പൂമുഖം CINEMA കാഴ്ച്ചയുടെ ഗിരിനിരകൾ

കാഴ്ച്ചയുടെ ഗിരിനിരകൾ

 

”Photography is truth.The cinema is truth twenty four times per second”
(jean – luc godard )

അനാര്യർക്കും ഋതുമതികൾക്കും പ്രവേശനം നിഷേധിക്കാത്ത കാഴ്ച്ചയുടെ ഗിരിമുടിയായി കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു.കാൽശതകം തികയ്ക്കാൻ രണ്ടാണ്ടു ബാക്കി നിൽക്കെ ഇരുപത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങുമ്പോൾ,ദീപശിഖ താഴ്ത്തുമ്പോൾ തോൽക്കാത്ത ഒരു ജനതയുടെ കഥ തിരശ്ശീലയിൽ പ്രദർശനം തുടരും.
പ്രളയം ഏൽപ്പിച്ച മുറിവുകളെ ചലച്ചിത്രോത്സവത്തിലൂടെയും സ്കൂൾ കലോത്സവത്തിലൂടെയും കേരളം മറികടക്കുകയാണ്.ആത്മാവിനേറ്റ മുറിവുകളുണക്കാൻ കലയെക്കാൾ മഹത്തരമായൊരു ഔഷധമില്ലല്ലോ.
”കത്തിയാൽ, മരുന്നിനാൽ
മാറാത്ത നോവും മാറ്റാനൊത്തിടാമൊരുൽകൃഷ്ടഭാവഹർ ഷത്താൽ മാത്രം”(വൈലോപ്പിള്ളി) പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണമായിരുന്നു ചലച്ചിത്രോത്സവത്തിന്റെ മുഖ്യ അജണ്ട.ജനതയുടെ ഒത്തുചേരലിനുള്ള പരമാവധി വേദികൾ ഒരുക്കുന്നതിലൂടെ ദുരന്തം ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് മാനസികമായി മുക്തമാകാനുള്ള വഴിയാണ് തുറന്നിടുന്നത്.
ചലച്ചിത്രോത്സവം അനേകം ഇടങ്ങളെ,മനുഷ്യരെ,പലായനങ്ങളെ,നെടുവീർപ്പുകളെ,പൊട്ടിച്ചിരികളെ,കാമനകളെ,പ്രണയത്തെ,നോട്ടങ്ങളെ അവതരിപ്പിക്കുന്നു.അതിജീവനത്തിന്റെ ഗാഥകളാണ് ചലച്ചിത്രങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.അതിരുകൾ കവിഞ്ഞൊഴുകുന്ന സ്നേഹമായി സംഗീതമായി സിനിമ മാറുന്നു.മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്ന് വരുന്ന ചിത്രങ്ങൾ ആവിഷ്കരിക്കുന്ന ദാരിദ്ര്യത്തിന്റെയും വേദനയുടെയും വേർപാടിന്റെയും വിലാപങ്ങൾ തീയേറ്റർ വിട്ടതിനുശേഷം ഉള്ളിൽ അടർന്ന് വീഴാതെ കനത്ത് നിൽക്കുന്നു.

