മലയാളനാട്
ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോണി ലോറൻസ് ആണ് ക്രൂക്കെഡ് പ്ലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.
പാശ്ചാത്യ ലോകത്ത് ഏറ്റവും അവസാനം അടിമത്തം നിർത്തലാക്കിയ രാജ്യമാണ് ബ്രസീൽ. ഏറ്റവുമധികം ആഫ്രിക്കക്കാരെ അടിമകളിക്കിയിരുന്നതും ബ്രസീൽ തന്നെ. 1888 മെയ് 13 ന്, ബ്രസീലിലെ ഇസബെൽ രാജകുമാരി രാജ്യത്ത് അടിമത്തം അവസാനിപ്പിക്കുന്ന സുവർണ്ണ നിയമ (Golden Law)’ ത്തിൽ ഒപ്പുവച്ചു. സാങ്കേതികമായി അടിമത്തത്തിൽനിന്നു മോചനം നേടിയെങ്കിലും അടിമകളായി ജോലി ചെയ്തിരുന്ന മനുഷ്യർക്ക് തുടർന്നും ഭൂവുടമകളുടെ കാരുണ്യത്തിൽ ജീവിക്കേണ്ടിവന്നു. തോട്ടങ്ങളിൽ അടിമകളായി ജോലി ചെയ്തിരുന്നവർ അടിമത്തം നിർത്തലാക്കിയതിനുശേഷം അതേ തോട്ടങ്ങളിലെ കുടിയാന്മാരായി.
കുടിയാൻമാർക്ക് ഭൂമിയിൽ അവകാശമില്ല, അവർ തങ്ങൾക്കു വീടുവയ്ക്കാൻ അനുവദിച്ചുകിട്ടിയ സ്ഥലത്തു മണ്ണുകൊണ്ടു വീടുകെട്ടി ഭൂവുടമയ്ക്കുവേണ്ടി ജോലിചെയ്യുന്നു. ഇഷ്ടികകൊണ്ടു വീടുവയ്ക്കാൻ അവർക്ക് അനുവാദമില്ല, ചെയ്യുന്ന ജോലിയ്ക്കു പ്രതിഫലവും ലഭിക്കില്ല. പകരം അവരുടെ മൺവീടിനോടു ചേർന്നുള്ള അല്പമാത്രമായ ഭൂമിയിൽ ധാന്യങ്ങളും പച്ചക്കറികളും നട്ടുവളർത്തി അതിൽനിന്നു വിളവെടുത്തു വിശപ്പടക്കാം. കർഷകരുടെ തൊടിയിൽ വിളയുന്ന ധാന്യങ്ങളും പച്ചക്കറികളും അവരുടെ വിശപ്പടക്കാനാവശ്യമുള്ളതിൽ കൂടുതലുണ്ടെന്നു ഭൂവുടമയ്ക്കു തോന്നിയാൽ അതിൽ നിന്നും അയാൾ തൻ്റെ വിഹിതം ആവശ്യപ്പെടാം. കർഷകർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും കൂടെ പാർപ്പിക്കാൻ അനുമതിയുണ്ടായിരുന്നു. കാരണം അടുത്ത തലമുറയിലെ കുടിയന്മാരാകേണ്ടവരായിരുന്നു ആ കുട്ടികൾ.
നോവലിന്റെ തുടക്കത്തിൽ സഹോദരിമാരായ ബിബിയാനയും ബെലോനിഷ്യയും മുത്തശ്ശിയുടെ പെട്ടി തുറന്ന് അതിനുള്ളിൽ ഒരു പഴയ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കത്തി പുറത്തെടുക്കുന്നു. ആറും ഏഴും വയസ്സ് പ്രായമുള്ള പെൺകുട്ടികളായിരുന്നു അന്ന് അവർ. മുത്തശ്ശി ഡോണാന വീടിനു പുറത്തേക്കുപോയ സന്ദർഭം നോക്കിയാണ് പെൺകുട്ടികൾ കത്തി പുറത്തെടുത്തത്. ആ തിളങ്ങുന്ന ലോഹകഷ്ണം രുചിച്ചുനോക്കാനായി അവർ ഓരോരുത്തരായി അതു നാവിൽ വയ്ക്കുന്നു. രുചിച്ചശേഷം കത്തി വലിച്ചൂരി എടുക്കുമ്പോൾ രണ്ടുപെൺകുട്ടികളുടെയും നാവുകളിൽ നിന്ന് രക്തം പ്രവഹിക്കുന്നു. അവരിലിലൊരാളുടെ നാവു മുറിഞ്ഞുപോയിരുന്നു. നാവു മുറിഞ്ഞ പെൺകുട്ടി എന്നേക്കുമായി ഊമയായി മാറി. ആ സംഭവത്തിനുശേഷം അവരിലൊരാൾ മറ്റേയാളുടെ ശബ്ദമായി മാറുകയാണ്. ശബ്ദം നഷ്ടപ്പെട്ടവൾ ആംഗ്യങ്ങളിലൂടെയും ചലനങ്ങളിലൂടെയും പറയുന്ന കാര്യങ്ങൾ മറ്റെയാൾ വാക്കുകളിലേക്കു പകർന്നു. കുട്ടിയുടെ നാവറ്റുപോകാൻ കാരണമായ കത്തി ഡോണാന മുത്തശ്ശി പുഴക്കരയിൽ ഉപേക്ഷിക്കുന്നു.
ബിബിയാനയും ബെലോനിഷ്യയും ആഫ്രോ-ബ്രസീലിയൻ കർഷക സമൂഹത്തിൽ പെട്ടവരാണ്. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ അഗ്വാ നേഗ്ര തോട്ടത്തിലെ കുടിയാന്മാരായ തൊഴിലാളികളാണ്. അവരുടെ പിതാവ്, വെളിപാടുണ്ടായി രോഗശാന്തി നൽകുന്ന ആളായതിനാൽ അദ്ദേഹത്തെ തോട്ടത്തിലെല്ലാവരും ബഹുമാനിക്കുന്നുണ്ട്.
കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണമായ കത്തി നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. പലതലമുറകളിലുള്ള സ്ത്രീകളുടെ കയ്യിൽ പലസന്ദർഭങ്ങളിലായി അത് കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ക്രൂക്കെഡ് പ്ലോ നോവലിന് മൂന്നു ഭാഗങ്ങളുണ്ട്, മൂന്നു വ്യത്യസ്ത ആഖ്യാതാക്കളും. നോവലിന്റെ ആദ്യഭാഗം ബിബിയാനയും രണ്ടാം ഭാഗം ബെലോനിഷ്യയും മൂന്നാം ഭാഗം മത്സ്യത്തൊഴിലാളി സ്ത്രീയായിരുന്ന സാന്താ റീറ്റയുടെ ആത്മാവുമാണ് വിവരിക്കുന്നത്.
സംസാരശേഷി നഷ്ടപ്പെട്ട ബെലോനിഷ്യ സ്വന്തമായി ഭൂമിയില്ലാത്ത, അടിച്ചമർത്തപ്പെട്ട, ശബ്ദമുയർത്താൻ കെൽപ്പില്ലാത്ത സമൂഹത്തിന്റെ പ്രതീകമാണ്. മുറിഞ്ഞ നാവുകൊണ്ട് ബെലോനിഷ്യ കലപ്പ (പ്ലോ) എന്നു പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരു വികൃത ശബ്ദം (ക്രൂക്കെഡ് പ്ലോ) മാത്രമാണ് അവളുടെ നാവിൽനിന്നു വരുന്നത്.
ബെലോനിഷ്യയുടെ തോബിയാസുമൊത്തുള്ള ഹ്രസ്വകാല ദാമ്പത്യം അസ്വസ്ഥകൾ നിറഞ്ഞതായിരുന്നു. ഇവിടെ അവൾ തോട്ടം തൊഴിലാളികൾക്കിടയിലെ ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതീകമാകുന്നു. അടിച്ചമർത്തപ്പെട്ടവരും നിരാശരും മദ്യപാനികളുമായ പുരുഷന്മാരുടെ പീഡനങ്ങൾക്ക് ഇരകളാകാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. ബിബിയാന അഗ്വാ നേഗ്രയുടെ പരിമിതികളിൽ നിന്നു രക്ഷപെട്ട് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ സെവേരോയോടൊപ്പം ഒളിച്ചോടുന്നു. തങ്ങളുടെ പൂർവികർ അടിമകളാക്കപ്പെട്ടത് എങ്ങനെയെന്ന് സെവേരൊ ബിബിയാനയ്ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. അയാളോടൊപ്പം പുറംലോകത്തു മെച്ചപ്പെട്ട ഒരു ജീവിതം അവളും സ്വപ്നം കാണുന്നു.
തോബിയാസിൻ്റെ മരണശേഷം ബെലോനിഷ്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും ബിബിയാനയും സെവേരോയും കുട്ടികളും അവിടേക്കു മടങ്ങി എത്തിയിരുന്നു.
അഗ്വാ നേഗ്ര തോട്ടം ഭൂമിയെക്കുറിച്ചോ കുടിയാന്മാരെക്കുറിച്ചോ അറിവില്ലാത്ത ഒരാൾ വാങ്ങുന്നതോടെ തൊഴിലാളികളുടെ ജീവിത കൂടുതൽ ദുരിതത്തിലാകുന്നു. അവരുടെ പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന ഇരുന്നൂറു വർഷത്തിലധികം പഴക്കമുള്ള സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് പുതിയ ഭൂവുടമ വിലക്കിയതു തൊഴിലാളികൾക്ക് അപമാനമായി. ആ മണ്ണിൽത്തന്നെ ലയിച്ചുചേരേണ്ടവരാണ് തങ്ങളെന്ന് അവർ വാദിച്ചു. വിശുദ്ധ ദൈവങ്ങളും ആത്മാക്കളും കഥയിലുടനീളം പലരിലൂടെയും വെളിപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്നവർക്കൊപ്പം അവരും നീതിയ്ക്കായി പൊരുതുന്നു.
തൊഴിലാളികൾക്ക് അവർ പണിയെടുക്കുന്ന മണ്ണുമായി വേർപെടുത്താൻ കഴിയാത്ത ആത്മബന്ധമുണ്ട്. അവർക്കു മണ്ണിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ബിബിയാനയുടെയും ബെലോനിഷ്യയുടെയും പിതാവ് കൃഷിഭൂമിയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ നിലത്തു കിടന്ന് തന്റെ ചെവി മണ്ണോടു ചേർത്ത് ഭൂമിയുടെ ആഴങ്ങളിലെ ശബ്ദങ്ങൾ ശ്രവിക്കുമായിരുന്നു. ഡോക്ടർ രോഗിയുടെ ഹൃദയമിടിപ്പ് കേൾക്കുന്നതുപോലെ എന്നാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ നോവലിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ബിബിയാനയുടെ ഭർത്താവ് സെവേരൊ തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധവൽക്കരിക്കാനും സംഘടിപ്പിക്കാനും ശ്രമിച്ചു. എന്നാൽ തന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും മുൻപേ സെവേരൊ സ്വന്തം വീട്ടുവാതിൽക്കൽ വെടിയേറ്റു മരിച്ചു.
ഒടുവിൽ, കഥയുടെ തുടക്കത്തിൽ ചെറിയ പെൺകുട്ടികളായിരുന്ന, ഇപ്പോൾ മുതിർന്നവരായി മാറിയ, ബെലോനിഷ്യയും ബിബിയാനയും ചേർന്ന് പുതിയ ഭൂവുടമയെ കൊലപ്പെടുത്തുന്നു. രാത്രികളിൽ, മത്സ്യത്തൊഴിലാളിയായ സാന്താ റീറ്റയുടെ ആത്മാവ് ആ രണ്ടു പെൺകുട്ടികളുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി അയാളെ കൊല്ലാൻ അവരുടെ ശരീരത്തെ ഉപയോഗിക്കുയായിരുന്നുവത്രേ!
നിയമപരമായി സ്വതന്ത്രരായെങ്കിലും അടിമത്തത്തിന്റെ അദൃശ്യമായ ചങ്ങലകളിൽ വീർപ്പുമുട്ടി കഴിയേണ്ടിവന്ന മനുഷ്യരുടെ കഥയാണ് ക്രൂക്കെഡ് പ്ലോ. അടിമത്ത വ്യവസ്ഥ നിയമപരമായി നിരോധിച്ചതിന് ശേഷവും അടിമകളാക്കപ്പെട്ട മനുഷ്യർക്കു ലഭിച്ചത് ‘സ്വാതന്ത്ര്യത്തിന്റെ മുഖപടമണിഞ്ഞ അടിമത്തം (Enslavement dressed up as freedom)’ തന്നെയാണെന്ന് ഇറ്റമാർ വിയേര ജൂനിയർ ക്രൂക്കെഡ് പ്ലോയിലൂടെ പറയുന്നു.
