പൂമുഖം LITERATUREകവിത അനന്തരം….

അനന്തരം….

പാമ്പുകടിയേറ്റു തിണർത്തവൻ്റെ കട്ടിൽ അവനൊഴിഞ്ഞു പോയ വ്യഥയിൽ കരിനീലിച്ചില്ല…

തീയണയാതെ, പുകയും കരിയും വെന്തമാംസവുമായി വന്നൊരുത്തൻ
അതിൻ്റെ ശൂന്യത പരിഹരിച്ചിരുന്നു…

നിലവിളികൾ കുമിളകൾ പോലെ വീർത്തു പൊട്ടുന്ന നെഞ്ചുമായി,
പുഴ കുടിച്ചു ദാഹമാറ്റിയൊരുവൻ
ഊഴം കാത്തു കിടന്നു…

പൊരുതാതെ തോറ്റവനെന്ന നിരാസത്തോടെ തറയിലുപേക്ഷിക്കപ്പെട്ടവൻ്റെ നെറുകയിൽ,
അനാദിയായ വിരലുകളാൽ ആരോ ഒരു കുരിശു രൂപം വരച്ചു…

മുള്ളാണി തറഞ്ഞ കൈത്തലം കൊണ്ടവൻ മുഖം പൊത്തുമ്പോൾ,
മഴയും, കാറ്റും, കടലുമാകാശവും
അവനുമവരോരോരുത്തരുമായി,
ഒരു പുലരി കൂടി വിരിയുകയായി….!

കവർ : സി പി ജോൺസൺ

Comments

You may also like