പൂമുഖം LITERATUREനിരൂപണം കഥാവാരം 2

കഥാവാരം 2

വിക്തോര്‍യൂഗോയുടെ ‘ലേ മിസെറാബ്ല്’, ചെഖോവിന്റെ ‘ഗ്രീഫ്’ തുടങ്ങിയ കൃതികള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത് ദു:ഖം. പക്ഷേ അത് കേവല ലൗകികതയുടെ ദുഖമല്ല. കല കൊണ്ട് മാനുഷികാവസ്ഥകളെ പതുക്കെ പതുക്കെ അനാവരണം ചെയ്യുന്നത് കൊണ്ടും അതിനെ സാന്ദ്രീകരിക്കുന്നത് കൊണ്ടുമുള്ള ദുഖമാണ്. അത് കൊണ്ടാണ് അവയൊക്കെ ഉദാത്തമായ കലാസൃഷ്ടികളാവുന്നത്. വായിച്ചു കഴിയുമ്പോള്‍ കഥാപാത്രത്തോട് അനല്പമായ വൈകാരിക ബന്ധമുണ്ടാവുമെങ്കിലും, ആകാശദൂത് തുടങ്ങിയ സിനിമകള്‍ കണ്ടു കഴിഞ്ഞ് പ്രേക്ഷകന്‍ “അയ്യോ പാവേ!” എന്ന്‍ ആത്മഗതം ചെയ്യുന്നത്പോലെ മൃദുല വികാരങ്ങളുടെ ചപലാവിഷ്കാരമല്ല അവയുണ്ടാക്കുന്നത്. മറിച്ച്, ജീവിതത്തെയും ലോകത്തെയും കുറിച്ച് നമുക്കുള്ള ധാരണകള്‍ മാറ്റി, അനുധ്യാനത്തിന്റെ ഉന്നതിയിലേക്ക് നമ്മെ എത്തിക്കുകയാണ് ഈ സാഹിത്യ സൃഷ്ടികൾ ചെയ്യുന്നത്. വൈകാരികത അല്ലെങ്കിൽ അതിവൈകാരിക ഉണ്ടാവുമ്പോഴും ഒന്ന് ക്ലാസിക് സൃഷ്ടിയും മറ്റേത് പൈങ്കിളിയുമാവുന്നതിന് കാരണവും വേറൊന്നല്ല.

ദാമോദർ മൗജോ

ജ്ഞാനപീഠ ജേതാവായ ദാമോദര്‍ മൗജോയുടെ* രണ്ടു കഥകള്‍ മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു മാധ്യമം വാരികയില്‍. കൊങ്കണി ഭാഷയില്‍ രചിക്കപ്പെട്ട കഥ, പരിഭാഷയില്‍ പോലും ഇത്രക്കും ചൈതന്യവത്താണെങ്കില്‍ അതിന്റെ മൂലകഥ എത്രത്തോളം മനോഹരമായിരിക്കും. നേര്‍ച്ച, ഈ ശവം ആരുടേത് എന്നീ കഥകള്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടു പോയ തന്റെ പന്ത്രണ്ടു വയസ്സുകാരന്‍ മകനെക്കുറിച്ചോര്‍ത്തു ദുഖിക്കുന്ന ഒരു പിതാവിന്റെയും അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വികാരിയച്ചന്റെയും കഥയാണ് നേര്‍ച്ച. ഈ വാക്യം – കഥയുടെ ആശയം എന്താണെന്ന് പറയുന്ന വാചകം – പ്രതിഫലിപ്പിക്കുന്ന അര്‍ത്ഥത്തിനപ്പുറം, ദാമോദര്‍ മൗജോ എങ്ങനെയാണ് കഥ രചിക്കുന്നത്, അതിന്റെ പ്ലോട്ട് തയ്യാറാക്കുന്നത്, അതിലെ വാക്കുകള്‍ കഥാ സന്ദര്‍ഭത്തിന് അനുയോജ്യമായ വിധം സജീകരിക്കുന്നത് എന്നെല്ലാം അറിയണമെങ്കിൽ കഥ വായിച്ചേ തീരൂ. കഥയ്ക്ക് വളരെ അത്യാവശ്യമല്ലാത്ത വാചകങ്ങള്‍ അതിലുണ്ടോ? കഥ എങ്ങനെ തുടങ്ങുന്നു, എങ്ങനെ അവസാനിപ്പിക്കുന്നു, എങ്ങനെയാണ് കഥയുടെ വികാരം ഒരു അനുഭൂതി ആയി മാറുന്നത് എന്നൊന്നും മേല്‍ പറഞ്ഞ ഒറ്റ വാചകത്തിലുള്ള പരാമര്‍ശം കൊണ്ട് ലഭ്യമാകുകില്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് തന്നെ.

