പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ഡോക്ടർ സന്ധ്യ ജി ഐ)

ഡോക്ടർ സന്ധ്യ

കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പട്ടികകളിലെല്ലാം 15% ത്തിന് താഴെയാണ് സ്ത്രീ സ്ഥാനാർത്ഥികൾ. സ്ത്രീ പ്രാതിനിധ്യം കുറവ് എന്ന് നമ്മൾ വിലപിക്കാൻ തുടങ്ങുന്നത് സീറ്റ് വിഭജനം വരുമ്പോൾ മാത്രമാണ്.

സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്നില്ല എന്ന് നമ്മൾ പറയുന്നത് തന്നെ ഒരുഗതികേടാണ്. ആരാണ് സീറ്റ് സ്ത്രീകൾക്ക് കൊടുക്കേണ്ടത്?

പുരുഷനാണോ? പാർട്ടികളുടെ പരമാധികാരം പുരുഷനിൽ നിക്ഷിപ്തമായിരിക്കുന്നതെന്തുകൊണ്ടാണ്?

പൊതുപ്രവർത്തനരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം പഠനവിഷയമാക്കേണ്ട ഒന്നാണ്. യഥാർത്ഥപ്രശ്നം നമ്മൾ അഡ്രസ് ചെയ്യാതെ സീറ്റ് വിഭജന സമയത്ത് അലമുറയിട്ട് വിളിച്ചിട്ട് കാര്യമില്ല.

കേരളത്തിലെ സാധാരണ രാഷ്ട്രീയപ്രവർത്തകരിൽ എത്രശതമാനം സ്ത്രീകൾ ഉണ്ടെന്ന് എനിക്കറിയില്ല. പുരുഷൻമാരെ അപേക്ഷിച്ച് അത് കുറവായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇനി ഒരു പക്ഷെ പാർട്ടി അംഗത്വമുള്ള വനിതകൾ എണ്ണത്തിൽ കൂടുതൽ ഉണ്ടെങ്കിൽപോലും (അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല) അവരിൽ മിക്കവരും സജീവ പ്രവർത്തകരല്ല. പല പ്രവർത്തകരും അമ്മക്കും ഭാര്യക്കും സഹോദരിക്കുമൊക്കെ മെമ്പർഷിപ്പ് എടുത്തുകൊടുക്കും അതിലപ്പുറം പാർട്ടിയുടെ പ്രവർത്തനത്തിൽ യാതൊരു പങ്കാളിത്തവും ഈ സ്ത്രീകൾക്ക് കാണില്ല.

സീറ്റ് വിഭജനം അവിടെ നിൽക്കട്ടെ . ചാനൽ ചർച്ചകൾ നോക്കൂ. എല്ലാ പാർട്ടികളിലും മിക്കവാറും പുരുഷൻമാരല്ലേ വരുന്നത്. ഇനി രാഷ്ട്രീയ സമരങ്ങൾ ,സമ്മേളനങ്ങൾ എല്ലാം ശ്രദ്ധിച്ചുനോക്കുക. ഇവിടെ സ്ത്രീകളുടെ എണ്ണം കുറവല്ലേ?

ഇതിനെല്ലാം കാരണം പുരുഷമേധാവിത്വം ആണെന്ന വാദത്തിനോട് ഞാൻ യോജിക്കുന്നില്ല. പാർട്ടിഓഫീസുകൾ പുരുഷൻമാർക്കും അടുക്കള സ്ത്രീക്കുമെന്ന് കരുതുന്ന സമൂഹത്തിൽ സ്ത്രീക്ക് ശക്തയായ രാഷ്ട്രീയ പ്രവർത്തകയാകാൻ കഴിയുമോ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണെങ്കിൽ പോലും ഈ കാലഘട്ടത്തിൽ ഫാഷൻ, കല തുടങ്ങി മറ്റെല്ലാ മേഖലയിലും സ്ത്രീകൾ കുതിച്ച് കയറ്റം നടത്തുമ്പോൾ എന്തുകൊണ്ട് പൊതുപ്രവർത്തനരംഗത്ത് സ്ത്രീകൾ വിമുഖത കാണിക്കുന്നു എന്നും ആലോചിക്കണം. പുത്തൻതലമുറയിലെ പെൺകുട്ടികൾ പോലും രാഷ്ട്രീയത്തെ അകറ്റി നിർത്തുന്നു. നമ്മൾ വളരെ ഗൗരവത്തോടെ ചർച്ചചെയ്യേണ്ട വിഷയം ഇതാണ്. എന്തുകൊണ്ടു സ്ത്രകൾ പൊതുപ്രവർത്തന രംഗത്ത് ആകൃഷ്ടരാകുന്നില്ല?

