പൂമുഖം LITERATUREകഥ പഹൽഗാമിലെ കുതിര

പഹൽഗാമിലെ കുതിര

ഡാൽ തടാകം സ്വച്ഛം, ശാന്തം.

ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾതടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്.

അപ്പോൾ മനസ്സിൽ നിറഞ്ഞത്, തന്നെ പ്രണയിച്ച് കൊതിതീരാതെ വർഷങ്ങൾക്കുമുമ്പ് പറന്നകന്ന തന്റെ ഭർത്താവിന്റെ പൗരുഷം നിറഞ്ഞ മുഖം.

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ജയ ശ്രീനഗറിൽ വീണ്ടും കാലുകുത്തുന്നത്.

ഭർതൃവിയോഗത്തിൻ്റെ തീരാദുഖം ശമിപ്പിക്കാൻ മനസ്സ് നിരന്തരം മന്ത്രിച്ച വിദ്യ കാശ്മീർ താഴ് വരകളിൽ എവിടെയോ അദ്ദേഹം സുഖമായി താമസിക്കുന്നുണ്ട് എന്ന തോന്നലാണ്.അതുകൊണ്ട് ശ്രീനഗറിൽ വിമാനം ഇറങ്ങിയതുമുതൽ തൻ്റെ പ്രിയതമൻ്റെ സവിധത്തിൽ താൻ എത്തി എന്ന തോന്നലായിരുന്നു മനസ്സിൽ…
ആ തോന്നലിൻ്റെ അവാച്യമായ ആകാംക്ഷ ജയയുടെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നു.

ശ്രീനഗർ ജയയുടെ വൈവാഹിക ജീവിതത്തിന്റെ ആരോഹണ, അവരോഹണങ്ങളുടെ ഭൂമിക.
ഇപ്പോൾ ഒരു ആഴ്ചയിലേക്ക് ഹണിമൂൺ ആഘോഷിക്കാനെത്തിയ മോൾക്കും, ഭർത്താവിനും ഒപ്പം വീണ്ടും ഒരു വരവ്‌ കൂടി.

മിലിട്ടറി എന്ജിനീയറിങ് സർവീസിൽ എൻജിനിയർ ആയിരുന്ന ഭർത്താവിനോടൊപ്പം 1998 ലാണ് ജയയുടെ ശ്രീനഗറിലേക്കുള്ള കന്നിയാത്ര.അന്നും ഹിമാലയത്തിന്റെ താഴ് വരയിൽ പൂക്കളിലും, കുളിർകാറ്റിലും, ഇളവെയിലിലും, കോടമഞ്ഞിലും സുരഭിലമായ പ്രണയം നിറഞ്ഞു നിന്നിരുന്നു.

ആർമി കോർട്ടേഴ്‌സിലെ സുരക്ഷിതത്വത്തിൽ പ്രസരിപ്പാർന്ന വൈവാഹിക ജീവിതത്തിലെ പ്രണയ കാലത്തിന് വിരാമമായത് 1999 മേയ് 3ന് കാർഗിലിൽ ആദ്യവെടി മുഴങ്ങിയപ്പോൾ.
അന്നുമുതൽ ജൂലൈ 26 വരെയുള്ള രണ്ട്‌ മാസവും, മൂന്നാഴ്ചയും, രണ്ടു ദിവസവും തീ മഴപെയ്തത് അമൃത് സറും, ജമ്മുവും, പുഞ്ചും, ലേയും, ശ്രീനഗറും ഉൾക്കൊള്ളുന്ന ലൈൻ ഓഫ് കൺട്രോളിന്റെ ഉൾപ്രദേശങ്ങളിലും , സ്കർദു, ഹാൻസ, ഗിൽഗിത്, മുസഫിറാബാദ്, കാരക്കോരം പാസ്സ് തുടങ്ങിയ മറ്റു പ്രദേശങ്ങളിലും.

പഴയ ജമ്മുകാശ്മീർ മാപ്പിന്റെ കേന്ദ്രബിന്ദു പോലെയുള്ള ഭാഗമായിരുന്നു കാർഗിൽ. പഴയ ജമ്മുകാശ്മീരിന്റെ തിരുനെറ്റിയിലെ തിലകക്കുറി.