ഇരുപത്തിമൂന്നാം ചലച്ചിത്രോത്സവത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ചിത്രങ്ങൾ കുറവാണെന്നാണ് പൊതുഅഭിപ്രായം.
എങ്കിലും മിടിക്കുന്ന ചില തിരിനാളങ്ങളുണ്ടായിരുന്നു.സമീപനത്തിൽ പുലർത്തിയ വൈവിധ്യത്താൽ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഇക്കുറിയും ഉണ്ടായിരുന്നു.ഗോദാർദിന്റെ ദൃശ്യരാഷ്ട്രീയം, കാഴ്ച്ചയുടെ നിലവിലുള്ള നിയമങ്ങളെയെല്ലാം നിരാകരിച്ച് അവതരിപ്പിച്ച ‘The image book ‘ ഒരു കൊളാഷിന്റെ പ്രതീതിയാണ് വിനിമയം ചെയ്യുന്നത്.സൂക്ഷ്മശ്രദ്ധയും,ഗൊദാർദ് സിനിമകളുമായുള്ള പൂർവ്വകാലബന്ധവും ചിത്രം പാരായണം ചെയ്യാൻ ആവശ്യമാണ്.അഗാധമായ നോട്ടം ആവശ്യപ്പെടുന്ന കലാസൃഷ്ടിയാണ്.ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള ദൃശ്യപരിചരണമല്ല ഗൊദാർദ് സ്വീകരിച്ചിരിക്കുന്നത്.രൂപത്തിൽ കൊണ്ടുവന്ന ഈ വിധ്വംസകത്വമാണ് ഗൊദാർദിന്റെ കയ്യൊപ്പ്.Redoubtable എന്ന ഗൊദാർദിന്റെ ജീവിത കഥ പറയുന്ന ചിത്രം കഴിഞ്ഞ വർഷത്തെ ചലച്ചിത്രോത്സവത്തിലുണ്ടായിരുന്നു.
ഈ വിധം വൈവിധ്യങ്ങളുടെ സമന്വയം തന്നെയായിരുന്നു ചലച്ചിത്രോത്സവം.നൃശംസതയുടെ കൊടുമുടിയിലേക്കുയരുന്ന, ലാൺ വോൺ ട്രയർ സംവിധാനം ചെയ്ത The House of jackbuilt , കിം ക്കി ഡുക്ക് സംവിധാനം ചെയ്ത ‘Human, spec,Time and Human ‘ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ലൂയിസ് ഓർടേഗോ സംവിധാനം ചെയ്ത ‘El Angel ‘ തുടങ്ങിയ ചലച്ചിത്രങ്ങൾ ഹിംസയുടെ പല വിതാനത്തിലുള്ള ആവിഷ്കാരങ്ങളാണ്.അടക്കം ചെയ്ത ഹിംസയാണല്ലോ കലയായി രൂപം കൊള്ളുന്നത്.ഹിംസയെ കേന്ദ്രമാക്കിയ സൃഷ്ടികൾ സൂക്ഷ്മമായ ദൃശ്യപരിചരണത്തിലൂടെ പ്രമേയത്തെ കൃത്യമായി വിനിമയം ചെയ്തു.El angel സ്വീകരിച്ച കളർ ടോണും,പശ്ചാത്തലസംഗീതവും,ചടുലമായ ക്യാമറയും എഴുപതുകളിൽ അർജന്റീനയിൽ നടക്കുന്ന കാർലീറ്റോസ് എന്ന സ്ത്രൈണസ്വഭാവമുള്ള,,കൊലപാതകങ്ങളിൽ അഭിരമിക്കുന്ന, മനുഷ്യനെ ആഴമേറിയ അനുഭവമാക്കി മാറ്റുന്നു.കാർലീറ്റോസിന്റെ ഹ്രസ്വകാലജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.നൃത്തം ചെയ്യുന്ന,പ്രണയിക്കുന്ന,വീട്ടുകാരോട് സ്നേഹബന്ധം പുലർത്തുന്ന കാർലീറ്റോസിന്റെ മാനസികവഴികൾക്ക് ഹിംസയോടാണ് അടുപ്പം കൂടുതൽ.പല അവസരങ്ങളിലും അയാൾ നടത്തുന്ന കൊലപാതകങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.ബ്യൂണസ് എെറിസ് എന്ന പ്രദേശത്തിന്റെ എഴുപതുകളിലെ ദേശചരിത്രവും,ബന്ധചരിത്രവും മാത്രമല്ല;ശരീരത്തെ സംബന്ധിച്ച സൂക്ഷ്മകാഴ്ച്ചകളും ചിത്രം സാധ്യമാക്കുന്നു.

