പൂമുഖം LITERATUREലേഖനം നിരീക്ഷണം; ഭീതി ; മരിക്കുന്ന ജനാധിപത്യം

നിരീക്ഷണം; ഭീതി ; മരിക്കുന്ന ജനാധിപത്യം

നിരീക്ഷണം *

യു കെ യിലെ ഗവേഷണ സ്ഥാപനമായ Compatritech 2019 ഒക്ടോബറിൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഭരണകൂടങ്ങൾ ജനങ്ങളെ നിരീക്ഷണത്തിനു വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ, റഷ്യയും ചൈനയും കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത് എന്നതു നമുക്കൊട്ടും അഭിമാനിക്കാൻ വക തരുന്നതല്ല. അവരുടെ പഠനത്തിൽ 2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന നഗരങ്ങളിൽ ഡൽഹിയും ചെന്നൈയും ചൈനയിലെ നഗരങ്ങൾ , ന്യൂയോർക്ക് എന്നിവയെപ്പോലും കടത്തിവെട്ടിയിരിക്കുന്നു !
സ്വകാര്യതാപരിരക്ഷയും നിരീക്ഷിണത്തിൻറെ തോതും പഠിക്കാൻ Comparitech 47 രാജ്യങ്ങളിലെ അതാതു മേഖലകൾ വിലയിരുത്തി ആ ഗവൺമെന്റുകൾ എവിടെയാണ് പരാജയപ്പെടുന്നതെന്ന് മനസ്സിലാക്കാനൊരു ശ്രമം നടത്തി. ഇത് ചെയ്യുന്നതിന്, ബയോമെട്രിക്സ്, സിസിടിവി എന്നിവയുടെ ഉപയോഗം മുതൽ ഡേറ്റപങ്കിടൽ, ഡേറ്റസൂക്ഷിക്കൽ നിയമങ്ങൾ വരെയുള്ള നിരവധി വിഭാഗങ്ങൾ അവർ പരിശോധിച്ചു. ഈ പഠനത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാർ അവരുടെ സർക്കാരിൽ നിന്നു തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റഭീഷണി നേരിടുന്നു എന്ന് കണ്ടെത്തുകയും അതിൻറെ കാരണങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുമുണ്ടായി. അതിൽ, പൗരന്മാരുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്തുന്ന ദുർബലമായ നിയമങ്ങളെയും ചട്ടങ്ങളെയുമാണു കമ്പനി പ്രധാനമായും കുറ്റപ്പെടുത്തിയത്.