സീറ്റ് വിഭജനത്തിൽ സ്ത്രീകൾ തഴയപ്പെടുന്നു എന്ന പരാമർശങ്ങളോട് ഞാൻ യോജിക്കുന്നില്ല . വാസ്തവത്തിൽ സ്ത്രീകൾ തഴയപ്പെടുന്നു എന്നത് തെറ്റിയ ധാരണയാണ്. ആകെയുള്ള ശക്തരായ പ്രവർത്തകരിൽ നിന്ന് അസംബ്ലി ഇലക്ഷന് 140 സ്ഥാനാർത്ഥികളെ മാത്രമേ പരിഗണിക്കാൻ കഴിയു എന്ന സാഹചര്യത്തിൽ, ശക്തരായ പുരുഷപ്രവർത്തകർ എണ്ണത്തിൽ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ പാർട്ടിപ്രവർത്തകരെ തൃപ്തിപ്പെടുത്താൻ സ്വാഭാവികമായും സീറ്റുകൾ കൂടുതൽ പുരുഷൻമാർക്ക് നൽകേണ്ടിവരുന്നു. സീറ്റ് വിഭജനം ജനസംഖ്യയിലെ സ്ത്രീ പുരുഷ അനുപാതം അനുസരിച്ച് നടത്താൻ പറ്റില്ലല്ലോ. പാർട്ടിപ്രവർത്തകരിലെ ശക്തരായ പ്രവർത്തകരുടെ സ്ത്രീപുരുഷ അനുപാതം സീറ്റ് നിർണ്ണയത്തിലും ഒരു ഘടകമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെഎണ്ണം കുറയുമ്പാൾ തീർച്ചയായും ആനുപാതികമായി സീറ്റ് വിഭജനത്തിലും അത് പ്രതിഫലിക്കും. അതാണ് നമ്മുടെ നാട്ടിൽനടക്കുന്നത് പൊതുപ്രവർത്തനരംഗത്ത് സ്ത്രീകൾകാണിക്കുന്ന വിമുഖത കാരണം സംഭവിക്കുന്ന ദുരന്തമാണ് സീറ്റ് നിർണ്ണയത്തിലെ കുറഞ്ഞ സ്ത്രീ അംഗസംഖ്യ. സമരങ്ങൾക്ക് മുന്നിൽ നിൽക്കാൻ ചാനൽചർച്ചകളിൽ വരാൻ തുടങ്ങി രാഷ്ട്രീയപ്രവർത്തനത്തിന്റെ പല മേഖലകളിലും സ്ത്രീകൾ പുറകിലോട്ട് മാറുമ്പോൾ തീർച്ചയായും സീറ്റ് വിഭജനത്തിലും സ്ത്രീകൾ തഴയപ്പെടും.

അതിൽ പരാതിപറഞ്ഞിട്ടോ പാട്രിയാർക്കി സമ്പ്രദായത്തെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. പകരം രാഷ്ട്രീയത്തിൽ മൊത്തമായി സ്ത്രീ ശാക്തീകരണം നടപ്പിൽ വരുത്തുകയാണ് വേണ്ടത്.