മലയാളനാട് കോലായയിലെ തിരഞ്ഞെടുപ്പ് ചർച്ചയിലേക്ക് സ്വാഗതം. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് മലയാളനാട് എഡിറ്റ് ബോർഡ് അംഗങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നു
പി എൽ ലതിക :തിരഞ്ഞെടുപ്പ് അടുക്കും തോറും പുറത്തെപ്പോലെ ഉള്ളിലും അസ്വസ്ഥത വളരുകയാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്നതിലുപരി ആരു ജയിക്കരുതെന്ന വിചാരങ്ങൾ മേൽക്കൈ നേടിയിരിക്കുന്നു. അത് തീർച്ചയായും രാഷ്ട്രീയ കക്ഷികളെയും, മുന്നണികളെയും സംബന്ധിച്ചുള്ളതാണ്. എങ്കിലും അതിലും മേലെ അത് രാജ്യത്തെ പ്രതിയുള്ള, വേവലാതിയാണ്. ഇന്ത്യ എന്ന രാജ്യം എങ്ങനെ വീണ്ടെടുക്കാം എന്ന പൗരാഭിലാഷം.
മേതിലാജ് എം എ: ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് ആയിട്ടുപോലും ജനം അത് എത്ര ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും ഇപ്പോഴും പ്രധാന ചർച്ചാ വിഷയം മഞ്ഞുമ്മൽ ബോയ്സും പ്രെമലുവും ആണ്.
സതീശൻ പുതുമന :കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സന്ദർഭത്തിന്റെ ഗൗരവം അറിഞ്ഞിട്ടും, ഇത്രയും സമയം കിട്ടിയിട്ടും, ഫലപ്രദമായേയ്ക്കാവുന്ന ഒരു കൂട്ടായ്മ രൂപീകരിച്ചെടുക്കാൻ ആവാതെ പോയ പ്രതിപക്ഷകക്ഷികൾ നിരാശപ്പെടുത്തി എന്ന സത്യവും തിരിച്ചറിയണം.

സുരേഷ് നെല്ലിക്കോട്: ഇലക്ടറൽ ബോണ്ട് പോലെയുള്ള വിഷയങ്ങൾ ഉത്തരേന്ത്യയിലെ സാധാരണക്കാർക്ക് മനസ്സിലാകാത്ത വിഷയങ്ങളാണ്. പല നിലകളിലുള്ള സർക്കാർ അഴിമതിയും ചുവപ്പുനാടകളും അവർക്കൊക്കെ ഒരു ശീലമായിരിക്കുന്നതിനാൽ അതിനപ്പുറമുള്ള സാധ്യതകളൊക്കെ അപ്രാപ്യമെന്നുതന്നെയാണ് അവർ കരുതുന്നത്. അതിനാൽ, അധികാരികൾ അവർക്ക് അനായാസം ദഹിക്കുന്ന ഹിന്ദുത്വ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. അധികാരികളും കൂട്ടുകാരും ചെയ്യുന്ന ദ്രോഹങ്ങളെ മറയ്ക്കുകയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തെ ഏതെങ്കിലും വിധത്തിൽ കുടുക്കിയിടുകയും ചെയ്യുന്ന ഒരു രീതിയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തു വരുന്ന അഞ്ചുവർഷം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്.
കെ വി തോമസ് :ഈ വരുന്ന പൊതു തെരഞ്ഞെടുപ്പ് എന്തും കൊണ്ടും എല്ലാം കൊണ്ടും വളരെ crucial ആണ് . ഇന്ത്യൻ മീഡിയ – പ്രിന്റ്, ഡിജിറ്റൽ, സോഷ്യൽ, അങ്ങിനെ എല്ലാം – ഒരേ സ്വരത്തിൽ ഭരണപക്ഷത്തിന് വേണ്ടി മാത്രം അച്ചു നിരത്തുന്ന കാഴ്ച. ഇതിൽ നിന്ന് തന്നെ ഭരണപക്ഷം എത്ര കണ്ടു സാധാരണ ജനങ്ങളെ ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാം. വടക്കേ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ കുറെ ഏറെ ഭരണപക്ഷവിരുദ്ധ പ്രചാരണങ്ങൾ നടക്കുന്നുണ്ട് എങ്കിലും അതൊക്കെയും പൊതുവായ ഒരു പ്ലാറ്റ്ഫോമിൽ എത്താതിരിക്കുവാൻ ഭരണപക്ഷം ശ്രമിക്കുന്നുണ്ട്. കേരളത്തിൽ നോക്കൂ – ഒരു തരത്തിലും ഒരു ശക്തി പോലും അല്ലാത്ത ബി ജെ പി യെ കടലാസിൽ വൻ ശക്തിയാക്കി മാറ്റുകയാണ് മീഡിയ ചെയ്യുന്ന ധർമം. സുരേഷ് പറഞ്ഞ പോലെ ഇലക്ട്റൽ ബോണ്ട് ഒന്നും വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന തരiiത്തിൽ ആരും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് തോന്നുന്നു. തെക്കേ ഇന്ത്യ ഇന്നും ഒരു ബ്ലോക്ക് ആയി നിൽക്കുന്നതാണ് ആകെ ഉള്ള ഒരു പ്രതീക്ഷ. ഭരണപക്ഷം സർവവിധ ആയുധങ്ങളും – കേന്ദ്ര സർക്കാർ ഏജൻസികൾ – എടുത്തു പ്രതിപക്ഷത്തെ നേരിടുമ്പോൾ എനിക്ക് തോന്നുന്നത് ഒരു ഭയം അവരെ ഗ്രീസിച്ചിട്ടില്ലേ എന്നതാണ്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയിലും സംശയം വരുന്നുണ്ട്.
ജെയിംസ് വർഗീസ് :ഇന്ത്യയുടെ ജനാധിപത്യ സ്വഭാവം മാറിക്കൊ ണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങൾ എല്ലാം തച്ചുടക്കപ്പെട്ടു കഴിഞ്ഞു. മതേതരത്വത്തിൻ്റെ ശവക്കല്ലറ തോണ്ടുകയാണ് ബിജെപി സർക്കാർ. മാധ്യമങ്ങളെയും നീതി ന്യായ വ്യവസ്ഥയേയും വരുതിയിലാക്കി. ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും അപഹസിക്കുന്നു. ഇൻസ്റ്റിട്യൂഷനുകൾ എല്ലാം പ്രതിപക്ഷനിരയെ പിച്ചിച്ചീന്താൻ ഉപയോഗിക്കുന്നു. ഇതിൽ നിന്നൊരു മോചനം ആവണം ഈ തെരഞ്ഞെടുപ്പ്. ഇതൊരു അവസാന സാധ്യത ആയേക്കും.
ശിവാനന്ദൻ എ സുജാത :ഒരുതരം നിസ്സംഗതയോടെയാണ് ജനാധിപത്യ വിശ്വാസികൾ ഈ വരുന്ന പൊതു തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
ഈ വരുന്ന തെരഞ്ഞെടുപ്പിലും എൻ ഡി എ സഖ്യം വിജയിക്കുകയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുകയും പടിപടിയായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യും എന്ന ആശങ്കയിൽ നിന്ന് ഉയർന്നുവരുന്നതാണ് ഈ നിസ്സംഗത!
കെ വി തോമസ് :അങ്ങിനെ ഒരു നിസ്സംഗത ഉള്ളതായി എനിക്ക് തോന്നുന്നില്ല. നേരത്തെ പറഞ്ഞ പോലെ മീഡിയയുടെ റോൾ ആണ് ഈ നിസ്സംഗത സൃഷ്ടിക്കുന്നത് എന്ന് തോന്നുന്നു.
അധികാരത്തിന്റെ എല്ലാ ഉപകരണങ്ങളേയും പ്രതിപക്ഷത്തിനെ നിശബ്ദരാക്കാൻ ഇത്രത്തോളം ഉപയോഗിക്കുന്നത് ആദ്യമായാണ് കാണുന്നത്. അതിനെതിരെയുള്ള ഒരു പൊതു വികാരം രൂപപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ലൈല കല്ലാരം :
കഴിഞ്ഞാഴ്ചയാണ് മുംബൈയിൽ നിന്ന് വന്നത്. അവിടങ്ങളിൽ ഒന്നും ഇലക്ഷൻ്റെ ഒരു പ്രചാരണവുമില്ല. അമ്പലങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി കൊടികൾ അങ്ങിങ്ങ് കാണാമെന്നല്ലാതെ, കോൺഗ്രസ്സിൻ്റെ ഒരു കൊടിപോലും കണ്ടില്ല. ഇലക്ട്രൽ ബോണ്ട് പോയിട്ട് തൊഴിലില്ലായ്മ പോലും ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല. അവിടങ്ങളിലൊന്നും BJP യ്ക്ക് ഒരു പണിയും ചെയ്യേണ്ടതില്ല. ദൈവം, പശു എന്ന് പറഞ്ഞ് ഇലക്ഷൻ്റെ തലേന്ന് കുറച്ച് പണമിറക്കിയാൽ മാത്രം മതി. കേരളത്തിലെ അമിതാവേശവും ബഹളങ്ങളും കണ്ട് ചാനലുകളിലിരുന്ന് മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഇന്ത്യയെ വിലയിരുത്തുന്നത് കണ്ട് സഹതാപം തോന്നാറുണ്ട്.
എൻ്റെ അഭിപ്രായത്തിൽ ബി ജെ പി ഇനിയും അധികാരത്തിൽ വരും.പ്രതിപക്ഷം അടിത്തട്ടിൽ നിന്ന് അദ്ധ്വാനിച്ച് പണിയെടുത്തില്ലെങ്കിൽ ഒന്നുംനടക്കില്ല. എനിക്ക് ഭയങ്കര അത്ഭുതം തോന്നി. നാട് ഒരു ഇലക്ഷൻ്റെ അടുത്തെത്തി എന്നൊന്നും ഒരു ലക്ഷണവും കാണിക്കാത്ത മനുഷ്യർ! ഒരു തരത്തിലുള്ള പ്രചാരണത്തിൻ്റെ അംശങ്ങളും കാണാൻ കഴിഞ്ഞില്ല. ഇതുപോലുള്ള ജനങ്ങൾ ഉള്ളിടത്തു ബി ജെ പി തഴച്ചു വളരും.
തങ്ങൾക്ക് തൊഴിലും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും സർക്കാർ ആണ് ചെയ്യേണ്ടതെന്ന് പോലും അറിയാതെ അതെല്ലാം ദൈവങ്ങളാണ് തരേണ്ടതെന്ന് കരുതുന്ന മനുഷ്യർ…
കർണ്ണാടക പോലെ ചിന്തിക്കാൻ യു പി ക്കും മഹാരാഷ്ട്രയ്ക്കും ഒക്കെ കഴിയുമോ എന്ന് സംശയമാണ്.
കെ. വി തോമസ് : പണവും ഒരു ഘടകമാണ്. ബിജെപി യുടെ കയ്യിൽ ധാരാളം പണമുണ്ട്. മറ്റു പാർട്ടികളുടെ ധനസ്രോതസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

മേതിലാജ് എം എ : പ്രതിപക്ഷം പിന്തുടരുന്നത് ഭരണപക്ഷത്തിന്റെ അതേ തന്ത്രങ്ങളാണ്, ഭരണത്തിലെത്താൻ കഴിയാത്തതിനാൽ മാത്രം പ്രതിപക്ഷം എന്നു വിളിക്കപ്പെടുന്നവർ ആണവർ, അല്ലാതെ ആശയപരമായി, നയപരമായി പ്രതിപക്ഷമല്ല ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും.ഭരണപക്ഷമാകട്ടെ ആരൊക്കെ മട്ടൻ കറി കഴിച്ചു എന്നന്വേഷിക്കുന്ന ഗതികേടിലും. ഗോമാതാവിനു ശേഷം ഇപ്പോൾ കുഞ്ഞാടുകളുടെ പിറകെയാണ് അവർ
സുരേഷ് നെല്ലിക്കോട് :
പുതിയ പുതിയ ഗാരന്റികൾ തിരഞ്ഞെടുപ്പുകാലത്തു പൊട്ടിവീഴുമ്പോൾ കൈയടിക്കുന്നതിനു മുമ്പ് പഴയ ഗാരന്റികൾ പാലിക്കപ്പെട്ടോ എന്ന് അന്വേഷിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും സമ്മതിദായകർ കാണിക്കുമെന്ന് കരുതുന്നു.
സതീശൻ പുതുമന :രാജ്യത്തെ പുത്തൻ അന്തരീക്ഷം കണക്കിലെടുത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം, പൊതുതാത്പര്യം മാത്രം മുൻനിർത്തി (പൊതുമിനിമംധാരണ എന്ന കാട്ടിക്കൂട്ടലല്ല ) ശക്തമായ ഒരു മുന്നണി കെട്ടിപ്പടുക്കാൻ പ്രതിപക്ഷകക്ഷികൾ സമയവും സൗകര്യവും കണ്ടെത്തേണ്ടിയിരുന്നു. സ്വന്തം തെറ്റുകൾക്കും കുറ്റങ്ങൾക്കും നേരെ കണ്ണടച്ചോ അവയ്ക്ക് അവിശ്വസനീയ ന്യായീകരണങ്ങൾ കണ്ടെത്തിയോ മറ്റു കക്ഷികളുടെ പോക്ക് ശരിയല്ലെന്ന് സമർത്ഥിച്ചോ എതിരാളികളെ ട്രോളിയോ എത്ര ഊർജ്ജമാണ് ഓരോ കക്ഷിയും ഓരോ ദിവസവും പാഴാക്കിക്കളയുന്നത്!
