‘Mother Mary Comes To Me’ തുടങ്ങുന്നത് ഇങ്ങനെയാണ്:
‘She chose September, that most excellent month, to make her move.The monsoon had receded, leaving Kerala gleaming like an emerald strip between the mountains and the sea. As the plane banked to land, and the earth rose to greet us, I couldn’t believe that topography could cause such palpable, physical pain. I had never known that beloved landscape, never imagined it, never evoked it, without her being part of it. I couldn’t think of those hills and trees, the green rivers, the shrinking, cemented-over rice fields with giant billboards rising out of them advertising awful wedding saris and even worse jewellery, without thinking of her. She was woven through it all, taller in my mind than any billboard, more perilous than any river in spate, more relentless than rain, more present than the sea itself.’
അവസാനിക്കുന്നത് ഇങ്ങനെയും:

‘I still see her clearly. All the time. She is walking on the high seas. Through storm and stillness, through sunshine and rain. She’s walking when the tide is high, she’s walking when it’s low. She’s walking when I wake up. And when I drift into sleep. She takes small, unsteady steps, but she keeps going. She stops only to watch ships pass. Or to grimace at the small continents of garbage bobbing by. She’s always alone. She’s on the Red Sea. She’s in Morocco. She’s off the coast of Scotland. She’s in the Galapagos. Still watching. Still learning. Still practicing her Malayalam mosquito poem. Still plotting her next move. She isn’t dressed very well. She’s in a white salwar and a soft, oversized, tea-brown T- shirt. And her high-top basketball shoes.
For stability.
Every now and then she stops as though she’s looking at herself in her bedroom mirror. Then she straightens her shoulders and walks on. The way she always did.
As for me, I stand on the shore and look at her through the binoculars I’ve made with hands.
The wind is picking up. I must straighten my shoulders, too.
Because :
(a) Anything Can Happen to Anyone.
(b) It’s Best to Be Prepared.
Bye-O,Mart Roy.
I’ll be seeing you.’
വായിച്ചവസാനിപ്പിച്ചതിനടുത്ത ദിവസങ്ങളില്‍ തന്നെ, ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ പേജുകളിലൂടെ ഓടിക്കൊണ്ടൊരു രണ്ടാം വായന, വായന തുടങ്ങിയ കാലം തൊട്ടുള്ള ശീലമാണ്. പുസ്തകത്തെ പരിചയപ്പെടുന്ന ആദ്യവായനയില്‍ നിന്ന് അതിശയിപ്പിക്കുന്ന വ്യത്യാസം അനുഭവപ്പെടാറുണ്ട് പലപ്പോഴും. അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കാര്യത്തിലും പതിവ് തെറ്റിച്ചില്ല.
അപ്രതീക്ഷിതപദപ്രയോഗങ്ങളിലൂടെ – വായ്ത്തല കൂര്‍ത്ത നര്‍മ്മത്തിലൂടെ – (I began to refer to myself as the Hooker who won the Booker) കവിതയിൽ ചാലിച്ച വാങ്മയചിത്രങ്ങളിലൂടെ- (I felt myself shrinking from my own skin and draining away, swirling like water down a sink until I was gone.) വീണ്ടും കടന്നുപോയപ്പോള്‍, പുസ്തകത്തിന്റെ ഒരു ചുരുക്കെഴുത്തായി തോന്നി ഈ ആദ്യവസാനങ്ങള്‍.
ഉദ്ധരിച്ച രണ്ടുഭാഗങ്ങളിലുമായി, പേരെടുത്ത് പറയാതെ, മുപ്പത്തിരണ്ട് തവണ she/her എന്ന് ആവര്‍ത്തിച്ച് – ഒടുവില്‍ Mart Roy ആയും – പരാമര്‍ശിക്കപ്പെടുന്ന മേരി റോയ് ആണ് ഓര്മ്മക്കഥയിലെ പ്രതിനായിക.
തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശനിയമത്തിലെ സ്ത്രീവിരുദ്ധനിലപാടുകള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയും നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന്, ഒരു സമൂഹത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അനുകൂലവിധി നേടിയെടുക്കുകയും ചെയ്ത വ്യക്തിയായി മേരി റോയിയെ മലയാളികള്‍ക്ക് നേരത്തേ അറിയാം.
