പൂമുഖം TRAVEL കൃഷ്ണഗാഥ തേടിയൊരു യാത്ര – 7

എച്ചിൽ പ്രസാദം : കൃഷ്ണഗാഥ തേടിയൊരു യാത്ര – 7

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ശ്രീകൃഷ്ണഗാഥകളില്‍ നമുക്ക് ഏറെ പരിചിതമായ പ്രദേശമാണ് യശോധര-നന്ദഗോപരുടെ നന്ദഗാവ്.
കൃഷ്ണലീലകളോരോന്നും ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ചരിതങ്ങളാണ്. മൂന്നാം ദിവസത്തെ സന്ദര്‍ശന ഇടങ്ങളില്‍ നന്ദഗോപരുടെ വസതിയായിരുന്ന, കുന്നില്‍ മുകളിലെ ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു യാത്ര പുറപ്പെടും മുമ്പ് ഗുരുനാഥന്‍ ഘനശ്യാമദാസ്‌ ബാബാജിയുടെ മന്ദിരത്തില്‍ വച്ച് സാധുസന്ന്യാസിമാര്‍ക്ക് പ്രസാദവിതരണം ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വൃന്ദാവനത്തിലേയും പരിസരദേശങ്ങളിലേയും ഒട്ടനവധി സന്ന്യാസിമാര്‍ അതില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പലവിധത്തിലുള്ള ആടയാഭരണ ങ്ങളും, ഭാണ്ഡക്കെട്ടുകളും പേറുന്നവര്‍.
സമാധിയിലെ സ്ഥിരതാമസക്കാരായ പ്രാവുകളുടെ കുറുകലുകള്‍ക്കിടയില്‍ സാധുക്കള്‍ പ്രസാദമൂട്ടിനായി നിരന്നിരുന്നു. അവര്‍ക്ക് മുമ്പില്‍ വിവിധ ഉപദംശങ്ങള്‍ നിരന്നു. അതില്‍ നിന്ന് ഒരു വറ്റെടുത്തു നിലത്തു വച്ച് വെള്ളം നീരായി അര്‍പ്പിച്ചശേഷം അവര്‍ ഭോജനം ആരംഭിച്ചു.  അടുക്കും ചിട്ടയുമായി അവര്‍ ആഹാരം കഴിക്കുന്നത്‌ ഞങ്ങള്‍ ആരാധനാ പൂര്‍വം നോക്കിനിന്നു.
താപസന്മാര്‍ പ്രസാദം കഴിച്ച് എണീറ്റു. ആരും കഴിച്ച പാത്രം എടുക്കുന്നതായി കണ്ടില്ല .
കണ്ടത്, വൃജാവാസികളായ സന്ന്യാസിന്മാര്‍ അവശേഷിപ്പിച്ച് പോയ ഭക്ഷണം ഒരു പാത്രത്തില്‍ ശേഖരിക്കുന്നതാണ്.
പന്നികള്‍ക്കോ , കുരങ്ങുകള്‍ക്കോ, പശുക്കള്‍ക്കോ , പട്ടികള്‍ക്കോ വേണ്ട ഭക്ഷണമായി ശേഖരിക്കുകയാവാം എന്ന് കരുതി അടുത്ത പന്തിക്ക് തീര്‍ത്ഥാടകരോടൊപ്പം ചാടിക്കയറി പ്രസാദം കഴിക്കാനിരുന്നു. പുതിയ പാത്രങ്ങള്‍ നിരന്നു.  ആദ്യം വിളമ്പിക്കൊണ്ട് വന്ന പദാര്‍ത്ഥം കണ്ടപ്പോള്‍ ഞെട്ടലുണ്ടായി.

