പൂമുഖം LITERATUREലേഖനം നിരീക്ഷണം; ഭീതി ; മരിക്കുന്ന ജനാധിപത്യം

നിരീക്ഷണം; ഭീതി ; മരിക്കുന്ന ജനാധിപത്യം


മരിക്കുന്ന ജനാധിപത്യം

കഴിഞ്ഞ കുറെ വർഷങ്ങളായി, ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് വലതുവശത്തേക്ക് ചാഞ്ഞുനിൽക്കുന്നതിന്റെയും, അമേരിക്കയിൽ ട്രംപിനെ പോലെ ഒരാൾ പ്രസിഡന്റ് പദത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിൽ, ലണ്ടനിൽനിന്നുള്ള ഗാർഡിയൻ പത്രത്തിൽ Steven Levitsky, Daniel Ziblatt എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ,ലോകജനാധിപത്യത്തിന്റെ ഭാവിയെ പ്പറ്റി കാതലായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

ഫാസിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പട്ടാള ഭരണത്തിൻറെയോ പ്രകടമായ ഏകാധിപത്യം ഇന്ന് ലോകത്തിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.മിക്ക രാജ്യങ്ങളിലും കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾത്തന്നെ ജനാധിപത്യഭരണം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പലയിടത്തും മരിച്ചുകൊണ്ടുമിരിക്കുകയാണു എന്ന വൈരുദ്ധ്യവും ഇതിനോടൊപ്പം നില നിൽക്കുന്നു.ആദ്യം സൂചിപ്പിച്ച ശൈലികളിലൊന്നുമല്ലാതെ പെട്ടെന്നൊന്നും ജനശ്രദ്ധയിൽപ്പെടാത്ത മറ്റുചില വഴികളായിരിക്കും ശരിയായ അർത്ഥത്തിലുള്ള ജനാധിപത്യം അട്ടിമറിക്കാൻ ഭരണാധികാരികളുപയോഗിക്കുക എന്നുമാത്രമാണു വ്യത്യാസം.

ഈ വിപത്തിൽ ജനാധിപത്യത്തിന്റെ ആദ്യചുവട് പിഴയ്ക്കുന്നത്ബാലറ്റ്പെട്ടിയിൽ ,(ഇൻഡ്യൻ രീതിയിൽ പറഞ്ഞാൽ വോട്ടിങ്ങ് യന്ത്രത്തിൽ) നിന്നുതന്നെയായിരിക്കും-അതായത്,തിരഞ്ഞെടുപ്പ് പ്രക്രിയ മുതൽ എന്നർത്ഥം. ജനാധിപത്യ തകർച്ചയിലേക്കുള്ള ഈ വഴി തിരിച്ചറിയുന്നത് ഒട്ടും എളുപ്പമല്ല. വ്യവസ്ഥാപിതമായ,നമുക്ക് പരിചയമുള്ള തരം അട്ടിമറിയിൽ, ജനാധിപത്യത്തിന്റെ മരണം പൊടുന്നനെ വ്യക്തമായി വെളിവാകുന്ന, രീതിയിലാണല്ലൊ സംഭവിക്കുക. പ്രസിഡണ്ടോ പ്രധാനമന്ത്രിയോ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക; ഭരണഘടന സ്തംഭിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക;എന്നിങ്ങിനെ നാടകീയമായ നീക്കങ്ങളോടെയായിരുന്നു ജനാധിപത്യത്തിന്റെ അന്നുള്ള മരണം.പക്ഷെ ജനാധിപത്യത്തിന്റേതെന്ന് നമ്മൾ കരുതുന്ന പുതിയ തിരഞ്ഞെടുപ്പിന്റെ പാതയിൽ അങ്ങിനെയൊന്നും തന്നെ ദൃശ്യമാകുകയില്ല

