യുദ്ധകാലം ഓര്‍മ്മയില്‍ ഉണ്ടായിരുന്നവരായിരുന്നു സംഘത്തിലെ മിക്കവാറും പേര്‍. അന്ന് വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്കെതിരെ നടന്ന പ്രതിഷേധജാഥയില്‍ പങ്കെടുത്ത അനുഭവം സോമന്‍ പൊന്നമ്പലത്ത് ഇങ്ങനെ ഓര്‍മ്മിച്ചു:
“1965–66 കാലം. ഞാൻ ബത്തേരി ഗവ: സർവജനസ്കൂളിൽ ഒമ്പതിലോ പത്തിലോ പഠിക്കുന്ന കൊച്ചു പയ്യൻ. ഹോ ചി മിന്‍റെ നേതൃത്വത്തിൽ വിയറ്റ്നാം ജനതയാകെ അമേരിക്കൻ സൈന്യത്തിനെതിരെ പോരാടുന്ന കഥകൾ വീട്ടിൽ വന്നിരുന്ന ദേശാഭിമാനി പത്രത്തിലൂടെ ആവേശത്തോടെ വായിച്ചിരുന്ന ദിവസങ്ങൾ.
അന്നത്തെ കെ എസ് എഫ് – ഇന്നത്തെ എസ് എഫ് ഐ – ആ വർഷത്തെ ആഗസ്റ്റ് 15, ‘വിയറ്റ്നാം ദിനം’ ആയി ആചരിക്കാൻ ആഹ്വാനം നൽകിയിരുന്നു. സ്കൂളിലെ പതാകയുയർത്തലിന് ശേഷം ഞങ്ങൾ കുറച്ചു വിദ്യാർത്ഥികൾ ജാഥയായി ബത്തേരി ടൗണിലേക്കിറങ്ങി; വിയറ്റ്നാമിനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചു.മാർ ബേസിൽ ടാക്കീസ് കടന്ന് ചുങ്കത്തോടടുത്ത ജാഥയെ ടൗണിൽ നിന്നെത്തിയ കെ.എസ് യു സംഘം ആക്രമിച്ചു. കുട്ടികളായ ഞങ്ങൾ മഴ പെയ്യുന്ന വഴികളിലൂടെ നാനാദിശകളിലേക്ക് ചിതറിയോടി. വീട്ടിലെത്തിയ ഞാൻ മൂന്ന് നാലു ദിവസം പനിച്ചുകിടന്നു. വിയറ്റ്നാമിനോടുള്ള അന്നത്തെ ആ സ്നേഹം പൊള്ളുന്ന ഒരു പനിയായി മനസ്സിൽ കിടന്നു.
ദശകങ്ങൾക്കിപ്പുറം ഒരു വിദേശയാത്രയ്ക്ക് പദ്ധതിയിട്ടപ്പോൾ, ‘വിയറ്റ്നാമിലേക്ക് പോകാം’ എന്ന നിർദ്ദേശം ഞാന്‍ മുന്നോട്ട് വെച്ചു. സുഹൃത്തുക്കൾ സന്തോഷത്തോടെ അത് സ്വീകരിച്ചു.”
കു ചി ടണലുകളും വിയറ്റ്കോങ് ഒളിപ്പോരാളികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും എതിരാളികളെ കുരുക്കാന്‍ അവരൊരുക്കിയിരുന്ന പല തരം കെണികളും ചുറ്റിനടന്നുകണ്ടു-
ഗൈഡ് അന്നത്തെ കഥകള്‍ വിസ്തരിച്ചു-
അത് ചരിത്രവഴികളിലൂടെയുള്ള നടത്തവുമായിരുന്നു.
“അന്ന് ഈ നടപ്പാതകളൊന്നും ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. എവിടെയൊക്കെയാണ് ചതിക്കുഴികള്‍ – എവിടെയൊക്കെയാണ് ഭൂഗര്‍ഭപാതകളിലേയ്ക്കുള്ള തുരങ്കമുഖങ്ങള്‍ എന്നറിയാന്‍ കല്ലിലും പാറയിലും അവര്‍ കുഞ്ഞിക്കുഞ്ഞി അടയാളങ്ങള്‍ കോറിവെച്ചിരുന്നു.