.V1

സന്ന്യാസിമാരുടെ ഉച്ഛിഷ്ഠമായിരുന്നു അത്. അതിനു പിന്നാലെ സാധാരണ ഭക്ഷണവും വിളമ്പി.
നാളിതുവരെ, അറിഞ്ഞുകൊണ്ട്, എച്ചില്‍ കഴിക്കാനിട വന്നിട്ടില്ലെന്ന ഉള്ളഹങ്കാരത്തിന്‍റെ മുനയൊടിയുന്നത് തിരിച്ചറിയുന്നു.
ജ്ഞാനേശ്വരന്മാരായ മഹത്തുക്കള്‍ ഭക്ഷിച്ചതിന്‍റെ ബാക്കി വന്ന പദാര്‍ത്ഥങ്ങള്‍ കേവലമായ എച്ചില്‍ അല്ല എന്നും, അവ അവരുടെ സ്പര്‍ശം കൊണ്ട് പാവനമായ പ്രസാദമായി മാറുമെന്നുമാണ് വിശ്വാസം.
എങ്കിലും, മഹത്തുക്കള്‍ ഭക്ഷിച്ചതിന്‍റെ ബാക്കിയായി വന്ന പദാര്‍ത്ഥങ്ങളെ ഒരു ചെറുനെല്ലിക്കാവലിപ്പത്തില്‍ ഒഴിച്ച് നിര്‍ത്തിക്കൊണ്ട്, എച്ചിലാകാത്ത ഭക്ഷണം അകത്താ ക്കിയപ്പോള്‍ മനസ്സിനുള്ളില്‍ ശക്തമായ വടംവലി.
വേണമെങ്കില്‍ ആ ഭക്ഷണം ആരുമറിയാതെ പാത്രത്തോടൊപ്പം ചുരുട്ടിയെറിയാം.
പക്ഷേ, തീര്‍ത്ഥാടന ദൌത്യങ്ങള്‍ക്കിടയിലെ  സത്യസന്ധത നിലനിര്‍ത്തേണ്ടത് ജന്മനിയോഗ മായി കാണേണ്ടതുണ്ട്.
ഒടുക്കം മനസ്സ് ഉച്ചിഷ്ഠം ഭക്ഷിക്കാനായി വഴങ്ങിത്തരുന്നത് തിരിച്ചറിഞ്ഞു. ആ ഉരുളയെടുത്ത് ജ്ഞാനബോധത്തോടെ തൊണ്ടയിലിട്ട് ഒരിറക്ക് വെള്ളം കുടിച്ചപ്പോള്‍ ഭാരം പക്ഷിത്തൂവല്‍ പോലെ ലഘുവായിത്തീരുന്നത് തിരിച്ചറിഞ്ഞു. അജ്ഞാതനായ തപോധനന്‍റെ അനുഗ്രഹാശിസ്സുകള്‍ തന്നില്‍ വന്ന് പതിക്കുന്നത് സങ്കല്‍പ്പിക്കാന്‍ ആഹ്ലാദം തോന്നി. വൃന്ദാവനത്തില്‍ നിന്നും അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നന്ദഗോപരുടെ വസതി നിന്നിരുന്ന നന്ദ ഗാവിലെത്താം. തീര്‍ഥാടക കേന്ദ്രങ്ങളോടനുബന്ധിച്ച് തഴച്ചു വളരുന്ന വാണിജ്യ സമുച്ചയങ്ങളും ബഹളങ്ങളും ധാരാളമായുള്ള ഇടം. മലയുടെ മുകളിലെ ക്ഷേത്രത്തി ലേക്കുള്ള ഇടുങ്ങിയ വഴികളിലുടനീളം പൂജാദ്രവ്യങ്ങളും, പാലും വെണ്ണയും യഥേഷ്ടം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. തെരുവീച്ചകള്‍ പാറിക്കളിക്കുന്ന വെണ്ണപ്പാത്രങ്ങളിലും, തൈരു പാത്രങ്ങളിലുമെല്ലാം കടും പിങ്ക് നിറമുള്ള റോസാ ദളങ്ങള്‍ ഉതിര്‍ത്തിട്ടിട്ടുണ്ട്.ഒപ്പം ശ്രീകൃഷ്ണ ലീല സംബന്ധിയായ വിവിധ സാഹചര്യങ്ങളെ ധ്വനിപ്പിക്കുന്ന വര്‍ണ്ണ ചിത്രങ്ങളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു.
