പതിനേഴ്
വീട്ടിലെ മൂന്ന് സന്താനങ്ങളിൽ ഏറ്റവും ഇളയതാണ് ഗിരി. തൊട്ടുമുകളിലുള്ള സഹോദരിയുമായി എട്ടു വയസ്സിന്റെ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായിട്ടാണ് ഗിരി വളർന്നു വന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിമാരും മാത്രമല്ല ബന്ധുക്കളും കുടുംബത്തിലെ ഇളയവനെ ലാളിക്കാൻ മത്സരിച്ചു. അയൽപക്കക്കാർക്കും ഗിരിയെ സൽക്കരിക്കാൻ സന്തോഷമായിരുന്നു. ആ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണനപ്പം, ഉണ്ണിയപ്പം , കോഴിയിറച്ചി ഇവയുടെയെല്ലാം പങ്ക് ‘കുഞ്ഞിന് ശകലം കൊടുത്തേര്’ എന്ന ചൊല്ലിന്റെ അകമ്പടിയോടെ ഗിരിക്ക് കിട്ടിപ്പോന്നു. ആഹ്ളാദവും സ്നേഹവും നിറഞ്ഞ ബാല്യത്തിനൊടുവിൽ ജീവിതം ഗിരിയെ കയ്പുനിറഞ്ഞ പാഠങ്ങളും പഠിപ്പിക്കാൻ തുടങ്ങി. എട്ടാമത് വയസ്സിൽ അമ്മ മരിച്ചു. കുടലിൽ അർബ്ബുദമായിരുന്നു. അസുഖം തിരിച്ചറിഞ്ഞ് അധികനാൾ അമ്മ ജീവിച്ചില്ല. ഗിരിയുടെ യൗവ്വനാരംഭത്തിൽ അച്ഛനു രോഗം തുടങ്ങി. കടുത്ത പ്രമേഹമാണ് അച്ഛനെ വലച്ചത്. ജോസഫ് എന്ന മിടുക്കനായ ഡോക്ടർ നടത്തുന്ന ഒരു ആശുപത്രി കടമ്പനാട്ടുണ്ട്. പ്രമേഹം മൂർച്ഛിക്കുമ്പോൾ അച്ഛൻ ജോസഫ് ഡോക്ടറുടെ ആശുപത്രിയിൽ കിടപ്പ് തുടങ്ങും. ആഴ്ചകളും മാസങ്ങളും ചിലപ്പോൾ കിടക്കും. കൂട്ടിരിപ്പിന് എപ്പോഴും ഗിരിയാവും ഉണ്ടാവുക. അങ്ങനെ ഗിരിക്ക് ആ ആശുപത്രി വീടു പോലെ ആയിത്തീർന്നു. അവിടെ വച്ചാണ് അച്ഛൻ മരിച്ചത്.
സാമ്പത്തികഭദ്രതയുള്ള വീട്ടിലെ സൗന്ദര്യമുള്ള പയ്യൻ എന്ന അവസ്ഥയുടെ പ്രാധാന്യത്തെ പറ്റി ബോധവാനായാണ് ഗിരി വളർന്നുവന്നത്. പഠനത്തിൽ ഒന്നാമൻ അല്ലെങ്കിലും ക്ലാസിലെ ഏറ്റവും ശ്രദ്ധേയനായ കുട്ടി എല്ലാക്കാലത്തും ഗിരിയായിരുന്നു. അതിനുപോന്ന ആകാരമായിരുന്നു അവന്. ആരും ഒന്നു നോക്കിപ്പോകുന്ന പുരുഷ സൗന്ദര്യം. എല്ലാവരോടും അല്പം അകലം പാലിക്കുന്ന സ്വഭാവം ആകർഷണീയതയ്ക്ക് മാറ്റുകൂട്ടി. കോളേജിൽ എത്തിയപ്പോൾ കുട്ടികൾക്ക്, വിശേഷിച്ചു പെൺകുട്ടികൾക്ക്, ഗിരിയോട് അടുപ്പം തോന്നാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, ഗൗരവം മുറ്റിനിൽകുന്ന, താടിയുള്ള മുഖത്ത് പൊടുന്നനെ പൊട്ടിവിരിയുന്ന സുന്ദരമായ ഒരു മന്ദഹാസം. മറ്റൊന്ന്, ഗിരിയുടെ കയ്യിലെ നാട്ടുകഥകളുടെ വലിയ ശേഖരവും ഇമ്പമുള്ള ശബ്ദത്തിൽ, ഉചിതമായ സ്വരവിന്യാസത്തോടെ കഥ പറയാനുള്ള അവന്റെ സാമർത്ഥ്യവും.