അത്തരം ഒരു ‘+’ ഞങ്ങള്‍ക്കായി ഗൈഡ് തൊട്ടുകാണിച്ചു. അങ്ങനെ ചിലതൊക്കെ സന്ദര്‍ശകര്‍ക്കായി പിന്നീട് കഥയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടവയായും ഉണ്ടാവാം. എന്നാലും ഉണങ്ങിയ ഇലകള്‍ മൂടി നാട്യങ്ങളില്ലാതെ കിടന്ന ആ വനഭൂമിക്കടിയില്‍ അന്നെന്നോ നടന്ന പടനീക്കങ്ങളുടെ ദൃശ്യങ്ങളും ‘നിശബ്ദമായ’ ഒച്ചപ്പാടും കവി പറഞ്ഞതുപോലെ, ‘കണ്ണടയ്ക്കുക – കാണാം ; കാത് പൊത്തുക – കേള്‍ക്കാം’ എന്നതാണ് സത്യം.
ഞെരുങ്ങി മാത്രം പ്രവേശിക്കാവുന്ന – മെലിഞ്ഞ ഒരാള്‍ക്ക് നിവര്‍ന്നുനി ല്‍ക്കാന്‍ മാത്രം കഴിയുന്ന- ‘ഒളിക്കുഴിക’ളില്‍ ഇറങ്ങി, . മുകളില്‍ ലോഹത്തകിടിട്ട് മൂടി, പുറത്ത് ഉണക്കിലകള്‍ വിതറിച്ച്, താത്ക്കാലികമായി ‘മണ്‍മറഞ്ഞും’,കുനിഞ്ഞും കൂടുതല്‍ കുനിഞ്ഞും ടണലിന്‍റെ ഒരറ്റത്ത് മുങ്ങി ഇരുട്ടിലൂടെ നീങ്ങി മറ്റേയറ്റത്ത് പൊങ്ങിയും, ഞങ്ങളില്‍, ഞാനടക്കം ചിലര്‍, (സമാധാനാന്തരീക്ഷത്തിലാണെങ്കിലും) അന്നത്തെ അവരുടെ ജീവിതത്തിന്‍റെ രുചിയറിയാന്‍ ഒരു ശ്രമം നടത്തി.
ഇന്ന്, മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തെ – നിലനില്‍പ്പിനെത്തന്നെയും – ചോദ്യം ചെയ്ത് അതേ യു എസ് എ തുടങ്ങിയ ഒരു യുദ്ധത്തിന് നടുവിലാണ് ലോകം.ഞങ്ങളുടെ വഴിക്കൊന്നും ആയിരുന്നില്ലെങ്കിലും ‘അന്തരീക്ഷത്തില്‍ യുദ്ധത്തിന്‍റെ തീയും പുകയും ഒതുങ്ങിക്കഴിഞ്ഞിട്ട് മതിയായിരുന്നു യാത്ര’ എന്ന് ചെറിയ ആശങ്കകളോടെയാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും പെട്ട ചിലരെങ്കിലും ഞങ്ങളെ യാത്രയാക്കിയത്. ഹാ നോയിലും ദ നാംഗിലും ഹോ ചി മിന്‍ സിറ്റിയിലും കൂടെ വന്ന ഗൈഡുകള്‍ നൂറ്റാണ്ടുകളായി വിയറ്റ്നാം കടന്നുപോന്ന അധിനിവേശങ്ങളെ കുറിച്ച് വാചാലരായി.
‘രണ്ട് രാജ്യങ്ങളുടെ ഭരണാധികാരികള്‍ സ്വന്തം സൈന്യങ്ങളെ ഉപയോഗിച്ച് അന്യോന്യം ഏറ്റുമുട്ടുന്നു. ഒരു സംഘം ജയിക്കുകയും മറ്റേത് തോല്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടുമാത്രം ഒരു രാജ്യം ഇനിയൊന്നിന് അടിമപ്പെടുന്നു എന്നെങ്ങനെയാണ് പറയുന്നത്?’ എന്ന അര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ‘യുദ്ധസംസ്ക്കാര’ത്തെ അപഗ്രഥിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ലിയോ ടോള്‍സ്റ്റോയ് War and Peace ല്‍.
ജയിച്ചതും തോറ്റതുമായ ഭരണാധികാരികള്‍ ചരിത്രത്തില്‍ ഇടം പിടിക്കും. യുദ്ധത്തിന്‍റെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന ജനം ചിത്രത്തിന് പുറത്താണ്, അന്നും ഇന്നും എന്നും.