നന്ദ ഗോപരുടെ വസതിയായിരുന്നെന്നു വിശ്വസിക്കുന്ന കുന്നിന്‍ മുകളില്‍ മനോഹരമായ ക്ഷേത്ര സമുച്ചയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.കരിങ്കല്ലില്‍ കൊത്തുവേലകളോടെ തീര്‍ത്ത മണ്ഡപങ്ങളും, സ്തൂപങ്ങളുമുള്ള വാസ്തുവിദ്യ അവിടെ ദര്‍ശിക്കാം.ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ പൊതുവില്‍ യന്ത്ര വിധിപ്രകാരമുള്ള ആചാരാ നുഷ്ഠാനങ്ങളാണ് നടന്നു കാണുന്നത്. ഭഗവാനെ സങ്കല്‍പ്പിച്ചു ഒരു കാര്യവും ചെയ്യാറില്ല. എന്തുചെയ്യുന്നോ, അത് യഥാര്‍ത്ഥ വസ്തുവകകള്‍ ഉപയോഗിച്ചു ചെയ്യുന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ തന്ത്ര വിധി പ്രകാരമാണ് പൂജാ കാര്യങ്ങള്‍ നടക്കുന്നത്. ഭഗവാനെ പട്ടുവസ്ത്രങ്ങള്‍ ഉടുപ്പിക്കുന്നതായി മുദ്രകളുടെയും, മന്ത്രങ്ങളുടെയും അകമ്പടിയോടെ സങ്കല്‍പ്പിച്ചാല്‍ മതിയാകും. മറ്റുചിലയിടങ്ങളില്‍ മന്ത്ര വിധി പ്രകാരമുള്ള ആചാരങ്ങളും നിലവിലുണ്ട്. അപ്രകാരം ഭാരതത്തിലെ ക്ഷേത്രാചാരങ്ങളില്‍ യന്ത്രവിധി യും, മന്ത്രവിധിയും, തന്ത്രവിധിയും അനുശാസിച്ചിട്ടുണ്ട്.എന്നാലും ദക്ഷിണേന്ത്യയിലെ ക്ഷേത്ര സങ്കല്പ്പങ്ങളെക്കാള്‍ സുതാര്യമായൊരു വ്യവസ്ഥ ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ കാണാം. അവിടെ ഭക്തനും, ചൈതന്യത്തിനുമിടയില്‍ പൌരോഹിത്യത്തിന്‍റെ കാര്‍ക്കശ്യം തുലോം കുറവായി അനുഭവപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ക്ഷേത്ര നടയില്‍ തൂക്കിയിട്ടി രിക്കുന്ന ഓട്ടുമണിയില്‍ മിക്ക ഭക്തരും തുടര്‍ച്ചയായി മണിയടിക്കുന്നത് കാണാം.എന്നാല്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭക്തന് അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല.

