പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ബി ആർ പി ഭാസ്കർ)

BRP Bhaskar

ഈ ചോദ്യത്തിൽ യാഥാർത്ഥ്യബോധം കാണുന്നില്ലല്ലോ.

ഒരു സമൂഹ മന:സാക്ഷിയുള്ളിടത്തേ അനീതിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടാകൂ. അങ്ങനെയൊന്ന് കേരളത്തിലില്ല.

കേരളത്തിൽ ഒരു പൊതുസമൂഹമില്ല. ഫ്യൂഡൽ കാലത്തെന്നപോലെ കേരളം വീണ്ടും ജാതിമതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കുറെ രാഷ്ട്രീയ സമൂഹങ്ങളുമുണ്ട്.

ഈ വ്യതസ്തസമൂഹങ്ങൾക്കെല്ലാം അവരവരുടേതായ പ്രത്യേക സമൂഹ മന:സാക്ഷികളുണ്ട്. അത് ആവശ്യപ്പെടുമ്പോൾ അവർ പ്രതികരിക്കും. അപ്പോൾ മാത്രം.

സ്ത്രീപ്രാതിനിധ്യത്തിൻറെ കാര്യത്തിൽ അവിടങ്ങളിൽ നിന്ന് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ട. ആൺകോയ്മ എല്ലാ ജാതിമത രാഷ്ട്രീയ വിഭാഗങ്ങളുടെയും പൊതു മിനിമം പരിപാടിയുടെ ഭാഗമാണ്.


ഉത്തരം (പി ജെ ജെ ആൻറണി)

PJJ Antony

ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ആധുനികതയുടെ പാതയിൽ മുന്നേറിയവരാണ്. ശ്രീനാരായണൻറെയും വാഗ്ഭടാനന്ദൻറെയും സ്വാധീനമാണത്. അത് കുറഞ്ഞുവരികയാണ് . ഇപ്പോൾ കേരളീയ പൊതുസമൂഹത്തെ കൂടുതൽ സ്വാധീനിക്കുന്നത് സവർണ്ണ യാഥാസ്ഥിതികതയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അത് പൊട്ടിയൊലിച്ചത് നമ്മൾ കണ്ടതാണ്. നാണംകെട്ടതായിരുന്നു ആ പ്രതികരണം. ലിംഗസമത്വം ഇവിടാരും അംഗീകരിച്ചിട്ടില്ല. വഷളൻ പുരുഷ മേധാവിത്വം വാഴുന്ന പിന്തിരിപ്പൻ സാമ്രാജ്യങ്ങളാണ് രാഷ്ട്രീയ കക്ഷികളും ജാതി സംഘങ്ങളും മതവും. പേരിനെങ്കിലും കുടുംബത്തിനുള്ളിൽ ജനാധിപത്യം നിലവിലുള്ള കുടുംബങ്ങൾ അഞ്ചിലൊന്നുപോലും ഇവിടില്ല. ആദരവോടെയുള്ള ലിംഗതുല്യത ഇവിടെ ഈ നൂറ്റാണ്ട് ഒടുങ്ങിയാലും വന്നുഭവിക്കില്ല.

Comments
Print Friendly, PDF & Email

You may also like