കടമക്കുടി നിഹാര റിസോർട്ടിനടുത്തു നിന്നാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. 2 മണിക്കൂർ, മുളവുകാട്, വൈപ്പിൻ, കടമക്കുടി തുടങ്ങിയ ഏതാനും ദ്വീപുകളുടെ ഓരത്തുകൂടി ഒരു സായാഹ്ന ജലയാത്ര. ഡ്രൈവറും ഗൈഡ് ആയി ഋത്വിക് എന്ന് പേരുള്ള ഒരു യുവാവും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇത് അവരുടെ രണ്ടാമത്തെ ബോട്ടാണ് എന്നും ആദ്യത്തെ സന്ദർശകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് രണ്ടാമത്തേതിലേക്ക് നയിച്ചത് എന്നും അവർ പറഞ്ഞു. വൈദ്യുതിഎൻജിൻ ആയതുകൊണ്ട് സ്വച്ഛമായ ജലവിതാനത്തിൽ ശബ്ദമില്ലാതെ ഒഴുകുകയായിരുന്നു ബോട്ട് എന്ന് പറയാം.
ഈ ദീപുകൾ 1930ലെ വെള്ളപ്പൊക്കത്തിൽ മണ്ണും മണലും അടിഞ്ഞു രൂപം കൊണ്ടതാണത്രേ. ഡിസംബർഅസ്തമയത്തിന്റെ അതിവേഗം മാറുന്ന വർണ്ണജാലങ്ങൾക്ക് താഴെ അതീവ ശാന്തമായിരുന്ന കായല്പരപ്പിൽ കുറച്ച് അകലത്തായി ഒന്ന് രണ്ട് ബോട്ടുകൾ കൂടി കാണപ്പെട്ടു. ചിത്രസദ്രുശമായ ചീനവലകൾ, തീരരേഖകൾ കവിഞ്ഞ് പടർന്ന കണ്ടൽ വിഹാരങ്ങൾ, മത്സ്യപ്പാടങ്ങൾക്ക് അതിരായി തെങ്ങുകൾ നിരന്ന വരമ്പുകൾ…

നെല്ലും മത്സ്യവും മാറി മാറിയുള്ള കൃഷിയാണ് ദ്വീപുകളിലെ ഉപജീവനമാർഗം. സ്വകാര്യ വ്യക്തികൾക്കും സർക്കാർ വകയായും മത്സ്യകൃഷി യുണ്ട്. പലയിടത്തും ഇതിനായുള്ള ജലാശയങ്ങൾക്ക് മുകളിൽ സംരക്ഷണവല വിരിച്ചിട്ടുണ്ട്. ഇടയ്ക്ക് കരയ്ക്കിറങ്ങിയ ഞങ്ങൾക്ക് ഇളനീർ സൽക്കാരവും ലഭിച്ചു.

ഈ ദ്വീപസമൂഹത്തിൽ മുറിക്കൽ ദ്വീപിൽ ഇന്ന് ജോസഫ് എന്ന ഒരാൾ മാത്രമാണ് വസിക്കുന്നത്. ഒഴിഞ്ഞുപോകലും മരണവും മൂലം ജനവാസം കുറഞ്ഞു ഒറ്റയ്ക്കായപ്പോഴും ദ്വീപിൽ തന്നെ തുടരാൻ നിശ്ചയിച്ച ഇദ്ദേഹത്തെപ്പറ്റി അടുത്തകാലത്ത് ഒരു ഡോക്യൂമെന്ററി ഇറങ്ങിയിട്ടുണ്ടത്രെ.പിഴല, മൂലമ്പള്ളി ദ്വീപുകളിൽ പ്രാഥമിക ആരോഗ്യകേന്ദ്രവും മൊബൈൽ ഡിസ്‌പെൻസറി,ആംബുലൻസ് സൗകര്യങ്ങളും ഉണ്ട്. 14 ദ്വീപുകൾക്ക് ഈ സേവനം ലഭ്യമാണ്. മുട്ടിനകം ദ്വീപ് നേവി ദത്തെടുത്തിട്ടുണ്ട്. സുസ്ഥിര വികസനത്തിലൂടെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.

ഞങ്ങൾ കയറിയ ബോട്ടിന്റെ പേര് Legend of Ousu എന്നാണ്. ഈ പേരിനുപിന്നിൽ ഒരു കഥയുണ്ട്. യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ദ്വീപുനിവാസികളെ കരയിലേക്കും അവിടുന്ന് തിരിച്ചും കടത്താൻ ഏത് സമയത്തും സന്നദ്ധനായിരുന്ന ഔസുവാണ് ആ കഥാപുരുഷൻ.

സന്ധ്യ വീണതോടെ അങ്ങിങ്ങായി കെട്ടിനിർത്തിയിരുന്ന മീൻപിടുത്ത ബോട്ടുകളിൽ വിളക്കുകൾ തെളിഞ്ഞു.അവ ജലനിരപ്പിലേക്ക് നീങ്ങിത്തുടങ്ങി. ഋത്വിക് ബോട്ടിന്റെ നടുവിലുള്ള ചെറിയ പ്രതലത്തിൽ ഹൃദ്യമായ ക്രിസ്തമസ് വിരുന്നൊരുക്കി. കുഞ്ഞു ഗ്ളാസുകളിൽ വൈൻ, കേക്ക്. രണ്ടും വീട്ടിൽ ഉണ്ടാക്കിയത് എന്ന വിശേഷമുണ്ട്. അവ നിരന്ന താലത്തിൽ കുത്തിനിർത്തിയ പിരിയൻ വർണമെഴുകുതിരികൾ ഞങ്ങൾ ഓരോരുത്തരും കത്തിച്ചു. ഒരു സ്വിച്ചിൽ ബോട്ടിന്റെ ചുറ്റും മാലകളായി ബൾബുകൾ കൺമിഴിച്ചു. കായൽപരപ്പിൽ രാത്രിയുടെ തിളക്കം.

ഭംഗിയായി ഇംഗ്ലീഷും മലയാളവും സംസാരിക്കുന്ന കന്നഡിഗനായ യുവാവ് ഒരു വർഷക്കാലത്തേയ്ക്ക് ബോട്ടിൽ ജോലി സ്വീകരിച്ച ആളാണ്. സിനിമോട്ടോഗ്രാഫർ ആണ്.നാഷണൽ ജോഗ്രഫിയുടെ പ്രോജക്ടുകളും ആയി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അതിനുവേണ്ടി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താമസിച്ചിട്ടുണ്ട്. പരസ്യമേഖലയിലും ഡോക്യുമെന്ററിയിലും സംരംഭങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഇവിടത്തെ കാലാവധി കഴിയുകയും ഇവിടം വിട്ടു പുതിയൊരിടത്ത് പുതിയ തൊഴിൽമേഖലയിൽ പ്രവേശിക്കുകയും ചെയ്യും. ഈ യാത്രയെക്കുറിച്ചും താങ്കളുടെ തൊഴിൽപര്യടനങ്ങളെക്കുറിച്ചും ഒരു കുറിപ്പ് എഴുതി മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ജർണൽ ആയ ‘മലയാളനാടി’ൽ പ്രസിദ്ധീകരിച്ചാലോ എന്ന ചോദ്യത്തിന്, ലിങ്ക് തനിക്കും ഷെയർ ചെയ്യണം എന്നായിരുന്നു മറുപടി.
കവര്‍: ജ്യോതിസ് പരവൂര്‍
