പൂമുഖം LITERATUREകവിത ഒടിയൻ

ഒടിയൻ പലതരത്തിൽ വരും
പട്ടിയായ്, പൂച്ചയായ്,
ഏലിയായ്, പുലിയായ്
പല വേഷങ്ങളിലും.
മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെ
എത്ര വേഷങ്ങൾ ..

സാഹോദര്യത്തിന്റെ
മിനാരങ്ങളുടയ്ക്കുമ്പോൾ
കാവി

ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽ
ചുടലയക്ഷിയുടെ അപരത

നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെ
ഞെരിക്കുമ്പോൾ
വേഷമേയില്ലായിരുന്നു

ഹിമവാന്റെ നെഞ്ചിൽ
സൈനികവ്യൂഹത്തിനുമേൽ
പാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം

ലിദ്ദർ നദിയുടെ കരയിൽ
ആഹ്ളാദാരവങ്ങൾക്കിടയിൽ
മതം ചോദിച്ചു വെടിയുതിർത്ത്
ഇടിമിന്നലായി…

മതമില്ലാത്ത ഒടിയന് മതമെന്തിന്?
കരിംപച്ചയുടെ വേഷപ്പകർച്ച..
ഒടിയന് വേണ്ടത് രക്തം
നമ്മുടെ രക്തം, ഇന്ത്യയുടെ രക്തം
ഒടിയന്റെ താവളം തേടി നാം അലയുകയോ ?
അവൻ ഇവിടെയാണ്,ഇവിടെ
നമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.