വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്‌കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക് പ്രാക്ടീസ് കൊടുക്കുന്നുണ്ട്. വലിയ കമ്പനിമുതലാളിമാർ, മാനേജർമാർ, സെയിൽസ് മെൻ, ടെക്നിഷ്യൻമാർ ലോഡ് ചുമക്കുന്ന തൊഴിലാളികൾ അങ്ങനെ എല്ലാ തുറകളിലും പെട്ടവർ ഓരോ ടീമിലുണ്ട്. വലിയ തയ്യാറെടുപ്പുകൾ ആണ് നടത്തിയിട്ടുള്ളത്. ഓരോ ടീമിലും രണ്ട് കളിക്കാർ വെച്ച് കേരളത്തിൽ നിന്ന് വരാം. ലോക്കൽ സെവൻസ് ടൂർണമെന്റിൽ മിന്നി നിൽക്കുന്ന താരങ്ങളെ ഓരോ ടീമുകളും ഇറക്കിയിട്ടുണ്ട്. ഇന്നലെയാണ് പലരും വിമാനമിറങ്ങിയത്. പ്രായഭേദമന്യേ ഓരോ ടീമുകളിലും കളിക്കാർ അണിനിരക്കുന്നുണ്ട്. ഇരുപത് മിനുട്ടാണ് ഓരോ കളിയും. 3 ടീമുകളുള്ള രണ്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച പോയിന്റുള്ള രണ്ട ടീമുകൾ സെമിയിലേക്ക്. എന്തായാലും പുലർച്ചെ അഞ്ച് മണിയെങ്കിലും ആകും എല്ലാം കഴിയുമ്പോൾ. ജനുവരിയിലെ തണുപ്പൊന്നും വകവെയ്ക്കാതെ കുടുംബ സമേതം എല്ലാവരും എത്തിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി അടുത്തുള്ള ചെറിയ ഗ്രൗണ്ടിൽ ഫൺ ഗെയിംസ് തയ്യാറാക്കിയിട്ടുണ്ട്. ആകെക്കൂടി ഒരു ഉത്സവ പ്രതീതി.
റഫറിയായി സ്വദേശിയായ ഇബ്രാഹിമിനെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. മലയാളി റഫറി ആയാൽ പ്രശ്ന സാധ്യത കൂടുതലാണ്. ഇതാകുമ്പോൾ വലിയ തർക്കത്തിനൊന്നും ആൾക്കാർ പോകില്ല. മൈക്ക് സെറ്റാക്കിയിട്ടുണ്ട്. സരസമായി കമന്ററി പറയുന്ന സലാം കാണികളെ രസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പോൺസർമാരുടെ ലോഗോയുള്ള ബോർഡുകൾ പലയിടത്തായി കാണാം. ടൂർണമെന്റിന്റെ ഫ്ലക്സ് അടിച്ച ബോർഡിന് കീഴെ ഒരു സ്റ്റേജ് സജ്‌ജമാക്കിയിട്ടുണ്ട്.
ടൂർണമെറ്റിൽ കപ്പ് അടിക്കാൻ സാധ്യത കല്പിക്കുന്ന ബ്ലൂ സ്റ്റാർ ടീമിന്റെ മുതലാളി നടേശനും ഡയമണ്ട് സ്റ്റാർ ടീമിന്റെ മുതലാളി സാബു വർക്കിയും ടീമുകൾക്ക് അവസാന നിമിഷ നിർദേശങ്ങൾ കൊടുക്കുന്ന തിരക്കിലാണ്. കൃത്യം പതിനൊന്നര മണിക്ക് തന്നെ കിക്കോഫ് നടന്നു. ആറു ടീമുകളും മിന്നുന്ന ജേഴ്സിയിൽ നിരന്നു നിന്നപ്പോൾ ഒരു ഉത്സവപ്രതീതി തോന്നി. കാണികൾക്കും കളിക്കാർക്കും ചൂടുള്ള ചായ ഗ്രൗണ്ടിൽ നിന്ന് മാറി കുറച്ചകലെ ഏർപ്പാടാക്കിയിട്ടുണ്ട്. തൊട്ടടുത്ത് പൊട്ടിക്കാത്ത ബിരിയാണിച്ചെമ്പും ഉണ്ടായിരുന്നു. പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമിയിലേക്ക് കടക്കുന്ന സമയത്ത് ബിരിയാണി കൊടുക്കാൻ തുടങ്ങി. സെമിയിൽ കയറിയ കളിക്കാർ അധികവും ബിരിയാണിയൊന്നും കഴിക്കാതെ ജ്യൂസൊക്കെ കുടിച്ച് സെമിയെപ്പറ്റി വേവലാതിപ്പെട്ട് നിന്നു.