ഹേമയോട് ബന്ധം സ്ഥാപിക്കാൻ ആയത് ഗിരിയെ വളരെ ആഹ്ളാദിപ്പിച്ചു. പ്രണയാനുഭൂതിക്കുപരി കോളേജിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി കാമുകിയായതിന്റെ അഭിമാനമായിരുന്നു അവന്. അതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതും രാജനെ പോലെ ഒരുവനിൽ നിന്നും. രാജന്റെ കയ്യിൽ നിന്ന് പ്രഹരം ഏറ്റത് ജീവിതത്തിലെ ഏറ്റവും വലിയ അധ:പതനമായി ഗിരിക്ക് തോന്നി. നാടു പോലെയല്ല കാട്. ഇവിടുത്തെ മികവിന്‍റെ മാനദണ്ഡങ്ങൾ രാജന് അനുകൂലമാണ്. അവന് കാടിന്റെ രീതികളറിയാം, രഹസ്യങ്ങളും. ഹേമയ്ക്ക് അവനോട് ബഹുമാനം കൂടിവരുന്നത് ഗിരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അവൻ തിരികെ ഹേമയോട് അടുപ്പത്തിന് ശ്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവന് അതിനുള്ള ധൈര്യം ഉണ്ടാകില്ലെന്നു തന്നെ കരുതി. അപകർഷതയുടെ കുണ്ടിൽ വീണു കിടക്കുന്ന അവനെങ്ങനെ ഹേമയെപ്പോലെ ഒരുവളോട് അടുക്കാൻ നോക്കും? ആ ധാരണ പാടേ തെറ്റിപ്പോയി. ഇനി സൂക്ഷിക്കണം.
ഗിരിയും രാജനുമായുള്ള ശണ്ഠക്കു ശേഷം കുറച്ചുനേരം ആരും കാര്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടില്ല. പറിച്ചുകൊണ്ടു വന്ന പേരയ്ക്കകളിൽ ചിലത് സ്റ്റെല്ല എല്ലാവർക്കും കൊടുത്തു.
‘ഹേമ ഒന്ന് വരൂ.’ ഗിരി ഹേമയെ സമീപിച്ചു പറഞ്ഞു .
‘എന്താ ഗിരി ?’
ഹേമ അലസതയോടെ തിരിച്ചു ചോദിച്ചു.
‘കൂടെ വരൂ .’ ഗിരി അല്പം ആജ്ഞാ സ്വരത്തിൽ തന്നെ പറഞ്ഞു.
‘ഇതെന്തു സൂക്കേട് !’
ഹേമ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ഇരുവരും നടന്നു നീങ്ങുന്നത് രാജനും സ്റ്റെല്ലയും പകപ്പോടെ നോക്കി നിന്നു.
രാജന്റെയും സ്റ്റെല്ലയുടെയും കാണാമറയത്തായിട്ടും ഗിരി നടക്കുന്നത് കണ്ട് ഹേമ ചോദിച്ചു:
‘എങ്ങോട്ടാ ഗിരി? എനിക്ക് കാല് നോവുന്നു.’
ഗിരി നിന്നു. അവൻ ഹേമയുടെ അടുത്തേക്ക് ചെന്നു. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു. പൊടുന്നനെ ഗിരി ഹേമയെ ആലിംഗനം ചെയ്തു. തുടർന്ന് ചുണ്ടിൽ അമർത്തി ചുംബിച്ചു.
രണ്ടുപേരും കുറച്ചു നിമിഷം നിശ്ചലരായി നിന്നു. ഗിരി ഹേമയുടെ തോളിൽ കൈവച്ചു പറഞ്ഞു: ‘ഇനി പോകാം.’
‘ഗിരീ, ഞാൻ ആഗ്രഹിച്ചിരുന്നതാണ് നിന്നിൽ നിന്ന് ഒരു ചുംബനം. പക്ഷേ ഇപ്പോൾ കിട്ടിയത് എന്നെ ഒട്ടും ആഹ്ളാദിപ്പിക്കുന്നില്ല. അതിൽ നിറഞ്ഞുനിന്നത് പ്രണയമല്ല, മറിച്ച് നിന്റെ ഭയവും അഹന്തയുമാണെന്ന് എനിക്കു തോന്നി. നീ ഇത്ര ദയനീയനാവുന്നത് എന്നെ സങ്കടപ്പെടുത്തുന്നു ഗിരീ. കഴിയുമെങ്കിൽ നീ ഒരിക്കൽ കൂടി എന്നെ ചുംബിക്കൂ. ഇത്തവണ ഭയമില്ലാതെ, ആണധികാരം കാട്ടാനുള്ള വ്യഗ്രതയില്ലാതെ സത്യസന്ധമായ ഒരു ചുംബനം തരൂ.’
പതിനെട്ട്
കൈകോർത്തുപിടിച്ചാണ് ഗിരിയും ഹേമയും മടങ്ങിയെത്തിയത്. ആഗ്രഹിച്ചതെല്ലാം താഴെ വീണുടഞ്ഞു കഴിഞ്ഞു എന്ന് രാജന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ഇനി ഈ കൂട്ടത്തിൽ നിന്നാൽ ഭ്രാന്ത് പിടിക്കും എന്ന് അവനു തോന്നി. മെല്ലെ എഴുന്നേറ്റു ചെന്ന് ചാക്കു പരിശോധിച്ചു. ഏതെങ്കിലും ഒരായുധം എടുക്കണം. അതുമായി തനിച്ച് യാത്രയാകണം. വെട്ടുകത്തി എടുക്കുന്നതിനെ കുറിച്ച് ആദ്യം ആലോചിച്ചു. പിന്നെ വേണ്ടെന്നുവച്ചു. അതവർ എടുത്തുകൊള്ളട്ടെ. ചാക്കിലിരുന്ന കൂർത്ത കമ്പിയുമായി രാജൻ നടന്നു തുടങ്ങി.
‘എങ്ങോട്ട് പോകുന്നു രാജാ?’ സ്റ്റെല്ല വിളിച്ചു ചോദിച്ചു.