2021ജൂൺ വരെ 607,220 സൈബർ ക്രൈമുകളാണു ഇൻഡ്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെയും ഡേറ്റാ ലംഘനങ്ങളുടെയും വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ഡേറ്റാ പ്രൊട്ടക്ഷൻ ബില്ലിനായുള്ള മുറവിളി കൂടുതൽ ശക്തമാവുകയാണ്. ഇന്ത്യക്കു ഒരു ഡേറ്റാപരിരക്ഷണ നിയമം ഇതുവരെ നിലവിൽ വന്നിട്ടില്ല. പാർലിമെന്റിൽ ബിൽ അവതരണം വരെയെത്തി എന്നല്ലാതെ ഇനിയുമതു പ്രാബല്യത്തിൽ വന്നിട്ടില്ല.2019 മുതൽ കരട് നിയമം പരിശോധിച്ചുകൊണ്ടിരിക്കുന്ന ഈ ബില്ലിൻ്റെ സമയപരിധി നിരവധി തവണ നീട്ടിക്കഴിഞ്ഞിരിക്കുന്നു. അക്കാലത്ത് തയ്യാറാക്കിയ റിപ്പോർട്ട്, അവസാനമാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടിയുള്ള അംഗങ്ങളുടെ ആവശ്യമനുസരിച്ച്, ഈ കഴിഞ്ഞ സ്പെറ്റംബറിലാണു വിതരണം ചെയ്തത്. റിപ്പോർട്ട് അവസാന ഘട്ടത്തിലാണെങ്കിലും അതിലെ ചില പ്രധാന നിർദ്ദേശങ്ങൾ വീണ്ടും ചർച്ചയിലായിരിക്കുന്നതിനാൽ അന്തിമ റിപ്പോർട്ടിലേക്കെത്തുന്നതിനു പകരം കൂടിയാലോചനകൾ വീണ്ടും തുറന്നിരിക്കുന്ന നിലയിലാണിപ്പോൾ. ഈ ബില്ലിനെ സംബന്ധിച്ച റിപ്പോർട്ട് പാർലിമെൻ്റിൻ്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സമർപ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ഡേറ്റാപരിരക്ഷണത്തിനായി ആധികാരികമായ ഒരു വകുപ്പുപോലും നമുക്കില്ലാത്തതുകൊണ്ട് സ്വകാര്യതാ പരിരക്ഷകൾ വളരെ ദുർബലമാണ് എന്നർത്ഥം. ഇന്ത്യയുടെ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബില്ലിന്റെ ആദ്യ കരട് രൂപീകരിച്ച പാനലിന്റെ തലവനായ റിട്ട്.ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ 2019 ലെ അവസാന പതിപ്പിനെ നിശിതമായി വിമർശിക്കുകയുണ്ടായി. “പരമാധികാരത്തിന്റെയോ, പൊതുസംവിധാനത്തിന്റെയോ അടിസ്ഥാനത്തിൽ സർക്കാരിന് എപ്പോൾ വേണമെങ്കിലും സ്വകാര്യ ഡേറ്റയിലോ അല്ലെങ്കിൽ സർക്കാർ ഏജൻസി ഡേറ്റയിലോ കടന്നുകയറാൻ കഴിയും. ഇതപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും അവർ സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തിരിക്കുന്നതിനാൽ ഇത് അങ്ങേയറ്റം അപകടകരമാണ്” എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത് . കൂടാതെ രാജ്യത്തെ ‘ഓർ‌വെല്ലിയൻ രാഷ്ട്രമായി മാറ്റാൻ‌ കഴിയുന്ന ഒരു നിയമനിർമ്മാണമാണിത് . ചാരസോഫ്റ്റ് വേറായ ‘ പെഗാസസ്സ്‘ ജനങ്ങളെ നിരീക്ഷിക്കാൻ സർക്കാരുപയോഗിച്ചോ എന്ന് സുപ്രീം കോടതിയിൽ ചോദ്യമുയർന്ന ദിവസവും ‘ഓർവെല്ലിയൻ രാഷ്ട്രം‘ എന്ന് ചീഫ് ജസ്റ്റിസ് പരാമർശിക്കുയുണ്ടായല്ലോ
“ഇന്ത്യയുടെ പരമാധികാരവും സമഗ്രതാ താൽപ്പര്യവും” ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഏതു സർക്കാർ ഏജൻസിയേയും സ്വകാര്യതാ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന രീതിയിൽ രൂപപരിണാമം സംഭവിച്ച 2019 ലെ ബില്ലാണു അദ്ദേഹത്തെ ഇത്രയും അസ്വസ്ഥനാക്കിയത്. ഇസ്രായേലി ചാരനിരീക്ഷണ പ്രോഗ്രാമായ പെഗാസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റർമാർ, വാട്‌സ്ആപ്പ് വഴി ഇന്ത്യൻ അവകാശ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിച്ചുവെന്ന ആരോപണം പുറത്തുവന്നപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു – “ഞാൻ അങ്ങേയറ്റം ആശങ്കാകുലനാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, 1984 ലെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മൂത്തസഹോദരനേപ്പോലൊരാൾ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഓർവെല്ലിയൻ രാജ്യത്തിലേക്ക് നമ്മൾ വഴുതിവീഴുകയാണ്.

വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്ലിനുള്ള (PDP) സംയുക്ത പാർലമെന്ററി കമ്മിറ്റിയിലെ 30 അംഗങ്ങളിൽ അഞ്ച്പേർ വിയോജനക്കുറിപ്പുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് എന്നതാണ് ഈ ബില്ലിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. ഇതിൽ മൂന്നുപേർ കേന്ദ്രസർക്കാരിനെയോ അതിന്റെ പരിധിയിൽ വരുന്ന മറ്റേതെങ്കിലും ഏജൻസിയെയോ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നതിന് അനുവദിക്കുന്ന വിവാദമായ വകുപ്പിലാണു മാറ്റങ്ങൾ ആവശ്യപ്പെടുന്നതെന്നറിയുന്നു,പെഗാസസ് സ്‌പൈവെയർ കേസിലെ സമീപകാല വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പൗരരുടെ സ്വകാര്യതയിലേക്ക് ഗവൺമെന്റ് ഒളിഞ്ഞുനോക്കിയതായി ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഈ വിയോജിപ്പിനു കൂടുതൽ പ്രാധാന്യം കൈവരുന്നുണ്ട്.