ക്ഷേത്ര ദര്‍ശനങ്ങളില്‍ ഭക്തന്‍റെ ഭഗവാനോടുള്ള പെരുമാറ്റ സംഹിതകള്‍ക്കൊരു ഏകീകൃത സ്വഭാവം വന്നു ചേരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഭഗവാനോട് ഉപാധികളില്ലാതെ അപേക്ഷിക്കാനും, അവിടെ നിന്ന്‍ പൊട്ടിക്കരയാനും,പരാതി പറയാനും, പാട്ടുപാടാനും, നൃത്തം ചെയ്യാനുമുളള സ്വാതന്ത്ര്യം ആവശ്യമാണ്‌.നന്ദ ഗോപരുടെ ക്ഷേത്രത്തിനുള്ളിലേക്ക് തീര്‍ത്ഥാടകരോടൊപ്പം പ്രവേശിച്ച ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സ്ത്രീ അകത്തേക്കു കയറാതെ മണ്ഡപത്തിന് വെളിയില്‍ ഒരു തൂണ് ചാരി, പ്രാര്‍ഥനാപൂര്‍വ്വം കണ്ണുകള ടച്ചിരുന്നു. അകത്തെ ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ണീര്‍ ധാരധാരയായി പ്രവഹിപ്പിച്ചുകൊണ്ട്‌ മനമുരുകി ഭഗവാനോട് എന്തൊക്കെയോ അപേക്ഷിച്ചു കരയുന്ന അവര്‍ക്ക് ചുറ്റും യാദവ സ്ത്രീകളും, കുറെ കുട്ടികളും വട്ടമിട്ടിരുന്ന് പ്രാര്‍ത്ഥിക്കുന്നു.അവര്‍ക്ക് ആ സ്ത്രീയുടെ ദുഖത്തിന്‍റെ കാരണമറിയണം. അകാലത്തില്‍ അവരെ വിട്ടുപിരിഞ്ഞുപോയ സീമന്തപുത്രനെക്കുറിച്ചുള്ള വിചാരങ്ങളായിരുന്നു ആ മാതൃ ഹൃദയത്തെ അപ്പോള്‍ തപിപ്പിച്ചിരുന്നത്. യദുകുല സ്ത്രീകളും, കുട്ടികളും ഭഗവത് കീര്‍ത്തനങ്ങളോടെ അവരെ സമാധാനിപ്പിക്കുന്നത് കണ്ടു. അവരിലൊരാള്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുകൊണ്ടുവന്ന സാമാന്യത്തിലധികം വലിപ്പമുല്ലൊരു ലഡ്ഡു പ്രസാദമായി കൊടുത്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദക്ഷിണ കൊടുക്കാന്‍ തുടങ്ങിയതോടെ അതുവാങ്ങാനായി എവിടെ നിന്നെല്ലാമോ ജനം ആര്‍ത്തിരമ്പിയെത്തി. ദക്ഷിണ കിട്ടിയവര്‍ തന്നെ വീണ്ടും അതിനായി കൈ നീട്ടുന്നു.സംഗതി പന്തിയല്ലെന്ന് കണ്ട് തീര്‍ത്ഥാടക സംഘം ആ സ്ത്രീയെയും കൊണ്ട് വേഗം വെളിയിലേക്കിറങ്ങി. മിക്ക ക്ഷേത്രങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടാവണം.ഭക്തിയുടെ ശുദ്ധ സാത്വികാലസ്യത്തില്‍ വീണു പോകുന്ന ഭക്തരെ പലവിധത്തിലും ചൂഷണം ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇവരുടെ ഇടപെടലുകളില്‍ കുറച്ചു ഭക്തിയും, വിഭക്തിയും ഇടകലര്‍ന്നു കിടക്കുന്നതിനാല്‍ പലപ്പോഴും അമളി പറ്റിയ ശേഷം മാത്രമേ, ഭക്തര്‍ക്ക് ബോധ്യപ്പെടാറുള്ളൂ. ഒരു പറ്റം യദുകുല ബാലന്മാര്‍ ഞങ്ങള്‍ പടിക്കെട്ടുകള്‍ ഇറങ്ങിപ്പോരുമ്പോള്‍ കൈനീട്ടിക്കൊണ്ട് പിന്നാലെ കൂടി. ഒരു പയ്യനെ വിളിച്ചു മാറ്റി നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