കിംക്കി ദുക്കിന്റെ ചിത്രം രതിയും,ഹിംസയും,കാനിബാലിസവും,അധികാരവ്യവസ്ഥയും,അഗാധപരിസ്ഥിതിബോധവും,ഒക്കെ ചേരുന്ന ആവിഷ്കാരമാണ്.കപ്പൽ യാത്രയാണ് ഇത്തവണ പശ്ചാത്തലം.കിംക്കി അടുത്ത കാലത്തായി സ്വീകരിക്കുന്ന അധികാരവും മനുഷ്യനും തമ്മിലുള്ള സംഘർഷം സിനിമയുടെ ഒരു വഴിയാണ്.പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ വഴി നോക്കുന്ന,പ്രതികരിക്കുന്ന ജനതയെ ആയുധബലം കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്ന അധികാര അപ്രമാദിത്വത്തിന്റെ ഉയർന്ന രൂപങ്ങളെ സൂക്ഷ്മമായി ചിത്രം ആവിഷ്കരിക്കുന്നു.മൂന്നു ഘട്ടങ്ങളിലെ മനുഷ്യവസ്ഥയാണ് ചിത്രത്തിന് നിദാനം.ഒടുക്കം കപ്പലിൽ ബാക്കിയായ മകൻ അമ്മയെ പ്രാപിക്കാൻ അടുക്കുമ്പോൾ ജീവിതചക്രം പൂർത്തിയാകുന്നു.വന്യമായ മാനുഷികബോധത്തിന്റെ പ്രതിനിധാനമാവുന്നുണ്ട് ചിത്രം.അയഞ്ഞ ശരീരപ്രകൃതിയുള്ള വൃദ്ധന്റെ സംയമനമാണ് വിത്തുകൾ മുളപ്പിക്കുന്നത്,ജീവനെ ഒഴുകാൻ അനുവദിക്കുന്നത്. ഉറച്ച ശരീരങ്ങൾ കാട്ടിയ അടിച്ചമർത്തൽ ശ്രമങ്ങളെല്ലാം കൊടിയ ദാരിദ്ര്യത്തിലേക്കും,നരഭോജിത്വത്തിലേക്കും നയിക്കുന്നു.മാജിക്കൽ റിയലിസ്റ്റിക്ക് സമീപനമാണ് കിംക്കി തന്റെ ചിത്രത്തിന് സ്വീകരിച്ചത്.

നയോമി കവോസെ സംവിധാനം നിർവഹിച്ച ‘വിഷൻ ‘ ആത്മീയതയുടെയും പ്രണയത്തിന്റെയും ഭ്രമാത്മകതയുടെയും വഴിയാണ് സ്വീകരിച്ചത്.വ്യക്തിക്ക് അഭയമരുളുന്ന ഓർമ്മകളും,വർത്തമാനകാലവും തമ്മിലുള്ള സംഘർഷമാണ് ചിത്രീകരിക്കുന്നത്.ഓർമ്മകളിലേക്കുള്ള സഞ്ചാരമാണ് ചിത്രം.വർഷങ്ങൾ പഴക്കമുള്ള ഔഷധം തേടിയെത്തുന്ന എഴുത്തുകാരി കാടിന്റെയും മലനിരകളുടെയും ഗഹനതയിൽ ഓർമ്മകളിലേക്കും പ്രണയത്തിലേക്കും യാത്ര തിരിക്കുന്നു.ആ ചുറ്റുപാടിൽ നിന്ന് കണ്ടെടുക്കുന്ന ചിരപരിചിതത്വവും പ്രണയവും ചിത്രത്തെ മനോഹരമാക്കുന്നു.കാടിന്റെ വന്യതയും,വെളിച്ചത്തിന്റെ മാറ്റങ്ങളും,ഋതുസംക്രമണവും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.അനേകം വായനകൾ സാധ്യമാക്കുന്ന ആഖ്യാനമാണ്.പ്രണയവും ഓർമ്മയും പുരാവൃത്തങ്ങളും ആത്മീയാനുഭവം ഇഴുകിച്ചേർന്ന അവസ്ഥയെയാണ് ‘വിഷൻ ‘ വിനിമയം ചെയ്യുന്നത്.ആ ദർശനമാണ് സിനിമ സാക്ഷാത്കരിക്കുന്നത്.