പെഗാസസ്സ് കേസ് പഠിക്കാനും ശുപാർശകൾ നൽകുവാനുമായി സുപ്രീംകോടതി ഏർപ്പെടുത്തിയ ജസ്‌റ്റിസ് രവീന്ദ്രൻ കമ്മിറ്റിയുടെ ദൗത്യം, പ്രാഥമികമായി പെഗാസസ് സോഫ്‌റ്റ്‌വെയർ ഇന്ത്യക്കാരിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനും പുറമേ, വിശാലമാണ്. പത്തൊൻപതാം നൂറ്റാണ്ട് മുതലുള്ള നിയമങ്ങൾ, നിരവധി സംസ്ഥാന നിയന്ത്രണങ്ങൾ,ഇനിയും തീരുമാനമാകാതെ കിടക്കുന്ന വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ, ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റിയുടെ മുൻ റിപ്പോർട്ട് എന്നിവ, പരിഗണിക്കേണ്ട നിരവധി വിഷയങ്ങളിൽ ചിലത് മാത്രമാണ്. സ്വകാര്യത സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പൗരന്മാർക്ക് ഉപയോഗിക്കാവുന്ന നടപടിക്രമങ്ങൾക്കും ഒരു നിയമ വ്യവസ്ഥയ്ക്കും കൂടി ശുപാർശകൾ നൽകാനും സമിതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്, കൂടാതെ സുപ്രീം കോടതിക്ക് ഏർപ്പെടുത്താവുന്ന ഏതെങ്കിലും ഇടക്കാല സംവിധാനത്തിനുള്ള സാധ്യതയും.

പെഗാസസ് ഉപയോഗിച്ച് ഇൻഡ്യൻ പൗരന്മാരുടെ ഫോണുകൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ വീണ്ടും ഈ കഴിഞ്ഞ ജുലൈമാസത്തിൽ ഇന്ത്യയിൽ നിന്നുള്ള ‘ദി വയർ’ ഉൾപ്പെടെ 17 മാധ്യമ സ്ഥാപനങ്ങളുടെ ആഗോള സഹകരണ ഗ്രൂപ്പ്, പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞത് “ നിയമം ഉണ്ടായിരുന്നെങ്കിൽ, അവർക്ക് സർക്കാരിനെതിരെ കേസെടുക്കാമായിരുന്നു, കാരണം ഇത് (ഗൂഢാലോചന) സർക്കാരിന് മാത്രമേ ചെയ്യാൻ കഴിയൂ, മറ്റാർക്കും കഴിയില്ല.“ എന്നായിരുന്നു.
(https://indianexpress.com/…/project-pegasus-justice…/)

കേന്ദ്ര സർക്കാർ രാജ്യത്തെ മുഴുവൻ വാഹന രജിസ്ട്രേഷൻ ഡേറ്റാബേസിന്റെയും പകർപ്പ് ഒരു സ്വകാര്യ ഇന്ത്യൻ കമ്പനിക്ക് വിറ്റത് ഏകദേശം ആറുവർഷം മുൻപായിരുന്നു. ഇത്രയും ഭീമമായ ഒരു വ്യക്തിവിവരച്ചോർച്ച പക്ഷെ പൊതുജനശ്രദ്ധയിൽ പെട്ടിട്ടുതന്നെയില്ല
(https://thewire.in/…/modi-govt-vehicle-registration…)