1967 ല്‍ കോട്ടയത്തെ ഒരു റോട്ടറി ക്ലബിന്റെ, വാടകയ്ക്കെടുത്ത രണ്ട് മുറികളില്‍ വെറും ഏഴ് കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുതുടങ്ങിയ കോര്‍പ്പസ് ക്രിസ്റ്റി സ്കൂള്‍ ‘പള്ളിക്കൂട’മെന്ന പേരില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യസ്കൂളുകളില്‍ ഒന്നായി വളര്‍ത്തിയെടുത്തതും നാല്‍പ്പത്തിരണ്ട് വര്‍ഷം അതിന്റെ തലപ്പത്തിരുന്ന മേരി റോയിയാണ്.
‘Jesus Christ Superstar’ ദൈവനിന്ദയാണെന്നും അത് അവതരിപ്പിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നുമുള്ള വാദവുമായി നാടകം അവതരിപ്പിക്കുന്നതില്‍ നിന്ന് സ്കൂളിനെ വിലക്കിയ ഭരണകൂടത്തിനെതിരെ അവര്‍ നടത്തിയ രണ്ടര പതിറ്റാണ്ട് നീണ്ട നിയമയുദ്ധവും വിജയം കണ്ടു.
അങ്ങനെ സംഭവബഹുലവും സാര്‍ത്ഥകവും ദീര്‍ഘവുമായ ജീവിതം നയിച്ച് മൂന്ന് വര്‍ഷം മുന്‍പ്, 2022 സെപ്റ്റംബറിൽ എണ്‍പത്തൊമ്പതാം വയസ്സില്‍ അവര്‍ അരങ്ങൊഴിഞ്ഞു.
എഴുത്തുകാരിയായ മകള്‍, അതിനുശേഷം ഇത്തരത്തിലൊരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതില്‍ ഔചിത്യഭംഗം കാണുന്നവരുണ്ട് . അമ്മയ്ക്കെതിരെ, അവരുടെ സ്വഭാവഹത്യ നടത്തുംവിധം ആരോപണങ്ങള്‍ നിരത്തി ഒരു മകള്‍ സ്വന്തം ജീവിതകഥ എഴുതുക ! പെറ്റ വയറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഏകപക്ഷീയമായ സാഹിത്യം അധമസാഹിത്യം എന്ന മുന്‍വിധിയോടെയാണ് അവര്‍ കൃതി കൈയിലെടുക്കുക. അത് കഥാപാത്രത്തിന്റെ മരണത്തിന് ശേഷമാവുമ്പോള്‍ വിശേഷിച്ചും. സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള അവസരം ആരോപിതയ്ക്ക് കിട്ടാതെ പോകുന്നു. കടുത്ത അനീതിയും മരണത്തോടുള്ള അനാദരവുമായി ഇത് വിലയിരുത്തപ്പെടും.

’Ours is a land of mother-worshippers, too. Or, more accurately, a land that deifies mothers who produce and then deify their sons.’
അമ്മയുമായുള്ള ബന്ധം വിവരിക്കുന്ന ഇടങ്ങളിലെല്ലാം നിരങ്കുശവും നിര്‍ദ്ദയവും പരിഹാസത്തില്‍ കുതിര്‍ന്നതുമാണ് അരുന്ധതി റോയിയുടെ ഭാഷ. പക്ഷേ പുസ്തകം പറയുന്നത് സാമൂഹ്യപരിഷ്ക്കര്‍ത്താവും വിദ്യാഭ്യാസവിചക്ഷണയും പുരുഷാധിപത്യത്തിനെതിരെയും സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയും വലിയ യുദ്ധങ്ങള്‍ നയിച്ച്, ജയിച്ച വ്യക്തിയുമായ മേരി റോയിയെ കുറിച്ചല്ല- മറിച്ച് തന്റേയും സഹോദരന്റേയും ‘അമ്മത്ത’മില്ലാത്ത അമ്മയെക്കുറിച്ചാണ്.