പ്രതീക്ഷിച്ചപോലെ ബ്ലൂ സ്റ്റാറും ഡയമണ്ട് സ്റ്റാറും ഫൈനലിൽ വന്നു. അതിന്റെ സന്തോഷത്തിൽ നടേശനും സാബുവും കളിക്കാരുടെ കൂടെക്കൂടി. അവസാന അടവുകൾ ചർച്ച ചെയ്തു. ബ്ലൂ സ്റ്റാർ ഒന്ന് രണ്ട് വർഷങ്ങളായി ഫുടബോൾ കളിക്കാരെയാണ് കമ്പനിയിലേക്ക് ജോലിക്കെടുക്കുന്നത്. ഡയമണ്ട് സ്റ്റാർ മികച്ച കളിക്കാരെ ഗസ്റ്റ് ആയി ഇറക്കും. ഇപ്രാവശ്യം തൃക്കരിപ്പൂരിൽ നിന്ന് കിച്ചു എന്ന് വിളിക്കുന്ന കൃപേഷും മേൽപ്പറമ്പിൽ നിന്നും അനസും എത്തിയിട്ടുണ്ട്. രണ്ട് പേരും കാസറഗോഡ് ജില്ലാ ടീമിൽ കളിച്ചവരാണ്.
നന്നായി നാട്ടിൽ കളിച്ചു കൊണ്ടിരുന്ന നീലേശ്വരത്തെ മുജീബ് അങ്ങനെയാണ് ബ്ലൂ സ്റ്റാറിൽ ജോലിക്കെത്തുന്നത്. അസുഖം വന്ന് ഉപ്പ മരിച്ചതോടെ നാട്ടിൽ കളിച്ച് നടന്നിട്ട് കാര്യമില്ലെന്നു കരുതുമ്പോഴാണ് അയലത്തെ ചന്ദ്രേട്ടൻ ബ്ലൂ സ്റ്റാറിന്റെ കാര്യം പറയുന്നത്. നാട്ടിൽ വന്ന നടേശൻ മുതലാളിയെ പോയി കണ്ടു. പ്രധാനമായും ഫുട്ബോൾ കളിയെപ്പറ്റി ചോദിച്ചു. അവിടത്തെ ടൂർണമെന്റിൽ കളിക്കുന്ന കാര്യവും പറഞ്ഞു. അദ്ദേഹം പോയയുടനെ ടിക്കറ്റും വിസയും അയച്ചു തന്നു. അങ്ങനെ ബ്ലൂ സ്റ്റാർ മൊബൈലിലെ വെയർ ഹൗസിൽ പണിക്ക് പോയിത്തുടങ്ങി. വൈകിട്ട് മിക്ക ദിവസവും ഫുട്‍ബോൾ പ്രാക്ടീസും ഉണ്ടാകും. ഇടയ്ക്ക് നടേശനും വരും. ഇത്തവണ മുജീബിന്റെ കന്നി ടൂർണമെന്റാണ്. മികച്ച രീതിയിൽ മുജീബ് സ്റ്റോപ്പർ ആയി കളിക്കുന്നുമുണ്ട്. ബ്ലൂ സ്റ്റാറിന് വേണ്ടി ഇപ്രാവശ്യം ഗസ്റ്റ് കളിക്കാരായി എത്തിയത് മൊഗ്രാൽ പുത്തൂരിലെ ശരത്തും ജുനൈദുമാണ്. ജുനൈദ് നല്ല ഡ്രിബിളിംഗും മൂന്ന് സുന്ദരൻ ഗോളുകളുമായി കാണികളുടെ മനം കവർന്നു. ഡയ്മണ്ടിന്റെ ഫോർവേഡ് കിച്ചു എന്ന് വിളിക്കുന്ന കൃപേഷും വെടിക്കെട്ട് ഷോട്ടിലൂടെ കാണികളുടെ ഇഷ്ടതാരമായി. കിച്ചുവിന്റെ കാലിൽ ബോള് കിട്ടുമ്പോൾ അവർ ആർത്തു വിളിച്ചു.
ഫൈനൽ തുടങ്ങാറായി. അതിന് മുമ്പ് ലൂസേഴ്‌സ് ഫൈനൽ നടന്നു. മുജീബിനും ഫൈനൽ നിർണ്ണായകമാണ്. ജോലി തുടങ്ങിയിട്ട് നാലു മാസത്തോളമായി. കപ്പടിച്ചാൽ കളിക്കാരനായി ജോലിക്ക് കയറിയതിന് ഒരു പ്രത്യുപകാരമാകും..