ഈയടുത്തകാലത്തായുണ്ടായ ഉദാഹരണങ്ങൾ മാത്രമെടുത്താൽ,കഴിഞ്ഞ മെയ് മാസത്തിൽ എയർ ഇന്ത്യയും ജൂബിലന്റ് ഫുഡ് വർക്കുകളും ഉപഭോക്തൃഡേറ്റ അപകടത്തിലാക്കുന്ന സുരക്ഷാചോർച്ചകൾക്കു സാക്ഷ്യം വഹിക്കേണ്ടിവന്നു.മറ്റൊന്ന് കെ .വൈ.സി രജിസ്‌ട്രേഷൻ ഏജൻസിയായ cdsl ventures limited ൽ നിന്നുള്ളതായിരുന്നു. നിക്ഷേപകരുടെ അതീവ രഹസ്യസ്വഭാവമുള്ള, വ്യക്തിപരവും സാമ്പത്തികവുമായ, ഡേറ്റയിലേക്ക് അനധികൃതമായ കയ്യേറ്റങ്ങളുണ്ടായേക്കുമെന്ന ഒരു നിർണായക സുരക്ഷാപ്രശ്‌നം സൈബർ സുരക്ഷാ ഗവേഷകരുടെ ഒരു സംഘം തന്നെ അവർക്കു മുന്നറിയിപ്പ് കൊടുക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലിന്ന് ജനങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നത് എങ്ങനെയെന്നതിന്റെ ഒരു ഏകദേശ വിവരണം താഴെ കൊടുക്കുന്നു.

