1910-1920 കളിലും 1960-1970 കളിലും ഉണ്ടായ പോലെ ഭാഷയിലും ഭാവുകത്വത്തിലും കാഴ്ചപ്പാടിലും ഒരു തലമുറമാറ്റം 2010-2020 കളിൽ നടക്കുന്നു എന്ന് വിചാരിക്കാൻ പല കാരണങ്ങൾ ഉണ്ട്.
ലോകരാഷ്ട്രങ്ങളിൽ ചിലരുടെ മുന്നോട്ടു വരവും മറ്റു ചിലരുടെ പിന്മടക്കവും അധികാരത്തിന്റെ ലോകക്രമത്തെ തിരിച്ചറിയാൻ പറ്റാത്ത വണ്ണം മാറ്റി. പടിഞ്ഞാറ് കഴിഞ്ഞ മുന്നൂറു വർഷത്തെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എത്തി നിൽക്കുന്നു. 1960-70 കളിലെ സ്വന്തം പിതാക്കളുടെ വ്യവസ്ഥക്ക് എതിരെ യുവസംസ്കാരത്തിന്റെ പ്രകാശനങ്ങളിൽ ഒന്നായിരുന്ന കംപ്യൂട്ടർ ഇന്ന് സാമ്പത്തിക ഭീമന്മാരുടെ മേഖലയായി, ഏറ്റവും ശക്തമായ അധികാരി വിഭാഗമായിക്കഴിഞ്ഞു.
ആഗോളീയതയുടെ സാങ്കേതിക-സാംസ്കാരിക അന്തരീക്ഷത്തിൽ ജനിച്ചു വീണ കുട്ടികൾ യുവത്വത്തിലേക്കു കടക്കുമ്പോൾ മുൻതലമുറയുടേതിൽ നിന്ന് അവരുടെ ദൈനംദിന ജീവിതാനുഭവവും അതിൽനിന്നു രൂപീകൃതമാവുന്ന മൂല്യവിചാരങ്ങളും തീർത്തും വ്യത്യസ്തമാണ്. കൊറോണ തലമുറകൾ തമ്മിലുള്ള ഈ ആശയവിനിമയത്തകർച്ചയുടെ ആഴം കൂട്ടി. പുതിയ നൈതികതയും സൗന്ദര്യബോധവും കൂട്ടായ്മകളും ഒരേ സമയം അന്വേഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് നമ്മുടെ യുവത. ചരിത്രാനുഭവം വെച്ച് നോക്കിയാൽ ഈ മാറ്റങ്ങളുടെ ഇമ്പാക്ട് വരുന്ന ദശകങ്ങളിൽ ആവും കൂടുതൽ ദൃശ്യമാവുക.
എന്നാൽ ഈ പുതിയ ലോകത്തെ മാറ്റങ്ങളെ ഒട്ടും കാണുകയോ അംഗീകരിക്കുകയോ ചെയ്യാത്ത രണ്ടു പഴയ കാര്യങ്ങളാണ് ഇന്ന് നമ്മുടെ ചർച്ചകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഒന്ന്, ഇസ്രയേൽ പലസ്തീനികൾക്കെതിരെ നടത്തുന്ന അധിനിവേശാക്രമണം. രണ്ടാമത്, ബാബരിപ്പള്ളി പൊളിച്ചതും രാമക്ഷേത്രനിർമാണവും.