കാട്ടില്‍ താമസിക്കുന്ന ജനതയോട് എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാന്‍ ഭരണകൂടം ആവശ്യപ്പെടുന്നതും അവര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതും കാരണം, അവരാല്‍ ഉപേക്ഷിക്കപ്പെടുന്ന ദൈവത്തിന്റെ സങ്കടം പറയുന്ന കഥയാണ് ഈ ആഴ്ചത്തെ കലാകൗമുദിയില്‍ പ്രിന്‍സ് പാങ്ങാടന്‍ എഴുതിയ തെയ് വത്തിന്റെ ആലോചനകള്‍ എന്ന കഥ. ഈ ഒറ്റ വാചകത്തിലുണ്ട് കഥയെക്കുറിച്ച് എല്ലാം. അതിനപ്പുറം കഥയുടെ ജീവന്‍ ദുര്‍ബലമാണ്. തന്നോട് കാലാകാലങ്ങളായി വന്നു ആവലാതി പറയുന്ന കാട്ടു മനുഷ്യരെക്കുറിച്ച് തൈവം ഓര്‍ക്കുന്നു. തൈവത്തിന്റെ സങ്കടം പറച്ചില്‍ വായിക്കുന്നവരെക്കൊണ്ട് അനുഭവിപ്പിക്കാനോ, അതിനുമപ്പുറം എന്തെങ്കിലും ചിന്തിപ്പിക്കാനോ, വാക്കുകള്‍ കൊണ്ടുള്ള മനോഹാരിത ആസ്വദിക്കാന്‍ പറ്റും വിധം അവതരിപ്പിക്കാനോ ഈ കഥക്കായിട്ടില്ല. അത്യാവശ്യം പൂര്‍ണമായ പ്ലോട്ട് ഉള്ളത് കൊണ്ട് കുട്ടികള്‍ക്ക് ചിലപ്പോള്‍ രസിച്ചേക്കാം. കലാകൗമുദിയില്‍ രണ്ടാമത്തെ കഥ, കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍ എഴുതിയ ‘അസന്തുലിതം’. കമന്ററി നെടുനീളത്തില്‍. പ്രതിപാദ്യ വിഷയം സാധാരണ എഫ്ബി യിലെ സറ്റയറിക്കല്‍ കുറിപ്പിന് സമാനം. അവതരണ രീതിയില്‍ പുതുമ പറയാനൊന്നുമില്ല. ഇടക്ക് കുറച്ച് ജനറല്‍ നോളജ് കൂടി. എങ്കിലും വായിച്ചു പോകാവുന്ന ഒരു കഥ.