  1. ജനങ്ങൾക്ക് തങ്ങളുടേതു മാത്രമായ ഒരു തിരിച്ചറിയൽ നമ്പർ നൽകുന്ന ആധാർ തിരിച്ചറിയൽ പദ്ധതി, 123 കോടി ജനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഏറ്റവും വലിയ ഒരു വ്യക്തിഗതവിവരശേഖര കേന്ദ്രമാണ്‌ .ആധാർ സൂക്ഷിച്ചിരിക്കുന്ന ഈ വിവരശേഖരത്തിൽ വ്യക്തികളുടെ വിരലടയാളം, കൃഷ്ണമണിയുടെ സൂക്ഷ്മചിത്രം, വ്യക്തിയുടെ വിനിമയങ്ങൾ അഥവാ കൊടുക്കൽ വാങ്ങലുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് എന്നിവ പോലുള്ള വിവരങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് ആ വിവരശേഖരം സുരക്ഷിതമല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള ശക്തമായ സാദ്ധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഒരു ഇൻഡ്യൻ പൗരൻ്റെ ആധാർ വിവരങ്ങൾ ചെറിയ ഒരു തുകയ്ക്ക് വാങ്ങാൻ ഏതാനും നിമിഷങ്ങൾ മതിയാകുമെന്നത് ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. ആധാർ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും,വ്യാജ രേഖകൾ സൃഷ്ടിക്കുന്നതും വ്യാജവിരലടയാളം വരെ തയാറാക്കുന്നതുമൊക്കെ നടന്നുകഴിഞ്ഞതാണ് . ആധാർ നിർബ്ബന്ധമാക്കരുതെന്ന അതിപ്രധാന സുപ്രീം കോടതി വിധി അവഗണിച്ചുകൊണ്ട് പല സേവനങ്ങൾക്കും ആധാർ അത്യാവശ്യമാക്കിത്തന്നെ സർക്കാർ മുൻപോട്ടു പോകുകയാണ് . ഗുരുതരമായ ആശങ്കയുണർത്തുന്ന ഒരു വാർത്ത ഈയിടെ വന്നത്, പൂർത്തിയാകാതെ കിടക്കുന്ന തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ ഓർമ്മിപ്പിച്ച കൂട്ടത്തിൽ വോട്ടർ ഐഡി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കുന്ന കാര്യവും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് . ഈ പരിഷ്ക്കാരത്തിൽ പ്രയോജനങ്ങളെക്കാൾ അപകടങ്ങൾ കൂടുതലാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിൻറെ അഭാവം, ഏകീകരണസംവിധാനത്തിലെ വ്യക്തതയില്ലായ്മ, മുൻപു നടന്ന ശ്രമങ്ങളിലുണ്ടായ വിള്ളലുകളുടെ അനുഭവം, വിവര ചോർച്ചയുടെ അപകടം, വോട്ടർമാരുടെ അവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യത എന്നിവ അവയിൽ ചിലതു മാത്രം. വോട്ടർ പട്ടികയെ ദുരുപയോഗം ചെയ്യുന്നതിനും അതിൻ്റെ സത്യസന്ധതയെപ്പോലും ദുർബലപ്പെടുത്തുന്നതിനും ഇടയാക്കുന്ന ഒരു നടപടിയായി ഇതു മാറിയേക്കാം. ഒരു ആധാർ കാർഡ് ലഭിക്കാൻ ഉപയോഗിക്കന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ജനസംഖ്യാ വിവരങ്ങൾ ,ഒരു EPIC (Electronic Privacy Information Center ) ഡേറ്റാബേസിനു തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.ഒരു വിഭാഗത്തിനെ മാത്രമുദ്ദേശിച്ച് പ്രത്യേക ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പരസ്യങ്ങൾക്കും, ഒരു പക്ഷേ വോട്ടവകാശം തന്നെ നിഷേധിക്കുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാം. ഇത് തടയുന്നതിനുള്ള സ്ഥാപന-സാങ്കേതിക സംവിധാനങ്ങൾ ഈ പരിഷ്ക്കാരം നടപ്പാക്കുന്നതിന് മുമ്പ് ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ വെബ്‌സൈറ്റുകൾ തന്നെ ആധാറുമായി ബന്ധപ്പെട്ട ഡേറ്റ പരസ്യമാക്കിയിട്ടുണ്ടെന്ന് 2017 ൽ യുഐ‌ഡി‌ഐക്ക്, ഒരു വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ സമ്മതിക്കേണ്ടിവന്നിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പുമുതൽ വ്യാജരേഖകളുണ്ടാക്കി ദുരുപയോഗം ചെയ്യുന്നതുവരെയുള്ള ആധാർ തട്ടിപ്പുകൾ വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൽ പറയുന്നു . ചുരുക്കത്തിൽ, അടിസ്ഥാനപരമെന്ന് സുപ്രീംകോടതി സമ്മതിക്കുന്ന പൗരന്മാരുടെ സ്വകാര്യവിവരങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടില്ല എന്ന യാതൊരുറപ്പും നമുക്കില്ല എന്നതാണു വസ്തുത.
  2. ഇന്ത്യയിലെ അധികാരികൾ, വാട്ട്സാപ്പ് പോലെയുള്ള സ്വകാര്യസന്ദേശങ്ങളിൽ പോലും വ്യക്തികളുടെ വിരലടയാളം ചേർത്ത് ആളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
  3. സിസിടിവി ഉപയോഗം ഇൻഡ്യയിൽ നിയന്ത്രിച്ചിട്ടില്ല. മാത്രമല്ല, അതുമായി ബന്ധപ്പെട്ട സ്വകാര്യതാനിയമങ്ങൾ വളരെ അവ്യക്തവും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമാണ്.
  4. പൊതുജനങ്ങളുടെ സ്വകാര്യഡിജിറ്റൽ വിവരങ്ങളുടെ ഡേറ്റ ഡീക്രിപ്റ്റ് (തുറന്നു പരിശോധിക്കുക) ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും അവരുടെ വിനിമയങ്ങൾ തടസ്സപ്പെടുത്തുന്നതിനും പത്തു സർക്കാർ ഏജൻസികൾക്ക് കുറച്ചുകാലം മുൻപ് അനുമതി നൽകിയിട്ടുണ്ട്.സേവന ദാതാക്കൾ ഇതിനോട് സഹകരിക്കാതിരിക്കുകയോ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, അവർക്ക് ഏഴു വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
  5. ഇന്ത്യ പതിവായി യുഎസുമായി വിവരങ്ങൾ പങ്കിടുകയും ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ പതിവായി പങ്കിടണമെന്ന് ആവശ്യപ്പെടുന്ന വിവിധ രാജ്യങ്ങളുമായി ഒന്നിലധികം പരസ്പര-സഹായ കരാറുകൾ നടത്തുകയും ചെയ്യുന്നു.
  6. മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിയമങ്ങളുടെ അഭാവത്തിൽ, പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ഇന്നു ലോകത്ത് നൂറ്റിനാൽപ്പതാം സ്ഥാനത്തുമാത്രമാണ് . ആറ് മാധ്യമപ്രവർത്തകരെങ്കിലും (കുറഞ്ഞത്) 2018ൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ടു.
  • ” 2020 January യിൽ മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ unedited പതിപ്പ് കാലോചിതമായ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിക്കുന്നത് “

(തുടരും)

പോസ്റ്റർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like