ അതു പോരാ. ഇക്കഥ ഉദാത്തമാണ്, കാരണം സമകാലിക സാമൂഹ്യ അവസ്ഥകളുടെ നേർക്ക് ഇത് ചോദ്യമെറിയുന്നു. ഇത്തരം ധാരണകൾ പല എഴുത്തുകാരിലും വായനക്കാരിലും വന്നുകൂടിയിട്ടുണ്ടെന്നാണ് ചിലപ്പോൾ എനിക്ക് തോന്നാറുള്ളത്. മനുഷ്യാവസ്ഥകളുടെ, വികാരങ്ങളുടെ സാന്ദ്രീകരണം എന്നതിനേക്കാൾ ധൈഷണികമായ എന്തെങ്കിലും മാറ്റം നൽകുന്നത് കൊണ്ട് മാത്രം ഒരു എഴുത്തും നല്ല കഥയായി മാറുന്നില്ല.
ധൃതരാഷ്ട്രപക്ഷത്ത് നിന്നുകൊണ്ടുള്ള മഹാഭാരത വായനയാണ് മാതൃഭൂമിയിലെ കഥ. വി. പി. ഏലിയാസിന്റെ ‘ഇരുളൻ.’ പറയുന്നത് ഇതിഹാസമാണ്.
ഇതിഹാസങ്ങളുടെ വിശദീകരണങ്ങളും പുനർവായനയുമൊക്കെ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല എന്ന് പറയാറുണ്ട്. ഈ കഥ, മഹാഭാരതത്തിന്റെ പുത്തൻ വായനയോ, കാണാത്ത കാര്യങ്ങളിലേക്കുള്ള നോട്ടമോ അല്ല. ധൃതരാഷ്ട്രരുടെ ആത്മഗതം. ഇതിഹാസവ്യാഖ്യാനമെന്ന രൂപേണ എഴുതിയതിനാൽ കുറച്ചൊക്കെ സംസ്‌കൃതീകരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. പണ്ട് ടെലിവിഷനിൽ കണ്ട മഹാഭാരതം പരമ്പരപോലെ തന്നെ സംഭാഷണം. പേരുകൾ മാറ്റിയാൽ പഴയകാല രാജാപ്പാർട്ട് സിനിമകൾപോലെ. ലേഖനസ്വഭാവം മുഴച്ചു നിൽക്കുന്ന വിശദീകരണങ്ങൾ. നല്ല ഒരു കഥയെന്ന് പറയാൻ തോന്നാത്ത ആവിഷ്കാരം.
കഷ്ടിച്ച് മൂന്നു പേജുകൾ കൊണ്ട് ഒരാളുടെ യാത്രയും മനസ്സിന്റെ ചാഞ്ചാട്ടങ്ങളും ജീവിതാവസ്ഥകളും പറയുക. അയാളുടെ കണ്ണുകളിൽ കൂടി മാത്രം കാര്യങ്ങളെ നമുക്ക് മുന്നിൽ തുറന്ന് വെക്കുക. ഓരോ വാചകവും കഥയുടെ പൂർണതയ്ക്ക് അത്യാവശ്യം മാത്രമാവുക. പ്രതിഭാധനരുടെ എഴുത്തുകളിൽ കാണാം ഈ ഗുണവിശേഷങ്ങൾ. കരുണാകരൻ ഭാഷാപോഷിണിയിൽ എഴുതിയ കഥ ‘നാലാമത്തെ യാത്ര’ മലയാളത്തിൽ സംഭവിക്കുന്ന ഏറ്റവും വിരളമായ കഥാഖ്യാനമാണ്. വായനക്കാരന് അറിയാമെങ്കിലും പ്രതീക്ഷിക്കാത്തവ കഥയിൽ സന്നിവേശിപ്പിക്കുന്ന പ്രാഗത്ഭ്യമുണ്ടിതിൽ. ഏറെക്കുറെ നോർമൽ ആയ കഥാനായകൻ, ഭൂതകാല സ്മരണകളാൽ അബ്നോരർമൽ ആയി ഒരു നിമിഷം. അത് കഥാകൃത്ത് പറയുന്നത് നോക്കുക.