സങ്കീര്‍ണശാഖകളായി പിരിയുന്ന ടണല്‍ – ശൃംഘലയുടെ മൊത്തം ദൈര്‍ഘ്യം, അദ്ഭുതപ്പെടുത്തുന്ന, 250 കിലോമീറ്റര്‍ വരുമത്രെ. നീളം കൂടുതലുള്ള ഒരു തുരങ്കത്തെ കുറിച്ച് ഗൈഡ് പറഞ്ഞത് കൈകാല്‍ മുട്ടുകള്‍ക്കോ ഹൃദയത്തിനോ എന്തെങ്കിലും പ്രശ്നമുള്ളവര്‍ അതില്‍ കയറാന്‍ മുതിരരുതെന്നാണ്.
“മുട്ടില്‍ ഇഴഞ്ഞുതന്നെ മുന്നോട്ട് പോകേണ്ടതുണ്ട്.”
കാട്ടില്‍ അവിടവിടെ വലിയ ഉറുമ്പിന്‍ പുറ്റുകള്‍ കണ്ടു. അവയുടെ കൂട്ടത്തില്‍ മനുഷ്യനിര്‍മ്മിതമായവയും ഉണ്ട് എന്ന് കേട്ടപ്പോള്‍ കൌതുകം തോന്നി. ഒളിയുദ്ധത്തിനിടെ പോരാളികള്‍ക്ക് ‘അടപ്പ്’ പൊക്കി പൊടുന്നനെ ഒരു തുരങ്കത്തിലേയ്ക്ക് രക്ഷപ്പെടാന്‍ സജ്ജമാക്കിയിട്ടുള്ളവയായിരുന്നത്രെ അവ. തുരങ്കങ്ങള്‍ക്കായി നീക്കം ചെയ്ത മണ്ണുപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്, അകത്ത് വായുസഞ്ചാരം ഉറപ്പിക്കുന്ന സുഷിരങ്ങള്‍ ഉണ്ട് പുറ്റുകള്‍ക്ക് മുകളിലും വശങ്ങളിലും.
ഹോ ചി മിന്‍റെ മുഖമുള്ള ഒരു സ്മരണിക വിയറ്റ്നാമിന്‍റെ ഓര്‍മ്മയ്ക്കായി വാങ്ങണമെന്ന മോഹമുണ്ടായിരുന്നു സോമന്. ഹാ നോയിയിലും ദ നാംഗിലും ഹോ ചി മിന്‍ സിറ്റിയിലും സ്മരണികകള്‍ വില്‍ക്കുന്ന കടകളില്‍ ചുറ്റിനടന്ന് ഞങ്ങള്‍ക്ക് കാണാനായത് മൂന്നേമൂന്ന് കുഞ്ഞിപ്രതിമകളാണ്. അവയാകട്ടെ ആവശ്യത്തില്‍ കൂടുതല്‍ തിളക്കവും മിനുപ്പുമായി വികാരരഹിതപ്ലാസ്റ്റിക് രൂപങ്ങളായിരുന്നു.
മാര്‍ക്കറ്റില്‍ ചുറ്റിത്തിരിയവേ സംസാരിക്കാന്‍ താത്പര്യം കാണിച്ച രണ്ട് വ്യാപാരികളോട് ഞങ്ങള്‍ അതേ കുറിച്ച് സംസാരിച്ചു. വ്യത്യസ്തനഗരങ്ങളില്‍ വെച്ച് കണ്ടുമുട്ടിയവരായിരുന്നെങ്കിലും രണ്ടുപേരും തന്നത് ഏറെക്കുറെ ഒരേ വിശദീകരണമായിരുന്നു.
“നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഗാന്ധിജി എങ്ങനെയാണോ അങ്ങനെയാണ് ഞങ്ങള്‍ക്ക് അങ്ക്ള്‍ ഹോ. സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഒരു വില്‍പ്പനച്ചരക്കാക്കി അദ്ദേഹത്തെ അവതരിപ്പിക്കാന്‍ വിയറ്റ്നാംകാര്‍ക്ക് കഴിയില്ല.”
