പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (അജിത് ബാലകൃഷ്ണൻ)

അജിത് ബാലകൃഷ്ണൻ

തിരഞ്ഞെടുപ്പിലെ സ്ത്രീപ്രാതിനിധ്യം വീണ്ടുമൊരിക്കൽക്കൂടി സജീവമായ ചർച്ചാവിഷയമായി മാറുമ്പോൾ ഓർത്തു പോകുന്നത് ഏതാനും മാസം മുൻപ് നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ഈ വിഷയത്തിൽ ഏറെ ശുഭാപ്തിവിശ്വാസം ഉയർത്തിയ ഒന്നായിരുന്നു അതിൻറെ പരിസമാപ്തി. നേതൃനിരയിലേക്ക് സ്ത്രീകളുടെയും പാർശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഇടയിൽനിന്നുള്ളവർ കടന്നുവരുന്നുണ്ട് എന്നുറപ്പ് വരുത്താൻ ഇടതുപക്ഷപാർട്ടികളുടെ ബോധപൂർവ്വമായ ശ്രമം കണ്ട ഒരു തിരഞ്ഞെടുപ്പായി അത് ചരിത്രത്തിലിടം പിടിച്ചു.തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി 21 വയസ്സുകാരിയായ സി. പി എമ്മിലെ ആര്യ രാജേന്ദ്രൻ അധികാരമേറ്റെടുത്തത് രാജ്യവ്യാപകമായ മാധ്യമശ്രദ്ധ നേടാനിടയാക്കി. അങ്ങിനെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറി. ഒറ്റപ്പെട്ട ഒരു സംഭവമല്ലായിരുന്നു അത്. ഇടതുപക്ഷം അധികാരത്തിൽ വന്ന നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ ഭൂരിഭാഗവും യുവത്വത്തിന്റെ ആദ്യ പടവുകൾ പിന്നിടാത്തവരായിരുന്നു. മാത്രമല്ല, status quo-യെ അക്ഷരാർത്ഥത്തിൽ വിറളി പിടിപ്പിക്കാൻ പോരുന്ന ചില വിജയങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്‌ അധ്യക്ഷയായി തിരഞ്ഞടുക്കപ്പെട്ട ആനന്ദവല്ലിയുടെയും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ കോമളത്തിന്റെയും മലമ്പുഴ പഞ്ചായത്തിലെ പ്രസിഡൻ്റ് രാധിക മാധവൻ്റെയും പോലുള്ള വിജയങ്ങൾ. തന്റെ ബ്ലോക്ക് പഞ്ചായത്തിലെ പാലോട് സര്‍ക്കാര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു കോമളം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിയിലെ താത്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു ആനന്ദവല്ലി. മലമ്പുഴ ഡാമിനടുത്തുള്ള എലവുത്താൻ ആദിവാസി കോളനിയിലെ ശുചിമുറി പോലുമില്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ രാധിക പഠനച്ചിലവ് കണ്ടെത്തിയിരുന്നത് ആടിനെ വളർത്തിയായിരുന്നു.എന്നാൽ. സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായ ഗുണപരമായ അത്തരം മാറ്റങ്ങൾ നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ ആവർത്തിക്കാൻ ഇടതുപക്ഷത്തിനായില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെയും ബി.ജെ.പി യുടെയും സ്ഥാനാർഥി പട്ടികകളും ഇക്കാര്യത്തിൽ പ്രതീക്ഷകളൊന്നും നൽകുന്നില്ല. അതുകൊണ്ട്, വനിതാ പ്രതിനിധികളുടെ എണ്ണത്തിൽ വരും നിയമസഭയിൽ സാരമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതാൻ വയ്യ. വിവിധ ശാക്തിക ചേരികളുടെ ബലതന്ത്രങ്ങൾ. വിജയസാധ്യതകളുടെ സങ്കീർണ ഗണിതം. ഇവക്കെല്ലാമിടയിൽ നിയമസഭയിലെ സ്ത്രീകളുടെ ‘ന്യൂനപക്ഷ’ പദവി മാറ്റിയെടുക്കുക അചിന്തനീയമായ കാര്യമാണ് എന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ അഭിപ്രായമാണ്. അങ്ങിനെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ വർഷാവസാനം നടന്ന തിരഞ്ഞെടുപ്പ് സ്ത്രീമുന്നേറ്റങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അപവാദമോ മായക്കാഴ്ച്ചയോ മാത്രമായി മാറുന്നു. അതിൽ വലിയ അത്ഭുതത്തിനവകാശമില്ല. ഒരു സുപ്രഭാതത്തിൽ പൊടുന്നനെ ചരിത്രം വഴിമാറി ഒഴുകിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുക വയ്യല്ലോ. സ്ത്രീകളുടെ രാഷ്ട്രീയ ജീവിതങ്ങളെയും അവരുടെ സമരചരിത്രങ്ങളെയും തമസ്ക്കരിച്ചതിന്റെ ചരിത്രം കൂടിയാണ് കേരളത്തിന്റെ ഇന്നേവരെയുള്ള രാഷ്ട്രീയചരിത്രം. അവഗണിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളായ നിരവധി രാഷ്ട്രീയപ്രവർത്തകരുടെ കഥകൾ ഈ ചരിത്രത്തിന് പറയാനുണ്ട്. അക്കമ്മ ചെറിയാനെയും കുട്ടിമാളു അമ്മയെയും പോലുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളായ സ്ത്രീകളുടെ അനുഭവങ്ങൾ തൊട്ട് സമകാലീനരാഷ്ട്രീയത്തിൽ അനാവൃതമാകുന്ന സ്ത്രീയനുഭവങ്ങൾ വരെ. “കേരം തിങ്ങും കേരള നാട് കെ. ആർ. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം നാട് നീളെയുയർന്ന എൺപതുകളിലെ ഒരു തിരഞ്ഞെടുപ്പ് കാലം കേരളത്തിന് ഒരു വനിതാമുഖ്യമന്ത്രിയെ കാട്ടികൊടുക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും അത് ക്ഷണികമായിരുന്നു.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലേക്ക് തിരിച്ചു വരാം. തങ്ങൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ കോൺഗ്രസിനകത്ത് ലതിക സുഭാഷും ബിജെപിക്കകത്ത് ശോഭാ സുരേന്ദ്രനും ഉയർത്തിയ കലാപക്കൊടി ചരിത്രപരമെന്ന് കരുതുന്നവരുണ്ട്. എന്തോ, എനിക്കങ്ങിനെ തോന്നുന്നില്ല. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിന്റെ മുഖം കുറെ കാലം കൂടിയെങ്കിലും കേരളത്തിന്റെ രാഷ്ട്രീയമനസ്സിൽ അസ്വാരസ്യങ്ങൾ ഉയർത്തിക്കൊണ്ട് നിലനിന്നേക്കാം. എന്നാലത് കോൺഗ്രസിനകത്ത് സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കുമോ? സംശയമാണ്. കഴക്കൂട്ടത്ത് സീറ്റ് ലഭിച്ചതോടെ ശോഭ സുരേന്ദ്രന്റെ പുരുഷാധിപത്യത്തിനെതിരെയുള്ള പ്രതിഷേധവും അടങ്ങും. “രാഷ്ട്രീയരംഗത്തുള്ള പുരുഷന്മാര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയില്‍നിന്ന് ലഭിക്കുക” എന്ന് ലതിക തലമുണ്ഡനം ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച ശോഭ ഇനിയിപ്പോൾ ‘നോക്കൂ ഞങ്ങളുടെ പാർട്ടി എത്ര വ്യത്യസ്തമാണ്’ എന്ന് പറഞ്ഞേക്കാനും മതി. സ്ഥാനാർത്ഥികളുടെ, സ്ഥാനം കാംക്ഷിക്കുന്നവരുടെ, മോഹഭംഗങ്ങളുണ്ടാക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ, അതിന്റെ ന്യായാന്യായങ്ങൾ എന്തു തന്നെയായാലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കാൻ ഉതകുന്നതല്ല. സ്ത്രീകൾക്ക് കൂടുതൽ പരിഗണന വേണമെന്ന കാര്യത്തിൽ ടി. എൻ സീമയെ പോലുള്ള സി. പി. എം വനിതാനേതാക്കൾക്കും അഭിപ്രായ വ്യത്യാസമില്ല. മാതൃഭൂമിയോട് അവർ പറഞ്ഞത് പുരുഷാധിപത്യമുള്ള കേരളീയ സമൂഹത്തിന്റെ ഒരു പരിച്ഛേദമായാണ് ഇതിനെ കാണുന്നത് എന്നാണ്. സ്ത്രീകള്‍ക്ക് ഇതില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ടെന്ന് നേതൃനിരയിലുള്ളവരെകൊണ്ട് ചിന്തിപ്പിക്കേണ്ടത് അതത് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്ന് അവർ കരുതുന്നു.