പൂമുഖം COLUMNSവൈഡ് ആംഗിള്‍ “അത്” അവളാണ്

“അത്” അവളാണ്

 

“അയ്യൻ”
“ദേവി?”
എനിക്കൊന്നു ചോദിക്കാനുണ്ട്

എത്രയോ നൂറ്റാണ്ടുകൾ ഇതിനകം മലകയറിയിറങ്ങി .. ഋതുക്കൾ വിരിഞ്ഞും കൊഴിഞ്ഞും പ്രകൃതി പൂജ ചെയ്തു . . ഇന്നുവരെ നമുക്കിടയിൽ ഒരു വാക്കു പോലും ഉരുക്കഴിഞ്ഞിട്ടി ല്ല ..
..
ഒറ്റ നോട്ടം കൊണ്ട് , കടൽക്കൊള്ളക്കാരനെ നിരായുധനാക്കിയ കൗമാരക്കാരനോട് സംവദിക്കാൻ ഇന്നുവരെ എനിക്ക് ഭാഷയുടെ ആവശ്യം വന്നിട്ടില്ല .

പിന്നെ ഇപ്പോൾ?

മലവഴികളിലും വനാന്തരങ്ങളിലും മലയാളക്കരയിലും ഉയരുന്ന അശാന്തി മന്ത്രങ്ങൾ …..അശുഭനാമജപങ്ങൾ…

ഞാനും കേൾക്കുന്നു

ഒന്ന് ചോദിച്ചോട്ടെ ?

പറയൂ

എന്റെ സാമീപ്യം അയ്യനെ എന്നെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ടോ?

അരുവി വൃക്ഷത്തെയും ,ശൈത്യം വൃശ്ചിക പുലരിയെയും അലോസര പ്പെടുത്തി യിട്ടുണ്ടെങ്കിൽ ..
യുവതികൾ സന്നിധിയിലെത്തി വരി നിന്നാൽ?

കല്ലും മുള്ളും ചവിട്ടി ചോര പൊടിഞ്ഞ പെൺമനം , മന്ദ്രധ്വനിയിൽ ശരണമന്ത്രം … അപ്പോഴാണ് ഈ മലമുടി പൂങ്കാവനമാവുക .

അയ്യന് ഞാൻ ആരായിരുന്നു ?

ഇന്നുവരെ ശുദ്ധപ്രണയത്തിൻറെ യോഗമുദ്ര… ഇനിയും അങ്ങനെ തന്നെ .

പിന്ന എന്തുകൊണ്ടാവും മനുഷ്യർ അയ്യനെക്കുറിച്ചു ആശങ്ക കൊള്ളുന്നത്?

എന്നെക്കുറിച്ചല്ല, അവനവനെ കുറിച്ച് തന്നെയാണ് അവർ ആശങ്കപ്പെടുന്നത് അനാസക്തിയിൽ അനശ്വരത പൂകുന്ന സ്നേഹം അവർക്കിപ്പോഴും അപരിചിതമാണ് .ഹ്രസ്വമായ വ്രതകാലത്തേക്കു പോലും . സഹജീവിയുടെ ശരീരത്തെ അവർ ഭയക്കുന്നു
.
അപ്പോൾ അവരുടെ പ്രണയ വാഴ്ത്തുകൾ ? അനശ്വര ഗീതങ്ങൾ?

എല്ലാം ഇന്ദ്രിയാനുഭൂതിതേടുന്നതിനിടയിലെ പൊയ് ചൊല്ലുകൾ മാത്രം . .

പക്ഷെ , അവർക്കു ഇത്തവണ വല്ലാതെ നൊന്തുവെന്നു തോന്നുന്നു . സ്വന്തം പെൺകുട്ടികൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ടപ്പോഴും ആൺകുരുന്നുകൾ കലാലയമുറ്റത്തു കുരുതികൊടുക്കപ്പെട്ടപ്പോഴും ,മൗനം കുടി’ച്ചിരുന്ന, അമ്മമാർ കൂട്ടത്തോടെ സമരത്തിൽ അണിനിരന്നത് കണ്ടില്ലേ?

നോവ് ! പുലിപ്പാൽകഴിച്ചാൽ മാത്രം മാറുന്ന ഒരു നോവാണ് എന്നെ ആദ്യമായി കാട്ടിലെത്തിച്ചത് എന്നത് മറന്നുവോ ? അതും ഒരമ്മയായിരുന്നു. അതിനു പുറകിലും അധികാരമത്സരവും ഉപജാപങ്ങളും ആയിരുന്നു . അന്നാണ് ഞാൻ കള്ളമില്ലാത്ത കാടിൻറെ ഉള്ളറിഞ്ഞത്

നടയടച്ചു അവസാനത്തെ മനുഷ്യനും മലയിറങ്ങിയ ഈ അസുലഭ തുലാസന്ധ്യയിൽ ദേവി പറയൂ…ഭക്തിയുടെ സാക്ഷാൽക്കാരം എവിടെയാണ് ?ദർശനത്തിലോ ,നാമജപത്തിലോ , ആചാരാനുഷ്ഠാനങ്ങളിലോ ?

എൻറെ പ്രണയമാണെൻറെ ഭക്തി .ഭക്തിതന്നെയാണെൻറെ പ്രണയവും അത് ഞാൻ സാക്ഷാൽക്കരിച്ചത് എൻറെ അസ്തിത്വത്തിൽ തന്നെ .
എന്ന് വെച്ചാൽ?

അതില്ലെങ്കിൽ ഞാനില്ല .
.
കിഴക്കെ ചക്രവാളത്തിലെ നക്ഷത്രത്തെയും ഈ നിത്യാനുരാഗിയെയും കാഴ്ചപ്പുറത്തിരുത്തിയ കലിയുഗ കുമാരനോട് , ഒരൊറ്റ ചോദ്യം കൂടി

പുണ്യപാപങ്ങൾ ശിരസ്സിലേന്തി “അത് നീയാണ്” എന്ന അക്ഷരങ്ങളിലേക്ക് പടി കയറുന്ന ആ പുരുഷാരത്തിൽ നിന്ന് ഒരാളെങ്കിലും ഉറക്കെ വിളിച്ചു പറായാത്തതെന്ത് ?

, “അത്” അവളാണ് അവളെ തടയരുത് . അവൾ നമുക്ക് മുൻപും പിൻപും ഒപ്പവും നടക്കേണ്ടവൾ …”

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like