ലൈൻ ഓഫ്‌ കൺട്രോൾ കടന്ന് ശത്രുക്കൾ അതിർത്തി ലംഘനം തുടർന്നപ്പോൾ രാജ്യം അവരെ ഒരു സൈനിക നടപടിയിലൂടെ തുരത്തി ഓടിച്ചു. കാർഗിൽ യുദ്ധം എന്ന പേരിൽ ചരിത്രത്തിന്റെ താളുകളിൽ ഇടംകണ്ട രാജ്യത്തിന്റെ സുധീരമായ പട്ടാള നടപടി.

മേയ് മാസം ഏഴാം തിയതിയായിരുന്നു കുതിരപ്പുറത്ത് കാർഗിൽ സംരക്ഷണ സേനയ്ക്ക് വഴിയൊരുക്കാൻപോയ തന്റെ ഭർത്താവിനും, സംഘത്തിനും നേരെ ശത്രുപക്ഷം പതിയിരുന്നുനടത്തിയ ഷെല്ലാക്രമണം.മാരകമായ പരിക്കുകൾ മൂലം തന്റെ ഭർത്താവടക്കം കുറെപേർ ആക്രമണ സ്ഥലത്തുവച്ചുതന്നെ മൃതിയടഞ്ഞു.അങ്ങിനെ ഒരു വർഷത്തോളം മാത്രം നീണ്ട തന്റെ വൈവാഹിക ജീവിതത്തിന് തിരശീല വീണു.

പിന്നീട് യുദ്ധത്തിൽ മരിച്ച ഭടന്റെ ഗർഭിണിയായ വിധവയായിട്ടായിരുന്നു മകൾ പിറക്കുന്നതുവരെ തന്റെ ജീവിതം.
യുദ്ധത്തിൽ മരിച്ച ഭടന് വീരചക്രം, അയാളുടെ വിധവക്ക്‌ സാമ്പത്തിക സഹായം എന്നിവയെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർലോഭമായി നൽകി.
അത് പിന്നീടുള്ള ജീവിതയാത്രക്ക് താങ്ങും തണലുമായി.

മരിച്ച ഭടന്റെ പുത്രിയെന്നനിലയിൽ ബാങ്ക് ഉദ്യോഗസ്ഥയായ മോൾക്ക് ഇപ്പോൾ നല്ലൊരു വരനെയും കിട്ടി.

ഓർമ്മകൾ ജമ്മുകാശ്മീരിന്റെ ചരിത്രത്തോടൊപ്പം മനതാരിൽ നിറഞ്ഞപ്പോഴേക്കും, ഡാൽ തടാകത്തിൽ പ്രഭാത സവാരിക്കായി ഷിക്കാരയിൽ പോയ മോളും, ഭർത്താവും തിരികെയെത്തി. ഷിക്കാരയിൽ തന്നെയിരുന്നുവാങ്ങിയ നിരവധി പൂക്കളും പച്ചക്കറിയുമായിട്ടായിരുന്നു അവരുടെ ചിരിതൂകിയുള്ള വരവ്.വന്ന ഉടനെ പഹൽഗാമിലെ കാഴ്ചകൾ കാണാനുള്ള യാത്രക്കുള്ള ഒരുക്കം മൂവരും തുടങ്ങി.

ബോട്ട് ജെട്ടിയിൽ നിന്നും രണ്ട് മണിക്കൂറോളം ഛലം നദീതീരം ചേർന്നുള്ള കാർയാത്ര. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയുടെ കളകളാരവം ദിക്കുകളെ വിശുദ്ധവും വാചാലവുമാക്കി.പ്രകൃതിസൗന്ദര്യത്തിൽ സ്വിറ്റ്സർലന്റിനെ തോൽപ്പിക്കുന്ന ഭൂപ്രദേശമാണ് പഹൽഗാം.
ആ ലോകോത്തര സൗന്ദര്യം ആസ്വദിക്കാനുള്ള മാർഗ്ഗം പഹൽഗാമിലെ മണിക്കൂറുകൾ നീണ്ട കുതിര സവാരിയാണ്.

അരോഗ ദൃഢഗാത്രനായ റഹ്മത്തുള്ളയാണ് തൻ്റെ കുതിരക്കാരൻ. അയാൾക്ക് കാഴ്ചയിൽ പ്രായം നാല്പത്തഞ്ചോളം.