ശരാശരിക്കു മുകളില്‍, സുന്ദരമായി കഥ പറയാന്‍ കഴിവുള്ള എഴുത്തുകാരനാണ്‌ ശ്രീ വര്‍ഗീസ്‌ അങ്കമാലി. കുറെയേറെ വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ താമസമുറപ്പിക്കുന്ന മാര്‍ക്കോസിന്റെയും ആഗ്നസിന്റെയും ജീവിത സായന്തനം പറയുന്നു ഇപ്രാവശ്യത്തെ ദേശാഭിമാനിയിലെ ‘ആക്രി’ എന്ന കഥയില്‍. കാനഡയിലുള്ള മകനും ജര്‍മനിയിലുള്ള മകളും. വീല്‍ചെയറില്‍ ഇരുന്ന് ഇടക്ക് ജര്‍മ്മനിയിലുള്ള മകളോട് ആഗ്നസ് ഫോൺ വിളിച്ചു സംസാരിക്കും. വേറെ പുറം ലോകവുമായി ആക്ടീവ് ആയ ബന്ധമൊന്നുമില്ല അവര്‍ക്ക്. മകള്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ടുള്ള വിഷമമുണ്ട് ആഗ്നസിന്. വീട്ടില്‍ കൂട്ടി വെച്ചിരിക്കുന്ന ആക്രി പെറുക്കാന്‍ വരുന്ന വൈഗ എന്ന തമിഴ് പെണ്‍കുട്ടി, അവളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ അരശ് എന്നിവര്‍ കഥയെ ശരാശരിയില്‍ നിന്നും ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അവസാനം ആഗ്നസിന്റെ മരണവും, കുട്ടി വന്ന്‍ വീല്‍ ചെയറും ആഗ്നസ് കിടക്കുന്ന മുറിയും നോക്കുന്നതുമൊക്കെ കഥാകൃത്ത് പറഞ്ഞിട്ടുണ്ടെങ്കിലും സവിശേഷമായ അനുഭൂതി വായനക്കാരന് സമ്മാനിക്കാന്‍ ഇത്രയും പര്യാപ്തമാണെന്ന് പറയാന്‍ പറ്റില്ല.

വൈകാരികതയും ചാലനാത്മകതയും കൊണ്ട്, വായനക്കാരനിൽ ഒരു ഫീൽ ബാക്കി വെച്ചു പോകുന്ന കഥയാണ് മാതൃഭൂമിയില്‍ ശ്രീ സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ ഹിന്ദുസ്ഥാന്‍. എങ്കിലും ചില പോരായ്മകൾ പറയാതിരിക്കാൻ വയ്യ. മുയ്നുദ്ദീൻ, കാമില ആഖ്യാതാവ് ഇവരൊക്കെയും വളരെ വ്യക്തമായി നിർമ്മിക്കപ്പെട്ട കഥാപാത്രങ്ങളായിരിക്കെ, കഥയിലെ കേന്ദ്രബിന്ദുവായ ഭൂമി, ആ പെൺകുട്ടിയുടെ അമ്മ തുടങ്ങിയവർ കഥാപാത്രം എന്ന നിലക്ക് ദുർബലരാണ്. അവരുടെ വൈകാരിക പരിസരങ്ങളിലേക്ക് വായനക്കാരനെ കൊണ്ടു പോകാൻ എത്രത്തോളം സമർത്ഥമാണ് ഇക്കഥ എന്നത് ഒരു ചോദ്യം തന്നെ. പക്ഷിക്കൂട്ടങ്ങളുടെ ഇമേജറി ഉപയോഗിച്ചത് ഔട്ട്‌സ്റ്റാന്റിങ് എന്ന് പറയാൻ വയ്യ. സ്വാഭാവിക പ്രതിഭ ഉള്ളവർ എഴുതുമ്പോൾ അവ ബോറിംഗ് ആവില്ല എന്നേ ഉള്ളൂ. ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെടാത്തതിനാൽ ചില ഫീലിംഗ്സ് അപൂർണമായി മാത്രമേ വായനക്കാരനെ സ്പർശിക്കുന്നുള്ളൂ. പക്ഷേ അതിമനോഹരമായ ക്രാഫ്റ്റിങ്, അത്രതന്നെ സുന്ദരമായ എന്റിംഗ്.

