പൂമുഖം LITERATUREകവിത ഉടുപ്പ്

ഉടുപ്പ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഉയരാനിരിക്കുന്ന
പുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടി
പൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,
മര ഉരുപ്പടികളെ കാണുമ്പോൾ

ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു.

ഒറ്റപ്പാലത്തെ
റെയിൽവേ സ്റ്റേഷൻ വഴിയിലെ
പഴയ കെട്ടിടത്തിലെ
കോണി കയറിക്കഴിഞ്ഞാൽ
ആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് .

അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽ
കലക്ടർക്ക് നിവേദനം കൊടുത്തു
മയിൽ വാഹനം ഏറ്റെടുത്ത
റൂട്ട് ബസ്സുണ്ട്

ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ള
ബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.
എല്ലാ കിതപ്പും തീർത്ത്
കണ്ടക്ടറും ഡ്രൈവറും
പുറത്ത് ചായ കുടിക്കാനിറങ്ങും.

കെട്ടിക്കൊണ്ടുപോകും വരെയുള്ള
ലോക സഞ്ചാരം
ചേച്ചിമാരുടെ ജീവിതം അത്രതന്നെ.

തൃക്കങ്ങോടും മനിശ്ശീരിയും
ഗോഡൗണും
സെവൻത് ഡേയും
എഴുമുറിയും കഴിഞ്ഞാൽ ശുഭം
തിരിച്ചും.

ചേച്ചിമാരുടെ കലപില വർത്തമാനത്തിൽ
ബസ്സങ്ങനെ ഒറ്റപ്പാലത്ത് എത്തും.
കന്യാദാനവും സുജാതയും
മുറ്റത്തെ മുല്ലയും
തൊഴുപ്പാടം കടവിൽ ഷൂട്ട് ചെയ്ത
ആദ്യപാഠവും പാട്ടുകളുമായി
ബസ് .
കരഞ്ഞു കൊണ്ടേ ജനിക്കുന്നു.. നാം
കരയിച്ചു കൊണ്ടേ…

എന്നാലും
കാണും കേൾക്കും

ഒഴിവുള്ളപ്പോഴൊക്കെ
റെയിൽവേ സ്റ്റേഷനിൽ ചെന്ന്
ഇടയ്ക്ക് ഇറങ്ങി നിൽക്കുന്ന
സുന്ദരികളെ നോക്കി നിൽക്കും
അവരുടെ ഉടുപ്പുകൾ ശ്രദ്ധിക്കും.
അന്നത്തെ ചർച്ച അതിന്റെ നിർമ്മാണവൈദഗ്ദ്യമാവും.

അങ്ങിനെ ഒറ്റപ്പാലത്തും
ഒരു പുതിയ തുണിക്കട വന്നു.
സുന്ദരനായ നടൻ വന്നു.
നാട മുറിച്ചു .
മധുരം വിതറി
കൈകൾ വീശി കാണിച്ചു.
ചേച്ചിമാർ മടങ്ങി.

ഒരു പുതിയ വാർത്തയുമായി
ഒരു ചേച്ചി കയറിവന്നു.
ട്രെയിനിൽ കണ്ട
സുന്ദരിയുടെ വേഷം
വിൽപ്പനയ്ക്ക് വന്നിരിക്കുന്നു.

സംഘം
ടൈലറിംഗ് ക്ലാസ്സ് കഴിഞ്ഞു
കട സന്ദർശിച്ചു.
ഉടുപ്പിന്റെ ഭംഗി ,
അലുക്കുകൾ തൊങ്ങലുകൾ.
ഉടുപ്പ് ബോധിച്ചവർക്ക്
പക്ഷേ, വില ബോധിച്ചില്ല.

പാടത്തും പറമ്പിലും
പണിയെടുത്ത് തളർന്ന
അച്ഛനെയും ചേട്ടന്മാരെയും
ഓർത്തു.

രമണി ചേച്ചിയെ പെണ്ണുകാണാൻ ചേലക്കരക്കാരൻ ബോംബെക്കാരൻ വരുമെന്ന് പറഞ്ഞ ദിവസം അടുത്തുവന്നതിന് ഉടുക്കാൻ
ഒരുങ്ങാൻ
ഒരു സമ്മാനം കൊടുക്കാൻ
അവർ തീരുമാനിച്ചു .

ആളോഹരി എടുത്താലും
വിഷമം തന്നെ.
പക്ഷേ അത് നടന്നു.
കൂട്ടുകാരിയുടേത് ഉൾപ്പെടെ ചേർത്ത്
അത് വിലയ്ക്ക് വാങ്ങിക്കൊടുത്തു.

പോസ്റ്റുമാനെ……
ഈ കവറുകൾ
ഓരോ ചേച്ചിമാർക്ക് ഉള്ളതാണ്.
പത്തു ചേച്ചിമാർക്ക്.
അന്ന്
ആ ഉടുപ്പ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ബോംബെക്കാരൻ രമണിച്ചേച്ചിയെ കെട്ടിയത്

ഷൊർണൂരിൽ നിന്നുള്ള
വണ്ടിയിൽ നിന്ന്
ചേച്ചി കൈവീശി കാണിച്ചു.
വണ്ടി, ഒറ്റപ്പാലം പാലക്കാട്
കോയമ്പത്തൂർ അങ്ങിനെ ബോംബെയിലേക്ക്..

അവരുടെ സമ്മാനങ്ങളാണ്
പോസ്റ്റുമാനെ,
ഇക്കണ്ടതൊക്കെ

കവർ : ജ്യോതിസ് പരവൂർ

Comments

പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർത്തിക്കുന്നു, കലാപ്രവർത്തനവും.

You may also like