ചരിത്രത്തിലെ പലതരം പാതകങ്ങളുടെ തീരാത്ത കുടിശ്ശികയാണ് പലസ്തീന്റെ കോളനിവൽക്കരണവും പലസ്തീനികളുടെ തുടർന്ന് പോകുന്ന അഭയാർത്ഥിവൽക്കരണവും കൂട്ടക്കൊലപാതകങ്ങളും.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീരുമാനത്തിൽ ഭൂരിപക്ഷതാവാദം അടിസ്ഥാനമായി രണ്ടു രാജ്യങ്ങളുണ്ടായി- ഇസ്രയേലും പാകിസ്താനും. യൂറോപ്പിലെ ജൂതരെ അവിടെ നിന്നൊഴിവാക്കി പാർപ്പിക്കാൻ കൂടി വേണ്ടി ആരംഭിച്ച ജൂതമതരാഷ്ട്രവാദവും ജൂതമതം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്ന വിശ്വാസസംഹിതയും ചേർന്ന് ഉണ്ടായ ഇസ്രായേലിന്റെ സംസ്ഥാപനം പ്രാഥമികമായി യൂറോപ്പിന്റെ കോളോണിയലിസത്തിന്റെ ഉല്പന്നമാണ്.
ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നടന്ന ജൂതന്യൂനപക്ഷഹത്യ ജർമൻ ഭൂരിപക്ഷക്രിസ്ത്യാനികളുടെ മാത്രമല്ല, അവിടുത്തെ ജൂതന്മാരുടെയും ധാർമികമായ പതനത്തിലേക്കു എങ്ങിനെ നയിച്ചു എന്ന് ഹന്നാ ആരന്റ് പഠിച്ചിട്ടുണ്ട്. അക്രമത്തെ ഒരു വ്യവസ്ഥിതി ആയി അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ തങ്ങൾക്കു അധികാരം കിട്ടിയാൽ തങ്ങളോട് ചെയ്തിട്ടുള്ള ക്രൂരതകൾ തങ്ങളേക്കാൾ ശക്തി കുറഞ്ഞവരോട് ചെയ്യുക എന്നതാവുമല്ലോ രീതി. ഹിംസയുടെ ഈ ആന്തരികവൽക്കരണം കൊണ്ടാണ് റാഗ് ചെയ്യപ്പെടുന്നവർ മാത്രം റാഗ് ചെയ്യുന്നത്. പടിഞ്ഞാറൻ ഭൂരിപക്ഷതാവാദം അതിന്റെ ഏറ്റവും വലിയ ഇരകളിലൂടെ മറ്റൊരു ദേശത്തു പുലരുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.
ഇത് പോലെ ചരിത്രത്തിലെ ഭീകരമായ ആയുധമത്സരത്തിന്റെ ശീതസമരവും പലസ്തീൻ കാര്യത്തിൽ ഉണ്ട്.1979 ൽ യു എസ് എസ് ആർ അഫ്ഘാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിനെതിരെ ആ രാജ്യത്തെ യുദ്ധഭൂമിയാക്കി അമേരിക്ക മുജാഹിദീനുകളെ നിർമ്മിച്ചെടുത്ത പോലെയാണ് ഇസ്രയേലും ഹമാസിനെ നിർമ്മിച്ചെടുത്തത്. രണ്ടു കാര്യത്തിലും സൃഷ്ടികൾ സൃഷ്ടാക്കളെ തിരിഞ്ഞു കൊത്തുകയാണുണ്ടായത്. നഷ്ടം സാധാരണ ജീവിതങ്ങൾക്കും!
2024 ആയപ്പോൾ, അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശങ്ങളിലൂടെ എത്ര വലിയ തെറ്റാണ് അമേരിക്ക ലോകത്തോട് ചെയ്തത് എന്ന് ഡൊണാൾഡ് ട്രംപ് പോലും തുറന്നു പറയുന്ന അവസ്ഥയായി. എല്ലാ അർത്ഥത്തിലും എത്ര വലിയ അക്രമവും അബദ്ധവും ആയിരുന്നു ആ രണ്ടു അധിനിവേശങ്ങളും എന്ന് ഇന്നാരും സമ്മതിക്കും. ഈ ചരിത്രത്തിൽ നിന്ന് പഠിക്കേണ്ടതൊന്നും പഠിക്കാതെ അമേരിക്കയുടെ അതേ നശീകരണമാതൃക അവരിൽ നിന്ന് കോപ്പി അടിച്ചു കൂടുതൽ ക്രൂരമായ രീതിയിൽ നടപ്പാക്കുകയാണ് ഇസ്രായേൽ.