രാഷ്ട്രീയരംഗത്തു നിന്ന് മാറിനിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് കുടുംബഭാരം തന്നെയാണ് എന്ന് പറയുമ്പോഴും അത് മാത്രമാണ് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പൊതുപ്രവർത്തന രംഗത്തെ അഴിമതികളും അക്രമരാഷ്ട്രീയവുമാണ് സ്ത്രീകൾക്ക് മുഖ്യ തടസമായി നിൽക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സാധാരണ രാഷ്ട്രീയ പ്രവർത്തകരാകാൻ സ്ത്രീകൾ ശക്തമായി മുന്നോട്ട് വരണം. കൂടുതൽ സ്ത്രീകളെ പ്രവർത്തകരായി സ്വാഗതം ചെയ്യുന്ന നയം പാർട്ടികൾ രൂപീകരിക്കണം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വനിതകൾ കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടത്തണം. സ്വാഭാവികമായും അത് പാർട്ടികൾക്കകത്തുള്ള പലസ്ഥാനങ്ങളിലും സ്ത്രീകളെകൊണ്ടെത്തിക്കും. രാഷ്ട്രീയ ചർച്ചകളിൽ സ്ത്രീകളുടെ ശബ്ദം പുറത്തു വരണം. വിഷയങ്ങൾ പഠിച്ച് അഭിപ്രായം പറയാൻ സ്ത്രീകൾ കൂടുതൽ കരുത്താർജ്ജിക്കണം. സ്ത്രീ എന്ന പരിഗണന നൽകുന്ന സുരക്ഷിതത്വത്തിൽ നിന്ന് പുറത്ത് വന്ന് വൈകാരിക പ്രകടനങ്ങൾക്കപ്പുറം ശക്തമായ നിലപാടുകളെടുക്കാൻ കഴിഞ്ഞാൽ മാത്രമേ നേതൃത്വ നിരയിലേക്ക് വരാൻ കൂടുതൽ സ്ത്രീകൾക്ക് കഴിയുകയുള്ളൂ.സ്ത്രീകളുടെ ശക്തമായ രാഷ്ട്രീയ സാന്നിധ്യത്തിന് പുരുഷൻ വഴി മാറിതരേണ്ടകാര്യമില്ല, പകരം വിലങ്ങ്തടിയായി നിൽക്കുന്നവരെ മറികടക്കാനുള്ള ശക്തി സ്ത്രീ ആർജ്ജിക്കുകയാണ് വേണ്ടത് .

കേരളത്തിന് വനിതാമുഖ്യമന്ത്രി വേണ്ടേ എന്നാണ് ചോദ്യം . എന്റെ അഭിപ്രായത്തിൽ വേണ്ടത് വനിതാ പാർട്ടിസെക്രട്ടറിമാരാണ്. പുരുഷൻമാർ നിയന്ത്രിക്കുന്ന പാർട്ടികളിൽ വനിത മുഖ്യമന്ത്രിയായിട്ട് എന്ത്കാര്യം?

പിണറായി വിജയൻ, രമേഷ്ചെന്നിത്തല, ഉമ്മൻചാണ്ടി, കോടിയേരിബാലകൃഷ്ണൻ, ജയരാജൻ, മുല്ലപ്പള്ളി തുടങ്ങിയ ശക്തരായ കഥാപാത്രങ്ങൾ പാർട്ടികളെ നിയന്ത്രിക്കുമ്പാർ ചൂണ്ടികാണിക്കാൻ നമുക്കെന്താ അധികം സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തത്? ശൈലജ ടീച്ചറിനെപോലെ പ്രവർത്തനമികവ് പുലർത്തുന്ന രാഷ്ട്രയക്കാരികൾ മാത്രംപോരാ. ഗൗരിയമ്മയെപോലെ പുരുഷനോട് ഒപ്പത്തിനൊപ്പം നിന്ന് പോരാടാൻ കഴിവുള്ള പെണ്ണുങ്ങളും നമുക്ക് വേണം. കേരളത്തിലെ രാഷ്ട്രീയരംഗം ഉരുക്കുവനിതകൾ കീഴടക്കുന്ന കാലം വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍.

Comments
Print Friendly, PDF & Email

You may also like