പഴയതുപോലെ തെരുവീഥികളിൽ പട്ടാളക്കാർ മാർച്ച് ചെയ്യുന്നതോ ടാങ്കുകൾ ഉരുളുന്നതോ കണ്ടെന്നുവരില്ല.ഈ അട്ടിമറി നടത്തുന്നത് ഭരണഘടനയും നാമമാത്രമായ ജനാധിപത്യ സ്ഥാപനങ്ങളും എല്ലാം പ്രത്യക്ഷത്തിൽ നിലനിർത്തിക്കൊണ്ടുതന്നെയാകും.ജനങ്ങൾ അപ്പോഴും തങ്ങളുടെ ഇഛക്കൊത്താണു ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് എന്ന വിശ്വാസത്തിൽ വോട്ട്ചെയ്യുന്നുണ്ടാകും എന്നതാണിതിലെ ക്രൂരമായ തമാശ.

സ്വേഛാധിപതികൾ ജനാധിപത്യത്തിന്റെ പുറംമോടി സൂക്ഷിച്ചു കൊണ്ട് അതിന്റെ സത്ത അടർത്തി കളയുവാനുള്ള തന്ത്രങ്ങൾ സമർത്ഥമായി ആവിഷ്ക്കരിക്കുന്നതിന്റെ തെളിവാണിത്. പല സർക്കാരുകളും ജനാധിപത്യം അട്ടിമറിക്കുന്നത് ‘നിയമാനുസൃത’മായി തന്നെയായിരിക്കും. അതായത് നിയമനിർമ്മാണസഭയുടെയും, നീതിന്യായ കോടതികളുടെയും അനുവാദത്തോടുകൂടി തന്നെ. പലപ്പോഴുമത് ജനാധിപത്യം മെച്ചപ്പെടുത്താനോ നീതിന്യായ വ്യവസ്ഥയെ കാര്യക്ഷമമാക്കാനോ, അഴിമതിയെ നേരിടാനോ, തിരഞ്ഞെടുപ്പ് പ്രക്രിയതന്നെ ശുദ്ധീകരിക്കാനോ ഒക്കെയാണെന്ന വ്യാഖ്യാനത്തിൽ വീണു ജനം വഞ്ചിതരാകുന്നു.

സ്വതന്ത്രമെന്നു കരുതപ്പെടുന്ന പത്രങ്ങൾ കൃത്യമായി പുറത്തുവരും. പക്ഷേ അവ പ്രലോഭനം കൊണ്ടോ (പണത്തിനുമീതെ പത്രസ്വാതന്ത്ര്യവും ചിലപ്പോൾ പറക്കില്ല എന്നു വേണമെങ്കിൽ പറയാം) ഭീഷണികൊണ്ടോ ഒക്കെ, സ്വയം സെൻസർഷിപ്പിനു വിധേയമായിക്കഴിഞ്ഞിരിക്കും.ഈ സാഹചര്യത്തിലും ജനങ്ങളിൽ ജാഗ്രത്തായ ഒരു വിഭാഗം അപ്പോഴും വിമർശനം തുടരുന്നുണ്ടാവും.പക്ഷേ പലപ്പോഴും അങ്ങിനെയുള്ളവർ നികുതി സംബന്ധമായതോ, മറ്റേതെങ്കിലും നിയമക്കുരുക്കുകളിലോ (ഇരുപതുകൊല്ലം മുൻപിലത്തെ ഒരു ‘ഓവർസ്പീഡിങ്ങ്’ ചാർജ്ജ് പോലെ അതിനിസാരമായവയിൽ പോലും) ചെന്നു ‘പെട്ടെന്നു’ വരും.