എല്ലാ മതരാഷ്ട്രങ്ങളെയും പോലെ ഇസ്രായേൽ എന്ന പദ്ധതി അതിന്റെ സമഗ്രാർത്ഥത്തിൽ ഒരിക്കലും നടപ്പിലാവാൻ പോവുന്നില്ലാത്ത ഒന്നാണ്. കാരണം അതിന്റെ സിദ്ധാന്തമനുസരിച്ചു ജൂതർ ഒരുമിച്ചാണ് ജീവിക്കേണ്ടത്. ലോകത്തെ 30 ശതമാനം ജൂതർ മാത്രമേ ഇന്നും ഇസ്രായേലിൽ ഉള്ളു. ബാക്കി 70 ശതമാനം ജൂതരും ഇസ്രായേലിൽ എത്തുമ്പോഴാണല്ലോ ഈ പദ്ധതി വിജയകരമായി പൂർത്തിയാവുക. എന്ന് വെച്ചാൽ ജൂതമതരാഷ്ട്രവാദം ഒരിക്കലും ലോകത്തിനു സമാധാനം കൊടുക്കാൻ പോവുന്നില്ല.
പടിഞ്ഞാറൻ രാജ്യങ്ങളിൽ മുസ്ലിം വിരോധത്തിന് ആനുപാതികമായി ജൂതവിരോധവും വർധിക്കുന്നു എന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത് ന്യൂനപക്ഷങ്ങളാണ് എവിടെയും അപകടത്തിൽ ആവുക എന്നാണ് ഭൂരിപക്ഷതാവാദം തിണ്ണമിടുക്കാണ്. സ്വസമുദായം ന്യൂനപക്ഷമായ സ്ഥലങ്ങളിൽ എന്താവും അവസ്ഥ എന്ന ചോദ്യം ഇക്കൂട്ടരെ ബാധിക്കാറേ ഇല്ല. എല്ലാ സമുദായങ്ങളും ലോകത്തിൽ എവിടെയെങ്കിലും ന്യൂനപക്ഷമാണുതാനും.
ലോകക്രമത്തിന്റെ മാറ്റത്തിൽ എടുത്തു പറയേണ്ടതാണ് അറബ് രാജ്യങ്ങളുടെ ശക്തിയും താല്പര്യങ്ങളും. തങ്ങളുടെ രാജ്യത്തെ ഷിയാക്കളെ ദുർബ ലപ്പെടുത്തി എണ്ണപ്പാടമേഖലകൾ കയ്യടക്കി വെക്കണമെങ്കിൽ ഇറാനെ ദുർബലപ്പെടുത്തുകയാണ് വേണ്ടതെന്ന സൗദി അറേബ്യയിലെ സുന്നി രാജകുടുംബത്തിന്റെ താല്പര്യത്തിന്റെ ബാക്കിയാണ് ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്ന ഷിയാകൂട്ടായ്മക്കെതിരെ ഇസ്രായേൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചർച്ചയും. അറബ് രാഷ്ട്രത്തലവന്മാരുടെ സാമ്പത്തിക താല്പര്യങ്ങളിലേക്കും സുന്നി- ഷിയാ സംഘർഷങ്ങളിലേക്കും രാഷ്ട്രീയവിശകലനങ്ങൾ നീളാതിരിക്കാനുള്ള എളുപ്പ വഴിയാണ് വിഷയത്തെ ജൂത-മുസ്ലിം പ്രശ്നമായോ പടിഞ്ഞാറ്- ഇസ്ലാം നാഗരികതകൾ തമ്മിലുള്ള ഏറ്റുമുട്ടലായോ പൊതുമണ്ഡലചർച്ചകളിൽ തളച്ചിടുക എന്നത്!