കടയില്‍ തത്ക്കാലം ഞങ്ങള്‍ മാത്രമായിരുന്നത് കൊണ്ട് സംഭാഷണം അല്പം കൂടി മുന്നിലേയ്ക്ക് കൊണ്ടുപോകാന്‍ ഒരു ശ്രമം നടത്തി. കടയ്ക്ക് മുന്നില്‍ മാല പോലെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചെറിയ ചുവന്ന പതാകകള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സന്ദര്‍ശിക്കാനായ മൂന്ന് നഗരങ്ങളിലും പൊതുവിടങ്ങളിലെല്ലാമുള്ള കാഴ്ചയായിരുന്നു അത്.
ഇടവിട്ടിടവിട്ട് രണ്ടുതരം പതാകകള്‍ :
‘അരിവാളും ചുറ്റികയും’ അടയാളപ്പെടുത്തിയവ;
‘ചുവന്ന പശ്ചാത്തലത്തിലെ സുവര്‍ണ്ണനക്ഷത്രം’ അടയാളപ്പെടുത്തിയവ.

“രക്തത്തെ ധ്വനിപ്പിക്കുന്ന ചുവപ്പിന് നടുവിലെ സുവര്‍ണനക്ഷത്രമാണ് ദേശീയപതാക. അരിവാളും ചുറ്റികയും പാര്‍ട്ടിയുടെ കൊടിയാണ്. വിയറ്റ്നാം ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമാണ്.“
“കമ്യൂണിസ്റ്റ് ഭരണത്തെ കുറിച്ച് നിങ്ങളുടെ – ജനങ്ങളുടെ – അഭിപ്രായം പറയാമോ ? “
“അല്ലലില്ലാത്ത ജീവിതമാണ് ഞങ്ങളുടേത്. സ്ത്രീസുരക്ഷയിലും അവരുടെ തൊഴില്‍ രംഗത്തും ഉയര്‍ന്ന നിലവാരമാണ് രാജ്യത്തിന്. ഒരു സ്ത്രീക്ക് പകലോ രാത്രിയോ എപ്പോള്‍ വേണമെങ്കിലും രാജ്യത്തിന്‍റെ ഏത് ഭാഗത്തും ഒറ്റയ്ക്ക് ധൈര്യമായി സഞ്ചരിക്കാം. കുറ്റമറ്റ സമൂഹം എന്ന് ഞാന്‍ പറയില്ല. തിരക്കില്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിച്ച് ബാഗോ പണമോ മോഷ്ടിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള ചന്തകളില്‍ കൈയിലുള്ള വിലപ്പിടിച്ച സാധനങ്ങള്‍ കരുതലോടെ സൂക്ഷിക്കണം എന്ന് ഞാന്‍ നിങ്ങള്‍ക്കും മുന്നറിയിപ്പ് തരുന്നു. വിലപേശല്‍ ശീലമില്ലാത്ത സന്ദര്‍ശകരെ അന്യായവില പറഞ്ഞും വാങ്ങിയും കുടുക്കുന്ന കച്ചവടക്കാരും ഉണ്ട്. ഞാന്‍ പറയുന്നത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇതെല്ലാവരുടേയും കാഴ്ചപ്പാടാവണമെന്നില്ല. സ്കൂളുകളില്‍ ഇപ്പോഴും കമ്യൂണിസം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്‍റെ, മുഷിപ്പിക്കുന്ന, എന്നാല്‍ ഒഴിവാക്കാനാവാത്ത ഭാഗമായി എല്ലാവരും അത് പഠിച്ചെടുക്കുന്നു. “
വായ്ക്ക് മീതെ കൈ കൊണ്ട് മറച്ചുപിടിച്ച് ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു :
“ഞാനിങ്ങനെ സംസാരിച്ചുകൂട. അന്തരീക്ഷത്തിന്, നമുക്ക് കാണാനും കേള്‍ക്കാനുമാവാത്ത കണ്ണുകളും കാതുകളുമുണ്ട്. ഭരണകാര്യങ്ങള്‍ എതിര്‍പ്പില്ലാതെ സര്‍ക്കാരിനെ ഏല്‍പ്പിച്ച് നമ്മുടെ പാട്ടിന് ജീവിച്ചുപോകുക എന്നതാണ് ഞങ്ങളുടെ രീതി. ആശയമെന്ന നിലയില്‍ നല്ലതാണെങ്കിലും പ്രായോഗികതലത്തില്‍ കമ്യൂണിസത്തിന് പല പരിമിതികളുമുണ്ട്. വെള്ളം ചേര്‍ത്ത കമ്യൂണിസമാണ് വിയറ്റ്നാം പിന്തുടരുന്നത്. സ്വന്തമായി സ്വത്ത് സമ്പാദിക്കാനും കൈവശം വെയ്ക്കാനും കഴിയുന്ന ചുറ്റുപാടിലേ ജനങ്ങള്‍ക്ക് അദ്ധ്വാനിക്കാന്‍ താത്പര്യമുണ്ടാവൂ. അമേരിക്കക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളെ നയിച്ച അങ്ക്ള്‍ ഹോ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കണ്ടെത്തിയ ഒരു ഉപായച്ചരടായിരുന്നു കമ്യൂണിസം എന്ന് വിശ്വസിക്കുന്നവരുണ്ട്. മറ്റൊരു കാര്യം പറയാനുള്ളത് ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ഇന്ത്യയിലുള്ള വ്യത്യാസം ഞങ്ങളുടെ നാട്ടിലില്ല എന്നതാണ്.”