രാജൻ മറുപടി പറയാതെ നടത്തം തുടർന്നു.
‘രാജാ …’ ഹേമ ഉറക്കെ വിളിച്ചു.
അതും അവൻ ഗൗനിച്ചില്ല. ആരോ പിന്നാലെ ഓടിവരുന്നു എന്ന് തോന്നി. ഹേമയായിരുന്നു. അവൾ വന്ന് ചേർത്തുപിടിച്ചു.
‘നീ എങ്ങോട്ട് പോകുന്നു? ഞങ്ങളെ വിട്ടു പോവുവാണോ?’
രാജൻ നിന്നു.
‘നീ പോവുക എന്നതിനർത്ഥം ഞങ്ങൾ മൂന്നുപേരും മരിക്കുക എന്നതാ. കാട്ടിൽ ഞങ്ങൾ അത്ര നിസ്സഹായരാ. ഗിരിയെ കൊണ്ടൊന്നും ഞങ്ങളെ രണ്ടാളെയും രക്ഷിക്കാൻ ആവില്ല. അവനു സ്വയം രക്ഷിക്കാൻ പോലും ആവില്ല. ഇത്രയറിഞ്ഞിട്ടും നീ പോകുന്നെങ്കിൽ പൊക്കോ.’
ഹേമ തിരിച്ചുനടന്നു. രാജൻ ചലിക്കാനാവാതെ കുറേനേരം നിന്നിടത്തു തന്നെ നിന്നു. പിന്നെ അവിടെ കുത്തിയിരുന്നു. ഹേമയുടെ വാക്കുകൾ അവൻ പലതവണ മനസ്സിലിട്ട് ഉരുട്ടി. തന്നെ ഹൃദയത്തിലോട്ട് എടുക്കാൻ തയ്യാറല്ലെങ്കിലും അവർ തന്റെ പ്രാധാന്യം അംഗീകരിക്കുന്നു. ഈ കാട്ടിലെങ്കിലും അവരുടെ ആശ്രയം താനാണ്. അവർ തൻ്റെ സഹായം പ്രതീക്ഷിക്കുന്നു. അതില്ലാതെ അവർക്ക് നിലനിൽപ്പില്ലെന്ന് ആണയിടുന്നു.
രാജൻ എഴുന്നേറ്റ് തിരികെ നടന്നു.
തിരികെ എത്തിയപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ സ്റ്റെല്ല രാജനെ സമീപിച്ചു. അവൾ കയ്യിലിരുന്ന നാല് ചെറു മുട്ടകൾ അവനെ കാണിച്ചു ചോദിച്ചു:
‘ഇതൊക്കെ പാമ്പിന്റെ മുട്ടയാണോ? പാറയുടെ ചോട്ടിൽ നിന്നു കിട്ടിയതാ.’
‘അല്ല,’ രാജൻ പറഞ്ഞു,
‘ഏതോ പക്ഷിയുടേതാ.’
‘എങ്കിൽ ഒരെണ്ണം എടുത്തോ. നാലുപേർക്കും ഓരോന്ന് വീതം.’
പത്തൊൻപത്
അറുപിശുക്കൻ എന്നു ദുഷ്പേരുള്ള ആളായിരുന്നു ഹേമയുടെ അച്ഛൻ രാമചന്ദ്രൻ. ചെറുപ്പത്തിൽ തന്നെ നല്ലവണ്ണം അദ്ധ്വാനിച്ചു പൈസ സമ്പാദിച്ച അയാൾ ഗൾഫിൽ അവസരങ്ങൾ വന്നു തുടങ്ങിയതോടെ അങ്ങോട്ടു പോയി. പത്തുവർഷത്തിനകം കൈ നിറയെ കാശും ഒന്നുരണ്ട് രോഗങ്ങളുമായി നാട്ടിൽ തിരികെ എത്തി. പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങി ധനസമ്പാദനം തുടരാം എന്നു വിചാരിച്ചെങ്കിലും നടന്നില്ല. പിടലി വേദനയായി തുടങ്ങിയ രോഗം അയാളെ എന്നെന്നേക്കുമായി കിടത്തിക്കളഞ്ഞു. ഭാര്യയുമായി എക്കാലത്തും കലഹത്തിലായിരുന്ന രാമചന്ദ്രന് പെൺമക്കളാണ് രോഗാവസ്ഥയിൽ ആശ്വാസമായത്. ഹേമയായിരുന്നു മൂത്തവൾ. ഹേമക്ക് താഴെ മൂന്നു വയസ്സിന്റെ ഇടവേളയിൽ രണ്ടു പെൺമക്കൾ കൂടിയുണ്ട്. മൂന്നുപേരും പിതാവിനെ നന്നായി പരിചരിച്ചു. യഥാർത്ഥത്തിൽ മൂന്നു പെണ്മക്കളെ തന്നു തന്നെ ദ്രോഹിച്ച ദൈവത്തോടും അതിന് ദൈവം ഉപകരണമാക്കിയ തൻ്റെ ഭാര്യ സൗദാമിനിയോടുമുള്ള പോരാട്ടമായിരുന്നു രാമചന്ദ്രന്റെ യൗവ്വനത്തിലെയും മധ്യവയസ്സിലെയും അദ്ധ്വാനഭരിതമായ ജീവിതം. ആ വസ്തുത അയാൾ ആരോടും പറഞ്ഞില്ലെങ്കിലും ഊഹിച്ചെടുക്കാൻ ബുദ്ധിമതിയായ സൗദാമിനിക്ക് പ്രയാസമുണ്ടായില്ല. രാമചന്ദ്രൻ ശയ്യാവലംബിയായതോടെ അവർ അക്കാര്യം പറഞ്ഞ് അയാളെ പീഡിപ്പിച്ചു തുടങ്ങി.