നമ്മുടെ ചർച്ചകളുടെ പഴമ പുതിയ യാഥാർഥ്യങ്ങളെ കണക്കിലെടുക്കാൻ കഴിവില്ലാത്തവരായി നമ്മെ മാറ്റുന്നു.
ചർച്ചകളിലൂടെ, പ്രചാരണത്തിലൂടെ അതിഭൗതികമായ രീതിയിൽ വിദൂര ഭൂതകാലം ഏറ്റവും അടുത്തുള്ളതായി മാറുകയും വർത്തമാനം അതിന്റെ പ്രതികാരത്തിനോ ചെയ്തികൾ ന്യായീകരിക്കാനോ ഉള്ള ഒരു ഒഴിവുകഴിവായി മാറുകയും ചെയ്യുന്നു.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബാബരിപ്പള്ളിയുടെ തകർക്കലും രാമജന്മഭൂമിയുടെ നിർമാണവും.
സാമൂഹിക താല്പര്യങ്ങളുടെ കാര്യം പറഞ്ഞാൽ, മണ്ഡൽ റിപ്പോർട്ടും ജാതിയുടെ രാഷ്ട്രീയദൃശ്യതയും ചേർന്ന് മേൽജാതി അധികാര താല്പര്യങ്ങളെ ദുർബലമാക്കും എന്നതിനെ തടയാൻ കണ്ട വഴിയായി ഹിന്ദു സമൂഹത്തിന്റെ അടയാളവൽക്കരണത്തെ – ഒരു അടയാളത്തിനു ചുറ്റും ഹിന്ദു സമൂഹത്തെ ഉണ്ടാക്കുക എന്നത്- വായിക്കാം. അങ്ങിനെ നോക്കിയാൽ ഉപേക്ഷിക്കപ്പെടണമെന്നു എല്ലാവരും ഇന്ന് സമ്മതിക്കുന്ന ജാതി പ്രശ്നത്തിന്റെ അടിയിൽ ഉണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വർഗീയവൽക്കരണത്തിന്റെ അടിസ്ഥാനം ഒരേ മതക്കാർ മാത്രമേ ഒരു രാഷ്ട്രമാവൂ എന്ന തികച്ചും ഭൂരിപക്ഷതാവാദപരമായ യൂറോപ്യൻ ധാരണ ഇന്ത്യക്കാർ ആന്തരികവൽക്കരിച്ചതാണ്. ഇങ്ങനെ ഭൂതകാലത്തിന്റെ ക്ലിഷെകളുടെ പുതിയ ചായം തേച്ച മുഖം മാത്രമാണ് ഈ പ്രശ്നം.
രഥയാത്രയുടെ അവസാനം ഇന്നും കുറ്റമേറ്റ് പറഞ്ഞു ശിക്ഷ ഏറ്റുവാങ്ങിയിട്ടില്ലാത്ത ഒരു കൂട്ടമാളുകൾ ബാബരിപ്പള്ളി പൊളിച്ചതും പൂർത്തിയായിക്കഴിഞ്ഞ രാമജന്മഭൂമി ക്ഷേത്രവും സാങ്കേതികമായ അർത്ഥത്തിൽ രണ്ടു വ്യത്യസ്ത പ്രശ്നങ്ങൾ ആണ്. ഒന്നാമത്തേത് ഒരു ക്രിമിനൽ കുറ്റമാണ്. രണ്ടാമത്തേത് ഒരു സിവിൽ കേസും.
സിവിൽ കേസിലെ വിധി നടപ്പാക്കപ്പെട്ടു. ക്രിമിനൽ കേസിൽ വിധി പറഞ്ഞു കുറ്റക്കാർ ശിക്ഷിക്കപ്പെട്ട ശേഷം മാത്രമേ സ്വത്തു തർക്കം എന്ന നിലക്കുള്ള കേസ് പരിഗണിക്കൂ എന്നായിരുന്നു കോടതിക്ക് എടുക്കാമായിരുന്ന ഒരു നിലപാട്. അതിനുശേഷം ക്ഷേത്രത്തിനും പള്ളിക്കും സ്ഥലം നൽകിക്കൊണ്ടുള്ള ഒരു വിധി വന്നിരുന്നെങ്കിൽ അത് വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷം നിർമ്മിച്ചേനെ. കാഫ്കയുടെ കഥകളിൽ കാണുന്ന പോലെ ഒരു കുറ്റം നടന്നു, പക്ഷെ കുറ്റവാളിയായി ആരുമില്ല എന്ന അവസ്ഥ!