മേളയിൽ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് ‘Capernaum ‘ എന്ന ലബനീസ് ചിത്രമാണ്.ബാല്യകാല അരക്ഷിതാവസ്ഥയും,ദാരിദ്ര്യവും,തിരിച്ചറിയൽ രേഖ പ്രശ്നവും,അനാഥത്വവും ചിത്രത്തിന്റെ പ്രമേയമാവുന്നു.സെയിൻ എന്ന ബാലൻ തന്റെ മാതാപിതാക്കൾക്കെതിരെ തന്നെ ജനിപ്പിച്ചതിന് കേസ് കൊടുക്കുന്നു.കോടതിമുറിയിൽ വച്ച് ചിത്രം ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഒറ്റമുറിവീടും,പല തൊഴിലുകളിലൂടെ ആറോളം കുട്ടികളെ
വളർത്തുന്ന മാതാവും,അലസനും സദാസമയം മദ്യപിക്കുന്നവനുമായ പതാവും സെയിനെ അസ്വസ്ഥനാക്കുന്നു.സ്കൂൾ വിദ്യാഭ്യാസവും,സന്തോഷകരമായ ജീവിതവും നിഷേധിക്കപ്പെട്ട് ജനിച്ച രാജ്യത്ത് തന്നെ അഭയാർത്ഥിയാക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധിയാണ് സെയിൻ.കടൽത്തീരത്ത് മണലിൽ മുഖമമർത്തി കിടന്ന എെവാൻ കുർദി എന്ന പിഞ്ചുബാലനെ ഓർമ്മിപ്പിക്കും സെയിൻ.സഹോദരിയെ അയൽകാരന് വിൽക്കുന്നതിനെ പലവട്ടം എതിർത്ത സെയിൻ വീട്ടുകാരുമായി പിരിഞ്ഞ് തെരുവിലേക്കിറങ്ങുന്നു.ചടുലമായ ദൃശ്യവിന്യാസമാണ് ചിത്രത്തിന്റെ പ്രത്യേകത.തെരുവും,വെളിച്ചം കുറഞ്ഞ വരാന്തയും,നഗരത്തിന് പുറത്തെ ജീവിതവും,കുടുസ്സുമുറികളും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു.നിരവധി ഷോട്ടുകളിലൂടെ,ഒഴുകുന്ന ക്യാമറയിലൂടെ സെയിന്റെ യാത്ര capernaum ആവിഷ്കരിക്കുന്നു.ദുഃഖഭരിതമായ തന്റെ ജീവിതത്തിന് കാരണക്കാരായ മാതാപിതാക്കളെ സെയിൻ നിയമപരമായി നേരിടുന്നു.റ്റിഗിസ് എന്ന എതോപ്യൻ സ്ത്രീയും കുഞ്ഞും സെയിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നു.അവരുടെ സംരക്ഷണവും സെയിന്റെ ഉത്തരവാദിത്വമാകുന്നു.തിരിച്ചറിയൽ രേഖകളുടെ പ്രശ്നത്താൽ റ്റിഗിസ് തടവിലാകുമ്പോൾ കുഞ്ഞിന്റെ സംരക്ഷണം സെയിന്റെ ചുമതലയാവുന്നു.കുഞ്ഞും സെയിനും തമ്മിലുള്ള കാഴ്ച്ചകളിലാണ് തീവ്രമായ ദാരിദ്ര്യത്തിന്റെ മുദ്രകൾ തെളിയുന്നത്.റ്റിഗിസ് അറസ്റ്റിലാവുന്നതോടെ സെയിനും കുഞ്ഞും തെരുവിൽ അശരണരാവുന്നു.സെയിന്റെ ഐ ഡി കാർഡിനായുള്ള ഫോട്ടോയെടുപ്പിലാണ് ചിത്രം അവസാനിക്കുന്നത് .’ഒന്ന് ചിരിക്കൂ
ഇത് നിന്റെ തിരിച്ചറിയൽ രേഖയാണ്.മരണസർട്ടിഫിക്കറ്റല്ല ‘ എന്ന് പറയുന്നിടത്ത് ആദ്യമായി സെയിൻ പുഞ്ചിരിക്കുന്നു.അവിടെ ഷോട്ട് ഫ്രീസാവുന്നു.ആ ചിരിയുടെ അടിത്തട്ടിൽ താണ്ടിയ ദൂരം മുഴുവനുമുണ്ട് (എത്രയഗാധതയിൽ നിന്ന് വരുന്നു നമ്മുടെ പുഞ്ചിരി പോലും – അയ്യപ്പപണിക്കർ )