ഭരണവിരുദ്ധവികാരം പോലെ പ്രതിപക്ഷവിരുദ്ധവികാരം എന്നൊന്നുണ്ടായിരുന്നെങ്കിൽ അതെങ്ങനെയായിരിക്കും തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചിരിക്കുക എന്ന് സങ്കൽപ്പിക്കാനാവുന്നില്ല.
പി എൽ ലതിക :കാലേക്കൂട്ടി മാധ്യമങ്ങളെ മെരുക്കിയും വിലക്കെടുത്തും തങ്ങ ൾക്കെതിരെ വിവിധ കോണുകളിൽ നീന്നുയരുന്ന ജനകീയ പ്രതിരോധങ്ങളെ മറച്ചു വെക്കാനും വ്യാപിക്കാതെ അതതു കേന്ദ്രങ്ങളിൽ ഒതുക്കുവാനും കേന്ദ്രസർക്കാരിനും ബിജെപി ക്കും കഴിഞ്ഞു. ബോണ്ട് കുംഭകോണം അതിൽ പെട്ടെന്ന് ഒരു മാറ്റം വരുത്തി. ഇപ്പോൾ മോദിക്കും സർക്കാരിനും എതിരെ വിമർശനങ്ങൾ ഉയർത്തുന്ന വീഡിയോകൾ, അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവ ധാരാളം പുറത്തു വരുന്നു പി എം ഉം അനുയായികളും കൊട്ടി ഘോഷിക്കുന്ന പല സാമ്പത്തിക പദ്ധതികളും യു പി എ നടപ്പിൽ വരുത്തിയവയുടെ പേര് മാറ്റിയത് മാത്രമാണെന്നും, നേടിയെന്നു അവകാശപ്പെടുന്ന സാമ്പത്തിക മുന്നേറ്റം ഊതിവീർപ്പിച്ച ബലൂണുകൾ മാത്രമാണെന്നും രാജ്യം സാമ്പത്തിക, സാമൂഹ്യ, ആരോഗ്യ, മേഖലകളിൽ അധോഗതിയിലാണെന്നും പല കോണുകളിൽ നിന്നും മുറവിളി ഉയരുന്നു പ്രധാനമന്ത്രി ഏറ്റെടുത്തു നടപ്പാക്കുന്ന ഹിന്ദു ക്ഷേത്ര നിർമ്മിതികളും ചടങ്ങുകളിൽ നേരിട്ടു പൗരോഹിത്യ വേഷമാടുന്നതും രാജ്യത്തെ ലോക ദൃഷ്ടിയിൽ പരിഹാസ്യമാക്കുന്നു എന്ന് വിശ്വാസികൾ പോലും നീരസപ്പെടുന്നു.
അപ്പോൾ ഭരണ വിരുദ്ധ വികാരം ശക്തമാണ്, രാജ്യവ്യാപകമാണ്. അത് വോട്ടിൽ പ്രതിഫലിക്കണം.ഇപ്പോൾ അരങ്ങു വാഴുന്ന ഹിന്ദുത്വ അജണ്ടകൾ ബിജെപി ഭരണം അവസാനിക്കുന്നതോടെ ദുർബ്ബലപ്പെടും.
കെ വി തോമസ് :അതാണ് ഞാനും പറഞ്ഞത്. ബാബ്റി മസ്ജിദ് തകർത്തിടത്തു അമ്പലം പണിതപ്പോൾ ഉണ്ടായ ഹിന്ദു ഉണർവ് കർഷക സമരത്തിൽ ഒലിച്ചു പോയി..
മുരളീ മീങ്ങോത്ത് : അതെ.രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രചരണത്തിൽ അങ്ങനെ വന്നു കാണുന്നില്ല
ജെയിംസ് വർഗീസ് : രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഒരു വർഗീയ വാദിയൂടെ രീതിയിൽ ഒരു മതവാദിയായി വോട്ടു പിടിക്കുന്നത് ഏറ്റവും നികൃഷ്ടമായ പ്രവൃത്തിയാണ്. ദൈവത്തിൻ്റെ പേരിലാകരുത്, മറിച്ച് ജനത്തിൻ്റെ മതേതരത്വത്തിൻ്റെ പേരിലാകണം, അതായത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങൾ നടത്തി യാകണം വോട്ട് ചോദിക്കേണ്ടത്.
മുരളീ മീങ്ങോത്ത്:കർണ്ണാടകയിൽ കോൺഗ്രസിന് വലിയ സാദ്ധ്യതകൾ സർവ്വേയിൽ കാണുന്നില്ല എന്നത് ആശങ്ക ഉണ്ടാക്കുന്നു.

ജെയിംസ് വര്ഗീസ് :മാധ്യമങ്ങളിലും സർവേകളിലും സത്യം ഒളിഞ്ഞു പോലും ഇരിക്കുന്നില്ല. മാധ്യമങ്ങളെ വാങ്ങി വരുതിയിൽ നിർത്താൻ ആണ് അവർ ആദ്യം ശ്രമിച്ചത്. കൂടെ നിൽക്കാത്തവരെ റെയ്ഡുകൾ നടത്തി കൂടെ നിർത്തി. മനോരമ, മാതൃഭൂമി പോലുളള മാധ്യമങ്ങൾ പോലും ഭയത്തിൻ്റെ മുൾമുനയിൽ ആണ് എന്ന് അവരുടെ വാർത്തകൾ സൂചിപ്പിക്കുന്നു.
കെ. വി. തോമസ് : സർവേകൾ .. അതൊക്കെ ഒരു തരം തട്ടിക്കൂട്ടാണ്.എന്നിരുന്നാലും കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്ന് പോലും അറിയാതെ നിൽപ്പാണ് എന്നത് വാസ്തവമാണ്. കാടിളക്കി പ്രചാരണം നടത്തേണ്ടവർ.
സുരേഷ് നെല്ലിക്കോട് :മാധ്യമങ്ങൾക്ക് ജനങ്ങളോടുള്ളതിനേക്കാൾ കൂറ് പരസ്യദാതാക്കളോടാണ് എന്നതുപോലെതന്നെയാണ് ഭരണാധികാരികൾ ജനങ്ങളെ വിട്ട് കോർപ്പറേറ്റുകളോടടുക്കുന്നതും. ജനങ്ങളോട് കൂറില്ലെന്നുള്ളതിന്റെ തെളിവാണ് കരുവന്നൂർ പോലെയുള്ള തട്ടിപ്പുകളും എക്സാലോജിക്- മാസപ്പടി പോലെയുള്ള അഴിമതികളും അത് പരിഹരിക്കപ്പെടാതെ ഇഴഞ്ഞുനീങ്ങുന്നതും.ഈ തിരഞ്ഞെടുപ്പു കഴിയുന്നത്തോടെ നമുക്കറിയാൻ കഴിയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണോ അതോ ഏകാധിപത്യത്തിലേയ്ക്കുള്ള വഴിയിലാണോ എന്നുള്ളത്.
മേതിലാജ് എം എ :ഇലക്ട്രറൽ ബോണ്ട് ഒക്കെ പ്രധാന പ്രചാരണ ആയുധമാക്കുന്നത് പണ്ട് പ്രകാശ് കാരാട്ട് അമേരിക്കൻ ന്യുക്ലിയർ കരാർ ഉയർത്തി യു പി എ ക്കുള്ള പിന്തുണ പിൻവലിച്ചു തെരഞ്ഞെടുപ്പിന് പോയത് പോലെ ഉണ്ടയില്ലാത്ത വെടി ആവുകയേ ഉളളൂ, ജനങ്ങൾക്ക് മനസ്സിലാവില്ല അതൊന്നും. നോക്കൂ എല്ലാ മനുഷ്യ വിഭവ- ആരോഗ്യ- ജനാധിപത്യ സൂചികകളിലും രാജ്യം പിന്നോട്ട് പോകുമ്പോഴും മോഡിയുടെ ഗ്യാരണ്ടി എന്നു പറഞ്ഞു അവർക്കു പ്രചാരണം നടത്താൻ കഴിയുന്നു എന്നത് തന്നെ താഴെത്തട്ടിലേക്ക് പ്രതിപക്ഷ ശബ്ദം എത്തുന്നില്ലെന്നതിന്റെ കൃത്യമായ സൂചനയാണ്. പണ്ട് വാജ്പേയി രാജ്യം തിളങ്ങുന്നു എന്ന പ്രചാരണം നടത്തി മധ്യ വർഗ്ഗത്തിന്റെ കണ്ണിൽ പൊടിയിട്ടപ്പോൾ അത് പൊളിഞ്ഞു പോകാൻ കാരണം അന്ന് പ്രതിപക്ഷ കക്ഷികൾക്ക് കോടിക്കണക്കിനു വരുന്ന ദരിദ്ര ജന വിഭാഗങ്ങളുടെ ഇടയിൽ സ്വാധീനമുണ്ടായിരുന്നു എന്നതാണ്. അങ്ങിനെയൊരു സ്വാധീനം ഇന്ന് കേരളത്തിൽ ഇടതു പക്ഷത്തിനും തെക്കേ ഇന്ത്യയിൽ പൊതുവെ ചില പ്രതിപക്ഷ കക്ഷികൾക്കും മാത്രമേ ഉള്ളൂ. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നെങ്കിലും അത് രാഹുലിന്റെ വ്യക്തിപരമായ ഇമേജ് മെച്ചപ്പെടുത്താനേ ഉപയോഗപ്പെട്ടിട്ടുള്ളൂ, അടിസ്ഥാന വിഭാഗത്തിൽ ഒരു രാഷ്ട്രീയ സന്ദേശം നല്കാൻ, ജീവൽ പ്രശ്നങ്ങൾ ഉയർത്താൻ, വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റും ചർച്ചയാക്കാൻ അതിനു കഴിഞ്ഞില്ല
കെ വി തോമസ് :രാഹുൽ ഗാന്ധി ഹിറ്റ് ആൻഡ് റൺ പോളിസി പോലെ ആണ്. ഒരു ഇഷ്യൂ എടുത്തു കൊണ്ട് വന്നാലും പിന്നെ അതിന്റെ പിന്നാലെ പോകുന്നില്ല. ഇപ്പോൾ കേരളത്തിൽ സ്ഥാനാർഥി ആയി നിൽക്കുന്നതും വേറെ ഒരു ഇമേജ് തന്നെ ആണ് സൃഷ്ടിക്കുന്നത്. ആക്രമിക്കാനോ പ്രതിരോധിക്കാനോ സാധിക്കാതെ ഇങ്ങനെ പോകുന്നു.. ഒരൊഴുക്കിൽ. അധികാരത്തിന്റെ കാര്യത്തിൽ പാർട്ടി ചെറിയ നീക്കുപോക്കുകൾ നടത്തിയിരുന്നെങ്കിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായി തന്നെ നിന്നേനെ. മദ്ധ്യപ്രദേശ് ഉദാഹരണം – കൈയിൽ ഉള്ളതും കളഞ്ഞു കളിച്ചു.
ജെയിംസ് വർഗീസ് : തിരുവനന്തപുരം മണ്ഡലത്തിൽ ബർക്ക ദത്തയുടെ ധാബ ചർച്ചയിൽ തീരുവനന്തപുരത്തെ ചെറുപ്പക്കാർ പോലും അവരോട് വളരെ നിസംഗമായി രാഷ്ടീയം പറയുന്നത് കേട്ടു. ചെറുപ്പക്കാരിൽ പലരും അരാഷ്ട്രീയ വാദികൾ ആയിരുന്നു. പ്രായമായവരിൽ ചിലരൊക്കെ മോഡിയെ ദൈവം ആണ് എന്ന് പറയുന്നത് കേട്ടു . തൃശൂരിൽ സുരേഷ് ഗോപിയെ പോലും ദൈവം എന്നു പറയുന്ന സ്ത്രീകളെ കണ്ടു. സാക്ഷര കേരളത്തിൽ ഇതാണ് സ്ഥിതി എങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി എന്താവും?
വടക്കേ ഇന്ത്യയിൽ രാമനും ദൈവവും പശുവും അമ്പലവും കഴിഞ്ഞു അതിനപ്പുറം പട്ടിണിയോ തൊഴിലില്ലായ്മയോ വിലക്കയറ്റമോ പാവപ്പെട്ടവർക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് അവർക്ക് കിട്ടുന്ന പണവും മദ്യവും നുണകളും മാത്രം മതി അവർക്കു ബിജെപിക്കു വോട്ടു കുത്തുവാൻ. കേരളത്തിൽ പോലും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തിരിച്ചറിയുന്നവർ കുറഞ്ഞു വരുന്നു എന്നു സംശയിക്കണം, ബിജെപിക്ക് പിന്തുണ കൂടുന്നത് കാണുമ്പോൾ.