ഫൈനൽ തുടങ്ങി. ആദ്യ പകുതിയിൽ മുജീബ് മുമ്പോട്ട് പോയി കൊടുത്ത ബോളിലെ പാസിൽ ജുനൈദ് ബ്ലൂ സ്റ്റാറിനായി ഗോൾ നേടി. മുജീബിനും ആശ്വാസമായി. ഈ ലീഡ് നിലനിന്നിരുന്നെങ്കിൽ മതിയായിരുന്നു. ആദ്യപകുതി തീരുംമുൻപ് മു ജീബ് ഡയമണ്ട് സ്റ്റാറിന്റെ കിച്ചുവിനെ ബ്ലോക്ക് ചെയ്തതിന് മുജീബിനു റഫറി ഇബ്രാഹിം മഞ്ഞക്കാർഡ് കൊടുത്തു. കിച്ചുവിന്റെ ഫ്രീ കിക്ക് പോസ്റ്റിൽ തട്ടി പുറത്തു പോയി. രണ്ടാം പകുതി ഡയമണ്ടിന്റെ മുന്നേറ്റമായിരുന്നു. അനസും കിച്ചുവും നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി. സാബുവും കൂട്ടരും ചെണ്ടയുമായി അവർക്ക് വേണ്ടി ആരവം മുഴക്കുന്നുണ്ടായിരുന്നു. കാണികൾ ഇരുപക്ഷം ചേർന്ന് ആർപ്പുവിളികൾ തുടങ്ങി. അതിനിടയിൽ മധ്യഭാഗത്ത് നിന്ന് ഒരു കൗണ്ടർ അറ്റാക്കിലൂടെ കിച്ചു പന്തുമായി വന്നു. മുജീബ് തടുത്തിട്ടു. കാലിടറി കിച്ചു വീണു. മുജീബ് ഇരു കയ്യുകളൂം ഉയർത്തി നിരപരാധിയാണെന്ന് പറഞ്ഞു. റഫറി മഞ്ഞ കാർഡ് ഉയർത്തി. രണ്ടമത്തെ മഞ്ഞക്കാർഡ് ആയത് കൊണ്ട് അത് റെഡ് ആയി. മുജീബ് കളിയിൽ നിന്ന് പുറത്തേക്ക്. ഫ്രീ കിക്ക് കിട്ടിയ കിച്ചു അത് ഗോളാക്കി മാറ്റി 1-1. മുജീബ് ഇല്ലാതെ ആറ് പേരിലൊതുങ്ങി ബ്ലൂ സ്റ്റാർസ്. മുജീബില്ലാതെ പ്രതിരോധം തീർത്തും മങ്ങി. ജുനൈദിന് ബോളൊന്നും കിട്ടാതെയായി. കളി തീരുന്നതിനു മുമ്പേ അനസ് കൊടുത്ത പാസിൽ കിച്ചു ഒരു ഗോളും കൂടെയടിച്ചു. 2-1. നടേശന്റെ നിരാശയും സാബുവിന്റെ ആഹ്ളാദവും കാണാം. ലോങ്ങ് വിസിൽ മുഴങ്ങിയപ്പോൾ ഡയമണ്ട് സ്റ്റാർ ടീം അംഗങ്ങളും കാണികളും ചേർന്ന് കിച്ചുവിനെ എടുത്ത് പൊക്കി. മുജീബിനെ ടീം അംഗങ്ങൾ സമാധാനിപ്പിച്ചെങ്കിലും അവന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു. തണുത്ത കാറ്റിലും ഉഷ്ണം മാത്രം. ട്രോഫി വിതരണം നടത്തി എല്ലാരും പിരിയുമ്പോൾ മണി അഞ്ചരയായി.
ഉറങ്ങാൻ കിടന്നെങ്കിലും മുജീബിന്റെ മനസ്സിൽ ആ റെഡ് കാർഡ് മാത്രമായിരുന്നു. തിങ്കളാഴ്ച്ച വെയർ ഹൗസിൽ ചെന്ന് കുളിച്ചു കഴിഞ്ഞപ്പോൾ അവിടെ നടേശൻ മുതലാളി വന്നു. കാറിൽ നിന്ന് തന്നെ മുജീബിനെ വിളിപ്പിച്ചു. മുജീബ് അടുത്ത് ചെന്നു, “മുജീബേ, നാളെ തൊട്ട് വേറെ പണി നോക്കിക്കോ, ഇങ്ങോട്ട് വരണ്ടാട്ടോ.”
കവർ: ജ്യോതിസ് പരവൂർ