‘ ‘You’re a millstone around my neck. I should have dumped you in an orphanage the day you were born.’ എന്ന് മകളോടും ‘You’re ugly and stupid. If I were you, I’d kill myself.’ എന്ന് കൌമാരപ്രായത്തിലെത്തിയ മകനോടും പറഞ്ഞ അമ്മയെ കുറിച്ചാണ്.
പൊതുധാരയോട് കലഹിക്കുന്ന പ്രസ്താവനകളും നടപടികളും വഴി വിവാദങ്ങളിലും പലപ്പോഴും നിയമത്തിന്റെ തെറ്റായ വശങ്ങളിലും എത്തിപ്പെടാറുള്ള പൊതുപ്രവർത്തക അരുന്ധതി റോയിയല്ല കഥ പറയുന്നത്. അമ്മയാവാനാവാതെപോയ ഒരമ്മയുടെ തീച്ചൂടിൽ കുരുത്ത്, അതേല്‍പ്പിച്ച പൊള്ളലില്‍ ‘അഡ്രസ്സില്ലാത്ത പിള്ളേരി’ലൊരാളായി വളർന്ന് സ്വന്തം ഇടം കണ്ടെത്തിയ എഴുത്തുകാരിയാണ്.
‘So read this book as you would a novel. It makes no larger claim.’
അമ്മയുമായുള്ള ബന്ധത്തില്‍ ഊന്നിയുള്ള എഴുത്തില്‍ നിന്ന് മാറി ഇടയ്ക്ക് പിന്തുടര്‍ന്ന അരാജകജീവിതത്തിലേയ്ക്ക് എത്തിനോക്കിയും അടിയന്തിരാവസ്ഥ – നര്‍മ്മദ – കാശ്മീര്‍ – ഹിന്ദുത്വവാദം – തീവ്ര ഇടതുപക്ഷം – പുരുഷാധിപത്യം- സ്ത്രീപക്ഷവാദം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം നിലപാടുകളും യാത്രകളും വിശദീകരിച്ചും കഥ വളരുമ്പോഴും പശ്ചാത്തലത്തില്‍ ‘1984’ ലെ big brother ന്റെ നോട്ടവുമായി അമ്മയുടെ സാന്നിദ്ധ്യം അനുഭവപ്പെടും.
ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങളില്‍ ഊന്നി നല്ല വായനാനുഭവം തന്ന ഒരു പുസ്തകം – അങ്ങനെയാണ് Mother Mary Comes To Me ഞാന്‍ വായിച്ചത്.
ബുക്കർ സമ്മാനം നേടിയ തന്റെ ആദ്യകൃതി, God of Small Things, അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്.
‘For Mary Roy who loved me enough to let me go.’
വരികള്‍ക്കിടയിലൂടെ വായിക്കാതെ മേരി റോയ് ആ സമര്‍പ്പണം ഏറ്റുവാങ്ങിയതായി എഴുത്തുകാരി പറയുന്നു.
നോവലിൽ കല്പിതകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഏക ഭാഗം അതാണെന്നായിരുന്നു കളിയാക്കിക്കൊണ്ട് സഹോദരൻ ലളിത് കുമാര്‍ ക്രിസ്റ്റഫര്‍ റോയ് എന്ന LKC അഭിപ്രായപ്പെട്ടത്.
ലണ്ടനിലെ കാഡോഗന്‍ ഹാളില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലാം തിയ്യതി Mother Mary Comes To Me യുടെ ആദ്യ അദ്ധ്യായം അരുന്ധതി റോയ് വായിക്കുമ്പോള്‍ ശ്രോതാക്കളായി മുന്‍നിരയില്‍ ഞങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന്, സദസ്സിന്റെ ചോദ്യങ്ങളും ഉള്‍പ്പെടുത്തി, എഴുത്തുകാരിയും പ്രഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയും ആയ എലിഫ് ഷഫാക്ക്, അരുന്ധതി റോയുമായി നടത്തിയ അഭിമുഖസംഭാഷണവും ഹൃദ്യമായ അനുഭവമായിരുന്നു.