മേതിലാജ് എം എ : നമ്മൾ കാണേണ്ട മറ്റൊരു പ്രധാന പ്രശ്നം സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ ബഹു ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ്. ബോധ പൂർവ്വമായ നുണ പ്രചാരണത്തിലൂടെ ഒരു രാഷ്ട്രീയ കക്ഷിക്ക് നിരന്തരം അധികാരത്തിൽ വരാൻ കഴിയുമെന്നതും അധികാരം നുണപ്രചാരണങ്ങളിലൂടെ നിലനിർത്താൻ കഴിയുമെന്നതും അതാണ് ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയവയെ പോലും നുണപ്രചാരണങ്ങൾ കൊണ്ട് അതി ജീവിക്കാമെന്നത്, വിശക്കുന്ന മനുഷ്യനോട് ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും മിഥ്യാഭിമാനങ്ങളെ കുറിച്ചും ഓക്കെ പറഞ്ഞു അവയെ വിശപ്പിനു മുകളിൽ പ്രതിഷ്ഠിക്കാൻ കഴിയുമെന്നത് അങ്ങേയറ്റം നിരാശാജനകമായ സാഹചര്യമാണ്. ദരിദ്ര- സമ്പന്ന ഭേദമില്ലാതെ ഭൂരിഭാഗം മനുഷ്യരും തങ്ങളുടെ ഗോത്ര- സമുദായ- മത ബോധങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇനിയും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്
പുതിയ തലമുറ – പ്രത്യേകിച്ച് ജെൻ സീ തികഞ്ഞ അരാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്നവരാണ്. അവരോട് സംവദിക്കാനുള്ള ഭാഷ പോലും രാഷ്ട്രീയ കക്ഷികൾ ഇനിയും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് സത്യം.70 കളിലെ അതേ രാഷ്ട്രീയഭാഷ ആണ് ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും ഇപ്പോഴും ഉപയോഗിക്കുന്നത്.

സുരേഷ് നെല്ലിക്കോട് : ഇക്കാര്യം മാത്രമായി നാം വീണ്ടും ചർച്ച ചെയ്യേണ്ടതാണ്. കാലം മാറുന്നത് അങ്ങനെയാണല്ലോ. അവരുടേത് അരാഷ്ട്രീയത എന്ന് പറയാമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, കക്ഷിരാഷ്ട്രീയത്തിൽ ഒതുങ്ങാതെ നിൽക്കുന്നവർക്കും രാഷ്ട്രീയമുണ്ടാവുമല്ലോ!
സതീശൻ പുതുമന :സുരേഷ് പറഞ്ഞ ആ ‘കക്ഷിരാഷ്ട്രീയത്തിൽ ഒതുങ്ങാതെ’യുള്ള രാഷ്ട്രീയബോധമാണ് നേരിൽ സംസാരിക്കുമ്പോൾ പലപ്പോഴും ചെറുപ്പക്കാരിൽ കണ്ടിട്ടുള്ളത്.
സുരേഷ് നെല്ലിക്കോട് :പാർട്ടി അച്ചടക്കം എന്ന അടിമത്തത്തിന്റെ ഒരു വാൾ തലയ്ക്കു മേൽ തൂങ്ങുന്നത് Gen Z കൾക്കെന്നല്ല സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും ഇഷ്ടമല്ല. നല്ലത് ആരു ചെയ്താലും നല്ലതെന്നും ആർക്കു തെറ്റിയെന്നും അവർ പറയും. അതും രാഷ്ട്രീയമാണ്.
മേതിലാജ് എം എ:ഈ ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ രസകരമായി കണ്ടിരിക്കാൻ കഴിയുന്ന ഒരുപാട് തമാശകളുമുണ്ട്.രാജ്യത്തെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും മോദിയുടെ ബിജെപിക്ക് എതിരേ നേർക്ക് നേർ മത്സരിക്കുന്നത് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് ആണ് . കേരളത്തിലാകട്ടെ കടുത്ത ഫാസിസ്റ്റു വിരുദ്ധരായ ഇടതു മുന്നണി രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പോരാട്ടത്തിലാണ്. സകല രാഷ്ട്രീയ മര്യാദകളും മറന്നുള്ള, ചെളി വാരിയെറിഞ്ഞുള്ള പോരാട്ടം. ബംഗാളിലാകട്ടെ പ്രമുഖ ഫാസിസ്റ്റു വിരുദ്ധ പോരാളി മമത കോൺഗ്രസ്സിനും സിപിഎമ്മിനുമെതിരെ ബിജെപിയോടുള്ള അതേ സമദൂരം പ്രഖ്യാപിച്ചുള്ള യുദ്ധത്തിലാണ്. ചില മതേതര ജനതാ ദളുകാർ NDA മുന്നണിയിലും ഇന്ത്യാ മുന്നണിയിലും ഒരുപോലെ സജീവമാണ്, ചില NCP കളും. ഇത്രകാലം മതവർഗ്ഗീയവാദികൾ ആയിരുന്ന ശിവസേനയുടെ ഒരു ഭാഗം മാമോദീസ മുങ്ങി ഇന്ത്യാ സഖ്യത്തിലെ മതേതരഫാസിസ്റ്റുവിരുദ്ധർ ആയെങ്കിൽ അവരിലെ തന്നെ മറ്റൊരു വിഭാഗം പിളർന്ന് പിന്നേയും വലതു ഫാസിസ്റ്റുകൾ തന്നെയായി. അറിയപ്പെടുന്ന പഴയ പല സോഷ്യലിസ്റ് തല തൊട്ടപ്പന്മാരും ഇപ്പോൾ വലതു തീവ്ര മുന്നണിയിലാണ്. ആദിവാസി സംഘടനകളും. sdpi പോലുള്ള ന്യുനപക്ഷ വർഗ്ഗീയ വാദികൾ കോൺഗ്രസ്സിന്റെ പക്ഷത്തുമുണ്ട്. മൊത്തത്തിൽ നോക്കിയാൽ ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി ചേർന്നിരിക്കുന്ന നിലപാടില്ലായ്മ, അധികാരമോഹം എന്നിവ വളരെ വ്യക്തമാണ്. എന്ത് കൊണ്ട് പുതുതലമുറ അരാഷ്ട്രീയ വാദികൾ ആകുന്നു എന്നും എന്തുകൊണ്ട് പൊതുവെ വോട്ടിങ് ശതമാനം കുറയുന്നു എന്നും എന്ത് കൊണ്ട് നോട്ടയുടെ എണ്ണം കൂടുന്നു എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമുണ്ടതിൽ.
ജെയിംസ് വർഗീസ് :പുതിയ തലമുറ എന്തു കണ്ടിട്ടാണ് ഇന്ത്യയുടെ രാഷ്ട്രീയ പാർട്ടികളിൽ അംഗം ആകേണ്ടത്. ഒരു പാർട്ടിയിലും ആദർശത്തിൻ്റെ കണിക പോലുമില്ല, നേതാക്കൾ കള്ളങ്ങൾ മാത്രം വിളിച്ചു പറയുന്നു. എല്ലാവരും അധികാരത്തിൻ്റെ പിന്നാലെ പരക്കം പായുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ, നീതി പീഠങ്ങൾക്കോ മാധ്യമങ്ങൾക്കോ പോലും വിശ്വാസ്യത ഇല്ല. നേതാക്കൾക്ക് വിശ്വാസ്യത ഒട്ടുമേ ഇല്ല. ഇതെല്ലാം കണ്ടാണ് പുതു തലമുറ വളരുന്നത്. ബദൽ എന്ന പേരിൽ വന്ന ആപ്പ് പോലും വിശ്വാസ്യത കളഞ്ഞു കുളിച്ചു. അഴിമതിയും അഹങ്കാരവും അധികാര ദുർവിനിയോഗവും ആണു ഭരണത്തിൻ്റെ മുഖ മുദ്ര.
പി എൽ. ലതിക :നിലവിലുള്ള കക്ഷികൾക്ക് രാഷ്ട്രീയ നൈതികത ഇല്ല എന്നത് ശരിയാണെങ്കിലും പുതു തലമുറ അതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് പറയാൻ പറ്റില്ല.വിദ്യാഭ്യാസകാലത്തു മത്സരപരീക്ഷകളുടെ സമ്മർദ്ദത്തിലാണ് അവരിലെ മദ്ധ്യ ഉപരി വർഗ്ഗവിഭാഗങ്ങൾ. അങ്ങനെയല്ലാത്തവർ കേഡർ രാഷ്ട്രീയത്തിൽ പെട്ടു പോകുന്നും ഉണ്ട്. നവതൊഴിൽ സാഹചര്യങ്ങൾ യുവാക്കളെ മുഴുവനായും engaged ആക്കുന്നു. രണ്ടാളുടെ ശമ്പളം കൊടുത്തു നാലാളുടെ പണി എടുപ്പിക്കുന്ന നവമുതലാളിത്തം അവർക്ക് മുൻതലമുറയിൽ നിന്നു ഏറെ ഭേദപ്പെട്ട വേതനവും ആനുകൂല്യങ്ങളും കൊടുത്തു ഒരു വിധത്തിലുള്ള sense of achievement നൽകുന്നതിൽ വിജയിച്ചിരിക്കുന്നു. ചെറുപ്രായത്തിൽ സാമ്പത്തിക സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും ആസ്വാദനങ്ങളും കൈവരിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമാണത്. കക്ഷി രാഷ്ട്രീയത്തിന്റെ നട്ടെല്ലായ തൊഴിലാളി സംഘാടനവും പ്രവർത്തനവും അവർക്ക് അന്യമാണ്. ഇടയ്ക്കിടെ സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളും മാറുന്ന പരിതസ് ഥിതിയിൽ ഒരു sense of belonging ന് ഇടമില്ല.രാജ്യത്തിന്റെ കാര്യത്തിലും അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു. നാടിനേയും നാട്ടിലെ രാഷ്ട്രീയത്തിനേയും പുറത്തു നിന്നെന്നപോലെ കാണുകയാണവർ.ബോണ്ടുകളിൽ ചെറിയ ഭേദഗതി കൊണ്ട് നേരെയാക്കാവുന്ന ഒരു സാങ്കേതിക പ്രശ്നം മാത്രമേ അവർ കാണുന്നുള്ളൂ . കെജ്രിവാൾ അറസ്റ്റിലായി എന്നത് അവരെ അസ്വ സ്ഥരാക്കുന്നില്ല. കാരണം അവർ അതൊന്നും അത്ര കാര്യമായിരുടുക്കുന്നി ല്ല കുറ്റമല്ല. ഇത് ചലനാത്മകമായ ആഗോള വ്യവസ്ഥയുടെ സ്വഭാവ വിശേഷങ്ങളാണ്. അവരിൽ പെടാത്തവർക്ക് രാഷ്ട്രീയമുണ്ട്.ആക്റ്റീവിസം ഉണ്ട്. പക്ഷേ നല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഭാവത്തിൽ അവർ വിധേയരുടെ സംഘങ്ങളിൽ നിഷേധാത്മക പ്രവർത്തനങ്ങളിൽ മുഗ് ദ്ധ രായിരിക്കുന്നു.
ജെയിംസ് വർഗീസ് :അവർ കാര്യമായെടു ക്കുന്നില്ല എന്നു തോന്നുന്നില്ല, എൻ്റെ മക്കൾ അടക്കം അനേകം ന്യൂ ജെൻ കുട്ടികളോടും ഞാൻ സംസാരിക്കാറുണ്ട്. അവരൊക്കെയും നമ്മുടെ ജനാധി പത്യ സമ്പ്രദായത്തിൽ വന്നിരിക്കുന്ന മൂല്യച്യു തിയിൽ ആശങ്ക ഉള്ളവരാണ്. പക്ഷേ അവർ പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നത് സത്യമാണ്. വിദേശത്ത് പഠിക്കുന്ന, ജീവിക്കുന്ന ബിജെപി അനുഭാവികളുടെ മക്കൾ പോലും അവരുടെ മാതാപിതാക്കളുടെ രാഷ്ട്രീയത്തിന് എതിരായാണ് സംസാരിക്കാറുള്ളത്. അവർ പരസ്യമായി പ്രതികരിക്കാത്തതിന്റെ കാരണങ്ങൾ ജോലിയുടെ തിരക്ക് , ജീവിതരീതി, ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ലാത്തത്, അല്ലെങ്കിൽ ആഗ്രഹം ഇല്ലാത്തത് ഒക്കെയാകാം. തങ്ങൾ പ്രതികരിച്ചത് കൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാകില്ല എന്ന നിലപാടും കാരണമായേക്കാം
മുരളി മീങ്ങോത്ത് :സമീപ കാലത്ത് വലിയ രീതിയിൽ ആണ് സിലബസ് പരിഷ്കരണവും നടക്കുന്നത്. ചരിത്രം പോലും അറിയാതെ പോകും പുതു തലമുറ.