എന്താണ് സംഭവിക്കുന്നതെന്ന് ജനം ആദ്യമൊന്നും മനസ്സിലാക്കുകയില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ ആണ് ജീവിക്കുന്നതെന്ന വിശ്വാസത്തിലവർ ജീവിതം തുടരും.സൈനിക നിയമമോ, അട്ടിമറിയോ ഭരണഘടന തൽക്കാലത്തേക്കെങ്കിലും റദ്ദാക്കപ്പെടുന്നതോ ഒന്നുമവർ കാണുന്നില്ലല്ലൊ. അപായമണികളൊന്നും മുഴങ്ങാത്ത സാഹചര്യത്തിൽ,ഏകാധിപത്യത്തിലേക്കുള്ള അതിർത്തിരേഖ മുറിച്ചുകടക്കുന്ന തരത്തിലുള്ള ഒന്നും അവരുടെ കണ്ണിൽപ്പെടുന്നതുമില്ല.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നതിനെതിരെ,ജനാധിപത്യം ദുർബ്ബലപ്പെടുത്തുന്നതിനെതിരെ ഒക്കെ ശബ്ദമുയർത്തുന്ന ആ ചുരുക്കം ചിലർ വെറുതെ അതിശയോക്തി കലർത്തി പറയുകയാണെന്നോ ആവശ്യമില്ലാതെ പുലി വരുന്നേ എന്ന് കരഞ്ഞു ഭയപ്പെടുത്തുകയാണെന്നോ ഒക്കെയേ മറ്റുള്ളവർ കരുതു. അങ്ങിനെയങ്ങിനെ, ജനാധിപത്യം ഇഞ്ചിഞ്ചായി കാൽക്കീഴിൽ നിന്ന് ഒലിച്ചുപോകുന്നത് ജനം തന്നെ മനസ്സിലാക്കാത്ത ഒരു സ്ഥിതിവിശേഷമുണ്ടാകുന്നു ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കൊന്നു തിരിഞ്ഞാൽ, തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികൾ ജനാധിപത്യസ്ഥാപനങ്ങൾ അട്ടിമറിക്കുവാനായി ഏതാണ്ട് സമാനമായ തന്ത്രങ്ങളാണു ഉപയോഗിക്കുന്നത് എന്ന് ഒരു താരതമ്യപഠനത്തിൽ നിന്ന് വ്യക്തമാകും.

ഈ മാതൃകയൊന്നു തെളിഞ്ഞ്‌ കിട്ടിക്കഴിഞ്ഞാൽ അതിനെ നേരിടുക അല്പംകൂടി എളുപ്പമാകും.ഒപ്പം, മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ ഇങ്ങനെയുള്ള പ്രതിസന്ധികളെ വിജയകരമായി നേരിട്ടതെങ്ങിനെയെന്നോ,അതല്ലെങ്കിൽ ദാരുണമായി പരാജയപ്പെട്ടതെങ്ങിനെയെന്നോ കൂടി മനസ്സിലാക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.

ധാർമ്മിക തത്ത്വചിന്തകയായ Susan Neyman നാസിസത്തിന്റെ കുറ്റകൃത്യങ്ങളുമായി ജർമ്മനി എങ്ങനെയാണ് പൊരുത്തപ്പെട്ടതെന്ന് പഠിച്ചിട്ടുണ്ട്. അവർ പറയുന്നത്, ഓരോ രാജ്യങ്ങൾക്കും അവയുടേതായ പ്രത്യേകതകളുണ്ടെങ്കിലും, അവയുടെ ചരിത്രങ്ങൾ പ്രത്യേകമായി പഠിക്കണമെന്നത് വളരെ പ്രധാനമാണ് എന്നിരിക്കിലും ജർമ്മനിയുടെ ഭൂതകാലത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ആവശ്യം നിലനിൽക്കുന്നു എന്നതാണു.കാരണമായിപ്പറയുന്നത് സ്വേഛാധിപത്യഭരണത്തിലേക്ക് ഒരു രാജ്യം നീങ്ങുന്നതെങ്ങിനെയെന്നതിനെക്കുറിച്ച് മുൻകൂട്ടിയൊരു രൂപം ലഭിക്കാൻ ആ ചരിത്രം ഉപകരിക്കും എന്നതാണ്. അതിജീവനം എത്രത്തോളം ബുദ്ധിമുട്ടാണെന്നതും, എങ്കിലുമത് സാധ്യമാണ് എന്നതും , ഒരു രാജ്യത്തിന് അതിനുള്ളിൽ നിന്ന് കൂടുതൽ മികച്ച രീതിയിൽ പുറത്തുവരാൻ കഴിയുമെന്നതും,അത് ബലഹീനതയ്ക്ക് പകരം, ശക്തിയുടെ ഉറവിടമായിമാറാമെന്നതും ഒക്കെ ജർമ്മൻ ചരിത്രത്തിൽ നിന്നും പഠിക്കാം.

