പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം : (പി എൽ ലതിക)

ഒരു നമ്പർ വൺ ചോദ്യമാണിത് ‘പുരുഷൻ കയ്യടക്കി വെച്ചിരിക്കുന്ന, ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിലാണ് patriarchy അധികാര പ്രയോഗം നടത്തുന്നത്. എന്നിട്ടും പുരോഗമനമുള്ളവരും , വിദ്യാഭ്യാസത്തിൽ മുന്നേറ്റം നടത്തിയവരും ജോലികളിൽ ഒപ്പത്തിനൊപ്പം പങ്കാളിത്തം നേടിക്കൊണ്ടിരിക്കുന്നവരുമായ കേരളീയ സ്ത്രീ സമൂഹത്തിൽ നിന്ന് ചോദ്യങ്ങളുയരാത്തതു എന്ത് കൊണ്ടാണെന്നു ‘ചെറുതായൊന്നു ഭേദഗതി ചെയ്യണം എന്ന് മാത്രം . കാരണം ഇത് ഫെമിനിസ്റ്റ് ലേബൽ ഉള്ള ഏതാനും സ്ത്രീകളുടെ മാത്രം വിഷയമല്ല.

മിക്ക സമരങ്ങളിലും പെൺകൂട്ടങ്ങളെ കാണാറുണ്ട് . ചങ്ങലയിലെ കണ്ണികളാവാനും നാടു നീളെ നാമജപം കൊണ്ട് മുഖരിതമാക്കാനും വർഗ വിഭജനമില്ലാതെ സ്ത്രീസംഘങ്ങളെ കിട്ടും . പക്ഷെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ മുൻഗണനകൾ മലക്കം മറിയും.

ഇതിനെതിരെ ചർച്ചകൾ ഉയിർക്കൊള്ളുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ചെറിയതെങ്കിലും ശ്രദ്ധേയമായ കാൽവെപ്പ് അത് ശക്തി പ്രാപിക്കണം. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിനു മുൻപ് വ്യക്തമായ സ്ഥാനാർത്ഥിത്വ ഘടനക്കു രൂപം കൊടുത്തിരിക്കണം. അത് എങ്ങനെ സാദ്ധ്യമാവും ? പാർട്ടി തലത്തിൽ ഇത് ഒരു അടിയന്തിര വിഷയമായി അവതരിപ്പിക്കപ്പെടണം. സിവിൽ സമൂഹം ഇത് ഒരാവശ്യമായി ഉയർത്തണം. നിയമപരമായ നീക്കങ്ങൾക്കു പഴുതുണ്ടെങ്കിൽ ആ മാർഗവും സ്വീകരിക്കണം.

സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം സ്ത്രീകൾ ഏറ്റെടുക്കുമ്പോൾ ആണുങ്ങളുടെ പിൻവാതിൽ ഭരണമായിരിക്കും നടക്കുക എന്ന് പരിഹസിച്ചവരുണ്ട് . അത്രയ്ക്ക് പരിമിതമായിരുന്നു സ്ത്രീകളുടെ പൊതു രംഗ സാന്നിധ്യം . എന്നാൽ അവർ പഞ്ചായത്തിരാജ് കയ്യടക്കത്തോടെ കൊണ്ട് നടന്ന് കഴിവ് തെളിയിച്ചിരിക്കുന്നു . കഴിഞ്ഞ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ജനം സ്ത്രീ സ്ഥാനാർത്ഥികളെ വ്യാപകമായി പിന്താങ്ങി.