പി എൽ ലതിക : അതും അപകടകരമാണ്. കാരണം ഇന്ത്യയിൽ തുടർന്നും ജീവിക്കുമെന്ന് വിശ്വസിക്കുന്ന ബഹു ഭൂരിപക്ഷത്തിന് ധാരണകൾ പിഴച്ചുകൂടാ. വളർന്നു വരുന്ന തലമുറയ്ക്കും വിദ്യാർഥികൾക്കും.അവരിൽ നിന്നും, മുൻപത്തെ ഇന്ത്യയെ കണ്ടും അനുഭവിച്ചും ജീവിച്ച മുതിർന്ന വരുടെ സമൂഹത്തിൽ നിന്നും, നാളെ സ്വന്തം രാജ്യത്തിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളിൽ നിന്നുമാണ് ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കപ്പെടണം എന്ന ആവേശവും ആഗ്രഹവും ഉണ്ടാവേണ്ടത്. അവരിലേ പ്രതീക്ഷയർപ്പിക്കാൻ വഴിയുള്ളൂ. അതിന് അവർ മതേതരും, ശാസ്ത്രീയ വീക്ഷണമുള്ളവരും സ്വാതന്ത്ര്യവാദികളും ആയി വളരണം, തുടരണം. അവർ ഈ രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ പ്രാപ്തരാവണം. ആ ലക്ഷ്യം നേടണമെങ്കിൽ, പ്രഖ്യാപിത മതാഭിമുഖ്യമുള്ള ഒരു കക്ഷിക്ക് ഭരണം ലഭിക്കാൻ പാടില്ല. കാരണം അവർ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിവേചിക്കുന്നു.തങ്ങൾ മത രാഷ്ട്രവാദികൾ എന്ന് വാക്കിലും പ്രവൃ ത്തിയിലും ഊന്നിപറഞ്ഞു കൊണ്ട് വിഭാഗീയത വളർത്തുന്നു . വിദ്യാഭ്യാസത്തെ പഴമയിലേക്ക് നടത്തുക വഴി യാഥാസ്ഥിതീകതയെ പുന രാനയിക്കുന്നു.തൊഴിൽ അവസരങ്ങൾ സങ്കോചിപ്പിക്കുന്നു. വരുമാനവും അഭിമാനവും ഇല്ലാത്ത യുവജനങ്ങൾ കൂലിരാഷ്ട്രീയത്തിൽ ചെന്നടിയുന്നു.
അവർ തുടർന്നും ഭരണത്തിൽ വന്നാൽ ചെയ്തു കൂട്ടിയ ഇന്ത്യാവിരുദ്ധ നടപടികൾ തുടരും, പുതിയ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇപ്പോൾ ചോദ്യം ചെയ്യുന്ന സ്ഥാപനങ്ങൾ പിന്നെയുണ്ടാവില്ലെന്നുറപ്പു വരുത്തും. ഫെഡറലിസം അസ്തമിച്ചു സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ബോഡികൾ മാത്രമാവും. അങ്ങനെ സംഭവിക്കാതിരിക്കാൻ ആർക്ക് വോട്ടു ചെയ്യണമെന്നും ആർക്ക് ചെയ്യരുതെന്നും സ്വയം ബോധ്യപ്പെടുകയും കഴിയുന്നത്ര പേരെ ബോദ്ധ്യ പ്പെടുത്തുകയും ചെയ്യുക.രാഷ്ട്രീയ വിവേകത്തോടെ വോട്ടു രേഖപ്പെ ടുത്തുക. അതാണ് ജനാധിപത്യവിശ്വാസികൾക്ക് ചെയ്യാനുള്ളത്.
കവർ : വിത്സൺ ശാരദാ ആനന്ദ്
രണ്ടാം ഭാഗം
ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്?
വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ല സഖാവ് ഇതിൽ പങ്കെടുക്കേണ്ട ആളാണെന്നും പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ക്ഷണിക്കുന്നതെന്നും പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചുപറഞ്ഞു ചില നേതാക്കൾക്ക് സഖാവ് വരുന്നതിനോട് അതൃപ്തിയുണ്ട് എന്ന്. അവർക്ക് അത് എന്നോട് പറയാൻ വലിയ വിഷമം ഉണ്ടായിരുന്നു. ഒരു ഒരു പൊതു പ്രവർത്തകൻ ഇതുപോലുള്ള അപമാനങ്ങൾ ഒന്നും വലിയ കാര്യമായി എടുക്കേണ്ടതല്ല എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്. പാർട്ടിക്ക് അത് എന്നെ ബോധ്യപ്പെടുത്താനും പറ്റിയിട്ടില്ല. പാർട്ടി വിരുദ്ധമായി എന്നിൽ നിന്ന് ഇതുവരെ ഒരു വാക്കോ, പ്രവൃത്തിയോ, എഴുത്തോ ഉണ്ടായിട്ടില്ല. ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് ലീഗിനേപ്പോലും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന കാലത്ത് എന്തുകൊണ്ടാണ് എന്നെ മാത്രം പുറത്തുനിർത്തുന്നതെന്ന്…
ചോ: വി എസ് ഓരോ മേഖലയിലും ഇടപെട്ട് പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിൻറെ രീതികൾ എങ്ങനെയായിരുന്നു ?
എല്ലായിടത്തും നേരിട്ടെത്തി അടിത്തട്ടിൽ പോയി കാര്യങ്ങൾ പഠിച്ച് അതിന് പ്രസക്തിയുണ്ടെന്ന് തോന്നിയാൽ അത് ഏറ്റെടുത്ത് പ്രശ്ന പരിഹാരം കാണുന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. മതികെട്ടാൻ, മൂന്നാർ ,ശബരിമല , പ്ലാച്ചിമട എല്ലായിടത്തും പ്രായത്തെ അവഗണിച്ച് നേരിട്ട് എത്തിയാണ് കാര്യങ്ങൾ പഠിച്ചിരുന്നത്. ലോട്ടറി മാഫിയയെ ഇല്ലാതാക്കുക എന്നത് എടുത്ത്
പറയേണ്ട അദ്ദേഹത്തിൻറെ ഒരു ശക്തമായ തീരുമാനമായിരുന്നു. 84ാം വയസ്സിൽ വൈദ്യസഹായം പോലും വേണ്ടെന്നു വച്ച് ശബരിമല കയറി കാര്യങ്ങൾ പഠിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് അദ്ദേഹം! ചെയ്യാനുള്ള കാര്യങ്ങൾ നേരിട്ട് എത്തി നേതൃത്വം കൊടുത്തു കൃത്യമായി നടപ്പിലാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ രീതി. പ്രസംഗിക്കാനുള്ളതൊക്കെ നേരത്തേ തന്നെ തനിയേ എഴുതി തയ്യാറാക്കി വയ്ക്കുകയാണ് പതിവ്. നല്ല കയ്യക്ഷരവും ഭാഷയുമാണ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകുകയും അല്പസ്വല്പം പറയാനും കഴിയുമായിരുന്നു. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മാർത്ഥതയും കൃത്യനിഷ്ഠയും പുലർത്തിയിരുന്നു. ശരിക്കും അദ്ദേഹം ഒരു പാഠപുസ്തകമാണ്.

ചോ : മൂന്നാർ ദൗത്യം അദ്ദേഹം എങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്?
മൂന്നാർ ദൗത്യം വളരെ കൃത്യതയോടെ പ്ലാൻ ചെയ്ത ഒന്നായിരുന്നു. അതിനുവേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് അത് ശരിയായി നടപ്പിലാക്കാൻ പറ്റിയ ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് സംഘത്തലവനായി ശ്രീ സുരേഷ് കുമാർ ഐ എ എസിനെയും, കൂടെ ഋഷിരാജ് സിംഗിനെയും, രാജു നാരായണ സ്വാമിയേയും ദൗത്യം ഏൽപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും
എല്ലാം വിലയിരുത്തിയും നേരിട്ട് കണ്ടും ഇച്ഛാ ശക്തിയോടെ കാര്യങ്ങൾ നടത്താൻ
ആ ദിവസങ്ങളിൽ മുഴുവൻ സമയവും അദ്ദേഹം അവിടെ തന്നെയുണ്ടായിരുന്നു. അവസാനം
സി പി ഐ യുടെ സമ്മർദ്ദം കാരണം പാർട്ടിക്ക് ആ ദൗത്യം പൂർത്തിയാക്കാതെ വി എസിനെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടി വന്നു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യം തന്നെയായിരുന്നു അത്. പരിസ്ഥിതി സൗഹൃദമായ ഒരു കേരളം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. കൂടംകുളം, പ്ലാച്ചിമട, പറമ്പിക്കുളം ആളിയാർ , മതികെട്ടാൻ എന്നിവയൊക്കെ അതേ ഉദ്ദേശ ലക്ഷ്യത്തോടെ അദ്ദേഹം ഏറ്റെടുത്തതാണ്… കൂടംകുളം പദ്ധതി പാർട്ടി ഏറ്റെടുക്കാതിരുന്നിട്ടും അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ചോ: വിഎസിന്റെ ഒരുപാട് പ്രയോഗങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് കുറിക്കു കൊള്ളുന്നതായിരുന്നു.
ടി കെ ഹംസ, കുഞ്ഞാലിക്കുട്ടി, പ്രായത്തെക്കുറിച്ച് പറഞ്ഞതിന് രാഹുൽ ഗാന്ധിക്കുള്ള മറുപടി എന്നിവയൊക്കെ അതിൽ ചിലതാണ്. “അമൂൽ പുത്രൻ ” എന്ന പ്രയോഗം താങ്കൾ പറഞ്ഞു കൊടുത്തതാണ് എന്ന് കേട്ടിട്ടുണ്ട്. അതൊന്ന് പറയാമോ?
രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് വി എസ് തീരുമാനിച്ചാൽ അത് വളരെ മൂർച്ചയുള്ളതും കുറിക്കു കൊള്ളുന്നതുമായിരിക്കും. അതിൽ അദ്ദേഹം യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. ഒരു ഇലക്ഷൻ സമയത്ത് രാഹുൽ ഗാന്ധി വി എസിൻ്റെ പ്രായം പറഞ്ഞ് പരിഹസിച്ചു. അതിന് മറുപടി കൊടുക്കണമെന്ന് ഞാനും പറഞ്ഞു. അതിന് വേണ്ടി എഴുതിയ തയ്യാറാക്കിയ പ്രസംഗത്തിൽ അദ്ദേഹം ടി. എസ്. തിരുമുമ്പിൻ്റെ കവിത കൂടി ഉൾപ്പെടുത്തി.
(“തലനരയ്ക്കുവതല്ലെൻ്റെ വൃദ്ധത്വം “…..)
അതിൽ ‘അമൂൽ ബേബി’ എന്ന് പറയാൻ അദ്ദേഹത്തിന് എന്തോ വിമുഖത തോന്നി. അപ്പോൾ അതിനെ പുത്രൻ എന്നാക്കി ഞാൻ പറഞ്ഞു കൊടുക്കുകയായിരുന്നു.(ചിരിക്കുന്നു). അത് നാഷണൽ മീഡിയകളിലൊക്കെ വാർത്തയാവുകയും വളരെയധികം പ്രചാരണം നേടുകയുമുണ്ടായി.
അമൂൽ കമ്പനിയുടെ പരസ്യത്തിൽ വരെ വി. എസി ൻ്റെ പടം അടിച്ചു വരികയും ചെയ്തു! അതോടെ രാഹുൽ ഗാന്ധി അപ്രസക്തനാവുകയും വി.എസ് തരംഗം ആഞ്ഞടിക്കുകയും ചെയ്തു.

ചോ: സ്വന്തം അച്ഛൻ സ്ട്രോക്കു വന്ന് ആശുപത്രിയിൽ കിടന്നപ്പോഴും, ഭാര്യ പ്രസവിച്ചു കിടക്കുമ്പോഴും താങ്കൾ വി എസിന് ഒപ്പമായിരുന്നു. വ്യക്തിപരമായ അടുപ്പത്തിനപ്പുറം ഒരു രാഷ്ട്രീയ പ്രതിബദ്ധത കൂടിയായിരുന്നില്ലെ അത്?
തീർച്ചയായും, എനിക്ക് വേണമെങ്കിൽ ഈ കാരണങ്ങൾ പറഞ്ഞു വിട്ടു നിൽക്കാമായിരുന്നു.