Midnight runner , jumpman എന്നീ സിനിമകൾ സമാനമായ ആഖ്യാനസ്വഭാവമുള്ളതാണ്.മാനസികസംഘർഷങ്ങളിലൂടെയാണ് കഥാപരിസരം വികസിക്കുന്നത്.ജീവിതത്തിലേക്കുള്ള നോട്ട(Gaze )ത്തിലുള്ള വൈവിധ്യമാണ് കലാസൃഷ്ടിയിലുള്ള വൈവിധ്യം.അത്യന്തികമായി പരിസരത്തോടുള്ള മനോഭാവമാണ് സിനിമയുടെ ഗുണനിലവാരത്തെ നിശ്ചയിക്കുന്നത്,അത് ആപേക്ഷികമാണ്.The river എന്ന ചിത്രത്തിൽ steady camera യാലാണ് ഓരോ സീനും ചിത്രീകരിച്ചത്.
അവസാനഷോട്ടിലാണ് ക്യാമറ ഒഴുകാൻ തുടങ്ങിയത്.നദിയുടെ പൊരുൾ അനാവൃതമാകുന്നതും അവിടെ വച്ച് തന്നെ.The heiresess , debt എന്നീ ചിത്രങ്ങൾ കുടുംബത്തികത്തെ സംഘർഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.The debt മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.കടപ്പാടുകളെ സംബന്ധിച്ച,ബന്ധങ്ങളെ സംബന്ധിച്ച വലിയ ചോദ്യങ്ങൾ ഉയർത്താൻ ഇരു ചിത്രങ്ങൾക്കും സാധിക്കുന്നുണ്ട്.മധ്യവർഗ്ഗ ഗാർഹികപരിസരമാണ് ഇരുചിത്രങ്ങളുടെയും പശ്ചാത്തലം.

