പൂമുഖം COLUMNSഫീച്ചർ കരിങ്കണ്ണാ തുറിച്ച് നോക്ക്

കരിങ്കണ്ണാ തുറിച്ച് നോക്ക്

പതിനഞ്ച് വര്‍ങ്ങള്‍ക്കെങ്കിലും മുമ്പ് ഒരു ദിവസം എന്റെ വീടിനടുത്തുള്ള ബസ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന വാഴത്തോട്ടത്തില്‍ ഞാന്‍ ഒരു നോക്കുകുത്തി കണ്ടു. ഞെട്ടിപ്പിക്കുന്ന വിധം അതിന് എന്നോട് സാമ്യമുള്ളതായി എനിക്ക് തോന്നി. ഞാന്‍ വീണ്ടും നോക്കി. ഞാന്‍ ധരിച്ചിരുന്ന അതേ ഇളം നീല ഷര്‍ട്ടും കറുത്ത പാന്റുമാണ് അത് ധരിച്ചിരുന്നത്. അതിന് തലയുണ്ടായിരുന്നില്ല. അത് നിശ്ചലമായിരുന്നു. അതിന് ചുറ്റുമുള്ള ലോകം ചലിച്ചുകൊണ്ടേയിരുന്നിരുന്നു. വ്യക്തിജീവിതത്തിലെ ഏറ്റവും ഉള്‍വലിഞ്ഞ ആ കാലഘട്ടത്തില്‍ ആ നോക്കുകുത്തി നിശ്ചലവും ഏകാന്തവുമായി എന്നെ പ്രതിനിധാനം ചെയ്യുന്നതുപോലെ എനിക്ക് തോന്നി. എനിക്കിത് ആരോടും പറയാന്‍ കഴിയുമായിരുന്നില്ല. പിറ്റേന്ന് അതിരാവിലെ ഞാന്‍ വാഴത്തോട്ടത്തിലെത്തി. ആകെ ചെയ്യാനുള്ളത് കുറച്ച് ഫോട്ടോകളെടുക്കുക എന്നത് മാത്രമായിരുന്നു. നോക്കിയും ഫോട്ടോകളെടുത്തും ഞാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചു. ഫോട്ടോയെടുപ്പിന്റെ സാങ്കേതികവും സൗന്ദര്യപരവുമായ കാര്യങ്ങളെക്കുറിച്ച് ഞാനപ്പോള്‍ ചിന്തിച്ചിരുന്നതേയില്ല. ഒരേ നോക്കുകുത്തിയുടെ പലവിധ ഫോട്ടോകള്‍ തോന്നും വിധം പകര്‍ത്തിക്കൊണ്ടിരുന്നു. നോക്കുകുത്തിയുമായി ഞാന്‍ ഏര്‍പ്പെട്ട നിശ്ശബ്ദമായ സംഭാഷണം പോലെയായിരുന്നു അത്.

രണ്ടാഴ്ചക്കുള്ളില്‍ വീടിനടുത്തുള്ള ഒഴിഞ്ഞ ഒരു വഴിയിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു നോക്കുകുത്തിയെ കണ്ടു. ആ നോക്കുകുത്തി അന്തര്‍മുഖനായ ഒരു മനുഷ്യനെപ്പോലെ തല താഴ്ത്തി നില്‍ക്കുകയായിരുന്നു. അത് മഴക്കാറുള്ള ഒരു വൈകുന്നേരമായിരുന്നു. സൂര്യന്‍ അസ്തമിച്ചിട്ടില്ലായിരുന്നു. മേഘങ്ങള്‍ക്കു കീഴെ തലകുനിച്ചുനിന്ന ആ നോക്കുകുത്തി, മഴമേഘങ്ങള്‍ക്കു കീഴെ ഉള്‍വലിഞ്ഞ മനസ്സുമായിരുന്ന എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, ഒരു നോക്കുകുത്തിയുടെ മുന്നില്‍ ഷോക്കടിച്ചതുപോലെ ഞാന്‍ നിന്നത് മറ്റൊരിടത്താണ്. അയല്‍ ജില്ലയായ മലപ്പുറത്തെ കൊളത്തൂരിലേക്ക് ഒരു നാടകം കാണാന്‍ പോവുകയായിരുന്നു ഞാന്‍. റോഡരികില്‍ കണ്ട പോത്തിന്‍ തലയുള്ള പര്‍ദ്ദ ധരിച്ച സ്ത്രീരൂപം ബഹുവിധാനുഭവങ്ങളിലേക്ക് എന്നെ എടുത്തെറിഞ്ഞു. ക്യാമറയുമായി നോക്കുകുത്തികളെ പിന്‍തുടരാന്‍ അന്ന് തീരുമാനിച്ചു. യാത്ര ചെയ്യുന്നിടത്തെല്ലാം നോക്കുകുത്തി തിരഞ്ഞു. അതിനുവേണ്ടി യാത്രകള്‍ ചെയ്തു. ബൈബിളില്‍ ജെറമിയയുടെ പുസ്തകത്തില്‍ യഹൂദേതരരുടെ വിഗ്രഹങ്ങളെ വെള്ളരിപ്പാടത്തെ നോക്കുകുത്തികളോട് ഉപമിച്ചത് വായിച്ചു.

ഉള്‍വലിഞ്ഞ കാലഘട്ടങ്ങളില്‍ നോക്കുകുത്തി അനുഭവിപ്പിച്ച സാമ്യബന്ധങ്ങളില്‍ നിന്നാരംഭിച്ച ഈ കലാപദ്ധതി ആദ്യഘട്ടത്തില്‍ ഡോക്യുമെന്ററി തലത്തിലും പിന്നീട് സങ്കല്പന തലത്തിലും വികസിച്ചു. ഈ കലാപദ്ധതി നോക്കുകുത്തിയെ ലോകത്തെ ഏറ്റവും പ്രാചീനമായ പ്രതിഷ്ഠാപനകലയായി സമീപിക്കുകയും സൂക്ഷ്മമായി രേഖപ്പെടുത്തുകയും സങ്കല്പനത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. 2010 മുതല്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങള്‍ ഈ പ്രോജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിശ്ചലവും ഏകാന്തവും ധ്യാനാത്മകവുമായി പ്രകൃതിയും ജീവിതവും പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കുന്നു നോക്കുകുത്തികള്‍. ഉര്‍വ്വരത, സംഗീതം, ധ്യാനാത്മകത തുടങ്ങി പ്രകൃതിയുടെ ആത്മാംശങ്ങളോരോന്നും അവ ധ്വനിപ്പിക്കുന്നുണ്ട്. അത് കവിതയാവുന്നു. അത് ചിലപ്പോള്‍ ജൈവപ്രകൃതിയെ ആഘോഷിക്കുന്നു. മറ്റുചിലപ്പോള്‍ അഗാധമായ നിരാശയോ അതിരറ്റ പ്രതീക്ഷയോ ആത്മബന്ധമോ ആവിഷ്‌കരിക്കുന്നു. നിന്ന നിലത്തുനിന്ന് ദേശം, ഭാഷ, വേഷം, ജീവിതരീതികള്‍, പ്രതികരണങ്ങള്‍, ഭാവനകള്‍, എന്നിവയെ അവ രേഖപ്പെുടുത്തുകയും ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. ചിലപ്പോഴെങ്കിലും അത് മനുഷ്യനെ നോക്കുകുത്തിയാക്കുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like