വി എസിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ മറ്റാരുമായി പങ്കിടാൻ പാടില്ലാത്ത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ഞാൻ. അത്തരമൊരു അവസ്ഥയിൽ അദ്ദേഹത്തെ തനിച്ചാക്കി പോകാൻ ആത്മാർത്ഥതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് കഴിയില്ലായിരുന്നു… തിരിഞ്ഞു നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതെൻ്റെ കടമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങളേക്കാൾ ജനകീയ പ്രശ്നങ്ങളിലിടപെടുന്ന ഒരു നേതാവിനോടൊപ്പം നിന്നു എന്നത് ഒരു ഉറച്ച ഇടതുപക്ഷ രാഷ്ട്രീക്കാരൻ എന്ന നിലയിൽ ഓർക്കുമ്പോൾ അഭിമാനമാണുള്ളത്. ഞാൻ അദ്ദേഹത്തോടൊപ്പം ആണ് അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയത്. അപ്പോൾ തന്നെ തിരിയ്ക്കുകയും ചെയ്തു.
ചോ : വി എസി ൻ്റെ വൈകിയുള്ള വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, സുഹൃത്തുക്കൾ ?
രോഗക്കിടക്കയിൽ കിടക്കുന്ന അവിവാഹിതനായ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ സഹായിക്കാൻ ആളില്ലാതെ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് മററു സഖാക്കളുടെ പ്രേരണയാലാണ് വൈകിയാണെങ്കിലും വി എസ് വിവാഹം കഴിക്കാൻ തയ്യാറാവുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ വസുമതി (ഞാൻ ചിറ്റ എന്നാണ് വിളിക്കുന്നത്) അവർ നഴ്സായിരുന്നു. അദ്ദേഹത്തിൻ്റെ കാര്യങ്ങളും കുടുംബവും വളരെ ഭംഗിയായി അവർ മുമ്പോട്ട് കൊണ്ടു പോയി. അവരുടെ വരുമാനം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുകയും മറ്റും ചെയ്തിരുന്നത്.
മക്കളോടൊന്നും അമിതമായി വാത്സല്ല്യം കാണിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്. മൂഡ് നോക്കിയേ മക്കൾക്ക് പോലും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.
വിപുലമായ സൗഹൃദത്തിൻ്റെ ആൾക്കൂട്ടമൊന്നും
അദ്ദേഹത്തിനില്ലായിരുന്നു. സുഗതൻ, ചക്രപാണി എന്നീ സുഹൃത്തുക്കളൊക്കെ ആലപ്പുഴയിൽ പോകുമ്പോൾ കാണാൻ വരികയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു.
സഹോദരിയും കാണാൻ വരുമായിരുന്നു.

ചോ : സീതാറാം യെച്ചൂരിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം?
സീതാറാം യെച്ചൂരിക്ക് ഒരു പിതൃസ്നേഹവും
ബഹുമാനവുമാണ് അദ്ദേഹത്തോടുള്ളത്. ഇടയ്ക്കൊക്കെ കാണാൻ വരികയും ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ചോ :അദ്ദേഹത്തിന് പ്രത്യേകമായി വസ്ത്രത്തിലോ അങ്ങിനെയുള്ള എന്തിലെങ്കിലും കമ്പം ഉണ്ടായിരുന്നൊ? പ്രായത്തിൻ്റേതായ കുറുമ്പുകളും…
വസ്ത്രം വൃത്തിയുള്ളതായിരിക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെരിപ്പുകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. എവിടെയെങ്കിലും പോയാൽ ചിലപ്പോഴൊക്കെ ചെരുപ്പ് വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇറങ്ങും. അത് അദ്ദേഹത്തിന് തന്നെ തിരഞ്ഞെടുക്കണം. അതിനുള്ള പണവും അദ്ദേഹത്തിന് കയ്യിൽ നിന്നുതന്നെ കൊടുക്കണം എന്ന് നിർബന്ധമാണ്. സാധാരണ അദ്ദേഹം പണം കൈകാര്യം ചെയ്യാറില്ല. പക്ഷേ ചെരുപ്പിനു കൊടുക്കാൻ ജൂബ്ബയുടെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ ചുരുട്ടി വെച്ചിട്ടുള്ള നോട്ടുകൾ കെട്ടഴിച്ച് എടുക്കുന്നത് ചിരി വരുത്തുന്ന കാര്യമാണ്. വീട്ടിൽ വരുമ്പോൾ ചിറ്റ എന്നോട് ചോദിക്കും എന്തിനാണ് വീണ്ടും വീണ്ടും ചെരിപ്പ് വാങ്ങിയതെന്ന്…
കുറുമ്പെന്ന് പറയാൻ…. ഗുളികകൾ ഞാൻ കാണാതെ ചിലപ്പോഴൊക്കെ തുപ്പിക്കളയുമായിരുന്നു!..
ചോ :ഭരണപരിഷ്കാര കമ്മീഷൻ എന്ന ഒരു പദവി അവസാനം അദ്ദേഹത്തിന് വിമർശനം കേൾപ്പിച്ച ഒന്നായിരുന്നല്ലോ. എന്താണ് അതെക്കുറിച്ചുള്ള അഭിപ്രായം? ഭരണത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടായിരിക്കുമോ?
അതറിയില്ല. അത് ഏറ്റെടുക്കരുതായിരുന്നു എന്ന് തന്നെയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.
ചോ : ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ
വി എസിനെപ്പോലുള്ള ഒരു നേതാവിൻ്റെ അഭാവം കേരളത്തിൻ്റെ നഷ്ടമല്ലെ?
അഴിമതി, സ്ത്രീ പീഡനം, പരിസ്ഥിതി വിഷയങ്ങളിൽ വി.എസ്. എന്ന നേതാവിൻ്റെ അഭാവം കേരളത്തിന് നഷ്ടം തന്നെയാണ്…
അവസാനിച്ചു
കവർ : ജ്യോതിസ് പരവൂർ
മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ച പതുക്കെ ചൂട് പിടിക്കുകയാണ്. പ്രഭാതത്തിന്റെ നവോന്മേഷം പോലെ, പതുക്കെ തിളച്ചു തുടങ്ങുന്ന തേയിലയുടെ സുഗന്ധംപോലെ.
ചന്ദ്രൻ പുതിയോട്ടിൽ ബീഹാർ യാത്രക്കിടയിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്റെ ഗുമിട്ടി പീടികയിൽ നിന്നും കുടിച്ച കുൽഹദ് ചായയുടെ പതഞ്ഞു തൂവുന്ന ഫോട്ടോക്കാഴ്ച വായനയുടെ അകലത്ത് നിന്ന് ചന്ദ്രന്റെ സുഹൃത്തിനെ ചായാതുരനാക്കിയതോടെയാണ് തുടക്കം

ലേഖനത്തിലെ വിവരണം വായിച്ച് സംഗീതജ്ഞൻ മുകുന്ദനുണ്ണിയുടെ കമന്റ് :
“ഈ ചായ കുടി എന്നെ വല്ലാതെ…. (തരളിതനാക്കിയിരിക്കുന്നു) ഞാൻ ഒരു ചായേന്റെ ആരാധകനും നല്ല ഭക്ഷണത്തിന്റെ ആരാധകനും ഒക്കെയാണ്. യാത്രയിൽ ഇങ്ങനെയുള്ള ചെറിയ ചെറിയ സ്ഥലങ്ങളാണ് എന്നെ ആകർഷിക്കുക. അവിടൊക്കെ നിർത്തിയും ചായകുടിച്ചും പോകുന്നത് എനിക്ക് ഹരമാണ്. ഇതെന്നെ വല്ലാതെ അസൂയപ്പെടുത്തുന്നു. പിന്നെ എഴുത്തിന് നല്ല ഫ്ലോ ഉണ്ട്. ഇതെല്ലാം കോർത്തിണക്കിയാൽ ഒരു നോവല് പോലെ നന്നാവും.”
വായനക്കാരന്റെ ആവേശം പോലെ ഉന്മേഷം പകരുന്ന മറ്റെന്തുണ്ട് മലയാള നാടിന്! എല്ലാവരും ഉഷാർ, ഒരു പുതുചായ കുടിച്ചതുപോലെ…
മുരളി മീങ്ങോത്ത് : ഒരെഴുത്ത് പോരട്ടെ ചന്ദ്രേട്ടാ
“മട്ക്ക ചായയിലൊരു ബീഹാർ യാത്ര”
ചന്ദ്രൻ : ഉം…
മുരളി മീങ്ങോത്ത്:
“ഞാനും ഒരു ചായക്കഥ എഴുതിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ചായ കുടിക്കാൻ തുടങ്ങിയത് . എഴുന്നേറ്റു മുഖം കഴുകി വന്ന ഉടനെ അമ്മ തരുന്ന ചായ. അത് കഴിഞ്ഞ് പ്രാതലിനോടൊപ്പം പഞ്ചസാര ചേർക്കാതെ ഒരു പാട്ട ചായ കുടിച്ചു തീർക്കുമായിരുന്നു. അച്ഛനു പ്രത്യേകമായി നല്ല കടുപ്പത്തിൽ കയറു പോലെയുള്ള ചായ ഉണ്ടാക്കിയിരുന്നു. അത് രുചിച്ച് ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കും ഞാനും നല്ലൊരു ചായ കുടിക്കാരനായി. നല്ല ചൂടുള്ള ചായ ഊതിയുതി കുടിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു ഞാൻ. ചായയെ എന്നെ പോലെത്തന്നെ ഇഷ്ടപ്പെടുന്ന ഭാര്യയെ തന്നെ എനിക്ക് കിട്ടി. പിന്നെ ആവി പറക്കുന്ന ചായക്കപ്പുകളിൽ തുടങ്ങുന്ന ദിവസങ്ങൾ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് അമ്പലത്തറ ടൌണിൽ നിന്നും കണ്ണേട്ടന്റെ ഹോട്ടലിലെ ചായ കുടിക്കുന്നത്. ആ ചായ ഉയരത്തിൽ ഏന്തി ഏന്തി ഉണ്ടാക്കി കൊണ്ട് വരുന്നത് നല്ല കാഴ്ചയാണ്.”
(സൈനികസേവന കാലം പോലെ ത്തന്നെ വൈവിധ്യമാർന്നതാണ് മുരളി മീങ്ങോത്തിന്റെ ചായക്കഥകളും )
“പിന്നീട് എയർഫോഴ്സിസിൽ ചേർന്ന് ബാംഗളൂരിൽ പരിശീലനത്തിന് പോയി. അവിടത്തെ മെസ്സിലെ ചായക്ക് ഒരു പ്രത്യേക തരം സ്വാദില്ലായ്മ ആയിരുന്നു. ബറോഡയിലേക്ക് പോയതോടെ ഞാനൊരു വടക്കെഇന്ത്യക്കാരനായി മാറി ചായകുടിയിൽ. ഇഞ്ചിയും ഏലക്കയും ഇട്ടു തിളപ്പിക്കുന്ന ചായയിൽ ഞാൻ മതി മറന്നു. ആറിയാൽ ചായയുടെ ജീവൻ പോയി എന്നേ ഞാൻ പറയൂ..
ഗ്വാളിയാർ പോസ്റ്റിങ്ങ് വന്നതോടെ എന്റെ ചായ കുടിക്ക് ചെറിയൊരു മങ്ങൽ സംഭവിച്ചു. അവിടത്തെ ചായ എനിക്കെന്തോ അത്ര സുഖിച്ചില്ല. അവധിയാത്രകളിൽ മംഗള എക്സ്പ്രസ്സിലെ പാന്റ്രി കാർ ആയിരുന്നു രക്ഷ. യാത്രയുടെ വിരസതയത്രയും മാറിയത് ചായ കുടിയിൽ ആണ്. പിന്നെ ഞാൻ ചണ്ഡിഗറിലേക്ക് മാറി. പഞ്ചാബി ചായ വിശേഷപ്പെട്ടതാണ്. അവസാനത്തെ പോസ്റ്റിങ്ങ് ഗുജറാത്തിലെ ഭുജിൽ ആയിരുന്നു. പഞ്ചാബി ചായയോടു കിടപിടിക്കാവുന്ന രുചി. ഏലക്കയുടെ സുഗന്ധം.. ഔൺഗ്ലാസ് പോലെയുള്ള കുപ്പിയിലായത് കൊണ്ട് പലപ്പോഴും ഞാൻ രണ്ടു ചായ കുടിക്കാറുണ്ടായിരുന്നു. മധുരം ഇത്തിരി കുറക്കാൻ പറഞ്ഞാൽ നല്ലത്.
നല്ല തണുപ്പുള്ള സമയത്ത് രാവിലെ ചൂടുള്ള ചായ…അത് എന്നും ആഗ്രഹിക്കുന്ന ഒന്ന് തന്നെയല്ലേ?”

മേതിലാജ് :” ഞാനൊരു ചായ ഫാൻ ആണ്. മുരളി പറഞ്ഞ കയറിട്ട ചായ എന്താണെന്നെനിക്ക് മനസ്സിലായില്ല. ഞാൻ കോളേജ് കാലത്ത് ഒരു ദിവസം പത്ത് പതിനഞ്ചു ചായ കുടിച്ചിരുന്നു. വീട്ടിൽ നിന്ന് ഒന്ന് രണ്ടു ചായ രാവിലെ. വൈകിട്ട് മടങ്ങി വന്നിട്ടും ചായ. ലോകത്തിൽ ഏറ്റവും നല്ല ചായ ഉണ്ടാക്കുന്നത് സുനിലയാണെന്നാണ് എന്റെ അഭിപ്രായം. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ പറയാം.”