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ഒരു നിര്‍ണ്ണായകശക്തിയായി എല്ലായിടത്തും അനുഭവപ്പെട്ടു. റെസ്റ്റോറന്‍റുകളിലെ പരിചാരികവൃത്തിയിലും, തെരുവോരക്കച്ചവടങ്ങളിലും, ചിത്രങ്ങളും കൌതുകവസ്തുക്കളും നിര്‍മ്മിച്ച് വില്‍ക്കുന്ന സ്ഥാപനങ്ങളിലും സന്ദര്‍ശകരെ കയറ്റിയ വഞ്ചി തുഴയുന്നതിലും, കൃത്രിമ മുത്ത് നിര്‍മ്മാണകേന്ദ്രത്തില്‍ ആദ്യന്തമുള്ള ജോലികളിലും ഏര്‍പ്പെട്ട് ഒട്ടേറെ സ്ത്രീകളെ കാണാന്‍ കഴിഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളുമായി ഞങ്ങളുടെ ആള്‍ക്കാര്‍ മാത്രമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെങ്കിലും ഒരു ടൂര്‍ ഏജന്‍റ് ക്രമീകരിച്ചുതന്ന യാത്ര എന്ന വ്യത്യാസം ഉണ്ടായിരുന്നു വിയറ്റ്നാം യാത്രയ്ക്ക്. ദിവസവും രാവിലെ ഏഴര മണിയോടെ ഹോട്ടലിലെ complimentary breakfast കഴിച്ച് തയ്യാറായി നില്‍ക്കണം. വഴിയില്‍ ഉച്ചഭക്ഷണവും അത്താഴവും കഴിച്ച് മുറിയില്‍ തിരിച്ചെത്തിയിരുന്നത് രാത്രി പത്ത് മണിയോടെ. അതിനിടയില്‍ കഴിയാവുന്നത്ര കാഴ്ചകള്‍ കാണുക എന്നതായിരുന്നു കാര്യം.
മുതിര്‍ന്ന വ്യക്തികള്‍ അടങ്ങിയ സംഘം എന്ന നിലയില്‍ ഞങ്ങള്‍ക്ക് കേബ്ള്‍ കാര്‍ അടക്കമുള്ള സാഹസികത(!)കളില്‍ താത്പര്യം കാണില്ലെന്ന് കരുതിയിരുന്നതായി ഗൈഡുകളില്‍ പ്രായം കുറഞ്ഞയാള്‍.പറഞ്ഞു ! ‘മുന്‍വിധികള്‍ കൊണ്ടുനടന്ന് സന്ദര്‍ശകരെ മുഷിപ്പിക്കരുത്’ എന്ന് അല്പം മയമില്ലാത്ത ഭാഷയില്‍ ഞങ്ങള്‍ക്ക് അയാളെ തിരുത്തേണ്ടി വന്നു. കഴിഞ്ഞ തലമുറയിലെ പ്രശസ്ത കഥകളി കലാകാരനെ പോലെ ‘ഞാന്‍’, ‘എനിക്ക്’,എന്നെ തുടങ്ങിയ വാക്കുകള്‍ക്ക് പകരം സ്വന്തം പേര്‍ ചേര്‍ത്ത് സംസാരിച്ചിരുന്ന പയ്യന്‍ കണ്ണില്‍ വെള്ളം നിറച്ചു.