അന്ന് ആ രാജ്യത്തെ ജനസംഖ്യയുടെ 10% നാസി പാർട്ടിയിലെ അംഗങ്ങളായിരുന്നു.ഏറ്റവുമധികം ഞെട്ടിക്കുന്നതും അതിപ്രധാനപ്പെട്ടതുമായ ഒരു കാര്യം അവരൊന്നും വിദ്യാഭ്യാസമില്ലാത്ത ജനവിഭാഗങ്ങളിൽ നിന്നല്ലായിരുന്നു എന്നതാണു! ഭൂരിപക്ഷത്തിനും അക്കാദമിക് ബിരുദങ്ങൾ ഉണ്ടായിരുന്നു. വംശീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ വിദ്യാഭ്യാസം പ്രതിരോധശേഷി നൽകുന്നുവെന്ന് നമ്മൾ കരുതുന്നുവെങ്കിലും അതങ്ങിനെയല്ല എന്നു പഠിക്കുന്നതുപോലും പ്രധാനമാണ് .

ചുരുക്കത്തിൽ,ഒരു രാജ്യം ഹിറ്റ്ലർകാലഘട്ടം പോലെയൊരു വൻ ദുരന്തത്തിലേക്കുള്ള ആദ്യ ചുവടുകൾ വെക്കുന്നതെപ്പോഴാണെന്നറിഞ്ഞിരിക്കുക;വംശീയതയെക്കുറിച്ച് ബോധവാന്മാരായിരിക്കുക; ദേശീയതയെക്കുറിച്ച് അറിഞ്ഞിരിക്കുക .ജനാധിപത്യബോധമുള്ള ഒരു ജനത ജാഗ്രത്തായിരിക്കേണ്ട വിഷയങ്ങളാണിവ.ഒപ്പം ജനങ്ങൾക്ക് എന്താണു സ്വീകാര്യമാവുക എന്നു പഠിച്ചുകൊണ്ട് നാസികൾ വളരെ സാവധാനത്തിലും ശ്രദ്ധാപൂർവ്വവുമാണു മുന്നോട്ടുനീങ്ങിയതെന്നും നമ്മളോർത്തിരിക്കുക.

ആരോഗ്യകരമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽപ്പോലും,ജനത്തിനെ കയ്യിലെടുക്കാനുള്ള പ്രത്യേക കഴിവു ലഭിച്ചിട്ടുള്ള, വാചകക്കസർത്തുകൾ നടത്തുന്ന, തീവ്രചിന്തകരായ സ്വേഛാധിപതികൾ പലപ്പോഴായി സമൂഹത്തിനുള്ളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. മേല്പറഞ്ഞ ജാഗ്രതയിലേക്കുള്ള സൂചകങ്ങൾ ലേഖകർ ഇങ്ങിനെ ക്രോഡീകരിക്കുന്നു.

ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണത്തിൽ,ആദ്യമായി വേണ്ടത് , മറ്റു രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും ഈ തീവ്രചിന്തകർ അധികാരത്തിലേക്കെത്തുന്നത് തടയുന്നുവെന്നു ഉറപ്പാക്കുകയാണ് .അതായത് മുഖ്യധാരാ രാഷ്ട്രീയ ടിക്കറ്റുകൾ അവർ കരസ്ഥമാക്കാതിരിക്കാനായി മറ്റു പാർട്ടികൾ അവർക്ക് അംഗീകാരം കൊടുക്കാതെയും,അവരുമായി കൂട്ടുകൂടാതെയും,ആവശ്യമെങ്കിൽ എതിർ കക്ഷികളുമായിപ്പോലും പൊതുവായ ഒരു അജണ്ടയിന്മേൽ ജനാധിപത്യ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ തയ്യാറാകുകയും ചെയ്യുക.ജനപ്രിയരായ തീവ്ര ഏകാധിപതികളെ ഒറ്റപ്പെടുത്തുക എന്നത് രാഷ്ട്രീയമായ ധീരത ആവശ്യപ്പെടുന്ന ഒന്നാണ്.

പക്ഷേ ഭയവും അവസരവാദവും തെറ്റായ കണക്കുകൂട്ടലുകളുമായി പ്രധാന രാഷ്ട്രീയ പാർട്ടികൾ മുഖ്യധാരയിലേക്ക് തീവ്രരാഷ്ട്രീയനിലപാടുള്ളവരെ എത്താൻ അനുവദിക്കുമ്പോൾ ജനാധിപത്യം അപകടത്തിലാകുന്നു!ഈ തരത്തിൽ, ഏകാധിപതിയാകാൻ സാധ്യതയുള്ള ഒരാൾ ഭരണത്തിലേക്ക് എത്തുമ്പോൾ ജനാധിപത്യം രണ്ടാമതും പരീക്ഷിക്കപ്പെടുകയാണ്.ഇവിടെ മർമ്മപ്രധാനമായ ചോദ്യം അവർ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുമോ, അതോ അവയാൽ നിയന്ത്രിക്കപ്പെടുമോ എന്നതായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളെ നിയന്ത്രിക്കാൻ ജനാധിപത്യ സ്ഥാപനങ്ങൾ മാത്രം പോര. രാഷ്ട്രീയപാർട്ടികളും, ജനകീയ സംഘടനകളും, ജനാധിപത്യ മാനദണ്ഡങ്ങളും, ഒത്തുചേർന്ന് ഭരണഘടനയെ കാത്തു രക്ഷിക്കുക കൂടി വേണം.കരുത്തുള്ള മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ, ഭരണഘടനാപരമായ നിയന്ത്രണങ്ങളും,നിരന്തരപരിശോധനയിലൂടെ സന്തുലിതാവസ്ഥ നിലനിർത്തൽ പ്രക്രിയയും കൊണ്ടുമാത്രം നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ജനാധിപത്യം സംരക്ഷിക്കാൻ ആവില്ല. അതില്ലാതെ വരുമ്പോഴാണു ജനാധിപത്യ സ്ഥാപനങ്ങൾ, അത് നിയന്ത്രിക്കുന്നവരുടെ കയ്യിൽ, അതില്ലാത്തവരുടെ നേരെ പ്രയോഗിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങളായി മാറുന്നത്.

കോടതികളെയും നിഷ്പക്ഷ സംഘടനകളെയും, തങ്ങളുടെ ആവശ്യത്തിന് പാകപ്പെടുത്തി ആയുധമാക്കുകയും, ഒപ്പം മാധ്യമങ്ങളെയും സ്വകാര്യമേഖലയേയും,വാങ്ങിയോ ഭീഷണിപ്പെടുത്തിയോ രാഷ്ട്രീയതത്വങ്ങൾ മാറ്റി എഴുതിച്ചും , എതിർ പക്ഷത്തിനെതിരെ പ്രതികൂലകാലാവസ്ഥ സൃഷ്ടിച്ചും ഒക്കെയാണു തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ പാത തന്നെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന ദുഃഖകരമായ ഈ വൈരുദ്ധ്യം സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ ഈ കൊലയാളികൾ അനുക്രമമായി, സൂക്ഷ്മമായി, നിയമപരമായി,ജനാധിപത്യസ്ഥാപനങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെയാണു അതിനെ സ്വയം വധിക്കുന്നത് എന്നതുകൊണ്ടാണ് .