മുരളി: “എനിക്കും ആ ചായ കുടിക്കാൻ ഭാഗ്യമുണ്ടായി.. സുനിലാസ് ടീ.”
കെ. വി. : “അതിന്റെ റെസിപി?”
മേതിലാജ് : “സാധാരണ ചായയുണ്ടാക്കി അതിൽ ഇച്ചിരി സ്നേഹം കൂടി ചേർക്കണം. അതാണ് സീക്രറ്റ് . നമുക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി ഉണ്ടാക്കണം.”
മുരളി :”കയറിട്ട ചായയല്ല. ചായ ഇങ്ങനെ ഏന്തുമ്പോൾ കടുപ്പമുള്ള ചായക്ക് കയറിന്റെ കളറുമായി സാദൃശ്യമുണ്ടല്ലോ. അത് സൂചിപ്പിക്കാനുള്ള ഒരു പ്രയോഗമാണ്. അതാണ് ചന്ദ്രേട്ടനും കയറു പോലുള്ള ചായ എന്ന് പറയുന്നത്”
സതീശൻ പുതുമന : “കടുപ്പത്തിലുള്ള കാപ്പിയുടെ കടുത്ത ആരാധകനായിട്ടാണ് എന്റെ തുടക്കം. ചായയോട് മാത്രല്ല ചായ കുടിക്കുന്നവരോടുമുണ്ടായിരുന്നു ഒരു അലോഗ്യം. നാട്ടിലെ സ്കൂളിലെ ഒരു കൊല്ലം സീനിയർ ആയിരുന്ന രാജവർമന്റെ ചോദ്യം : നിങ്ങടെ വീട്ടിലൊക്കെ ചായപ്പൊടി ഇട്ടിട്ടാ ചായ ണ്ടാക്കാ? എന്റെ വീട്ടില് കാപ്പിപ്പൊടി ഇട്ടിട്ടാ ചായണ്ടാക്കാ.”
ലൈല കല്ലാരം : “ഞാൻ ചായടെ റെസിപിക്കു വെയിറ്റ് ചെയ്യാണ്”
മേതിലാജ് :”ഞാൻ ഉണ്ടാക്കുന്ന ചായ – ഒരു കപ്പ് പാലിന് ഒരു കപ്പ് വെള്ളം. തിളക്കുമ്പോൾ തേയില ഇട്ടു സ്പൂൺ കൊണ്ടു ഇളക്കി ഉടനെ ഓഫ് ചെയ്യും”
മുരളി : “ജോലി കഴിഞ്ഞ് റൂമിൽ വന്നു ഞാൻ തന്നെ ഉണ്ടാക്കുന്ന ചായയാണ് ഏറ്റവും പ്രിയം. തേയിലയുടെ കൂടെ ഒരേലയ്ക്ക ഇട്ടു നന്നായി തിളച്ചു തിളച്ചു പാകമാവുമ്പോൾ എടുക്കും. പാലധികം വേണ്ട.”
മേതിലാജ് : “ചായ, കാപ്പിയോക്കെ അധികം തിളക്കരുത്. മൂന്നാറിൽ വെച്ച് എസ്റ്റേറ്റിലെ ആളുകൾ ആ പ്രോസസ്സ് കാണിച്ചു തന്നു. അധികം തിളപ്പിച്ച് ഊറ്റി എടുക്കുന്നത് unhealthy ആണെന്നും പറയുകയുണ്ടായി.”
കെ വി. :” പാല് ചൂടുള്ളതായിരിക്കണം. ഫ്രിഡ്ജിൽ നിന്നെടുത്തു അതുപടി ചേർക്കരുത്. ആദ്യം പാൽ ചൂടാക്കി വെച്ചു തേയില ചേർത്തു തിളപ്പിച്ച വെള്ളത്തിൽ ചേർക്കണം.”

സതീശൻ പുതുമന : “പിന്നെ ഞാൻ പതുക്കെ പതുക്കെ ചായയുടെ ലോകത്തേക്കെത്തി. നേർത്തതും കടുത്തതുമായ ചായ ഓരോ മണിക്കൂറിലും കുടിച്ചു നടന്ന കാലം. വീട്ടിൽ കാപ്പി, പുറത്തു ചായ എന്ന രീതിയുമുണ്ടായിരുന്നു. ഇപ്പോൾ കുറേ കാലമായി ബാംഗ്ലൂരിൽ രാവിലെ കൊത്താസ് കാപ്പിയും വൈകുന്നേരം റെഡ് ലേബൽ നാച്ചുറൽ കെയർ ചായയും. മറുനാടൻ യാത്രകളിൽ ഞങ്ങൾ കോത്താസ് കാപ്പിപ്പൊടിയും കൂടെ കൊണ്ടു പോവും. വന്നു വന്നു എന്തും ആവാം എന്ന അവസഥയാണിപ്പോൾ.”
ജെയിംസ് വർഗീസ് : “ചായ ഇങ്ങനെ തിളപ്പിച്ച് തിളപ്പിച്ച് നിറം മാറുന്നതുവരെ തിളപ്പിച്ച് ഒന്ന് രണ്ടടി അടിച്ചു എടുക്കണം. അതാണ് ചായ. കുട്ടിക്കാലത്തു വീട്ടിൽ കാപ്പിയായിരുന്നു. അന്ന് ഞങ്ങൾക്ക് കാപ്പി കൃഷി ഉണ്ടായിരുന്നു. പിന്നീട് ചായപ്പീടികയിൽ നിന്നാണ് സമോവറും പൊടി സഞ്ചിയും ഒക്കെയായി തയ്യാറാക്കുന്ന ചായ കുടിക്കുക. ബീഹാറിലൊക്കെ പാല് കുറുക്കിയെടുത്തു ഉണ്ടാക്കുന്ന ചായക്ക് വേറെ ഒരു രുചിയാണ്.”
കെ. വി. “അങ്ങനെ കൂടുതൽ തിളപ്പിച്ചാൽ ചായടെ അരോമ കിട്ടില്ല”
മേതിലാജ് : “അതുമല്ല ചായ തണുത്തു പോകും. എനിക്ക്ചായ പൊള്ളണം.”
മുരളി : “എനിക്കും”
ലതിക :”എനിക്ക് ചായയാണ് ചെറുപ്പം മുതൽ ശീലം. രാവിലെ ഒന്ന്. വൈകുന്നേരം ഒന്ന്. 1:3 എന്ന അനുപാതത്തിൽ പാലും വെള്ളവും ചേർത്തു ചൂടാവുമ്പോൾ ഒരു ക്ലാസിനു ഒരു സ്പൂൺ പഞ്ചസാര യും പൊടിയും ചേർക്കും.3 roses, AVT പ്രീമിയം, റെഡ് ലേബൽ ഇലത്തരി എന്നിവ മാറി മാറി ഉപയോഗിക്കും. നന്നായി തിളപ്പിക്കാറുണ്ട്. നിറം, മണം എന്നിവക്ക് ഒരു അടയാളമുണ്ട് ഓഫ് ചെയ്തു രണ്ട് മിനിറ്റു അടച്ചു വെക്കും. അരിച്ചെടുത്തു ഒന്ന് അങ്ങോട്ടും,ഇങ്ങോട്ടുംആറ്റി കപ്പിൽ പകർന്നു ചൂടോടെ കുടിക്കണം.
ഇഞ്ചി ചേർത്ത ചായ ഡൽഹിയിൽ മകളുടെ അടുത്ത് നിന്നാണ് കഴിച്ചത്. തണുപ്പുകാലത്തു അവർ അതുപയോഗിക്കുന്നു. ഇവിടെയും ഇടയ്ക്കു ചെയ്യാറുണ്ട്. എവിടെയും ഏത് നേരവും ചായ കിട്ടുമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഡൽഹി മാർക്കറ്റുകളിൽ കിട്ടാത്തതൊന്നുമില്ല. ചായയൊഴിച്ച്. ജയ്പ്പൂർ യാത്രയിലും ചായക്ക് 10 മണിയാവേണ്ടി വന്നു. അതെ സമയം പാലക്കാട് ആശുപത്രിയിൽ ബൈസ്റ്റാൻഡർ ആയ ദിവസം രാവിലെ 3 മണിക്ക് ഉണർന്നു താഴെ ഇറങ്ങിയപ്പോൾ ഏലച്ചായയുമായി പെട്ടിക്കട.അതാണ് ചായയുടെ സാർവകേരളീയത. “

ചന്ദ്രൻ പുതിയോട്ടിൽ : “എന്റെ ചെറുപ്പത്തില് നമ്മുടെ നാട്ടില് കാപ്പിക്ക് ഒരു വരേണ്യവർഗ സ്വഭാവമുണ്ട് എന്നു കരുതിയിരുന്നു. അത് ലഭ്യത കുറവായതുകൊണ്ടാണ്. അങ്ങനെയൊന്നും ഇല്ലെന്ന് നാട്ടിൽ നിന്ന് പുറത്തേക്കു സഞ്ചരിച്ചപ്പോൾ മനസ്സിലായി. വയനാട്ടിൽ മുസ്ലിം ജനതയ്ക്ക് ചെറുജീരകവും ഏലക്കയും ചേർത്തു സീക്രറ്റ് റെസിപിയും ആദിവാസികൾക്ക് വീണ്ടും വീണ്ടും തിളപ്പിച്ചും ഫിൽറ്റർ ചെയ്തും എടുക്കുന്ന രീതിയും ഉണ്ട്. നമ്മുടെ നാട്ടില് ചെറിയ ചായപ്പൊടിയാണ് പൊതുവെ. പാല് കുറച്ചും വെള്ളം കൂടിയ ഒരു ചായയാണലോ കേരളത്തിന്റെത്. അന്ന് കൃഷിക്കാര്, പശുവിനെ വളർത്തുന്നവര്, അമ്മയും ഒക്കെ പുല്ലരിയാനും മറ്റും പോയി മൂന്ന് മൂന്നര മണിയോടെ തിരിച്ചെത്തുമ്പോൾ കട്ടൻ ചായയും, അരി വറുത്തതും… അത് തന്നെയാണ് ഞങ്ങളും ആസ്വദിച്ചു കഴിച്ചിരുന്നത്. അതിൽ പച്ച രാഷ്ട്രീയമുണ്ട്. അച്ഛന്റെ രാഷ്ട്രീയവും അമ്മയുടെ തുലനം ചെയ്ത പ്രകൃതി ജീവിതവും. മറ്റൊന്ന്, ചായ ഉണ്ടാക്കുന്ന രീതിയാണ് പ്രധാനം എന്നാണ് എന്റെ ഒരു അഭിപ്രായം. ഇപ്പോൾ ആളുകൾ റിലാക്സ് ചെയ്യുന്ന രീതിക്ക് മാറ്റം വന്നു. അതോടൊപ്പം പലവിധ ചായകളും പ്രചാരത്തിൽ വന്നു. ചായക്ക് പുതിയ പേരുകളും ചായകോഡുകളും വന്നു. ഐ ടി സമൂഹം അവയുടെ ഉപഭോക് താക്കളാണ്.”ഇനി AI ചായകള്ക്കായി കാത്തിരിക്കുന്നു.
മുരളി :”ദുബായിൽ എത്തിയ ശേഷം റൂമിൽ ഉള്ളവർ ഉണ്ടാക്കി കുടിക്കുന്നത് കണ്ടാണ് ഞാൻ സുലൈമാനി എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന കട്ടൻചായ കുടിക്കുന്നത് ഗൾഫിൽ മലയാളി ചായക്കടയിൽ രണ്ടു തരം പാൽചായകിട്ടും .സാദായും ലിപ്ടനും. (ഇത് brand name അല്ല). യെമനിൽ ജോലി ചെയ്യുന്ന സൈറ്റിൽ സുലൈമാനിയിൽ തുളസിയിലയോ പുതീനയോ ഇട്ടു തരും. ഇപ്പോൾ അവിടെ ഫ്രഷ്മിൽക്ക് ചായയാണ് ട്രെൻഡ്. ദുബായിൽ ഇപ്പോൾ ഫില്ലി ചായയുണ്ട്. കുങ്കുമപ്പൂ ചേർത്ത ചായ. മധുരമാണ് അതിന്റെ മേൽരുചി.”
മേതിലാജ് : ” ഇപ്പോൾ തേങ്ങാപ്പാൽ, സോയ പാൽ എന്നിവ ചേർത്ത കാപ്പി എന്നിവ പോപ്പുലർ ആയി വരികയാണ്.”
ലൈല കല്ലാരം : “ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികൾക്കൊക്കെ തേങ്ങാപ്പാലൊഴിച്ച ചായ തരാറുണ്ടായിരുന്നു. അതിനും വെളിച്ചെണ്ണയുടെ രുചിയായിരുന്നു.”