ആ രാഷ്ട്രീയ പരിസരം നിയമ സഭാ തലത്തിലേക്കും വളർന്നു വ്യാപിക്കേണ്ടതുണ്ട് . സംസ്ഥാനത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങളിൽ രാഷ്ട്രീയ/സാമൂഹ്യ പ്രവർത്തകരായ സ്ത്രീകൾക്ക് ദൃശ്യത കൈവരണം . ഇതിൽ നിലവിലുള്ള പാർട്ടി സംവിധാനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. മാധ്യമങ്ങളുടെ റോളും പ്രധാനമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ലതിക സുഭാഷിനെ അവരുടെ പാർട്ടി നേതൃത്വം പൂർണമായും തള്ളിപ്പറഞ്ഞതും ശോഭ സുരേന്ദ്രനെ നിലം തൊടീക്കാതിരിക്കാൻ ബി ജെ പി സംസ്ഥാനനേതാക്കൾ പതിനെട്ടടവും പയറ്റിയതും കേരളം കണ്ടു . അതാതു പാർട്ടികളുടെ സമരങ്ങളിൽ സജീവരും പാർട്ടിക്കുവേണ്ടി ശക്തമായി സംസാരിക്കുന്നവരും ആയിരുന്നു രണ്ട് പേരും എന്നോർക്കണം .ആ നിലക്ക് വ്യക്തമായ രാഷ്ട്രീയ പ്രവർത്തനാനുഭവമില്ലാത്ത സ്ത്രീകൾ ജനപ്രതിനിധിസ്ഥാനത്തേക്ക് വന്നാൽ അവർ വെറും പാർട്ടി ചട്ടുകങ്ങൾ മാത്രമായിരിക്കും . പുരുഷാധിപത്യ ഘടനയുടെ ബാഹ്യമോടി വർധിപ്പിക്കുക എന്നതിൽ കവിഞ്ഞു അവർക്കു വേറെ ഒരു ധർമവും ഉണ്ടാവില്ല.

വിയോജിക്കുന്ന, പുരുഷാധികാരത്തെ ചോദ്യം ചെയ്യുന്ന വനിതാ അംഗത്തെ, ഒറ്റപ്പെടുത്താനാണ് പാർട്ടി നേതൃത്വവും അണികളും ഒന്നിക്കുക . അവരെ ഇരകളായി ചിത്രീകരിച്ചു പരിഹാസ്യരാക്കുകയും പാർട്ടിയുടെ പുരുഷാധിപത്യത്തെ ഊട്ടിയുറപ്പിക്കുകയുമാണ് മാധ്യമ രീതി .

ആയിരക്കണക്കിന് കൊല്ലങ്ങളായി സമൂഹത്തിൽ വേരാഴ്ത്തിയ രണ്ടാം ലിംഗത്വം സ്ത്രീയുടെ മാനസികനിലയിലും ആഴത്തിൽ ഉറച്ചിരിക്കുന്നു .അത് മറികടക്കുവാൻ ഏതാനും വർഷങ്ങളിലെ വിദ്യാഭ്യാസമോ , ജോലിയോ പരിമിതമായ പൊതു ജീവിതമോ കൊണ്ട് സാധ്യമാവില്ല . അത് കൊണ്ടാണ് ഉദ്യോഗ രംഗത്ത് അധികാരമുള്ള പദവിയിൽ എത്തുമ്പോൾ സ്ത്രീകളും പുരുഷാധിപത്യ ശൈലി അനുവർത്തിക്കുന്നത് . പോലീസ് സേനയിൽ ഇത് പ്രകടമാണ് .പക്ഷെ പഞ്ചായത്തു തലത്തിൽ ഇതിന് ആരോഗ്യകരമായ പരിണാമം സംഭവിച്ചിരിക്കുന്നു. അത് കൊണ്ടാണ് സ്ത്രീകൾ താഴെനിന്ന് ഭരണനിപുണതനേടി മുകളിലേക്ക് ഉയർന്നു വരണമെന്ന് ഞാൻ അഭിപ്രായപ്പെടുക . ഈ തവണ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാപ്തമായ ഭരണം കൊണ്ടു നടക്കുന്നവർക്ക് അടുത്ത നിയമ സഭയിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കണം .

ഇതിനു പുറമെ സാമൂഹ്യ രംഗത്ത് സജീവമായി ഇടപെടുന്നവർ ജന ശ്രദ്ധയാർജ്ജിച്ചു സ്ഥാനാർത്ഥിത്വത്തിലേക്ക് വരണം . സംവരണത്തിൻറെ പേരിൽ മാത്രം രംഗ പ്രവേശം ചെയ്യുന്നവർ നിലവിലുള്ള വ്യവസ്ഥയാൽ പീഡിപ്പിക്കപ്പെടുകയേയുള്ളൂ . അത് സ്ത്രീ പങ്കാളിത്തം വർധിപ്പിക്കണമെന്ന വാദത്തിനെതിരെ പ്രവർത്തിക്കാനും വഴിയൊരുക്കും.

സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിൽ സക്രിയരായവരിൽ പലരും ഭരണ രംഗത്തേക്കിറങ്ങുവാൻ സന്നദ്ധരായി എന്ന് വരില്ല .മുഖ്യധാരയിൽ നിന്ന് കൂടുതൽ സ്ത്രീകൾ പ്രവേശിക്കണമെങ്കിൽ രാഷ്ട്രീയ രംഗം സ്ത്രീ സൗഹൃദമാവണം .കോർപ്പറേറ്റ് രംഗത്ത് സ്ത്രീ തൊഴിലാളികൾ വർധിച്ചപ്പോൾ 24 മണിക്കൂർ സുരക്ഷിത യാത്രാ സൗകര്യങ്ങൾ , ശിശു പരിപാലന കേന്ദ്രങ്ങൾ , flexible ആയ അവധിക്കാലം എന്നിവ നിലവിൽ വന്നു .പല സ്ഥാപനങ്ങളുടെയും തീരുമാനങ്ങൾ എടുക്കുന്ന തലത്തിലേക്ക് വനിതകൾ ഉയരാൻ ഇതുമൂലം അനുകൂല സാഹചര്യമുണ്ടായി .ഇത് രാഷ്ട്രീയത്തിനും ബാധകമാണ് വ്യത്യസ്തമാണ് മാറേണ്ട സാഹചര്യങ്ങൾ എന്നേയുള്ളൂ .

ഉദാഹരണമായി രാഷ്ട്രീയ രംഗത്തെ ഗൂണ്ടാ സൈന്യ സാന്നിധ്യം സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ് . രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ലിംഗാധിഷ്ഠിതമായി വിമർശിക്കുന്നതാണ് മറ്റൊന്ന് . അനധികൃത തടയണ കെട്ടുന്നവനോ , പ്രളയ ഫണ്ട് ചോർത്തുന്നവനോ യുവജന വിഭാഗം പ്രവർത്തകയോട് അപമര്യാദയായി പെരുമാറുന്നവനോ അനുയായികളിൽ നിന്നോ പ്രതിയോഗികളിൽ നിന്നോ കേൾക്കേണ്ടി വരാത്ത ഒരശ്ലീലം ശബരിമലയിലെ സ്ത്രീ പ്രവേശത്തേയോ സ്‌കൂൾ കെട്ടിട നവീകരണത്തിനെയോ കോവിഡ് കിറ്റിനെയോ അനുകൂലിക്കുന്ന ഒരു സോഷ്യൽ മീഡിയ വനിതാ ആക്ടിവിസ്റ്റിനു നേരിടേണ്ടി വരുന്നുണ്ട് നേതാവിൻറെ കാമിനി , പാർട്ടി അടിമ ,എന്നിവ അത്തരം പ്രബുദ്ധ സംബോധനകളിൽ ചിലതാണ് . രാഷ്ട്രീയ രംഗത്തെ സ്ത്രീ പ്രവർത്തന പോരായ്മ അഥവാ നിഷ്‌ക്രിയത്വം സഹസ്രാബ്ദങ്ങളായ പാർശ്വവൽക്കരണത്തിൻറെ ഫലമാണെന്നിരിക്കെ അവ വിമർശിക്കപ്പെടുക പുരുഷാധിപത്യ നേതൃത്വത്തിൻറെ തലോടലിൽ അനുഭവിക്കുന്ന ആലസ്യമായാണ് . ഈ vocabulary യാണ് ആദ്യം തിരുത്തേണ്ടത് .കാരണം അത് അറിഞ്ഞും അറിയാതെയും സമൂഹ മനസ്സിൽ അടിഞ്ഞു കൂടിയ ലിംഗ വിവേചനത്തിൻറെ ഉല്പന്നങ്ങളാണ് .

ഭരണരംഗത്തെ പെൺപങ്കാളിത്തം കുറഞ്ഞു പോവുന്നതിൽ ആശങ്ക പ്രകടിപ്പിക്കപ്പെട്ടത് ശുഭോദർക്കമാണ് ഈ തവണ ആഭ്യന്തരം ഒരു വനിതാ മന്ത്രിയെ ഏൽപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയായി ഒരു വനിത ചാർജ് എടുക്കണമെന്നും ശക്തമായ വാദമുന്നയിക്കുവാൻ ഈ അവസരം ഉപയോഗിക്കുന്നു.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like