യാത്രകള്‍ക്കിടെ ഒരു ഹാനോയ് റെസ്റ്റോറന്‍റില്‍ നിന്ന് പ്രസിദ്ധമായ വിയറ്റ്നാമീസ് ‘മുട്ടക്കാപ്പി’ കുടിച്ചു. 1940 കളില്‍ ഇന്‍ഡോചൈന യുദ്ധകാലത്ത് വിയറ്റ്നാമിലെ പാലിന്‍റെ ദൌര്‍ലഭ്യമാണ് ഒന്ന് വഴി മാറ്റി ചവിട്ടാന്‍ ങ്ഗുയെന്‍ വാന്‍ ഗ്യാന്‍ഗ് എന്ന ബാര്‍ ജീവനക്കാരനെ പ്രേരിപ്പിച്ചത്. കടുപ്പമുള്ള റോബസ്റ്റ കോഫിയില്‍ condensed milk ചേര്‍ത്ത് കൊഴുപ്പിച്ച്, മുട്ട പൊട്ടിച്ചൊഴിച്ച്, പതപ്പിച്ചാണ് ഇതുണ്ടാക്കുന്നത്. ദശകങ്ങളായി, മധുരമിടാത്ത കടുപ്പമുള്ള കോത്താസ് കോഫി ശീലിച്ച നാവ് ഒന്നു പകച്ചു – ചെറുതായി പ്രതിഷേധിച്ചോ എന്നും സംശയം.
ബസ്സില്‍ ഡ്രൈവറുടെ സീറ്റിന് മുന്നിലെ പ്രതിമ വെറും ഒരു പ്രതിമയല്ലെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. നമ്മുടെ നാട്ടില്‍ വാഹനങ്ങളില്‍ കാണാറുള്ള ദൈവപ്രതിമകളും ചിത്രങ്ങളും യാത്രക്കാരെ അഭിമുഖീകരിക്കുന്ന നിലയിലാണ് കണ്ടിട്ടുള്ളത്. വിയറ്റ്നാമിലെ ബസ്സില്‍ കണ്ട സ്ത്രീ പ്രതിമ യാത്രക്കാരെ പോലെ, മുന്നിലെ വഴിയിലേയ്ക്ക് കണ്ണ് നട്ടാണ് നില്‍പ്പ്!

“അത് ലേഡി ബുദ്ധയാണ്!” ഗൈഡ് പറഞ്ഞു.
സ്ത്രീബുദ്ധനോ?
“കരുണയുടെയും സഹാനുഭൂതിയുടെയും ദേവി. നമുക്ക് പോകാനുള്ള വഴികളില്‍ കാവല്‍ നോട്ടവുമായാണ് ആ നില്‍പ്പ്. ദ നാങ്ഗിലെ. 220 അടി പൊക്കത്തില്‍ തീര്‍ത്ത പ്രതിമ കാണാതെ മടങ്ങേണ്ടിവന്നു ഞങ്ങള്‍ക്ക്. (നേരത്തേ പറഞ്ഞ പ്രായം കുറഞ്ഞ ഗൈഡ് ആ ‘സാഹസികത’യില്‍ നിന്ന് ഞങ്ങള്‍ ‘മുതിര്‍ന്ന പൌര’ന്മാരെ ഒഴിവാക്കിയതാവാം എന്ന് ഇപ്പോള്‍ തോന്നുന്നു.). ട്വോങ് ഫട് ബ ക്വാന്‍ ആം എന്നാണ് പ്രതിമയുടെ ആധികാരികനാമം. അഭയമന്വേഷിച്ചെത്തുന്ന എല്ലാവരെയും കാണാനും ആശ്വസിപ്പിക്കാനും പോന്ന മട്ടില്‍ ആയിരം കണ്ണും ആയിരം കൈയുമായും ഒരു രൂപമുണ്ട് അവലോകിതേശ്വരന്‍റെ പല രൂപങ്ങളില്‍ ഒന്നായ സ്ത്രീ ബുദ്ധന്.
വീടിനുള്ളിലാണെങ്കിലും മുഖാമുഖം നോക്കുന്ന മട്ടിലല്ലാതെ അല്പം ഉയരത്തില്‍ നിന്ന് നമ്മുടെ പരിസരത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്ന മട്ടില്‍ വേണം പ്രതിമ സ്ഥാപിക്കാന്‍.
കവർ : സുധീർ MA
വിഡിയോകൾ: സോമൻ പൊന്നമ്പലത്ത്