ഹേമ ടൂറിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ രാമചന്ദ്രൻ എതിർപ്പു പറഞ്ഞു.
‘പോകാതെ നിവൃത്തിയില്ലച്ഛാ. അതിനും മാർക്ക് ഉള്ളതാ’ എന്നു പറഞ്ഞ് നെറ്റിയിൽ ഒരു ചുംബനവും കൊടുത്തിട്ടാണ് ഹേമ വീട്ടിൽ നിന്ന് ഇറങ്ങിയത്. ‘മോളേ, മോളേ’ എന്ന് അസാധാരണമായി അയാൾ പിൻവിളി വിളിച്ചപ്പോൾ എല്ലാവരും പകച്ചു പോയി.
ഇരുപത്
ഗിരിയിൽനിന്ന് ചുംബനം കിട്ടിയ രാത്രി ഹേമ അച്ഛനെ കുറിച്ചുള്ള ഓർമ്മയിൽ ആയിരുന്നു. ജീവിതത്തിൽ ഒരു അമ്പലത്തിൽ പോലും പോവാത്ത, പ്രാർത്ഥിക്കാത്ത അച്ഛന് എങ്ങനെയാണ് തൻ്റെ യാത്ര ദുരന്തത്തിലേക്കാണെന്ന ബോധം ഉണ്ടായത്! ഇനിയൊരിക്കലും അച്ഛനുമായോ മറ്റുള്ളവരുമായോ ഒരു കൂടിക്കാണൽ ഉണ്ടാവില്ല. കാട് ഒളിപ്പിച്ചു വച്ചിരിക്കുന്ന അനന്തമായ അപകടങ്ങൾ തങ്ങളെ ഒന്നൊന്നായി വീഴ്ത്തും. വേദന കുറഞ്ഞ ഒരു മരണം ലഭിച്ചെങ്കിൽ!
ചെറുപ്രായത്തിൽ തന്നെ ഇങ്ങനെ പ്രാർത്ഥിക്കേണ്ടി വന്ന ഗതികേടിൽ ഹേമ കരഞ്ഞുപോയി. രണ്ടുമൂന്നു ദിവസങ്ങളായി മരണം മാത്രമായിരുന്നു ഹേമയുടെ മനസ്സിൽ. നാലു ദിശകളിലും മരണം. മരണത്തെ വഹിച്ചുകൊണ്ട് നരിയും മാനും ഓടുന്നു. മരണത്തിന്റെ ഗന്ധവുമായിട്ടാണ് മഴ പെയ്യുന്നത്. മരണത്തിൻറെ നിറമാണ് പൂക്കൾക്കെല്ലാം. ആലോചിച്ചു കിടന്നപ്പോൾ ഏതോ ഭാരത്തിനു കീഴിൽ ഇലകൾ മെല്ലെ അമരുന്ന ശബ്ദം കേട്ടു. മൃഗമല്ല മനുഷ്യനാണ് അടുത്തുവരുന്നത്. വൈകാതെ നിലാവിൽ സമീപത്ത് ഗിരിയുടെ സാമീപ്യം അറിഞ്ഞു. അവൻ കൈനീട്ടി. ഹേമ ആ കൈപിടിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു. സ്റ്റെല്ലയും രാജനും ഉറങ്ങുകയാണ്. ഗിരി അവളെ ഉയർത്തി. എഴുന്നേറ്റു കഴിഞ്ഞപ്പോൾ മൂർദ്ധാവിൽ ചുംബിച്ചു. പിന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അകലേക്ക് നടത്തിച്ചു. നിലാവിൽ വെട്ടി തിളങ്ങുന്ന ഒരു പാറയിൽ അവർ ഇരുന്നു. ഗിരിക്ക് ഹേമ കൈചൂണ്ടി ചന്ദ്രനെ കാട്ടിക്കൊടുത്തു. ഇരുവരും പൂർണചന്ദ്രനെ നോക്കി കുറെയിരുന്നു. ഗിരി പൊടുന്നനെ വന്യമായ കരുത്ത് പ്രയോഗിക്കാൻ തുടങ്ങി.
എതിർക്കണോ വേണ്ടയോ എന്ന് ഹേമക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. മരണം അടുത്തെത്തിയിട്ടെന്ന പോലെ അവൾ നിശ്ചേഷ്ടയായി കിടന്നു . വന്യമായ കരുത്തോടെ തന്നെ പ്രാപിച്ചുകൊണ്ടിരിക്കുന്നത് കാലപുരുഷനാണെന്നും താൻ മഹാകാലത്തിൽ ലയിച്ച് ഇല്ലാതെയാകുകയാണെന്നും ഭാവന ചെയ്ത് ഹേമ കണ്ണുകൾ ഇറുക്കിയടച്ചു.
ഇരുപത്തിയൊന്ന്
‘കുടുംബമായി അല്ലേ?,’ സ്റ്റെല്ല അടുത്ത ദിവസം രാവിലെ ഹേമയോട് ചോദിച്ചു.