ഹിന്ദു സമൂഹം അതിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു പ്രതിസന്ധിയിലൂടെ ആണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഹിന്ദു മതത്തിന്റെ ഏറ്റവും നല്ല വക്താവ്, ഗാന്ധി, ആ സമുദായത്തിന് ഉണ്ടാക്കിക്കൊടുത്ത ധാർമികമായ ശക്തിയെയും ആത്മവിശ്വാസത്തെയും തീർത്തും ഇല്ലായ്മ ചെയ്യുകയാണ് ഹിന്ദു ഭൂരിപക്ഷതാവാദികളുടെ ഇപ്പോഴത്തെ ശക്തിപ്രകടനവും ന്യായീകരണ യുക്തികളും അവ സൃഷ്ടിച്ച ധാർമിക ശൂന്യതയും. ഈ പ്രതിസന്ധിയിൽ നിന്ന് ഹിന്ദുസമുദായം എങ്ങിനെ പുറത്തു വരും എന്നതിനെ ആശ്രയിച്ചിരിക്കും ചരിത്രം ഈ ഘട്ടത്തെ എങ്ങനെ രേഖപ്പെടുത്തും എന്നത്!
ഈ ചെയ്തിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടു ബാബരിയുടെ പാറ്റേൺ വീണ്ടും വീണ്ടും ആവർത്തിക്കാനാണ് ഹിന്ദുത്വഭൂരിപക്ഷതാവാദികളുടെ പരിപാടിയെങ്കിൽ ഒരു കാലത്തും ആർക്കും മനസ്സമാധാനമില്ലാത്ത ഒരു രാജ്യത്തു ജീവിക്കേണ്ട വിധിയാവും ഇന്ത്യക്കാർക്ക്. ചരിത്രം ഒരു ദുസ്വപ്നമായി മാറും.
പൊളിക്കൽ/ പൊടുന്നനവേയുള്ള ഇല്ലാതാക്കൽ ഇന്ത്യയിലെ ഭൂരിപക്ഷതാവാദിയായ സർക്കാരിന്റെ മുഖമുദ്രയായിക്കഴിഞ്ഞു: നോട്ടു നിരോധനം, കശ്മീർ 370 റദ്ദാക്കൽ, ബുൾഡോസർ രാജ് തുടങ്ങി പുത്തൻ വിദ്യാഭ്യാസ നയം വരെ ഇത് കാണാം. ഉള്ളതിനെ ഇല്ലാതാക്കാനുള്ള സന്നദ്ധതയും നിശ്ചയദാർഢ്യവും തീർച്ചയാവും ഇവരിൽ ഉണ്ട്. അതിനപ്പുറം ഇന്ത്യയുടെ ബഹുമത, ബഹു സാംസ്കാരിക, ബഹുഭാഷാ ജീവിതസാഹ ചര്യങ്ങളെ ഒരുമിച്ചു കൊണ്ട് പോവാനുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ദർശനം അവർക്കുണ്ടോ എന്നതാണ് ചോദ്യം. ഭാവിയെപ്പറ്റി ഒരു സങ്കൽപം ഉണ്ടാവുമ്പോൾ മാത്രമേ ഒരു കാഴ്ചപ്പാട് രൂപപ്പെടൂ. മുമ്പുള്ള അനുഭവം വെച്ച് നോക്കിയാൽ പൊളിക്കൽ നടക്കുമെന്നല്ലാതെ, അർത്ഥപൂർണ്ണമായ നിർമാണം അസാധ്യമാണ്.