സ്വന്തം കാൽ മടക്കി അയാൾ തനിക്ക് കുതിരപ്പുറത്തേറാൻ ചവിട്ടുപടി ഉണ്ടാക്കി.
കുതിര സവാരിയിൽ ഉടനീളം അയാൾ ശുദ്ധ ഹിന്ദിയിൽ സൗഹാർദപൂർവ്വം വിശേഷങ്ങൾ പങ്കിട്ടു.

തന്റെ കുതിര ഇറാനിൽ നിന്നാണെന്നും അതിന്റെ ആയുർദൈർഘ്യം അരനൂറ്റാണ്ടോളം ഉണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
നാട്ടിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടതു മൂലം കശ്മീർ വിട്ടുപോയ സായിപ്പ് ഇറാനിൽ നിന്നും വരുത്തിയ പോണിയെ സമ്മാനമായി നൽകിയതാണ്.
വലിയൊരു ഷെല്ലാക്രമണത്തിൽ നിന്നും പരിക്കുകൾ കൂടാതെ പണ്ട് രക്ഷപ്പെട്ട കുതിരയാണ് അവൻ എന്നും ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ മൊഴിഞ്ഞു.

സവാരിയിൽ ഉടനീളം അയാൾ തനിക്ക് സുഗമ സഞ്ചാരം ഒരുക്കിക്കൊണ്ട്, കുതിരയ്ക്കൊപ്പം കരുതലോടെ നടന്നു.
കുത്തനെയുള്ള കയറ്റിറക്കങ്ങൾ നിറഞ്ഞ കാനനപ്പാതകളിൽ കുതിരയും, കുതിരക്കാരനും തന്നോട് സംരക്ഷണോൽസുകതയോടെ, തികഞ്ഞ വിശ്വസ്തത പുലർത്തി.

ആകാശം ചുംബിച്ചുനിൽക്കുന്ന പൈൻ അടക്കമുള്ള സൂചി മരങ്ങളും, ശുദ്ധസംഗീതം പൊഴിക്കുന്ന അരുവികളും, നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും, ചുറ്റോടുചുറ്റും തലയുയർത്തി നിൽക്കുന്ന ഹിമവൽ സാനുക്കളും,പ്രകൃതിക്ക് മൂടുപടമായ കോടമഞ്ഞും, പച്ചപരവതാനി വിരിച്ച താഴ് വരകളും, വെള്ളി മേഘങ്ങളുടെ സ്വൈരവിഹാരത്തിനായി ഹൃദയം തുറന്നിട്ട നീലാകാശവും, അനിർവചനീയമായ മനസികോല്ലാസം നൽകുന്ന അതിശയ്ക്കാഴ്ചകളായിരുന്നു.

ഹെക്ടറുകൾ വിസ്‌തൃതിയുള്ള പച്ചപ്പുൽ മേടയിൽ കുതിര എത്തിയപ്പോൾ, അയാൾ ജയയോട് പറഞ്ഞു, ” ഈ വിശുദ്ധ ഭൂമിയിൽ നിന്നും പ്രാർത്ഥിച്ചാൽ ആഗ്രഹം നടക്കും എന്നാണ് വിശ്വാസം… മാഡത്തിന്റെ അഭിലാഷം എന്താണ്…?”

അതിന് ജയയുടെ പ്രതികരണം ഒറ്റ വാചകത്തിൽ ആയിരുന്നു. “എന്റെ ഭർത്താവ് എന്നോടൊപ്പം ഇപ്പോൾ ഇവിടെ ഉണ്ടാകണമായിരുന്നു”.

റഹ്മത്തുള്ളയുടെ തുടർചോദ്യങ്ങൾക്ക് ,
കാർഗിൽ യുദ്ധത്തിലെ ഷെൽ ആക്രമണത്തിൽ തൻ്റെ ഭർത്താവിന് ഉണ്ടായ ദാരുണ മരണത്തെക്കുറിച്ച് ജയ മറുപടി പറയുമ്പോൾ റഹ്മത്തുള്ളയുടെ കണ്ണുകൾ കലങ്ങി, ശബ്ദം ഇടറി…അയാൾ പറഞ്ഞു….