ഹേമ അതിശയിച്ചു പോയി.
‘നീ… എങ്ങനെ… അതെല്ലാം?’
‘കണ്ടു. ഞാൻ മാത്രമല്ല.’
‘രാജനോ?’
‘അവന്റെ കാര്യമല്ല. സകല പ്രകൃതിയും. ആകാശം നിലാവു ചൊരിയുകയായിരുന്നല്ലൊ. രണ്ടു മാനുകളും നിങ്ങളുടെ ലീല കണ്ടു നിൽക്കുന്നുണ്ടായിരുന്നു.’
രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചു ദൂരം നടന്നു. പിന്നെ ഹേമ പറഞ്ഞു:
‘സാധാരണ എന്തൊക്കെയാ നമ്മുടെ സങ്കല്പങ്ങൾ! കല്യാണാലോചന, കല്യാണം .…. എല്ലാം മാറി. ഇപ്പോ നമ്മള് കാടിന്റെ മക്കളല്ലേ, ആയുസ്സ് ഏത് നിമിഷോം അവസാനിക്കാവുന്ന വെറും ജീവികൾ …’
‘ശരിയാണ് .’ സ്റ്റെല്ല പറഞ്ഞു. ‘നീ നമ്മുടെ ഗിരിയേം രാജനേം നോക്കിയെ. എത്ര മാന്യന്മാരായ സാമൂഹിക ജീവികൾ ആരുന്നു നാലഞ്ച് ആഴ്ച മുമ്പ്! കാട്ടിലെത്തിയപ്പഴോ നിനക്കു വേണ്ടി പരസ്പരം ആക്രമിക്കാൻ അവര് തയ്യാറായി. സാഹചര്യങ്ങൾ അങ്ങനെയാണ് മനുഷ്യന്മാരെ മാറ്റുന്നെ. ആരുടേം തെറ്റല്ല.’
‘നീ ഇന്നലെ രാത്രി കണ്ട കാര്യങ്ങൾ ഒരു ബലാത്സംഗമായാണ് തുടങ്ങിയത് .’ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘നീ എന്തിനു വഴങ്ങി?’
‘അവനോടുള്ള സഹതാപം കൊണ്ട്.’
‘സഹതാപം കൊണ്ടോ?’
‘അതേ. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് അവൻ ഭയപ്പെടുന്നു. അതിനു മുൻപ് അവന് എന്നെ സ്വന്തമാക്കണം എന്ന ദയനീയമായ ആഗ്രഹം.’
‘നമ്മളെല്ലാം ആ ചുറ്റുപാടിലല്ലേ?’ഏതു നിമിഷവും മരണം മുന്നിലെത്താവുന്ന അവസ്ഥയിൽ?’
‘വ്യത്യാസമുണ്ട്. അവന് കാട് കൊന്നില്ലെങ്കിൽ രാജൻ കൊല്ലുമെന്നാണ് ഭയം. അവൻ രണ്ടുമൂന്നു ദിവസമായി ആ ഭയത്തിലാണു ജീവിക്കുന്നതെന്ന് എനിക്കറിയാം.’
‘അവൻ നിന്നോട് അങ്ങനെ പറഞ്ഞോ?’
‘പല തവണ.’
‘നിനക്ക് എന്തു തോന്നുന്നു?’
‘എല്ലാം രാജന്റെ ഉള്ളിലെ നന്മയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു സ്റ്റെല്ല. നന്മ കുറവാണെങ്കിൽ ഗിരി പറഞ്ഞതു പോലെയൊക്കെ സംഭവിച്ചേക്കാം. എനിക്ക് രാജന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഒരു ധാരണയുമില്ല.’
പുതിയ അറിവ് സ്റ്റെല്ലയെ തളർത്തിക്കളഞ്ഞു. അവൾ നിലത്ത് ഇരുന്നുപോയി.
‘എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ അത് ഗൗരവമായി എടുക്കണം.’ ഹേമ പറഞ്ഞു.
‘എന്താ?’
‘ഞാൻ എല്ലാ അർത്ഥത്തിലും ഗിരിയുമായി ചേർന്നു കഴിഞ്ഞു. നേരത്തേ പറഞ്ഞതുപോലെ രാജന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമുക്ക് യാതൊരു ധാരണയുമില്ല. നോക്ക്, അവൻ നമുക്കൊപ്പം വളരെ അസ്വസ്ഥനാണ്. ഏതു നിമിഷവും നമ്മളെ വിട്ടു പോയേക്കാം. അങ്ങനെയായാൽ നമുക്ക് പുറത്തു കടക്കാനുള്ള സാധ്യത മിക്കവാറും അവസാനിക്കും. നീ ശ്രദ്ധിച്ചിട്ടുണ്ടോ അവൻ എടുക്കുന്ന ജോലിയുടെ പാതി മാത്രമേ നമുക്ക് മൂന്നുപേർക്കും കൂടി ഇപ്പോഴും എടുക്കാൻ കഴിയുന്നുള്ളൂ. മാത്രമല്ല ഓരോ പ്രതിസന്ധി വരുമ്പോഴും അവന് ഒരു പരിഹാരം എങ്ങനെയെങ്കിലും കൊണ്ടുവരാൻ കഴിയുന്നുണ്ട്. നമ്മളും പലതും ചെയ്യുന്നുണ്ട്, പണ്ട് കഴിയാത്തത് പലതും; പാറ ഉരച്ച് തീ കത്തിക്കാൻ , അത്യാവശ്യം വേട്ടയാടി പിടിക്കാൻ, ചെറുതായി മരത്തിൽ കയറാൻ എല്ലാം. എങ്കിലും ശരിക്ക് നോക്കിയാൽ അവനെ ആശ്രയിച്ചാണ് നമ്മൾ ഓരോ ദിവസവും മുന്നോട്ടു പോകുന്നത്.’