V3

“സ്കൂളില്‍ പോയി വിദ്യ അഭ്യസിക്കേണ്ട പ്രായത്തില്‍ പൈസ യാചിച്ചു നടക്കുന്നത് തെറ്റായി തോന്നുന്നില്ലേ….?” ഇപ്പോള്‍ സ്കൂള്‍ അടച്ചിരിക്കുന്ന സമയമായതിനാല്‍ രാവിലെ മുതല്‍ ക്ഷേത്രത്തിന്‍റെ പരിസരത്ത് കഴിച്ചുകൂട്ടിയാല്‍ നല്ലൊരു തുക തടയും.ഇവിടെ വരുന്ന ഭക്തന്മാരധികവും ശ്രീകൃഷ്ണന്‍റെ കൂട്ടത്തിലുള്ള ഗോപാലകന്മാരായാണ് ഞങ്ങള്‍ കുട്ടികളെ കാണുന്നത്. അവര്‍ക്ക് സന്തോഷം ലഭിക്കുന്നതിലൂടെ ഭഗവത് പ്രസാദമുണ്ടാകുമെന്നു കരുതുന്നതിനാല്‍ ആളുകള്‍ വെറും കയ്യോടെ ആരെയും വിടാറില്ല. ഞങ്ങളുടെ മാതാപിതാക്കളുടെ അറിവോടെയാണ് ഞങ്ങള്‍ പൈസ വാങ്ങുന്നത്. ചില കുട്ടികള്‍ ക്ഷേത്രത്തിന്‍റെ പലദിശകളില്‍ നിന്നും ഒരാളോട് തന്നെ പലപ്രാവശ്യം വാങ്ങാറുണ്ട്. അത് തെറ്റുതന്നെയാണ്. മറ്റു പലരും അങ്ങിനെ ചെയ്യാറുണ്ടെങ്കിലും ഞാന്‍ ഒരാളില്‍ നിന്നും ഒരു വട്ടം മാത്രമേ വാങ്ങുകയുള്ളൂ.ശ്രീകൃഷ്ണ കഥകള്‍ യദുകുല ബാലന്മാരുടെ കഥകള്‍ കൂടിയാകയാല്‍ ക്ഷേത്ര നടത്തിപ്പുകാര്‍ ആരും അവരെ വിലക്കാറില്ല. നന്ദ ഗാവിലെ ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ ദൂരെ ഒരു മലയും, കെട്ടിട സമുച്ചയങ്ങളും കാണാം.
ശ്രീ കൃഷ്ണ കാമിനി രാധാറാണിയുടെ കൊട്ടാരമാണത്.നന്ദ ഗോപരുടെ വസതിയുടെ മട്ടുപ്പാവില്‍ നിന്നുമുള്ള നാല് പുറത്തെയും ദൂരക്കാഴ്ചകള്‍ നയന മനോഹരമാണ്. രാത്രിയില്‍ നിലാവ് വീണു നീലിച്ച പാടശേഖരങ്ങള്‍. അവയിലൂടെ അലയായി ഒഴുകിയെത്തിയ വേണുഗാനം രാധാറാണിയുടെ കര്‍ണ്ണങ്ങളില്‍ കൃഷ്ണ പ്രേമത്തിന്‍റെ വിത്ത്‌ വിതച്ചിരിക്കാം. ആ മുരളീ നാദ മാസ്മരികതയില്‍ ഭഗവാന്‍ കൃഷ്ണന്‍ രാധാകൃഷ്ണനായി മാറുന്നു.