“അന്നെനിക്ക് പ്രായം ഇരുപത്തിരണ്ട്. പലപ്പോഴും മിലിട്ടറി എൻജിനിയറിങ് വിഭാഗം കാനനയാത്രക്കായി വാടകക്ക് എടുത്തിരുന്നത് ആരോഗ്യവാനായ എൻ്റെ ഈ കുതിരയെ ആയിരുന്നു. ഇവന്റെ പുറത്തായിരുന്നു, മേജർ സാഹിബ് എന്ന് ഞങ്ങൾ ആദരപൂർവ്വം വിളിച്ചിരുന്ന മാഡത്തിന്റെ ഭർത്താവിന്റെ അന്നത്തെ യാത്ര. കുതിരക്കാരനായി ഞാനും.
തലേന്ന് രാത്രി ഷെല്ലാക്രമണത്തിൽ തകർന്ന ഒരു മരപ്പാലത്തിന്റെ പുനഃസ്ഥാപനമായിരുന്നു ലക്ഷ്യം.അപ്രതീക്ഷിതമായിരുന്നു ശത്രുക്കളുടെ ഒളിപ്പോരും, ഷെല്ലാക്രമണവും.ഞാനും എന്റെ കുതിരയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അദ്ദേഹം മരിച്ചത് എന്റെ മടിയിൽ തലവച്ചായിരുന്നു.
അദ്ദേഹത്തിന് അവസാന തുള്ളി ജലം പകർന്നു നൽകിയത് എന്റെ കൈവശം അന്നും ഉണ്ടായിരുന്ന ഇതേ ഫ്ലാസ്കിൽ നിന്നു തന്നെയായിരുന്നു.”

ഇത്രയും പറഞ്ഞതിന് ശേഷം റഹ്മത്തുള്ള ആ വിശുദ്ധ ഭൂമികയിൽ മുട്ടിൽ നിന്നുകൊണ്ട് വിശാല വിഹായസ്സിലേക്ക് കൈകൾ ഉയർത്തി കുറച്ചുനേരം നിസ്കരിച്ചു.അത് തന്റെ മടിയിൽ തലവച്ചുകിടന്ന്, അവസാനതുള്ളി ജലം തന്റെ കയ്യിൽ നിന്നും കുടിച്ച് വിടചൊല്ലിയ പ്രിയപ്പെട്ട മേജർ സാഹിബിന്റെ ഓർമ്മക്കുവേണ്ടിയായിരുന്നു.
മാത്രമല്ല, തന്റെ മേജർ സാഹിബിന്റെ ഭാര്യയോടും മക്കളോടും തനിക്ക് ഈ കാര്യങ്ങൾ പറയാൻ ഈ ജീവിത യാത്രയിൽ നിയോഗമുണ്ടായല്ലോ എന്നോർത്തും….

റഹ്മത്തുള്ള അയാളുടെ പഴയ ഫ്ലാസ്ക് തന്റെ മാഡത്തിനും മക്കൾക്കും നേരെ വച്ചുനീട്ടി, മേജർ സാഹിബിന് നൽകിയ അവസാന തുള്ളി ജലത്തിന്റെ പവിത്രമായ ഓർമ്മക്കായി…..
ജയ ഫ്ലാസ്ക് ആത്മ നിർവൃതിയോടെ കൈപ്പറ്റി, ചുംബനങ്ങൾ കൊണ്ട് മൂടി.

ആ നിമിഷങ്ങളിൽ കാശ്മീർ താഴ് വര ജയക്കൊരുക്കി കൊടുത്തത്, ഒരു പക്ഷെ, തൻ്റെ പ്രിയതമൻ്റെ മൗന സാന്നിദ്ധ്യം തന്നെയായിരുന്നു….

ഇതിനെല്ലാം സാക്ഷിയായി, മേജർ സാഹിബിനെ വഹിച്ച്, അദ്ദേഹത്തോടൊപ്പം മരണത്തെ മുഖാമുഖം കാണാൻ വിധിക്കപ്പെട്ട, മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട, കുതിര….
അതേ, പ്രകൃതി അവരോടൊപ്പമുള്ള അവന്റെ സൗമ്യ സാമിപ്യവും,
അക്ഷരാർത്ഥത്തിൽ വാചാലമാക്കി

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Get Outlook for Android

Comments
Print Friendly, PDF & Email

You may also like