പൂമുഖം സ്മരണാഞ്ജലി കേൾവിയുടെ അതിരില്ലാത്ത ആനന്ദം

കേൾവിയുടെ അതിരില്ലാത്ത ആനന്ദം

‘ഏത് കവിത പാടണം നിൻ ചേതനയിൽ മധുരം പകരാൻ..
എങ്ങനെ ഞാൻ തുടങ്ങണം നിൻ സങ്കല്പം
പീലിവിടർത്താൻ!’

കേൾവിയുടെ അതിരില്ലാത്ത ആനന്ദം പകരുന്ന പാട്ടുകൾ കേട്ട് തുടങ്ങിയത് റേഡിയോക്കാലം തൊട്ടാണ്. എൺപതുക്കളുടെ തുടക്കം . ആകാശവാണിയിൽ അപ്പോൾ എസ്.ജാനകിയുടെ പാട്ടുകൾ ഇല്ലാത്ത നേരമില്. നിറയും മൗനമുറഞ്ഞ കല്ലിന് പോലും ചിറക് നൽകിയ ഭാവം. പാട്ടുകൾ നമുക്ക് സമ്മാനിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ കൂടിയാണല്ലോ. ജാനകിയുടെ ‘ശിങ്കാര വേലനേ ദേവാ ’ എന്ന ഐതിഹാസികമായ തുടക്കം തന്നെ അവരുടെ ജന്മസിദ്ധമായ ആലാപനവൈഭവത്തെ അടയാളപ്പെടുത്തുന്നു. പി ഭാസ്കരൻ/എം എസ് ബാബുരാജ് ജോഡിയുടെ പാട്ടുകളാണ് ജാനകിയെ മലയാളത്തിന്റെ പ്രിയ ഗായികയാക്കിയത്.

മൂടുപടത്തിലെ “തളിരിട്ട കിനാക്കൾ “അതിനുള്ള തുടക്കമായിരുന്നു. മലയാളിയല്ലാഞ്ഞിട്ടും ശ്രദ്ധയോടെ അന്യൂനമാക്കിയ അക്ഷരസ്ഫുടത (അതും വടക്കൻ കേരള ശൈലിയിൽ). ഏത് ഭാവത്തിലും പാടാനുള്ള അനായസത. കെ. രാഘവൻ ഈണമിട്ട “ഉണരൂണരൂ ഉണ്ണിപ്പൂവേ” എന്ന ഗാനം ആ ശബ്ദത്തിന്റെയും ആലാപനത്തിന്റെയും അനന്തസാദ്ധ്യതകൾ തുറന്നിട്ടു.

രണ്ടാം ഘട്ടത്തിൽ ജോൺസൺ ആണ് മികച്ച പാട്ടുകൾ ജാനകിയ്ക്ക് നൽകിയത് . കാറ്റത്തെ കിളിക്കൂടിലെ ‘ഗോപികേ നിൻ വിരൽ’, ഇത് ഞങ്ങളുടെ കഥയിലെ ‘സ്വർണമുകിലേ സ്വർണ്ണ മുകിലേ’ അവയിൽ രണ്ടെണ്ണം മാത്രം. എം ജി രാധാകൃഷ്ണന്റെ, ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’, ‘മൗനമേ നിറയും മൗനമേ’ എന്നീ പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെ. പിന്നീട് ഏറെ നാളുകൾക്കു ശേഷമാണ് ചാന്ത്പൊട്ടിലെ ‘ആഴക്കടലിന്റെ അങ്ങേക്കരയിൽ’ എന്ന വിദ്യാസാഗർ താരാട്ട് കേൾക്കുന്നത്.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഏറെ പാട്ടുകൾ. ബോളിവുഡിൽ മെലഡിയെക്കാൾ ഐറ്റം സോങ്ങുകളാണ് പാടിയിരുന്നത്. അത്രയ്ക്കും അപാരമായിരുന്നു ആ ശൈലിയുടെ വൈവിദ്ധ്യം. ഏറെ അവാർഡുകൾ ലഭിച്ചു. പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് നിരസിക്കാൻ കാണിച്ച ധൈര്യം എടുത്തു പറയത്തക്കതാണ്. എസ് ജാനകിയുടെ സ്വരം എന്നും കാതിലുണ്ടാവും. പൊന്നുരുകുന്ന ഒരു പൂക്കാലത്തിന്റെ ഓർമയായി, ഇളം മഞ്ഞിൻ കുളിരായി.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.