പക്ഷെ, രാഷ്ട്രീയത്തിൽ കരയുന്ന കുട്ടിക്കല്ല പിൻബലമുള്ള കുട്ടിക്കാണ് പാല് എന്നതാണ് ചരിത്രപാഠം. ഇടത് വലത് ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയപാർട്ടികളിൽ നിലനിൽക്കുന്ന പാട്രിയാർക്കൽ അധികാരഘടനയിൽ അങ്ങിനെയൊരു പിൻബലം ഉണ്ടാക്കിയെടുക്കുക സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.വലതുപക്ഷം അവരുടെ സഹജമായ ലോകവീക്ഷണത്തിന്റെ പരിമിതികളാൽ തന്നെ പാട്രിയാർക്കിയെ വെല്ലു വിളിക്കുന്നതിൽ അപര്യാപ്‌തമാണ്. മുഖ്യധാരാ ഇടതുപക്ഷമാകട്ടെ ഒരു കാലത്ത് സോവിയറ്റ് യൂണിയനിൽ നിന്ന് എത്തിയിരുന്ന മാർക്‌സിസ്റ്റ് പാഠപുസ്തകങ്ങളിലെ ലളിതസമവാക്യങ്ങൾക്ക് ലോകത്തെ സമസ്തപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താമെന്ന മൂഢവിശ്വാസത്തിൽ നിന്ന് ഇനിയും പുറത്ത് കടന്നിട്ടുമില്ല. അതുകൊണ്ട്, സ്ത്രീകളുടെയും ദളിതരെയും ആദിവാസികളെയും പോലുള്ള പാർശ്വവത്കൃത സാമൂഹങ്ങളുടെയും പ്രശ്നങ്ങളെയും കാലാവസ്ഥാവ്യതിയാനം പോലുള്ള പുതിയ കാലത്തിന്റെ വെല്ലുവിളികളെയും ഏറ്റെടുക്കുന്നതിൽ അവരും സൈദ്ധാന്തികമായി ദുർബലരായി തുടരുന്നു. ഇത് സിദ്ധാന്തങ്ങളുടെ കാര്യം. പ്രയോഗത്തിന്റെ മണ്ഡലം അതിലും സങ്കീർണമാണ്. സൈദ്ധാന്തികമായ ന്യായീകരണങ്ങൾക്കൊണ്ട് മാത്രമല്ല ഒരു അധികാരഘടനയും നിലനിന്നുപോരുന്നത്. അധികാരത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങളെ പിഴുതെറിയാൻ അധികാരഘടനയുടെ സൈദ്ധാന്തികാടിത്തറയെ വെല്ലുവിളിക്കാനായതുകൊണ്ട് മാത്രം കാര്യമില്ല. ഘടനയെത്തന്നെ പൊളിച്ചെഴുതാനൊക്കുന്ന പ്രയോഗത്തിന്റെ സാധ്യതകളെ കണ്ടെത്തണം. ആശയത്തെ ലോകത്തെ മാറ്റിപണിയാൻ കെല്പുള്ള ഭൗതികശക്തിയാക്കി മാറ്റണം. ഇതിന് കഴിയാത്തതാണ് കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് എനിക്ക് തോന്നുന്നു.

ഫെമിനിസത്തിന്റെ കാഴ്ച്ചപ്പാടിലൂടെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങളെ നോക്കിക്കാണാനും ജാഗരൂകരായി പ്രതികരിക്കാനും കഴിയുന്ന ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും ശക്തമായ ഒരു സാനിധ്യം ഇവിടെയുണ്ട്. ഇല്ലാത്തത് ജീവിതത്തിന്റെ സമസ്തമേഖലകളിലും പിടി മുറുക്കിയിട്ടുള്ള പാട്രിയാർക്കിയെ വെല്ലുവിളിക്കാൻ പോന്ന ശക്തവും സുസംഘടിതവുമായ സ്ത്രീപ്രസ്ഥാനങ്ങളാണ്. ഇത്തരം ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അഭാവത്തിൽ തുല്യപദവിയും തുല്യ അവകാശങ്ങളും ഉള്ള ഒരു വിഭാഗമായി മാറാൻ സ്ത്രീകൾക്കാകില്ല. അപ്പോൾ സ്ത്രീവിമോചനത്തെക്കുറിച്ചുള്ള സംസാരം ഇല്ലാതാകുകയും പകരം പാട്രിയാർക്കിക്ക് ക്ഷതമൊട്ടുമേൽപ്പിക്കാത്ത, ആണധികാരത്തെ വെല്ലുവിളിക്കാത്ത, “സ്ത്രീ ശാക്തീകരണത്തെ” കുറിച്ചുള്ള ചർച്ചകൾക്ക് മേൽക്കൈ കൈവരികയും ചെയ്യുന്നു. ഇതാണ് കഴിഞ്ഞ കുറേ കാലമായി നമ്മൾ കണ്ടു വരുന്നത്. ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ട ഒന്നാണ് ഇവിടെ കഴിഞ്ഞ കുറച്ച് കാലങ്ങളായി വളർന്നുവരുന്ന യഥാസ്ഥിതിക മധ്യവർഗത്തിന്റെ സ്വാധീനം. ജാതി വെറിയും അസഹിഷ്ണുതയും ദുരഭിമാനവും പെൺപേടിയും ആണകോയ്മയും ഒക്കെയാണ് ഈ വർഗത്തിന്റെ മുഖമുദ്ര. കേരളത്തിനകത്തും പുറത്തും നടന്ന സാമൂഹ്യമാറ്റങ്ങൾ സാധ്യമാക്കിയ അവസരങ്ങളിൽ നിന്ന് സ്വായത്തമാക്കിയ സാമൂഹ്യസുരക്ഷിതത്വവും സ്ഥാനമാനങ്ങളും തരക്കേടില്ലാത്ത പണവും ഉള്ള ഈ പുത്തൻ യാഥാസ്ഥിതിക വർഗം തിരഞ്ഞെടുപ്പ് ഗണിതങ്ങളെ മാറ്റി മറിക്കാൻ പോന്ന ദൃശ്യപരതയും സ്വാധീനവും ഉള്ള ഒരു വിഭാഗമാണ്. ഇവരുടെ ഈ “വിലപേശൽ ശേഷി” ഏറ്റവും പ്രതികൂലമായി ബാധിക്കുക, സ്ത്രീകൾ, സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളുടെ താല്പര്യങ്ങളെയായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലൂടെയും മറ്റും ചെറുപ്പക്കാരായ സ്ത്രീകൾ വ്യാപകമായി രാഷ്ട്രീയത്തിലേക്ക് വരുന്നതും അവർ പ്രാദേശിക രാഷ്ട്രീയത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുടങ്ങുന്നതും ഒരു പുതിയ സ്ത്രീപക്ഷ രാഷ്ട്രീയ സംസ്ക്കാരത്തിലേക്കുള്ള വഴി തുറന്നിടുന്നുമുണ്ട്. അങ്ങിനെ സ്ത്രീകൾ പ്രസ്ഥാനങ്ങൾക്കകത്ത് അവഗണിക്കാനൊക്കാത്ത ശക്തിയായി മാറിയാൽ, അവരുടെ പിൻബലത്തിൽ ശക്തമായ സ്ത്രീനേതൃത്വങ്ങളും ഉണ്ടായിവരും. പാട്രിയാർക്കിയെ വെല്ലുവിളിക്കാനാകുക ഇങ്ങനെയുള്ള മാറ്റങ്ങളിലൂടെ മാത്രമാണ്. സ്വയമേവ, സ്വാഭാവികമായി, ഈ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുക വയ്യ. ആ വഴിയേ പോകാൻ, ഫെമിനിസത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ സംസ്ക്കാരത്തിലേക്ക് ഈ ചെറുപ്പക്കാരെ നയിക്കാൻ കെല്പുള്ള നേതൃത്വവും ഇഛാശക്തിയും എങ്ങിനെ എവിടെനിന്ന് ഉണ്ടായി വരും എന്നതാണ് കാതലായ പ്രശ്‍നം. അത് നടന്നില്ലെങ്കിൽ, വരും വർഷങ്ങളിൽ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായാൽ തന്നെയും, കേരളത്തിലെ സ്ത്രീജീവിതത്തിൽ കാര്യമായ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകില്ല. പാട്രിയാർക്കിയുടെ തടവുകാരിയായിരിക്കും അവരും. ഒരു വനിതാ പ്രധാനമന്ത്രി തന്നെ നമ്മുക്ക് ഉണ്ടായിരുന്നു. കുറച്ച് കാലം രാജ്യത്തെ ഭരണകക്ഷിയുടെ ചുക്കാൻ പിടിച്ചിരുന്നത് ഒരു വനിതയായിരുന്നു. കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടുമുണ്ട്. അവർക്കൊന്നും ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നോർക്കുക.

Comments
Print Friendly, PDF & Email

എഞ്ചിനീയർ, ഐ.ടി. വിദഗ്ദ്ധൻ, സാമൂഹ്യ നിരീക്ഷകൻ. സമൂഹം, പ്രകൃതി, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരീക്ഷണങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്.

You may also like