സ്നേഹ-വാത്സല്യരഹിതബാല്യം തന്നോടൊപ്പം പങ്കിട്ട്, തന്നെ പോലെ സ്വന്തം ജീവിതം കണ്ടെത്തിയ സഹോദരനും ചേര്‍ത്താണ് പുതിയ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് :
‘For LKC
Together we made it to the shore’
പുസ്തകത്തിന്റെ തലക്കെട്ട്, Mother Mary Comes To Me, റോക് ബാന്‍ഡ്, ബീറ്റ്ല്‍സിന്റെ ആല്‍ബമായ, Let It Be, യിലെ ഗാനത്തില്‍ നിന്നെടുത്തതാണ്. സ്വപ്നത്തില്‍ തന്നെ സന്ദര്‍ശിച്ച (മരിച്ചുപോയ) അമ്മ മേരിയെ ഓര്‍ത്ത് എഴുതിയതാണെന്ന് ഗാനം എഴുതി ആലപിച്ച പോള്‍ മക്കാര്‍ട്നി പറയുന്നു.
When I find myself in times of trouble, Mother Mary comes to me
Speaking words of wisdom, let it be
എന്നാണ് ഗാനം തുടങ്ങുന്നത്.
ആശ്വസിപ്പിക്കുന്ന അമ്മയെ കുറിച്ചല്ല പക്ഷേ അരുന്ധതി റോയ് എഴുതുന്നത്.
സമര്‍പ്പണത്തിന്റെ ആ ഭാഗം ഇങ്ങനെ :
‘For Mary Roy
ho never said Let It Be’
പുസ്തകത്തിന്റെ dust jacket ല്‍ മുന്നിലും പിന്നിലും അരുന്ധതി റോയിയുടെ മുഖമാണ്. മുന്നിൽ പണ്ടത്തെ ചെറുപ്പക്കാരിയായ, ബീഡി വലിക്കുന്ന നോവലിസ്റ്റ് – പിന്നിൽ നരകയറിയ മുടിയും ചുണ്ടിൽ പുഞ്ചിരിയുമായി ഇന്നത്തെ എഴുത്തുകാരി. അകത്ത്, ആദ്യപേജിലും അവസാനപേജിലും രണ്ട് തവണ വീതം ആവർത്തിക്കുന്ന, തീർത്തും മങ്ങിയ ഒരേ പഴയകാല ചിത്രത്തിൽ മാത്രമാണ്, കുട്ടികളായ അരുന്ധതിയുടെയും സഹോദരന്റേയും കൂടെ നിൽക്കുന്ന Gangster, മാര്‍ട്ട് റോയ് എന്ന മേരി റോയ് മുഖം കാണിക്കുന്നത്. എന്നിട്ടും, ഓര്‍മ്മകളുടെ ഈ സമാഹാരത്തിൽ, എന്നും മകളെ ശത്രുപക്ഷത്ത് നിർത്തി നേരിൽ കണ്ടപ്പോഴൊക്കെ അധിക്ഷേപിച്ചും ചെറുതാക്കിയും അവഗണിച്ചും ജീവിച്ച ആ അമ്മ വായനക്കാരെ പെട്ടെന്നൊന്നും വിട്ടുപോവില്ല.
അമ്മ തങ്ങളോട് കാണിച്ച അകല്‍ച്ചയും ശത്രുതയും മറക്കുകയോ പൊറുക്കുകയോ ചെയ്തിട്ടല്ല അരുന്ധതി റോയ് എഴുതുന്നത്. അതിന് കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു രചന ഉണ്ടാവുമായിരുന്നില്ല. അച്ഛനും ഭര്‍ത്താവും ഉൾപ്പെട്ട പുരുഷസമൂഹത്തിനോടുണ്ടായിരുന്ന വിദ്വേഷം മൊത്തമായി മകന് നേരെ തിരിഞ്ഞതാവാം എന്ന് സഹോദരന്റെ കാര്യത്തില്‍ എഴുത്തുകാരി ഊഹിക്കുന്നുണ്ട്. തുടക്കം മുതല്‍ അസ്വീകാര്യയായ രണ്ടാമത്തെ കുട്ടിയായിരുന്നു താന്‍. അപ്പോഴും തന്നോടുള്ള ശത്രുതയുടെ തീവ്രത ഒരു തരത്തിലുമുള്ള യുക്തിക്ക് നിരക്കുന്നതായിരുന്നില്ല.