കരുണാകരൻ

സമകാലിക മലയാളത്തില്‍ കരുണാകരന്‍ എഴുതിയ കഥയാണ് ‘മറുപാതി.’ കഥയില്‍ നിന്നും എടുത്തു മാറ്റാന്‍ പറ്റുന്ന എത്ര ഖണ്ഡികയുണ്ട്? അല്ലെങ്കില്‍ വാചകം? അതുമില്ലെങ്കില്‍ ഒരു വാക്ക്? ഒന്നുമില്ല എന്ന് തന്നെയാവും ഉത്തരം. മിസ്റ്റിക് അനുഭൂതിയാണ് അത് വായിച്ചു കഴിയുമ്പോള്‍ നമുക്കുണ്ടാവുക. ഈ അടുത്ത് വായിച്ചതില്‍ ഇത്രക്ക് മനോഹരമായി രാഷ്ട്രീയം പറയുന്ന, ജാതീയതയെക്കുറിച്ചും അതിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും പറയുന്ന കഥ വേറൊന്നില്ല. സ്മൃതിനാശം സംഭവിച്ചതിനു ശേഷവും ഗിരീശന്‍ മുടങ്ങാതെ ചെയ്തു കൊണ്ടിരുന്ന കാര്യം, ധരിക്കുന്നതിനു മുന്പ് ഷര്‍ട്ട്‌ മൂക്കിനോടടുപ്പിച്ച് വാസനിക്കുക. പരസ്പരം കുപ്പായങ്ങള്‍ കൈമാറുന്ന രണ്ടു സുഹൃത്തുക്കള്‍…
ആത്മാക്കളുടെ കൈമാറ്റത്തിന്റെ പ്രതീക്കാത്മകത..
ചണ്ഡാളനായി, അറിയപ്പെടാത്ത പട്ടണങ്ങളില്‍ മൂന്നു നായകളോടൊപ്പം മുഷിഞ്ഞു നാറിയ വസ്ത്രവും ധരിച്ച് ഓരോ മനുഷ്യനോടും മൃഗങ്ങളോടും അവരുടെ പേരും ജാതിയും ചോദിച്ചു അലഞ്ഞു തിരിയുന്ന ഒരു മനുഷ്യന്‍…
ആത്മാവ് മാത്രമായി നടക്കുന്നയാള്‍….!
വേറൊരു നാരായണ ഭ്രാന്തന്‍. അതി ഗംഭീരമാണ് ‘മറുപാതി.’
ജാതിയെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറയുമ്പോള്‍ തന്നെ, കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, മാനസിക സംഘട്ടനങ്ങള്‍, തുടങ്ങിയവ പരസ്പരം ചേര്‍ന്ന് നിന്ന് പൂര്‍ണതയുള്ള ചിത്രം വരക്കുന്നത് കൊണ്ടാണ് ഇത് രൂപലാവണ്യമുള്ള ഒരു കഥയാവുന്നത്.

കഥയ്ക്കിടയില്‍ ഏതെങ്കിലും കഥാപാത്രം വല്ല പൊളിറ്റിക്സും പറഞ്ഞാല്‍ അത് രാഷ്ട്രീയ കഥയാണെന്നും. ‘അവള്‍ക്ക് അവനോട പ്രണയമായിരുന്നു’, എന്ന് പറഞ്ഞാല്‍ അതൊരു റൊമാന്റിക് കഥയാണെന്നും, വിചാരിച്ചു പോകുന്ന ശുദ്ധന്മാരാണ് പലരും. കഥ ജിഗ്സോ പസില്‍ ആണെന്ന ധാരണയോടെ അതിനെ പല കഷണങ്ങളാക്കി വായനക്കാര്‍ക്ക് മുന്നില്‍ ഇട്ടു കൊടുത്ത് ‘മാച്ച് ഇറ്റ്‌’ എന്ന് പറയുന്ന അധ്യാപകരായി മാറുന്നുണ്ട് ചിലര്‍. അതിനാൽ, കലാംശം നിലനിൽക്കെ തന്നെ ഒരു തരം ഗെയ്മിംഗ് ലെവലിലേക്ക് കഥകൾ വഴി മാറുന്നു.

*വാരികയിൽ ദാമോദർ മൗജോ എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും കഥാകൃത്തിന്റെ പേര് Mauzo എന്നാണ്. ലിപിയില്ലാത്ത കൊങ്കണി കന്നഡയെയോ മറാത്തിയെയോ എഴുതാൻ ആശ്രയിക്കുമ്പോൾ za – ‘ജ’ ആയി മാറുന്നു.

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like