ഇന്നു നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയകാലാവസ്ഥ സൂക്ഷ്മമായി ഗ്രഹിക്കുന്ന ഒരാൾക്ക് ഇതൊക്കെ വളരെ പരിചിതമായി തോന്നിയാൽ ഒട്ടും അത്ഭതപ്പെടാനില്ല.ഒപ്പംഅന്യരാജ്യങ്ങളെ നിരീക്ഷിക്കുന്നതിൽ നിന്ന് നമുക്കൊന്നുകൂടി മനസ്സിലാക്കാം;സമുദായ ധ്രൂവീകരണം ജനാധിപത്യത്തിന് അപകടമാണ് എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെ, അത് ഒഴിവാക്കാൻ പറ്റാത്തതോ ഗതി തിരിച്ചു വിടാൻ ആകാത്തതോ അല്ല എന്ന ആശ്വാസകരമായ വസ്തുതയും ഒപ്പം നിലനിൽക്കുന്നു.എന്നിരിക്കിൽ പോലും, ജനാധിപത്യത്തിനെ സംരക്ഷിക്കാൻ രോഷം കൊണ്ടോ സാധാരണ പ്രതിരോധം കൊണ്ടോ മാത്രം സാധ്യമല്ല. മറ്റു രാജ്യങ്ങളിൽ നിന്ന്,ഇതുപോലെയുള്ള സാഹചര്യങ്ങളിൽ അവിടെയുണ്ടായിട്ടുള്ള അപകടസൂചനകൾ കൂടി നമ്മൾ മനസ്സിലാക്കണം. അതുപോലെ, തെറ്റായ ഭീതികളും മനസ്സിലാക്കണം.ഓർക്കുക,നിർണ്ണായകമായി മാറിയ തെറ്റായ ചില ചുവടുവെപ്പുകൾ ജനാധിപത്യ രാജങ്ങളെ അപ്പാടെ തകർത്തു കളയുകതന്നെ ഉണ്ടായിട്ടുണ്ട്.മറ്റ് രാജ്യങ്ങളിലെ പൗരന്മാർ അവിടെ ഉണ്ടായിട്ടുള്ള വലിയ ജനാധിപത്യ പ്രതിസന്ധികളെ, അവർക്കുള്ളിൽതന്നെ ആഴത്തിൽ വേരോടിയ പിളർപ്പുകൾക്കുകൾക്കും മേലെ ഉയർന്നുനിന്നു, തകർച്ചയിൽ നിന്നും രക്ഷിച്ചത് എങ്ങനെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം

ചരിത്രം ആവർത്തിക്കുകയല്ല, അതിനൊരു നിശ്ചിത താളമുണ്ട്.അതുതന്നെയാണു ചരിത്രത്തിന്റെ ഉറപ്പും വാഗ്ദാനവും! ഏറെ വൈകുന്നതിന് മുൻപുതന്നെ നമുക്ക് അടുത്ത താളം, അതായത് ആവർത്തിക്കാവുന്ന സംഭവപരമ്പര, അറിയാനാകും എന്ന ആ തീർച്ചയെ ഉള്ളിൽ വെച്ചുകൊണ്ട് ജാഗ്രത്തായിരിക്കുക എന്നതാണു ജനങ്ങളുടെ ചുമതല.