“അപ്പോഴാണ് മറ്റൊരു ആഗ്രഹം, വേറെ ഏതോ ജന്മത്തിൽ നിന്ന് ഊർന്നിറങ്ങിയ പോലെ, എന്നെ വളഞ്ഞു പിടിച്ചത്. ജീവിതത്തിൻ്റെ ഒരു നിമിഷത്തിലേക്ക് എവിടെ നിന്നോ വന്നു വീഴുന്ന വേറെയൊരു കാലം പോലെ!’ മനസ്സിന്റെ ചാഞ്ചാട്ടം എന്നതിനേക്കാൾ, ഉന്മാദം എന്നോ, അന്യന്റെ കണ്ണുകളിൽ ഭ്രാന്ത് എന്നോ പറയാവുന്ന അവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്നത് ഇതിലും ഭംഗിയായി എങ്ങനെ പറയും!
സമകാലിക മലയാളം വാരികയിൽ പി കെ സുധി എഴുതിയ കഥയാണ് ‘ഏഴരപ്പൊന്നാന.’ പത്തു വയസ്സുള്ള പ്രായത്തിൽ തങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് തിരിച്ചെത്തുന്ന ഒരാളുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ് ഈ കഥ. ഇദ്ദേഹത്തിന്റെ അച്ഛൻ കപ്പടാ മീശക്കാരനായ ഒരു ഏട്ട് ആയിരുന്നു പോലും. പണ്ടൊക്കെ ഹെഡ് കോൺസ്റ്റബിൾ എന്ന് പറഞ്ഞാൽ ഒരു സ്റ്റേഷനിൽ കൂടിയാൽ ഒന്നോ ഒന്നര മാത്രമേ കാണൂ എന്ന് പറയുന്നു കഥാനായകൻ. ഏഴരപ്പൊന്നാനയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ പുകിൽ. ആ മോഷണത്തിലെ പ്രതി കഥാനായകന്റെ അച്ഛൻ ഹെഡ് കോൺസ്റ്റബിൾ ആണെന്ന് തോന്നുന്നു. അങ്ങനെ ഏതാണ്ട് ആണ് കഥ. കഥ പൂർണമായിട്ട് വായിച്ചാലും മനസ്സിൽ തട്ടുന്ന ഒരു വാചകമോ സംഭവമോ വികാരമോ ഭാഷാപ്രയോഗമോ ഇല്ല. ഒരാൾ അയാളുടെ ഭൂതകാലം ഓർക്കുന്നു. അത് നമ്മൾ ഇങ്ങനെ വായിച്ചു പോകുന്നു. ആഖ്യാതാവിന്റെ ഡ്രൈവർ കഥാവസാനം പറയുന്ന വാക്യത്തോട് ഇതുകൂടി കൂട്ടിച്ചേർക്കാം. ഹിസ്റ്ററിയിൽ വളരെ വീക്ക് എന്നത് മാത്രമല്ല സാർ, നിങ്ങളുടെ ഫാമിലി ഹിസ്റ്ററി കേട്ടിട്ട് പ്രത്യേകിച്ച് നമുക്ക് ഒരു കാര്യവുമില്ല സാർ.