ശിവാനന്ദൻ : “കല്യാണ വീടുകളിൽ പണ്ട് കട്ടൻ ചായയിൽ തേങ്ങാപ്പീര ഇട്ട് കുടിക്കുമായിരുന്നു. നല്ല രുചി ആണ്”.
മേതിലാജ്: “മുംബെയിൽ ഒരാൾക്ക് നിൽക്കാനുള്ള സ്ഥലത്തു ഒരു ചായക്കട പ്രവർത്തിക്കും. എന്താ തിരക്ക്! ഒരു ചായ രണ്ടാൾക്കും കുടിക്കാനാവുന്ന കട്ടിങ് ചായയും അവിടത്തെ പ്രത്യേകത. നാലാൾക്കും കുടിക്കാം. വാസ്തവത്തിൽ അത്ര കുടിച്ചാൽ മതി..”
ചന്ദ്രൻ : “കട്ടിങ് ചായയുടെ ബാംഗ്ലൂരിലെ ഇനമാണ് ‘ബൈ റ്റു’ . പക്ഷെ ഇതൊരിക്കലും മുംബയിലെ കട്ടിങ് ചായടെ അടുത്തു വരില്ല.”
ലതിക :” ഗുജറാത്തിലെ ദ്വാരകയിൽ ഒരു ധാബയിൽ നിന്ന് ചെറിയ കപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കവേ, പാൽക്കുടങ്ങൾ തോളിൽ തൂക്കി, കയ്യിൽ വടിയും ആയി കാതിൽ വലിയ കമ്മലുകൾ ഇട്ട പശുപാലകരെ കണ്ടു. വളരെ അയഞ്ഞ വെളുത്ത പൈജാമ, കയ്യില്ലാത്ത വെള്ള കുപ്പായം. മുടിയലങ്കാരം ഒരു പ്രത്യേക ശൈലിയിൽ. നിറയെ ഞൊറികളുള്ള കടും ചുവപ്പ് പാവാടകളും തട്ടം പോലെയുള്ള ശിരോവസ്ത്രവും കുണുക്കുകളും വളകളും ഒക്കെയായി പെണ്ണുങ്ങളും. ഗോപന്മാരും ഗോപികമാരും ഒക്കെ ആയിരിക്കും എന്ന് വിചാരിച്ചു. അവർക്കൊന്നും കാലം മാറുന്നില്ല”
മുരളി :”ഗുജറാത്ത് രാജസ്ഥാൻ ബോർഡറിൽ ഈ കാഴ്ച്ച ഇഷ്ടം പോലെ.. ആനന്ദ് പാൽ നഗരം കൂടിയാണല്ലോ”
മേതിലാജ് : “ഒരു സ്പെഷ്യൽ ചായയനുഭവത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ.ഒരു 15 വർഷങ്ങൾക്കു മുൻപാണ്. അന്ന് അബുദാബിയിലെ Emirate palace എന്ന ഹോട്ടലിൽ സ്വർണത്തരിയിട്ട ചായ ഉണ്ട്. gold flakes ഇട്ട ചായ! 50 റിയാൽ ആണ് വില. ഒരു റിയാലിനൊക്കെ ചായ കിട്ടുന്ന കാലം. അന്ന് അവിടെ ചെന്നു അത് കുടിച്ചു.”
ശിവാനന്ദൻ : കുട്ടിക്കാലത്ത് ചായ എന്നത് വെറും “വാട്ട വെള്ളം” മാത്രമായിരുന്നു. പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന ചായപ്പൊടിയിൽ ഒഴുക്കൻ മട്ടിൽ പാല് ചേർത്ത ഒരു ദ്രാവകം! ചായക്കടകളിൽ നിന്ന് ലഭിക്കുന്നതും അതൊക്കെ തന്നെ ആയിരുന്നു. 1989 അവസാനം മുംബൈയിൽ മൂന്ന് മാസം താമസിച്ചപ്പോൾ ആണ് തികച്ചും വ്യത്യസ്തമായ മറ്റൊരു ചായ കുടിക്കുന്നത്. അതിന് ഇഞ്ചിയും ഏലക്കയും കലർന്ന വേറൊരു taste ആയിരുന്നു. 2006 അവസാനം ഒമാനിൽ വന്നപ്പോൾ ആണ് ചായ എന്താണ് എന്ന് അറിയുന്നത്. ചായപ്പൊടി ഉപയോഗിച്ചുള്ള വാട്ട ചായ മാറി തരി തരി ഉള്ള ചായല ഉപയോഗിച്ചുള്ള ചായ കുടിച്ച് തുടങ്ങുന്നത് അന്ന് മുതലാണ്. അധികം താമസിയാതെ ലിപ്റ്റൻ യെല്ലൊ ലേബലിലേക്ക് മാറി; ഇപ്പോളും അത് തന്നെ തുടരുന്നു. നാട്ടിലേക്ക് പോകുമ്പോൾ ചായല കൂടെ കൊണ്ടുപോകുന്ന പേർഷ്യക്കാരൻ ആയി ഞാൻ മാറി . കോവിഡ് കാലത്താണ് ഞാൻ ചായയിൽ പരീക്ഷണങ്ങൾ തുടങ്ങുന്നത്. അതിന്റെ റെസിപ്പി പറയാം. 40% പാലിൽ 60% വെള്ളം ചേർത്താണ് തിളപ്പിക്കുക. ഒന്നര കപ്പ് പാലിൻ വെള്ളം എടുക്കും. തിള വരുന്നതിന് മുൻപ് തന്നെ രണ്ട് സ്പൂൺ ചായല ചേർക്കും. തിളച്ച് ഒന്ന് കുറുകുമ്പോൾ ഒരു ഇഞ്ച് നീളമുള്ള ചതച്ച ഇന്ത്യൻ ഇഞ്ചി ചേർക്കും. അതിനുശേഷം പൊടിച്ച് തൊലി കളഞ്ഞുവച്ചിട്ടുള്ള മൂന്ന് ഏലക്കായകൾ ചേർക്കും. ഇതെല്ലാം കൂടി ഒന്ന് കുറുകിയതിന് ശേഷം ഒരു സ്പൂൺ പഞ്ചസാര ചേർക്കും. ഇതെല്ലാം കൂടി കുറുകി ഒരു കപ്പ് ആയി എന്ന് തോന്നുമ്പോൾ ഓഫ് ചെയ്യും. അരിച്ച്, ചൂടാറാതെ, പതുക്കെ പതുക്കെ കുടിക്കുന്നതാണ് ശീലം. ചന്ദ്രൻ ഭായ് പറഞ്ഞത് പോലെ 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയ ആണ് ഇത്. ഇപ്പോൾ ശീലം മാറി കേട്ടോ, മൈക്രോവേവിൽ തിളപ്പിക്കുന്ന വെള്ളത്തിൽ ടീ ബാഗ് ഇട്ട്, പലപ്പൊഴും പഞ്ചസാര ചേർക്കാതെ സുലൈമാനി ആയി കുടിക്കുന്നതാണ് ശീലം. വെള്ളിയാഴ്ച്ച മാത്രം 15 മിനിറ്റ് സ്പെഷൽ ചായ.

ലൈല കല്ലാരം: “ഒരു പഴയ കുടുംബ ചായത്തമാശ പങ്കുവെക്കാം. എന്റെ ഒരു ബന്ധു ഇത്തയാണ് താരം! അവർ പൊതുവേ absent minded ആണ്. അടുക്കളയിൽ അവരുടെ സ്ഥിരം പരിപാടി ഉപ്പും പഞ്ചസാരയും മാറിപ്പോകുന്നതാണ്. മകളുടെ കല്യാണം കഴിഞ്ഞ് ആദ്യം തന്നെ ഭാര്യ വീട്ടിൽ താമസിക്കാൻ വന്ന മരുമകന് അവർ ഉപ്പിട്ട് ചായ കൊടുത്തു. അയാൾ പുതുമോടിയായതു കൊണ്ട് ഒന്നും പറയാതെ, അതൃപ്തി പുറത്തു കാണിക്കാതെ കുടിച്ചു തീർത്തു. അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞു. “എന്നെ ചായ കുടിക്കാൻ നിർബന്ധിക്കില്ലെങ്കിൽ ഞാൻ വരാം”. ഭാര്യ വിചാരിച്ചു തന്റെ വീട്ടിലെ ചായയുടെ രുചി പിടിക്കാഞ്ഞിട്ടായിരിക്കുമെന്ന്.
അതിനടുത്ത പ്രാവശ്യം ഭർത്താവിന്റെ വീട്ടിലെ ചായയിടുന്ന രീതി പഠിച്ചിട്ടാണ് ഭാര്യ വന്നത്. അവൾ തന്നെ ചായയുണ്ടാക്കിക്കൊടുത്തിട്ടും അയാൾ കുടിയ്ക്കാൻ കൂട്ടാക്കിയില്ല. ആ പ്രാവശ്യവും വെള്ളം കൊണ്ട് adjust ചെയ്തു. ഭർത്താവിന്റെ വീട്ടിലെത്തിയ ഭാര്യക്ക് ആകെ കൺഫ്യൂഷനായി. ഇവിടെ നിന്ന് ഇക്ക ഞാനിട്ട് കൊടുക്കുന്ന ചായയും ഇഷ്ടം പോലെ കുടിയ്ക്കുന്നുണ്ടല്ലൊ.
അവസാനം ഭാര്യ കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇത് തന്റെ ഉമ്മ സ്ഥിരം കാണിക്കാറുള്ള കലാപരിപാടിയാണെന്നും,ഉമ്മ അറിഞ്ഞു കൊണ്ടല്ലെന്നും അവൾ പറഞ്ഞു. പിന്നെ
ഇത്ത ചായ കൊണ്ടു വരുമ്പോൾ കുടുംബക്കാരെല്ലാവരും ഉപ്പോ പഞ്ചസാരയോ എന്ന് ചോദിച്ച് കളിയാക്കും.”
ചന്ദ്രൻ : “ചായ ഇന്ത്യയിൽ നിന്നാണ് ബ്രിട്ടീഷുകാർ വഴി ചൈനയിലേക്ക് കുടിയേറിയത് എന്ന് ഒരു ചരിത്രമുണ്ട്. അതായതു ചായക്കു ഓപ്പിയം കച്ചവടവുമായി ബന്ധമുണ്ടെന്നും ചൈനക്കാരുടെ രുചിക്കനുസരിച്ചു ചായ introduce ചെയ്യുകയും പകരം ഓപ്പിയം കൈമാറുകയും ചെയ്തതായി കേട്ടിട്ടുണ്ട്. ചായ്ക്ക് കോളനി വൽക്കരണത്തിൽ ഉള്ള പങ്കു ഗവേഷണം ചെയ്യേണ്ടതാണ്.”
മേതിലാജ് : “ചായക്കും കാപ്പിക്കും വലിയ രാഷ്ട്രീയമുണ്ട്. ബോസ്റ്റൻ ടീപാർട്ടി രണ്ടു മഹാരാജ്യങ്ങളെയുദ്ധത്തിലെത്തിച്ചത്, ചായക്കപ്പൽ മറിച്ചത് അമേരിക്കൻ വിപ്ലവത്തിലേക്കു നയിച്ചത്”.
മേതിലാജ്: “പ്രശസ്തനായ ഒരു അറബിക്കവി പറഞ്ഞത് ഓർമ്മ വരുന്നു അയാളുടെ രണ്ടു പ്രയാസങ്ങൾ. രണ്ടു കാർ പാർക്ക് ചെയ്യേണ്ടിടത്തു ഒരു കാർ പാർക്ക് ചെയ്തത് കണ്ടാൽ അയാൾക്കു വിഷമമാണ്. ഒരു ചായ കുടിച്ചു തീരുമ്പോൾ ഒരിറക്ക് കൂടി വേണമെന്ന് തോന്നിയാൽ വീണ്ടുമൊരു ചായ ഉണ്ടാക്കുന്നതിലെ waste അയാളെ അലട്ടുന്നു. ഞാനതു കേട്ടു കുറേ ചിരിച്ചു ഓരോരുത്തരുടെ പ്രശ്നങ്ങളേ!”
മുരളി :”വീണ്ടും കുടിക്കാനുള്ള ഒരാഗ്രഹത്തിൽ നിർത്തണം ചായ.”
ചന്ദ്രൻ : “കുടിച്ചാൽ തീരാത്തതാണ് ചായയും കാപ്പിയും.ഒരിക്കലും തീരാത്തതാണ് ജീവിതവും. അതായത് നമ്മൾ ആഗ്രഹിക്കുന്നതിനപ്പുറമാണ് ജീവിതവും. റിയലിസവും ഫാന്റസിയും രുചിയും കാഴ്ചയും ഒക്കെയാണല്ലോ ജീവിതത്തിന്റെയും ചേരുവകൾ”.
ചിത്രം : പ്രസാദ് കാനത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