ഇൻഡ്യയിൽ ഇന്നു ജനാധിപത്യസ്ഥാപനങ്ങൾ മിക്കവാറും ഭരണകൂടത്തിനോട് വിധേയത്വം പുലർത്തുന്നവയായി മാറിക്കഴിഞ്ഞിരിക്കയാണല്ലൊ.മറ്റേതു ജനാധിപത്യ സ്ഥാപനം കൈവിട്ടാലും ഭരണകൂടവുമായി മുഖത്തോടുമുഖം നിൽക്കേണ്ടിവരുന്ന അവസരങ്ങളിൽ സാധാരണക്കാർക്ക് അന്തിമ അഭയകേന്ദ്രമാണു നമ്മുടെ നീതിന്യായവ്യവസ്ഥ ഒരുക്കുന്ന സംരക്ഷണകവചം.പക്ഷെ ഏതാനും വർഷങ്ങളായി ഈ സംരക്ഷണവും നമുക്ക് ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ് .

ഇൻഡ്യൻപൗരനു നീതി സമ്പാദിച്ചുകൊടുക്കുക എന്ന ജനാധിപത്യ ധർമ്മത്തിൽ ജ്യുഡീഷ്യറി പരാജയപ്പെടുന്നത് സാധാരണമായിക്കഴിഞ്ഞ സാഹചര്യത്തിലാണു പുതിയസുപ്രീംകോടതി ചീഫ്ജസ്റ്റിസ് സ്ഥാനമേറ്റതും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇൻഡ്യൻ ജ്യുഡീഷ്യറിയുടെ അന്തസ്സും ധീരതയും സത്തയും വിശ്വാസ്യതയും നമുക്ക് വീണ്ടെടുക്കാനായേക്കുമെന്ന ശൂഭപ്രതീക്ഷയുണരുന്നതും. പെഗാസസ് ഇൻഡ്യൻ പൗരൻ്റെ സ്വകാര്യതയിലേക്ക് നടത്തിയ നുഴഞ്ഞുകയറ്റം സംബന്ധിച്ചു നടക്കുന്ന കേസിൽ സുപ്രീംകോടതി നിഷ്പക്ഷമായ അന്വേഷണമുറപ്പാക്കാനായി സ്വന്തം നിലയ്ക്കൊരു അന്വേഷണ സമിതിയെ നിയോഗിച്ചത് ഈ കഴിഞ്ഞ ദിവസങ്ങളിലാണല്ലൊ.പെഗാസസ് വിവരച്ചോർച്ച റിപ്പോർട്ട് ചെയ്ത ആഗോള മാദ്ധ്യമക്കൂട്ടായ്മയിൽ അംഗമായിരുന്ന ‘ദ് വയർ‘ ഇങ്ങിനെയെഴുതുന്നു-

‘സുപ്രിംകോടതി നിയോഗിക്കുന്ന കമ്മിറ്റി സ്വകാര്യതയും ഡേറ്റാ പരിരക്ഷണവും സംരക്ഷിക്കുന്നതിനുള്ള നിലവിലെ നിയമത്തിൻ്റെ ചട്ടക്കൂടിലേക്കു കൂടിപ്പോവണം . കൂടാതെ പാർലമെന്റ് സമഗ്രമായ നിയമം ഉണ്ടാക്കുന്നത് വരെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഇടക്കാല നിയമ നടപടികൾ ശുപാർശ ചെയ്യാനും സുപ്രീംകോടതി നിർബ്ബന്ധിതമാകും. പൗരൻ്റെ സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയായിരിക്കുമത്…’

പെഗാസസ് വിഷയം അന്വേഷിക്കാനുള്ള മൂന്നംഗ സമിതി രൂപീകരിക്കാനുള്ള ഇടക്കാല ഉത്തരവ് പുതിയൊരു പ്രത്യാശയോടെയാണു പൗരസമൂഹം വരവേറ്റത്. . ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള സുപ്രീം കോടതി ഒരു ഉചിതമായ സന്ദേശം മോദി ഭരണത്തിന് നൽകണമെന്നതിനായിരുന്നു അവർ കാത്തിരുന്നത്. ഈ ഇടക്കാല ഉത്തരവോടെ, കോടതി മാനസികമായ ഉറപ്പ് നിറവേറ്റിയതായി തോന്നുന്നു, അതെത്ര ചെറുതായിരുന്നാൽപ്പോലും രാജ്യം രുചിച്ചാസ്വദിച്ച നിമിഷമായിരുന്നു അത്…‘