‘ശരിയാണ്. പക്ഷേ അവൻ വിട്ടു പോകുന്നത് എങ്ങനെ തടയും?’
‘നീ ഒന്ന് ശ്രമിക്കണം.’
‘ഞാനെന്തു ചെയ്യണം എന്നാണ്? നിനക്കറിയാമല്ലോ അവനെ. നീ ഒരു ദിവസം കാര്യമായി ഒന്ന് സംസാരിച്ചതേ ഉള്ളു. അതോടെ നിന്റെ പിന്നാലെ കൂടി. ഇനി ഞാൻ അടുത്താലും അത് തന്നെ സംഭവിക്കും.’
‘അങ്ങനെ സംഭവിക്കാനാണ് ഞാൻ പറഞ്ഞത്.’ ഹേമ പറഞ്ഞു.
സ്റ്റെല്ല അതിശയിച്ചു നിന്നു.
ഹേമ തുടർന്നു. ‘ശരിയാണ്, ഭാഗ്യമുണ്ടെങ്കിൽ നമ്മൾ നാളെ കാടിനു പുറത്തെത്തിയേക്കാം. അപ്പോഴും നാട്ടുകാർ നമ്മളെ എങ്ങനെ സ്വീകരിക്കും? രണ്ട് ചെറുപ്പക്കാരുമായി കാട്ടിൽ തങ്ങിയ യുവതികൾ എന്ന നിലയ്ക്കല്ലാതെ?’
സ്റ്റെല്ല നിശ്ശബ്ദയായി നിന്നു.
‘ഇനി അതിന്റെ മറുവശം നോക്കൂ. നീ പറയുന്നതുപോലെ ഏത് നിമിഷവും കെട്ടുപോകാവുന്ന ജീവിതമാ നമ്മുടേത്. ഒരു മരക്കൊമ്പിൽ നിന്ന് പുലി ചാടി വീണാൽ മതി. ഉറങ്ങി കിടക്കുമ്പോൾ കാലെടുത്ത് ഇഴഞ്ഞുവന്ന ഒരു പാമ്പിനെ ചവിട്ടിയാ മതി. ഒരു വിഷക്കായ തിന്നാ മതി. ഒരു മരം ഒടിഞ്ഞു വീണാ മതി! അല്ലെങ്കിൽ അന്നത്തേപ്പോലെ ഒരു ചതുപ്പിൽ….”
‘മതി, മതി. നിർത്ത്.’ സ്റ്റെല്ല ആക്രോശിച്ചു.
ഹേമ സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു.
‘പറഞ്ഞത് യാഥാർത്ഥ്യം അല്ലേ മോളെ. സത്യത്തിൽ … സത്യത്തിൽ എന്താണ് നിന്റെ ചിന്ത, നമ്മൾ രക്ഷപ്പെടുമോ?’
‘എന്റെ ചിന്ത ഒട്ടും പോസിറ്റീവ് അല്ല ഹേമ.’ സ്റ്റെല്ല പറഞ്ഞു.
‘പോസിറ്റീവ് ആകണം. നമ്മൾ രക്ഷപ്പെടണം. അതിന് രാജൻ ഒപ്പം ഉണ്ടാകണം.’ ഹേമ പറഞ്ഞു .
‘നിന്നോട് ഒരു കാര്യം ഞാൻ പറയാം.’ സ്റ്റെല്ല അല്പം കനമുള്ള ശബ്ദത്തിൽ പറഞ്ഞു. ‘എനിക്ക് ഒരു വികാരവും തോന്നാത്ത ഒരു പുരുഷൻ ജീവിതത്തിൽ ഉണ്ടെങ്കിൽ അതാ രാജൻ. അത് കുട്ടിക്കാലം മുതലേ അവനെ വീടിനു ചുറ്റും കണ്ടതു കൊണ്ടാവാം. അവന്റെ പശ്ചാത്തലം അറിയാവുന്നതു കൊണ്ടാകാം.’
‘അവൻ എവിടെ നിന്ന് തുടങ്ങിയോ അവിടെയാണ് നമ്മൾ ഇപ്പോൾ സ്റ്റെല്ലേ. അവന്റെയും നമ്മുടെയും ഏറ്റവും മോശം അവസ്ഥ ഇപ്പോൾ ഉള്ളതാണ്. ഇവിടെനിന്ന് നമ്മൾ രക്ഷപ്പെടണമെങ്കിൽ അവൻ ഒപ്പം ഉണ്ടാകണം. അതിന് നീ വിചാരിക്കണം. അവൻ വേലക്കാരനും നീ യജമാനത്തിയുമായിരുന്ന അവസ്ഥ മറക്കണം. അവൻ പുരുഷനാണ്. കരുത്തുള്ള , പ്രായോഗിക ബുദ്ധിയുള്ള ഉത്തമ പുരുഷൻ.’