ചലച്ചിത്രമേളയിൽ വ്യത്യസ്തതകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് സമേഹ് സൊയബി സംവിധാനം ചെയ്ത Tel aviv on fire.ഇസ്രായേൽ -പലസ്തീൻ രാഷ്ട്രീയമാണ് അന്തർധാരയെങ്കിലും ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യപ്രധാനമായി ചിത്രീകരിച്ചിരിക്കുന്നു.പട്ടാളത്തിന്റെ ജനജീവിതത്തിലുള്ള ഇടപെടലുകളും,പലസ്തീൻ സമരവും വായിച്ചെടുക്കാം.മികച്ച തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്.
മലയാളചിത്രങ്ങളിൽ ഗൗതം സൂര്യയുടെ Sleeplesly yours , ജയരാജിന്റെ ഭയാനകം , വിനു കോളിച്ചാലിന്റെ ‘ബിലാത്തി കുഴൽ ‘എന്നിവ ശ്രദ്ധ നേടി.മികച്ച പ്രമേയത്തെ ചലച്ചിത്രഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ ‘ബിലാത്തി കുഴൽ ‘പരാജയപ്പെട്ടു.നവാഗതസംവിധായകനുള്ള പ്രത്യേക പരാമർശം ചിത്രം കരസ്ഥമാക്കി.മുഖ്യപ്രമേയത്തിൽ പൂർണ്ണമായും ശ്രദ്ധ കൊടുക്കാതെ അലസമായി സഞ്ചരിച്ച ചിത്രമായി ബിലാത്തികുഴൽ അനുഭവപ്പെട്ടു.
Sleeplessly yours മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.കെട്ടുറപ്പുള്ള തിരക്കഥയും ,സൂക്ഷ്മാഭിനയവും,കൃത്യതയുള്ള എഡിറ്റിംഗുമാണ് ചിത്രത്തിന്റെ മേന്മ.ഭ്രമാത്മകമായ ജീവിതപരിസരത്തിലേക്കുള്ള വാതായനമാണ് ചിത്രം തുറക്കുന്നത്.തകഴിയുടെ ‘കയർ ‘ എന്ന നോവലിലെ ചില ഭാഗങ്ങളെ ആധാരമാക്കിയാണ് ‘ഭയാനകം ‘ നിർമ്മിച്ചിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ കാണാതെ പോയ ഭാഗങ്ങളെ ചിത്രം അവതരിപ്പിക്കുന്നു.ഒരു ലോകമഹായുദ്ധം കേരളത്തിലെ ഒരു ഗ്രാമത്തിൽ സൃഷ്ടിച്ച ആഘാതമാണ് ചിത്രത്തിന്റെ കാതൽ.പോസ്റ്റ് മാന്റെ കടന്ന് വരവ് സൃഷ്ടിക്കുന്ന ആരവവും,ഏങ്ങിക്കരച്ചിലും രണ്ട് കളർ ടോണുകളിൽ ചിത്രീകരിച്ചിരിക്കുന്നു.

ചലച്ചിത്രങ്ങൾ അവസാനിക്കുന്നില്ല,women at war , rafiqi , rojo , silence തുടങ്ങി ജീവിതത്തിന്റെ ഭാവനയുടെയും ഭിന്നതലങ്ങളെ ആവിഷ്കരിക്കുന്ന നിരവധി ചിത്രങ്ങൾ മേളയെ സമ്പന്നമാക്കി.മാനവരാശിയുടെ മരണത്തിനെതിരായ സമരം എൻഡ് ടൈറ്റിലുകളില്ലാതെ തുടരുന്നു.അധികാരം സൃഷ്ടിക്കുന്ന മുറിവുകൾക്കെതിരായി വിണ്ടുകീറിയ പാദവുമായി നീതിക്കായി ശബ്ദമുയർത്തുന്നു.ചലച്ചിത്രം കേവല വിനോദോപാധിയോ,പ്രചരണോപാധിയോ അല്ലെന്നും,സിനിമ ആത്യന്തികമായി ജീവിവംശത്തിന്റെഅടിസ്ഥാന നീതിയെയാണ് അഭിസംബോധന ചെയ്യുന്നതെന്നും,ദേശ-ശരീര ഭാവനകളുടെ വലിയ ആകാശങ്ങളിലേക്ക് അവ നമ്മെ ക്ഷണിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടി നാം മലയിറങ്ങുന്നു,ഉയർന്ന ശിരസ്സുമായി,നിർഭയമായ മനസ്സുമായി,അതിരുകളില്ലാത്ത ലോകത്തെ സ്വപ്നം കണ്ട്.

Comments
Print Friendly, PDF & Email

മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി
കാസറഗോഡ് ജില്ലയിൽ മടിക്കൈ സ്വദേശി

You may also like