ആ സന്ദർഭത്തിൽ പ്രശ്സ്ത അഭിഭാഷകൻ കാളീശ്വരംരാജ്നടത്തിയ ഒരു സമഗ്രമായ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടവസാനിപ്പിക്കാം

“ സ്വകാര്യതയടക്കമുള്ള മൗലികാവകാശം സംബന്ധിച്ച സമസ്യകള്‍ ഒരു വശത്ത്;. എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്താനായി, അതിനെതിരേ വിദേശ ചാരക്കമ്പനികളുടെ പോലും സഹായം തേടുന്ന ഹീനതന്ത്രത്തിന്റെ നിയമപരതയും ജനാധിപത്യപരതയും മറുവശത്ത്.അതിനെപ്പോലും ന്യായീകരിക്കാന്‍ കേന്ദ്രം ദേശീയതയെയും ദേശീയ സുരക്ഷിതത്വത്തെയും മറയാക്കിയതിന്റെ പ്രശ്‌നവും അതി ഗുരുതരമാണ്…ഒരു വ്യക്തിയുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തിയെടുക്കാന്‍ നിയതവും നിയമപരവുമായ മാര്‍ഗത്തിലൂടെയല്ലാതെ, ഭരണകൂടത്തിനവകാശമില്ല.ഇന്ത്യന്‍ ടെലിഗ്രാഫ് നിയമവും (1885) വിവരസാങ്കേതികതാനിയമവും ഇക്കാര്യം വ്യക്തമാക്കുന്നു…സ്വകാര്യതയെന്ന മൗലികാവകാശം ഏതൊരു സാഹചര്യത്തിലും അലംഘനീയമാണ് എന്നതാണ് പുട്ടസ്വാമി കേസിലെ നിയമതത്ത്വം..ഈ നിയമതത്ത്വങ്ങള്‍കൂടിയാണ് പെഗാസസ് കേസില്‍ പരീക്ഷിക്കപ്പെട്ടത്. അത് കേവലം വ്യക്തിതലത്തില്‍ നടത്തിയ ഫോണ്‍ചോര്‍ത്തല്‍ എന്ന ക്രിമിനല്‍ കുറ്റത്തിന്റെ മാത്രം പ്രശ്‌നമല്ല. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്ഥാപനങ്ങളും മറ്റും സത്യസന്ധവും സുതാര്യവും ഭരണഘടനാനുസൃതവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതാനിര്‍ദേശമാണ് പെഗാസസ് കേസ്. ആ ജാഗ്രതാനിര്‍ദേശത്തെ സുപ്രീംകോടതി ഗൗരവത്തിലെടുത്തുവെന്നത് ആശ്വാസകരമാണ്.പക്ഷേ, ഇക്കാര്യത്തില്‍ കോടതിമാത്രം ജാഗ്രത കാണിച്ചാല്‍ പോരാ. ഒരു രാഷ്ട്രം മൊത്തത്തില്‍ത്തന്നെ, ഈ വിഷയത്തില്‍ തുടക്കംമുതല്‍ ഒടുക്കംവരെ ജനാധിപത്യപരമായ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ട്. അതിനവരെ സഹായിക്കുകയാണ് മാധ്യമങ്ങളും ബുദ്ധിജീവികളും ചെയ്യേണ്ടത്. ഇല്ലെങ്കില്‍ അപകടത്തിലാകുന്നത് നമ്മുടെ മഹത്തായ ജനാധിപത്യംതന്നെയായിരിക്കും. “
കവർ ഡിസൈൻ : നിയ മേതിലാജ്

Comments
Print Friendly, PDF & Email

You may also like