‘നിനക്ക് ഗിരിയെ കളഞ്ഞ് ഉത്തമ പുരുഷനെ അങ്ങ് വരിക്കാമായിരുന്നില്ലേ?’
‘ഗിരിയെ ഞാനും അവൻ എന്നെയും എന്നേ വരിച്ചു കഴിഞ്ഞതല്ലേ. പോരാത്തതിന് ഞാൻ പെട്ടെന്ന് ഗിരിയുമായി ചേർന്നില്ലായിരുന്നെങ്കിൽ ഒരു കൊലപാതകം ഇതിനകം നടന്നേനേ.’
‘ഞാൻ രാജനോട് അടുക്കണം എന്ന് നീ പറയുന്നത് എനിക്കു വേണ്ടിയോ, അതോ നിനക്ക് വേണ്ടിയോ?’
‘സംശയമെന്ത്, എനിക്ക് വേണ്ടി തന്നെ. നീ വിഷയം വിട്ടേക്കൂ, ഞാൻ ഇനി അത് പറയില്ല.’
ഹേമ അവസാനിപ്പിച്ചു.
ഇരുപത്തിരണ്ട്
രാജന് കുറച്ചു നാളുകളായി യാതൊരു ഉത്സാഹവുമില്ല എന്നത് പ്രകടമായിരുന്നു. കാരണം അറിയാവുന്നതുകൊണ്ട് ഹേമ അവനോട് അതേപ്പറ്റി ഒന്നും ചോദിച്ചില്ല. വഴക്കുണ്ടായ ശേഷം ഗിരിക്ക് രാജനുമായി സംസാരം കുറവാണ്. ഹേമയോട് അപ്രതീക്ഷിതമായി അടുപ്പം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്റ്റെല്ലയും കരുതലോടെയാണ് രാജനുമായി ഇടപെടുന്നത്. എങ്കിലും രാജനെ മൂന്നുപേരും നന്നായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കായ്കനികൾ കൊണ്ടു വരിക, പാചകം ചെയ്യുക ഇതൊക്കെ ചെയ്യുന്നെങ്കിലും പൂർണ്ണമനസ്സോടെയല്ല രാജന്റെ പ്രവർത്തനങ്ങൾ എന്നത് വ്യക്തമായിരുന്നു. ഹേമ യാചിച്ചു തിരിച്ചുകൊണ്ടുവന്നെങ്കിലും അവന്റെ മനസ്സിൽ അവരുമായി തുടർന്നു പോകാനുള്ള താൽപര്യം വല്ലാതെ കുറഞ്ഞിരുന്നു എന്നത് വ്യക്തമായിരുന്നു.
ഉച്ചതിരിഞ്ഞ് ഹേമയും ഗിരിയും ഉല്ലാസത്തോടെ അരുവിയിലേക്ക് പോകുന്നത് രാജനും സ്റ്റെല്ലയും നോക്കിയിരുന്നു. സ്റ്റെല്ലയുടെ സാന്നിദ്ധ്യം മറന്ന് രാജൻ ഒരു കല്ലെടുത്ത് അമർഷം തീർക്കാൻ എന്നവണ്ണം മരത്തിലേക്ക് ആഞ്ഞെറിയുന്നത് സ്റ്റെല്ല കണ്ടു. ആ നിമിഷം ഹേമ പറഞ്ഞതിന്റെയെല്ലാം സത്യസ്ഥിതി സ്റ്റെല്ലയ്ക്ക് ബോധ്യമായി. ഒന്നുകിൽ രാജൻ ഇനി നിൽക്കില്ല. കാട്ടിൽ അവന് തനിയെ ജീവിക്കാനാകും. തടയാൻ ആരുമില്ലാത്ത സമയം നോക്കി അവൻ അപ്രത്യക്ഷനാവും. അല്ലെങ്കിൽ തക്കം കിട്ടുമ്പോൾ ഗിരിയെ അപായപ്പെടുത്തി ഹേമയെയും തന്നെയും സ്വന്തമാക്കും. രണ്ടിലൊന്ന് ഉടൻതന്നെ സംഭവിക്കും.
‘രാജാ,’ സ്റ്റെല്ല വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.
‘എന്താ അസ്വസ്ഥനായി ഇരിക്കുന്നെ?’
രാജനൊന്നും മിണ്ടിയില്ല. ചോദ്യം കേട്ട് അവൻ കൂടുതൽ അസ്വസ്ഥൻ ആയത് പോലെ തോന്നി.
സ്റ്റെല്ല കരുതലോടെ സംസാരിച്ചു:
‘അവർ നേരത്തെ തന്നെ ഇഷ്ടത്തിലാണല്ലോ. ഇപ്പോ അവർ എല്ലാ അർത്ഥത്തിലും ഇണകളായി കഴിഞ്ഞു .’
രാജൻ നടുങ്ങി സ്റ്റെല്ലയെ നോക്കി.
സ്റ്റെല്ല ബുദ്ധിപൂർവ്വം തുടർന്നു:
‘രാജന് ഹേമയെ ഇഷ്ടമായിരുന്നു എന്ന് എനിക്കറിയാം. അവൾ നഷ്ടപ്പെട്ട സങ്കടത്തിലാണെന്നും അറിയാം. എനിക്ക് ഇപ്പോഴുള്ള പേടി രാജൻ ഞങ്ങളെ ഉപേക്ഷിച്ചു കടന്നുകളയുമോ എന്നതാണ്. അങ്ങനെ ചെയ്യുമോ?’