ഫെബ്രുവരി മാസത്തിൽ സി വി ബാലകൃഷ്ണന്റെ ഒരു കഥ വന്നിരുന്നു മാധ്യമം വാരികയിൽ. ഉൽകൃഷ്ടമായ മനുഷ്യരും ഉണ്ട് എന്നായിരുന്നു കഥയുടെ പേര്. ജയിൽ പുള്ളികളായ രണ്ടുപേരുടെ കഥയായിരുന്നു അത്. ഇക്കുറിയും അതുപോലുള്ള ഒരു കഥ. (പേര് മാറ്റമുണ്ട്- ചോരപ്പൂവരശിന് ചോട്ടിൽ) പക്ഷേ ഈ പ്രാവശ്യം അതിൽ ആരും മരിക്കുന്നില്ല. രണ്ടു പേർക്കും ജാമ്യം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ സത്യത്തിന്റെ ആൾരൂപമായ ഗാന്ധിജിയുമുണ്ട്. പ്രതിഭ വറ്റി തുടങ്ങിയാൽ എഴുത്തുകാർ കഥകളുടെ എണ്ണം കുറയ്ക്കുകയാണെങ്കിൽ വായനക്കാർക്ക് ആവർത്തനവിരസത ഇല്ലാതെ കഴിക്കാം. വെറ്ററൻ എഴുത്തുകാരെക്കുറിച്ച് ഇതിലധികമൊന്നും പറഞ്ഞുകൂടാ എന്ന് തോന്നുന്നു.
തൊപ്പിക്കച്ചവടക്കാരന്റെയും കുരങ്ങന്മാരുടെയും പഞ്ചതന്ത്ര കഥ, പുതുക്കിപ്പറയുന്നു ശ്രീജിത്ത് കൊന്നോളി ദേശാഭിമാനി വാരികയിൽ.
ഏകദേശം കഥയുടെ മധ്യഭാഗം വരെ ഒന്നുംതന്നെയില്ല പുതിയതായിട്ട്. പിന്നീട് കുറെയേറെ ഫിലോസഫി എന്ന മട്ടിൽ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതിനുശേഷം സാംസ്കാരിക ഉന്നമനം അങ്ങനെയങ്ങനെ. കുരങ്ങന്മാരുടെ ഗംഭീര പ്രസംഗം. കഥ എന്നത് മാറി ലേഖനം എന്ന നിലവാരത്തിലേക്ക് ആണ് സംഗതി പോകുന്നത്. അവസാനം എത്തുമ്പോഴേക്കും പൈങ്കിളി സ്വഭാവത്തിൽ തീരുകയും ചെയ്യുന്നു. എങ്കിലും പ്രൈമറി കുട്ടികളിൽ സങ്കടമുണർത്തും വിധം കുരങ്ങന്മാരെ മനുഷ്യർ വെടിവെക്കുന്നതും വലയിട്ട് പിടിക്കുന്ന ദൈന്യതയുമൊക്കെ അത്യാവശ്യം കണ്ണ് നനയും വിധം പറഞ്ഞിരിക്കുന്നു. വെക്കേഷൻ കാലമായതിനാൽ ഇത് വളരെയേറെ കാലിക പ്രസക്തി ഉള്ള കഥയാണെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാവുന്നതാണ്.
മലയാള നാട് വെബ് പോർട്ടലിൽ രാഹുൽ ശങ്കുണ്ണി വളരെ ചെറിയ ഒരു കഥ എഴുതിയിട്ടുണ്ട്. ‘സമദൂരം’ എന്ന പേരിൽ. ഭാവുകത്വം, നാടകീയത, തുടങ്ങി കഥയിൽ ഉണ്ടാവേണ്ടുന്ന സവിശേഷതകൾ കമ്മി. എഡിറ്റിങ് കൊള്ളാം. വാചാടോപത ഇല്ലായെന്ന് പറയാം. പക്ഷേ, കഥ പുതിയ ആശയമോ അനുഭൂതിയോ പകരുന്ന ഒന്നല്ല. ജാതി മുന്തിയതാണെങ്കിൽ പണിയില്ലാത്തവർക്കും പെണ്ണ് കിട്ടും എന്നത് മാത്രമേ ഹൈ ലൈറ്റ് ആയി ഇതിലുള്ളൂ.
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്