യുക്തിക്ക് നിരക്കുന്ന ഒരു വിശദീകരണം പുസ്തകത്തിന്റെ അവസാനഭാഗത്ത് കണ്ടതായി എനിക്ക് തോന്നി. മേരി റോയിയും ഇരുപത്തഞ്ച് കൊല്ലം നീണ്ടുനിന്ന നിയമയുദ്ധത്തിലൂടെ അവര്‍ തോല്‍പ്പിച്ച സഹോദരനുമായുള്ള അവസാനകാലബന്ധത്തെ കുറിച്ച് അരുന്ധതി റോയ് എഴുതുന്നു :
‘The unexpected, unimaginable new development during those years was that G. Isaac and his baby sister Mart Roy had become inseparable buddies. He visited her at least twice a week. He would hold her hand and they’d sing old songs together. ……………………… …………………………………. It was as though they had fought each other all their lives only because they respected each other as opponents.’
ഇതിനൊരു മുഖവുരയായി, പുസ്തകത്തിന്റെ തുടക്കത്തില്‍ എവിടെയോ വരുന്ന ഈ വാക്യങ്ങളും ചേര്ത്തുവെയ്ക്കാമെന്ന് തോന്നുന്നു. :
‘In these strange and manifold ways, this constellation of extraordinary, eccentric, cosmopolitan people,…………….., converged on the tiny village of Ayemenem.’
കുട്ടിക്കാലം തൊട്ട് അനുഭവിക്കേണ്ടി വന്ന അവഹേളനങ്ങളുടെ കഥ പറയുന്നത് പക്ഷേ ശാന്തമായ, സരസമായ നര്‍മ്മത്തില്‍ കലര്‍ത്തിയാണ്. ഒരേയൊരു തവണ അമ്മയുടെ ഒരു ജാതീയപരാമര്ശത്തിന് നേരെ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് അരുന്ധതി റോയ് ഓര്‍ക്കുന്നു.:
‘Without realising what I was doing I picked up the chair near her bed and smashed it down. Her body jerked. It was the first and only time in all my life with my mother that I had reacted spontaneously. ……………………………………………………………………………………………… I thought I had killed her. But I hadn’t. I had only killed something in myself.’
പതിനെട്ടാമത്തെ വയസ്സില്‍ ഉപരിപഠനത്തിനെന്ന പേരില്‍ വീട്ടിലെ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ദില്ലിയിലെത്തിയ അരുന്ധതി റോയി അവിടന്നങ്ങോട്ട് അവസാനം വരെയും നാമമാത്രമായ ബന്ധമേ അമ്മയുമായി നിലനിര്‍ത്തിയുള്ളു. എന്നിട്ടും അമ്മയുടെ മരണത്തിന് ശേഷമുള്ള തന്റെ അവസ്ഥ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് :
‘I truly believed she would outlive me. When she didn‘t, I was wrecked, heart-smashed. I am puzzled and more than a little ashamed by the intensity of my response.’
അവസാന അദ്ധ്യായം ‘വായിക്കുന്നത്’ വല്ലാത്ത അന്ത:ക്ഷോഭം ഉണ്ടാക്കുന്നു എന്ന് ഒരഭിമുഖത്തില്‍ എഴുത്തുകാരി തന്നെ രേഖപ്പെടുത്തിക്കണ്ടതായി ഓരോര്‍മ്മ. (വീണ്ടും അന്വേഷിച്ചുനോക്കിയെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ അവര്‍ പറഞ്ഞിട്ടുണ്ടെങ്കിൽ അതില്‍ സത്യമുണ്ട്.)