ചരിത്രബോധം പോലെ തന്നെ പ്രധാനമാണ് ഒരു നിലപാടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണാനുള്ള കഴിവ്. ബാബരിപ്പള്ളി പൊളിച്ചതിനെ അനുകൂലിക്കുന്ന ആൾക്ക് താലിബാൻ ബാമിയാനിലെ ബുദ്ധപ്രതിമകളെ തകർത്തതിനെയോ ഉർദുഗാൻ ആയ സോഫിയയെ പള്ളിയാക്കി മാറ്റിയതിനെയോ എതിർക്കാൻ ധാർമികമായി അവകാശമില്ലല്ലോ. അത് പോലെ തിരിച്ചും! ഉർദുഗാൻ ഒരു ക്രിസ്ത്യൻ പള്ളി മുസ്ലിം പള്ളിയാക്കിയപ്പോ ആനന്ദിച്ചവർക്കു ബാബരിപ്പള്ളിയെപ്പറ്റി സങ്കടപ്പെടണമെങ്കിൽ നീതിബോധവും ചരിത്രബോധവും അത്ര കുറവായിരിക്കണം; ഇരബോധം അത്ര കൂടുതലും!
മണ്ഡൽക്കാലത്തെ ചർച്ചകളിലേക്കുള്ള തിരിച്ചു പോക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന രാഷ്ട്രീയാവസ്ഥക്കു മാറ്റം കൊണ്ട് വരാൻ ചിലർ നിർദ്ദേശിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഇതും തെറ്റായ സമീപനമാണ്. കാൽനൂറ്റാണ്ട് ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിയന്ത്രിച്ച മണ്ഡൽക്കാലം പല സാമൂഹ്യ-സാമ്പത്തികകാരണങ്ങളാലും സാമൂഹികവികസനത്തെ പാടെ അവഗണിച്ചത് കൊണ്ടും നേതാക്കന്മാരുടെ ഭാവനാദാരിദ്ര്യം കൊണ്ടും അഴിമതി കൊണ്ടും ധാർമികമായും രാഷ്ട്രീയമായും പാപ്പരായിക്കഴിഞ്ഞു. സ്ത്രീകളും വിദ്യാർത്ഥികളും കർഷകരും കൂട്ടായി രൂപം നൽകുന്ന, ഭരണഘടനാദേശീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭാവുകത്വം അതിന്റെ പ്രകാശനം ആരംഭിക്കുമ്പോൾ മാത്രമേ നമുക്ക് പ്രതീക്ഷക്കു വകയുള്ളു. രാഷ്ട്രീയത്തിന്റെ അടയാളവൽക്കരണത്തെ എതിർക്കാനുള്ള ഒരേ ഒരു വഴി മനുഷ്യരുടെ ദൈനന്ദിനജീവിതത്തെ ധാർമികമായി സമീപിക്കുകയും എല്ലാവരോടും സംവദിച്ചു അവരെക്കൂടി ഉൾപ്പെടുത്തി ഒരു പുതിയ രാഷ്ട്രീയ അജണ്ട തയാറാക്കുകയും ആണ്.
അവിടെയാണ് എനിക്ക് മുസ്ലിം സമുദായത്തിലെ നേതാക്കളോടും വക്താക്കളോടും ഒരു നിർദ്ദേശം വെക്കാനുള്ളത്. ഒരു കാരണവശാലും മറ്റൊരു പള്ളി നിർമിക്കാനായി കിട്ടിയ സ്ഥലത്തു പള്ളി നിർമ്മിക്കരുത്. ഇതൊരു ഹിന്ദു മുസ്ലിം പ്രശ്നമാക്കി പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളെ അത് വിജയിപ്പിക്കും. Hannah Arendt ജർമനിയിലെ ജൂതരുടെ ധാർമികത്തകർച്ചയെപ്പറ്റി പറഞ്ഞത് ഓർക്കുകയും അത്തരം ഒരു വീഴ്ച വരുത്താതെ ശ്രദ്ധിക്കുകയും ചെയ്യുകയാണ് അക്രമത്തിന്റെ ചാക്രികതയെ ഇല്ലാതാക്കാൻ ഇന്ത്യൻ മുസ്ലിമുകൾക്ക് ചെയ്യാവുന്നത്. പരസ്പരം പോരാടിപ്പിച്ചു അധികാരം നേടാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കേണ്ടത് ഭിന്നതക്കു യാതൊരു ബഹുമാന്യതയും നൽകാതെ തള്ളിക്കളഞ്ഞുകൊണ്ടാണ്!