ക്ഷേത്രത്തിലെ ഗൈഡുമാരിലൊരാള്‍ നാല് വശത്തെയും പാടശേഖരങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് കൃഷ്ണനുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കഥകള്‍ പറയുന്നുണ്ടായിരുന്നു. ഏറിയാല്‍ മുപ്പതു വയസ്സിലധികം പ്രായം തോന്നാത്ത അദ്ദേഹം ദ്വാപരയുഗത്തില്‍ നടന്ന കഥ നേരില്‍ കണ്ടതുപോലെ ഗൌരവത്തില്‍ പറഞ്ഞു വിശ്വസിപ്പിക്കുമ്പോള്‍ കൌതുകം തോന്നി.ശ്രീ കൃഷ്ണ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ക്ക് ചുരുങ്ങിയത് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഈ കാലഘട്ടത്തില്‍ നിന്ന് ഇന്നുവരെ ഭൂതലത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്കും ജീവിത വ്യവസ്ഥകള്‍ക്കും വിധേയരായി വേണം നോക്കി കാണുവാന്‍. ഓരോ കാലഘട്ടത്തിലും രാജാക്കന്മാരുടെ താല്‍പ്പര്യങ്ങളും, അഭിരുചികളും, ദര്‍ശനങ്ങളുമെല്ലാം വ്യത്യസ്തമായി ഈ കാഴ്ചകളെ സ്വാധീനിച്ചിട്ടുണ്ട്.
ഇന്ന്‍ ശ്രീ കൃഷ്ണ ക്ഷേത്രങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന മന്ദിരങ്ങള്‍ക്ക് അഞ്ഞൂറിനും ആയിരത്തിനുമിടയിലുള്ള വര്‍ഷങ്ങളുടെ പഴക്കമേ കാണാന്‍ സാധ്യതയുള്ളൂ. അതില്‍ തന്നെ അവസാന കാലഘട്ടങ്ങളില്‍ ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരില്‍ ചിലര്‍ ക്ഷേത്ര ധ്വംസനങ്ങളുടെ പേരിലുള്ള കുപ്രസിദ്ധിയും നേടിയിട്ടുണ്ട്. മഥുരയിലെ പ്രസിദ്ധമായ കംസന്‍റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ ക്ഷേത്രം ഔറംഗസേബിന്‍റെ വൈരത്തിന് ഇരയായിത്തീര്‍ന്ന ശ്രീ കൃഷ്ണക്ഷേത്രമാണ്. ശ്രീ കൃഷ്ണന്‍ ദേവകിയ്ക്ക് ജനിച്ചുവീണ ജയില്‍ നിന്ന ഇടമാണിവിടുത്തെ പ്രതിഷ്ഠ. ഔറംഗസേബ് ക്ഷേത്രങ്ങളുടെ കൂറ്റന്‍ താഴികക്കുടങ്ങള്‍ പൊളിച്ചു മാറ്റി അവിടെ പേര്‍ഷ്യന്‍ രീതിയിലുള്ള പള്ളി മിനാരങ്ങള്‍ നിര്‍മ്മിച്ചു വച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ക്ഷേത്രവും പള്ളിയും ചേര്‍ന്ന ഒരു വാസ്തുസമുച്ചയമായി അത് നിലകൊള്ളുന്നു. ജനാധിപത്യ സര്‍ക്കാരുകള്‍ സായുധസേനയെ തോക്കും ക്യാമറകളും നല്‍കി അവിടെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഓരോരുത്തരേയും സംശയ കണ്ണോടെ ഉഴിഞ്ഞശേഷം ലോഹസാന്നിധ്യം വിവേചിച്ചറിയുന്ന യന്ത്രങ്ങളിലൂടെ കയറ്റിവിട്ട് ആസ്വദിക്കുന്ന ഒരിടമായി മാറ്റാന്‍ കഴിഞ്ഞു. ഇന്ത്യയിലെ  വിമാനത്താവളങ്ങളില്‍ പോലും ഇത്ര കര്‍ശന നിരീക്ഷണം അനുഭവപ്പെടാറില്ല. യാത്രക്കിടയില്‍ ശ്രീകൃഷ്ണന്‍റെ  നിധിവന്‍ എന്ന സ്ഥലവും സന്ദര്‍ശിച്ചു. ഉയരം കുറഞ്ഞതും വളഞ്ഞു പുളഞ്ഞ ശിഖരങ്ങള്‍ നിറഞ്ഞതും ആയ കുള്ളന്‍ മരങ്ങളുടെ ഉദ്യാനമാണത്. അതിനു നടുവില്‍ ഒരു ചെറു മണിമാളിക നിലകൊള്ളുന്നു. അതിനുള്ളില്‍ സപ്രമഞ്ചക്കട്ടിലും, പട്ടു വിതാനങ്ങളുമൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുന്ന കുറച്ചുപേര്‍. അവര്‍ക്ക് ദക്ഷിണ കൊടുക്കുമ്പോള്‍ രാധാറാണിയുടെ പേരിലുള്ള ചാന്തുപൊട്ടും, കുപ്പിവളകളും,നഖച്ചായങ്ങളും ലഭിക്കുന്നു.

V2

Comments

You may also like