‘ഹേമ പാവമാ.’ രാജൻ പറഞ്ഞു. അവൻ തുടർന്നു പറഞ്ഞത് സ്റ്റെല്ലയെ അമ്പരപ്പിച്ചു.
‘പക്ഷേ നിങ്ങൾ അങ്ങനെയല്ല. നിങ്ങക്ക് ഞാനൊരു വേലക്കാരൻ എന്നപോലെയാ. പണ്ടും അങ്ങനെ തന്നെ. ഇപ്പോ ഈ അവസ്ഥയീ പോലും എന്നെ ഒരു താഴെക്കിടേലൊള്ള ആളെ പോലെയാ നിങ്ങക്ക്. എന്നാ ഓർത്തോ ഞാൻ നിങ്ങളെ അങ്ങനെ യജമാനത്തിയായൊന്നും കണ്ടിട്ടില്ല. എനിക്ക് ജോലി ചെയ്യാനൊള്ള കഴിവൊള്ളതു കൊണ്ട് നിങ്ങടച്ഛനും അമ്മേം എന്നെ കൂടെ കൂട്ടി. നിങ്ങൾ ഇങ്ങോട്ട് തന്നതീ കൂടുതൽ ഞാൻ അങ്ങോട്ട് തന്നിട്ടൊണ്ട്. പിന്നെ എന്നെ സ്കൂളിലും കോളേജിലും വിട്ട് പഠിപ്പിച്ചത് ….. ആർക്കുവേണം അതൊക്കെ. നിങ്ങടെ അച്ഛൻ നല്ലവനാ. അതെനിക്കറിയാം. പക്ഷേ നിങ്ങടെ കാര്യം അങ്ങനെയല്ല. നിങ്ങൾ അടുത്ത് വരുകേം സംസാരിക്കുകേം ചെയ്യുമ്പോ എനിക്ക് ശ്വാസം മുട്ടുന്നപോലെയാ. നിങ്ങൾ മനസ്സിൽ ഉള്ളതല്ല എന്നോട് സംസാരിക്കുമ്പോ പറയുന്നെ.’
രാജൻ എഴുന്നേറ്റ് നടന്നുപോയി.
സ്റ്റെല്ല നിന്നിടത്തു തന്നെ സ്തംഭിച്ചു നിന്നു പോയി. രാജൻ പറഞ്ഞ ഓരോ വാക്കും അവളെ അഗാധമായി അമ്പരപ്പിച്ചു. അവനെ ചിന്തകൾ ഇല്ലാത്ത വെറും മഠയനായിട്ടാണ് കണ്ടിരുന്നത്. ഇപ്പോൾ മനസ്സിലാവുന്നത് അവൻ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ടെന്നും തന്നെ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നുമാണ്. പോരാത്തതിന് അവന് വലിയ ആത്മാഭിമാനവും ഉണ്ട്. മറ്റുള്ളവരോട് പ്രതികരിക്കുന്ന നിലയിലേക്ക് അവൻ വൈകിയെത്തി എന്നു മാത്രമേയുള്ളൂ. കാട്ടിലേക്ക് ചാക്കുമായി തിരിച്ച സമയത്ത് അവൻ തട്ടിക്കയറിയത് അതിന്റെ തുടക്കമായിരുന്നു. ഇപ്പോൾ അവൻ തീർത്തും സ്വതന്ത്രനും , ബുദ്ധിമാനും, അഭിമാനിയുമായ ഒരു പുരുഷനാണ്. ചുരുക്കത്തിൽ ഗിരിയേക്കാൾ ഒട്ടും താഴെയല്ലാത്ത വ്യക്തി. നിമിഷ നേരം കൊണ്ട് അവൻ തന്നെ തകർത്തു കളഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു ഷോക്ക് ജീവിതത്തിൽ ആരും തന്നിട്ടില്ല. ഇനി അവനെ എങ്ങനെ അഭിമുഖീകരിക്കും! അതോ അവൻ എന്നെന്നേക്കുമായി ഇവിടം വിട്ടു പോകുമോ!
ഗിരിയും ഹേമയും തിരിച്ചെത്തി. സ്റ്റെല്ല അപ്പോഴും അമ്പരപ്പിൽ തന്നെയായിരുന്നു.
‘അവൻ എവിടെ? ഗിരി ചോദിച്ചു.
സ്റ്റെല്ല മിണ്ടിയില്ല.
‘നീയെന്താ മിണ്ടാത്തത്?,’ ഹേമ ചോദിച്ചു, ‘എന്തെങ്കിലും?’
സ്റ്റെല്ല നടന്നതെല്ലാം വിശദീകരിച്ചു. ഹേമയും ഗിരിയും അമ്പരപ്പോടെ എല്ലാം കേട്ടു. അകലെനിന്ന് രാജൻ വരുന്നത് അവർ കണ്ടു. ആദ്യമായി, തീർത്തും ആദ്യമായി ഔന്നത്യഭാവത്തിന്റെ കണിക പോലുമില്ലാതെ അവനെ മൂന്നുപേരും നോക്കിക്കണ്ടു.
കവർ: വിൽസൺ ശാരദ ആനന്ദ്