‘That first night in Mrs.Roy-less world, I spun unanchored in space with no coordinates. I had constructed myself around her. I had grown into the peculiar shape that I am to accommodate her. I had never wanted to defeat her, never wanted to win. I had always wanted her to go out like a queen. And now that she had, I didn’t make sense to myself any more.’
‘കാരമസോവ് സഹോദരന്മാ’രുടെ രചനക്കിടെ ദസ്തയേവ്സ്കി പ്രസാധകന് ഇങ്ങനെ എഴുതിയതായി പി കെ ബാലകൃഷ്ണന്റെ ‘നോവല്‍ സിദ്ധിയും സാധനയും’ എന്ന ലേഖനസമാഹാരത്തില്‍ വായിച്ചിട്ടുണ്ട്. ‘ഐവാൻ ഈയിടെയായി അനിയന്ത്രിതമായി വളർന്ന് വലുതാവുന്നുണ്ടെന്ന് ഞാനറിയുന്നു. ഭയപ്പെടേണ്ട. കഥ അവസാനിക്കുമ്പോഴേയ്ക്ക് ഞാൻ അയാളെ കീഴ്പ്പെടുത്തിയിരിക്കും.
പുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ അത്തരത്തിൽ ഒരു വളർച്ച മേരി റോയ് എന്ന അസാധാരണ വ്യക്തിത്വത്തിന് അരുന്ധതി റോയ് കൊടുക്കുന്നുണ്ട്. കേട്ടറിഞ്ഞതിൽ നിന്ന് വ്യത്യസ്തയായ ആ മാർട്ട് റോയിയെ വായനക്കാർ ഇഷ്ടപ്പെടും. അവർ അര്‍ഹിക്കുന്ന ഒരു സ്മാരകമായി ലോകമെങ്ങുമുള്ള ഷെല്ഫുകളില് ഈ പുസ്തകം ജീവിക്കും.
പത്തൊമ്പത് വയസ്സില്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന നോവല്‍ സങ്കല്‍പ്പിക്കാനും എഴുതാനും മേരി ഷെല്ലിക്ക് എങ്ങനെ കഴിഞ്ഞു എന്നന്വേഷിക്കുന്ന ഒരു സാമുവല്‍ റോസെന്‍ബെര്‍ഗ് പ്രബന്ധമുണ്ട്. 1970 -’71 കാലത്ത് ദ ലൈഫ് മാസികയില്‍ വന്നത്. പിതാവായ വില്യം ഗോഡ് വിനില്‍ നിന്ന് മകളെന്ന നിലയ്ക്ക് തനിക്ക് നേരിടേണ്ടിവന്ന അവഗണനയും വെറുപ്പും അകല്‍ച്ചയുമാണ് ഫ്രാങ്കന്‍സ്റ്റീന്‍’സ് മോണ്‍സ്റ്ററിലൂടെ മേരി ഷെല്ലി ആവിഷ്കരിച്ചത് എന്നായിരുന്നു ലേഖനത്തിന്റെ കാതല്‍ – തന്നെ സ്വീകരിക്കാൻ മടിച്ച സൃഷ്ടികർത്താവിനോട് സൃഷ്ടിക്ക് തോന്നുന്ന വികാരം.
മേരി വോള്സ്റ്റന്ക്രാഫ്റ്റ് എന്ന മേരിയുടെ അമ്മ പുരുഷഡോക്റ്റര്മാരുടെ സാന്നിദ്ധ്യം പ്രസവമുറിയിലും അനുവദിക്കാന്‍ തയ്യാറാവാത്ത ഫെമിനിസ്റ്റ് ആയിരുന്നു. പ്രസവത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങളിലാണ് അവര്‍ക്ക് ജീവന് നഷ്ടമാകുന്നത്. പ്രിയതമയുടെ മരണത്തിന് കാരണമായ മകളെ ശത്രുവായാണ് ഗോഡ്വിന് കണ്ടത്.
തന്നെ എഴുത്തുകാരിയാക്കിയത് തന്റെ അമ്മയാണെന്ന് Mother Mary Comes To Me യില്‍ വായിച്ചപ്പോള്‍ ആ കഥ ഓര്‍മ്മ വന്നു.