സവാദ് റഹ്മാൻ മുന്നോട്ടു വെച്ച ഒരാശയത്തെ വിപുലീകരിച്ചു കൊണ്ട് പറയട്ടെ: ഭരണഘടനയെ ഓർക്കുന്നതിനുള്ള ഒരു പൂന്തോട്ടമോ മ്യൂസിയമോ ആണ് അവിടെ ഉണ്ടാവേണ്ടത്. ഗാന്ധിയും അംബേദ്കറും നെഹ്രുവും ആസാദും സാവിത്രി ഫുലെയും ഫാത്തിമ ഷെയ്ക്കും ബിർസയും എ കെ ജിയും മാത്രമല്ല, വേദങ്ങളും പുരാണേതിഹാസങ്ങളും ബുദ്ധനും മഹാവീരനും ഗുരു നാനാക്കും നിസാമുദ്ധീൻ ഔലിയായും വേളാങ്കണ്ണി മാതാവും തുടങ്ങുന്ന ആത്മീയ പാരമ്പര്യവും കലാ-സാംസ്കാരിക ധാരകളെയും കൊണ്ടാടുന്ന ഒരു സ്ഥലം. എല്ലാ ജാതി -മത-ലിംഗവിഭാഗങ്ങൾക്കും എല്ലാ തരം ന്യൂനപക്ഷങ്ങൾക്കും ഒരിടം. അപ്പോൾ ബാബരിപ്പള്ളിയുടെ പൊളിക്കൽ ഇന്ത്യ എന്ന ആശയത്തിനെതിരായ ഒരു അക്രമമായിരുന്നു എന്നതു വ്യക്തമാവുകയും ഭൂരിപക്ഷതാവാദത്തെ അസാധുവയ്ക്കുകയും ചെയ്യും.
അതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗത്തു ബാബരിപ്പള്ളി കർസേവകർ പൊളിച്ച ശേഷം രാജ്യത്താകമാനം നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും വിവരങ്ങളും ചിത്രങ്ങളും വെച്ച ഒരു മ്യൂസിയം. ഹോളോകാസ്റ്റ് (ജൂതവംശഹത്യാ) മ്യൂസിയങ്ങളെ ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്. കലാപങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും അധിനിവേശം കൊണ്ടും കഷ്ടപ്പെടുന്ന ലോക ജനതയെക്കൂടി മനസ്സിലാക്കാവുന്ന രീതി ഈ ഭാഗത്തിനുണ്ടായാൽ ഇനിയും ചോര ചിന്താതിരിക്കാൻ നമുക്ക് അത് പ്രചോദനമായേക്കാം.
ലോകത്തിലും ഇന്ത്യയിലും ഇതൊന്നും നമ്മളായിട്ട് തുടങ്ങിയതല്ല. നമ്മളായിട്ട് തീർക്കുകയെങ്കിലും വേണം. അപ്പോഴേ നമുക്ക് നമ്മുടെ ബാക്കിയുള്ളവർക്ക്, പുതിയ തലമുറക്ക് അവർ ജീവിക്കുന്ന ലോകത്തിന്റെ കാര്യങ്ങളിലേക്ക് അവരെ സ്വതന്ത്രരാക്കാൻ കഴിയൂ.
കവർ : ജ്യോതിസ് പരവൂർ